റോബര്ട്ട് പനിപിള്ള
കവര്കടല്പണിക്കാരന്റെ മകന്കടലിനെ നാം പലപ്പോഴും നീലനിറത്തില് പരന്നുകിടക്കുന്ന ഒരു വിസ്മയമായാണ് കാണുന്നത്. തിരമാലകളുടെ സൗന്ദര്യവും തീരത്തിന്റെ ശാന്തതയും കടലിന്റെ ആഴങ്ങളിലെ നിഗൂഢതകളുമാണ് നമ്മുടെ കാഴ്ചകളില് തെളിയാറുള്ളത്. എന്നാല് കടല് അതിനപ്പുറം മറ്റൊരു ലോകമാണ്. എണ്ണമറ്റ ജീവജാലങ്ങളുടെ ആവാസകേന്ദ്രം, പ്രകൃതിയുടെ സൂക്ഷ്മമായ പാരസ്പര്യങ്ങളുടെ കലവറ, മനുഷ്യന്റെ ഉപജീവനത്തിന്റെയും അതിജീവനത്തിന്റെയും ഇടം. ആ ലോകത്തെക്കുറിച്ച് കരയില്നിന്ന് നോക്കി പഠിക്കുന്നവര്ക്കുള്ള അറിവിനെക്കാള് എത്രയോ അഗാധമായിരിക്കും കടലിനൊപ്പം ജീവിച്ചുതീര്ക്കുന്ന മനുഷ്യരുടെ അനുഭവജ്ഞാനം!കടല്പണിക്കാരന്റെ മകനായി ജനിച്ച്, കടലിന്റെ താരാട്ടുകേട്ട് ബാല്യം പിന്നിടുകയും തലമുറകളിലൂടെ കൈമാറിവന്ന മത്സ്യത്തൊഴിലാളികളുടെ അറിവുകളിലൂടെ സമുദ്രത്തിന്റെ ഉള്ളറകളിലേക്ക് സഞ്ചരിക്കുകയും ചെയ്ത റോബര്ട്ട് പനിപിള്ളയുടെ വാക്കുകള് ഈ തിരിച്ചറിവിലേക്കാണ് നമ്മെ നയിക്കുന്നത്. ശാസ്ത്രീയ ഗവേഷണവും ആധുനിക സാങ്കേതികവിദ്യയും പ്രധാനമാകുമ്പോഴും കടലിനെ അറിഞ്ഞും അതുമായി മല്ലിട്ടും ജീവിക്കുന്ന തീരദേശജനതയുടെ അറിവുകള്ക്ക് അര്ഹമായ പരിഗണന ലഭിക്കുന്നുണ്ടോ എന്ന ചോദ്യമാണ് അദ്ദേഹം ഉയര്ത്തുന്നത്.നീല സമ്പദ് വ്യവസ്ഥയുടെ വളര്ച്ചയും വന്കിട തുറമുഖ പദ്ധതികളും വികസനത്തിന്റെ പുതിയ സാധ്യതകളായി അവതരിപ്പിക്കപ്പെടുമ്പോള്, ആ വികസനത്തിന്റെ വില നല്കേണ്ടിവരുന്നത് കടലിനെ ഉപജീവനമായും ജീവിതമായും കാണുന്ന സാധാരണ മനുഷ്യരാണോ എന്ന ആശങ്കയും ഈ കുറിപ്പിലുണ്ട്. കടല്ത്തറയിലെ ആവാസവ്യവസ്ഥകളെക്കുറിച്ചുള്ള അറിവുകള് മുതല് തീരദേശജനതയുടെ ജീവിതാവകാശങ്ങള് വരെയുള്ള വിഷയങ്ങള് ഇവിടെ പരസ്പരം ഇഴചേരുന്നു. കടലിന്റെ ആഴങ്ങളില് കാണാതെ പോകുന്ന ജീവലോകത്തെയും അതിനെക്കാള് ആഴത്തില് അവഗണിക്കപ്പെടുന്ന മനുഷ്യരുടെ അറിവുകളെയും തിരിച്ചറിയാനുള്ള ക്ഷണമാണ്.
സമുദ്രഗവേഷകനും പരിസ്ഥിതി പ്രവര്ത്തകനുമായ റോബര്ട്ട് പനിപിള്ള, തിരുവനന്തപുരം വലിയതുറ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് മറൈന് ലൈഫ് (എഫ്എംഎല്) എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകനാണ്.

കടലിനെയും സമുദ്രജീവജാലങ്ങളെയും സംബന്ധിച്ച ഗവേഷണങ്ങളില് ആധുനിക ശാസ്ത്രീയ രീതികള്ക്കൊപ്പം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തലമുറകളിലൂടെ കൈമാറിവന്ന അറിവുകള്ക്കും അര്ഹമായ സ്ഥാനം ലഭിക്കണമെന്ന നിലപാടാണ് അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങളുടെ സവിശേഷത.2013-ല് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്ഡ് തിരുവനന്തപുരം തീരപ്രദേശത്തെ സമുദ്രജീവജാലങ്ങളെയും കടലിനടിയിലെ ആവാസവ്യവസ്ഥകളെയും രേഖപ്പെടുത്തുന്നതിനായി നിയോഗിച്ച പഠനത്തിന് അദ്ദേഹം നേതൃത്വം നല്കി. സ്കൂബ ഡൈവിങ്ങിലൂടെ കടലിന്റെ അടിത്തട്ടിലെ ലോകത്തെ നേരിട്ടറിയുകയും മത്സ്യത്തൊഴിലാളികളുടെ അനുഭവജ്ഞാനത്തെ ഗവേഷണത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്.തീരദേശ മലിനീകരണം, ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധനവലകള്, പ്ലാസ്റ്റിക് മാലിന്യങ്ങള്, വിനാശകരമായ മത്സ്യബന്ധനരീതികള് എന്നിവ സമുദ്രപരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതങ്ങള്ക്കെതിരെ അദ്ദേഹം നിരന്തരം പ്രവര്ത്തിക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അറിവുകള് വേണ്ടത്ര പരിഗണിക്കാതെയും പ്രധാനപ്പെട്ട വിവരങ്ങള് ഒഴിവാക്കിയും സമുദ്ര ജൈവവൈവിധ്യരേഖ പ്രസിദ്ധീകരിച്ചതിനെച്ചൊല്ലി 2024-ല് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്ഡിനെ അദ്ദേഹം വിമര്ശിച്ചിരുന്നു.കടലിനെക്കുറിച്ചുള്ള അറിവ് ഗവേഷണശാലകളിലും ശാസ്ത്രീയ രേഖകളിലും മാത്രം ഒതുങ്ങേണ്ടതല്ലെന്നും കടലിനൊപ്പം ജീവിച്ച മനുഷ്യരുടെ അനുഭവങ്ങള്കൂടി അതിന്റെ ഭാഗമാകണമെന്നും അദ്ദേഹം ഓര്മിപ്പിക്കുന്നു. കടല്പണിക്കാരന്റെ മകനെന്ന സ്വത്വത്തില്നിന്ന് സമുദ്രഗവേഷകനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, പ്രകൃതിയെ അറിയുന്നതില് അനുഭവജ്ഞാനത്തിനുള്ള പ്രാധാന്യത്തിന്റെ കൂടി സാക്ഷ്യമാണ്.
കടലറിവിന്റെ കാണാപ്പുറങ്ങള്ഒക്ടോബര് പത്തിന് ഭൗമം സോഷ്യല് ഇനിഷ്യേറ്റീവ് സംഘടിപ്പിച്ച വെബിനാറില് സംസാരിക്കാന് ഞാന് തയ്യാറെടുക്കുകയായിരുന്നു.ജീവിതകാലം മുഴുവന് കടല്ത്തീരത്ത് കാലൂന്നി ജീവിച്ചു വളര്ന്ന മനുഷ്യന് എന്ന നിലയില്, കടല് എന്ന പ്രകൃതിയില് നേരിട്ട് ഇടപഴകി ഉപജീവനം തേടുന്ന കടല്പണിക്കാരില് നിന്നു കണ്ടും കേട്ടും പഠിച്ച കാര്യങ്ങള് അതിനായി ഓര്ത്തെടുത്ത് കുറിച്ചിടാന് തുടങ്ങി. കൂടാതെ കഴിഞ്ഞ പത്തിലേറെ വര്ഷമായി ഒരു സ്കൂബ ഡൈവര് എന്ന നിലയില് കടലിന്റെ അകക്കാഴ്ചകള് നേരില്കണ്ട് കടല് എന്ന പ്രകൃതിയെ, പരിസ്ഥിതിയെ, ജൈവവൈവിധ്യത്തെ നിരന്തരം നിരീക്ഷിച്ചും പകര്ത്തിയും അടുത്തറിഞ്ഞ അറിവുകള് വീഡിയോകളായി കാണിക്കാമെന്നു കരുതി.അപ്പോള് അപ്രതീക്ഷിതമായി എത്തിയ കനത്ത കാറ്റ് തുറന്നുകിടന്ന വരാന്തവാതില് ഒച്ചയോടെ അടച്ചു. എഴുത്തുനിര്ത്തി പുറത്തേക്ക് നോക്കിയപ്പോള് മഴ ഇങ്ങെത്താറായെന്ന് മനസ്സിലായി. രാവിലെ കഴുകി പുറത്ത് വിരിച്ചിട്ട തുണികള് എടുത്ത് അകത്തേക്ക് വരുമ്പോള്, ‘ജീവനാദ’ത്തില് നിന്നുള്ള ഫോണ്വിളി: വെബിനാറിലെ മുഖ്യപ്രഭാഷണത്തെ ആധാരമാക്കി ഒരു ഫീച്ചര് ഒരുക്കാനുള്ള പ്രേരണയും ക്ഷണവും. കടലെഴുത്തിന്റെ ചാരുത തിരിച്ചറിയുന്നവരുമായുള്ള ഹൃദയസംവാദം, കടലിനെ സ്നേഹിക്കുന്ന ആര്ക്കും ആനന്ദകരമാണ്.കടലില് കണ്ണുംനട്ട്ആരൊക്കെയാണ് കടലിലേക്ക് കണ്ണെറിയുന്നത്? മുന്കാലങ്ങളില് ഇവിടെ വ്യക്തമായ രണ്ടു ചേരികള് ഉണ്ടായിരുന്നു: പരമ്പരാഗത ചേരിയും യന്ത്രവല്കൃത ചേരിയും. യന്ത്രവല്കൃത ചേരിയില് മുതല്മുടക്കി ലാഭം കൊയ്യാന് ഇറങ്ങിത്തിരിച്ച ചിലര് ഉണ്ടെങ്കിലും രണ്ടുചേരിയിലും അന്നന്നത്തെ അന്നത്തിനു വേണ്ടി പണിയെടുക്കുന്ന കടല്ത്തീരവാസികളാണ് ഏറെയും. എന്നാല് ഇന്ന് കടലിലേക്ക് കണ്ണുംനട്ട് മൂലധന നിക്ഷേപത്തിനായി എത്തുന്നത് രാജ്യത്തെ തന്നെ സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്ന വമ്പന് സ്രാവുകളാണ്. സമുദ്രാധിഷ്ഠിത സാമ്പത്തിക പ്രവര്ത്തനങ്ങളുടെ വളര്ച്ചയും വേഗവും കൈവരിക്കാന് വേണ്ടിയാണ് ഇതെന്ന് ‘നീല സമ്പദ് വ്യവസ്ഥ’യെ ഉയര്ത്തിക്കാട്ടി കേന്ദ്രവും ‘മിഷന് സമുദ്ര’യെ ചൂണ്ടിക്കാട്ടി സംസ്ഥാനവും പറയുകയും അതിനായി അവര്ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുമെന്ന് ആണയിടുകയും ചെയ്യുന്നു. സമുദ്രവുമായി ബന്ധപ്പെട്ട കടല് ഖനനം, തീര ഖനനം, കണ്ടെയ്നര് ഷിപ്പിംഗ്, തുറമുഖ നിര്മ്മാണവും അതുമായി ബന്ധപ്പെട്ട റിയല് എസ്റ്റേറ്റ് ബിസിനസും, കപ്പല് നിര്മ്മാണം, ക്രൂയിസ് ടൂറിസം മുതലായ പ്രവര്ത്തനങ്ങളിലൂടെയാണ് സമ്പദ് വ്യവസ്ഥയുടെ വളര്ച്ചയും വേഗവും കൈവരിക്കാന് ലക്ഷ്യമിടുന്നത്.ഇവ നടപ്പിലാവുമ്പോള് കേരളത്തിലെ തീരദേശത്തെ തദ്ദേശസമൂഹങ്ങളുടെ പ്രാദേശിക വിഭവങ്ങളും തൊഴിലും ജീവനും സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും മെച്ചപ്പെടുകയും ചെയ്യുന്നുണ്ടോ എന്നതാണ് ഒരു കടല്പണിക്കാരന്റെ മകന് എന്ന നിലയില് പരിശോധിക്കാന് ആഗ്രഹിക്കുന്നത്. മിഷന് സമുദ്ര ‘കാണാനിരിക്കുന്ന പൂരം’ ആണെങ്കില് നീല സമ്പദ് വ്യവസ്ഥയുടെ പ്രത്യാഘാതങ്ങള് കേരളത്തിലെ തീരദേശ ജനത അനുഭവിച്ചു തുടങ്ങിയിട്ട് ഏറെക്കാലമായി. പ്രത്യേകിച്ചും തിരുവനന്തപുരം ജില്ലയില്.നമുക്കറിയാം, കേരളത്തിലെ ആകെ കടല്പണിക്കാരില് ഏതാണ്ട് നാലില് ഒന്ന് (24 ശതമാനം) തിരുവനന്തപുരത്താണ്. അതില്ത്തന്നെ 82 ശതമാനവും ലത്തീന് കത്തോലിക്കരാണ്. നീല സമ്പദ് വ്യവസ്ഥയുടെ ഭാഗമായി നടപ്പിലാക്കിയ വിഴിഞ്ഞം തുറമുഖ നിര്മ്മാണത്തിന്റെ ഭാഗമായി വിഴിഞ്ഞത്തിന് വടക്കുവശത്തെ പത്തോളം ഗ്രാമങ്ങളില് നാലുവരി വീടുകള് ഇതിനകം കടലെടുത്തുപോയി. അവരില് പലരും ഇന്നും അഭയാര്ഥികളായി പലയിടങ്ങളിലാണ്.അതിനെതിരെ അവര് നല്കിയ ഹര്ജി കോടതി ഉത്തരവിനായി കാത്തുകെട്ടിക്കിടക്കുന്നു. തെക്കുഭാഗത്തെ ഗ്രാമങ്ങളിലെ കടല്പണിക്കാര്ക്ക് നാളിതുവരെ അവര് തൊഴിലെടുത്തിരുന്ന തൊഴിലിടം കപ്പല്ചാല് ആണെന്ന പേരില് കടലില് ഇറങ്ങാന് പറ്റാത്ത അവസ്ഥയാണ്.

തുറമുഖ നിര്മ്മാണത്തിന്റെ ഭാഗമായി നടത്തിയ ഡ്രെജിങ് മൂലമുണ്ടായ പരിസ്ഥിതി നാശം വേറെ.നമ്മുടെ നാട്ടില് വമ്പന് സാമ്പത്തിക നിക്ഷേപമിറക്കി ലാഭേച്ഛയോടെ വ്യവസായത്തിനായി പുറപ്പെടുമ്പോള് അതിലൂടെ ഉണ്ടാകാവുന്ന സാമൂഹിക – പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. അത് പരിശോധിക്കാന് നാഷണല് ഗ്രീന് ട്രൈബ്യൂണല് പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളും ഉണ്ട്. വിഴിഞ്ഞത്തിന്റെ കാര്യത്തില് അത്തരം പഠനങ്ങള് നടന്നിരുന്നു. എന്നാല് കടലുമായി ബന്ധപ്പെട്ട് പഠനങ്ങള് നടത്തുന്ന ശാസ്ത്രസ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് പിന്നീട് ഉണ്ടായ അനുഭവങ്ങള്.കടല് പരിസ്ഥിതിയും നിജസ്ഥിതിയും(ഫ്രജൈല് ബ്ലൂ ഇക്കോസിസ്റ്റംസ് – ഭൂമിയിലെ ഏറ്റവും മനോഹരവും എന്നാല് അത്രതന്നെ പെട്ടെന്ന് നശിച്ചുപോകാന് സാധ്യതയുള്ളതുമായ ജലാശയ ആവാസവ്യവസ്ഥകളെയാണ് ഫ്രജൈല് ബ്ലൂ ഇക്കോസിസ്റ്റംസ് എന്ന് വിളിക്കുന്നത്. സമുദ്രങ്ങള്, പവിഴപ്പുറ്റുകള്, കായലുകള്, തണ്ണീര്ത്തടങ്ങള്, നദികള് എന്നിവയെല്ലാം ഇതില് ഉള്പ്പെടുന്നു.)കടലിന്റെ നീല പരിസ്ഥിതി ആവാസ വ്യവസ്ഥയുമായി (ഫ്രജൈല് ബ്ലൂ ഇക്കോസിസ്റ്റംസ്) ബന്ധപ്പെട്ട അറിവുകള് വിശകലനം ചെയ്യുമ്പോള് ഒരു കാര്യം ആദ്യമേ വ്യക്തമാക്കേണ്ടതുണ്ട്. സാധാരണ സമൂഹം നമ്മുടെ കരയിലെയും കടലിലെയും പരിസ്ഥിതിയെ മനസ്സിലാക്കിയിരിക്കുന്ന ഒരു പൊതു കാഴ്ചപ്പാടിനെ പറ്റിയാണ് അത്. കരയിലെ പരിസ്ഥിതി ആവാസയിടങ്ങള് (ടെറസ്ട്രിയല് ഇക്കോസിസ്റ്റം) സ്ഥിരതയുള്ളതും നേരില് കാണാന് കഴിയുന്നതും (സ്റ്റേബിള് ആന്ഡ് വിസിബിള്) ആണെന്നും കടലിലെ ആവാസയിടങ്ങള് ചലനാത്മകവും നേരില് കാണാന് കഴിയാത്തവയും (ഡൈനാമിക് ആന്ഡ് ഇന്വിസിബിള്) ആണെന്നുമാണ് കരുതപ്പെടുന്നത്.ഈ മേഖലയിലെ അധ്യാപകരും ശാസ്ത്രജ്ഞരും ഉള്പ്പെടെയുള്ളവര് ഇത്തരത്തില് വിവരിക്കുന്നത് കേട്ടിട്ടുണ്ട്.കരയില് ജൈവ ഉത്പാദനത്തിന് അനുകൂലമായ പരിസ്ഥിതികാവസ്ഥ എല്ലായിടത്തും ഒരുപോലെയല്ല എന്ന് നമുക്കറിയാം. അതിനാല് തന്നെ കരയുടെ ഓരോ പരിസ്ഥിതി കോണിലും വ്യത്യസ്തമായ ജൈവാവസ്ഥയാണ് നിലനില്ക്കുന്നത്. നാമതിനെ കാവ് എന്നും കാട് എന്നും കണ്ടലുകളെന്നും തുടങ്ങി അസഖ്യം പേരുകളിട്ടു വിളിക്കുന്നു.എന്നാല് ഭൂമിയുടെ 71 ശതമാനം വരുന്ന കടലിന്റെ വ്യത്യസ്ത ജൈവ ആവാസവ്യവസ്ഥയെ പറ്റി നമുക്ക് എന്തറിയാം? കേരളത്തിന്റെ കാര്യമെടുത്താല് നമുക്ക് ആകെയുള്ള കരഭൂമി 38,828 സ്ക്വയര് കിലോമീറ്റര് ആണ്. അതില് ഏതാണ്ട് പതിനായിരത്തോളം സ്ക്വയര് കിലോമീറ്റര് ഭൂമി പാരിസ്ഥിതിക പ്രത്യേകതകളാല് നാം വരുംതലമുറകള്ക്കു വേണ്ടി സംരക്ഷിച്ചു നിര്ത്തിയിട്ടുണ്ട് (അതില് വീണ്ടും ആയിരത്തോളം സ്ക്വയര് കിലോമീറ്റര് ഭൂമി ജനവാസമാക്കണമെന്ന നിലപാടിലാണ് നമ്മുടെ പുതിയ സംവിധാനം ശ്രമിക്കുന്നത്). എന്നാല് കേരളത്തിന്റെ കടല് മേഖലയുമായി ബന്ധപ്പെട്ട്, ടെറിട്ടോറിയല് വാട്ടേഴ്സ് – അതായത് 12 നോട്ടിക്കല് മൈല് വരെയുള്ള നമ്മുടെ അധികാര പരിധിയിലുള്ള കടല് – 13,000 സ്ക്വയര് കിലോമീറ്റര് വരും. ഇതില് ഒരു ചെറുതരി കടലിടം പോലും ജൈവ ഉത്പാദന ക്ഷമതയുടെ പേരില് സംരക്ഷിക്കപ്പെട്ടിട്ടില്ല. നമ്മുടെ കടല്ത്തറയുടെ പ്രകൃതിയെ (ഫിസിക്കല് ആന്ഡ് ജിയോഗ്രഫിക്കല് ഫീച്ചേഴ്സ് ഓഫ് സീബെഡ്) പറ്റി കാര്യമായ പഠനം നാളിതുവരെ നടത്തിയിട്ടില്ല എന്നതാണ് ഇതില് നിന്നു മനസ്സിലാക്കേണ്ടത്.പകരം ചുമതലപ്പെട്ടവര് കടല് പരിസ്ഥിതിയെന്നാല് അത് ഡൈനാമിക് ആന്ഡ് വിസിബിള് എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നു. എന്നാല് കടല് പരിസ്ഥിതിയുടെ യഥാര്ഥ ചിത്രം അതല്ല.2017-ല് ഞാന് ആദ്യമായി പങ്കെടുത്ത യൂണൈറ്റഡ് നേഷന്സ് ഓഷന് കോണ്ഫറന്സില് വിശ്വപ്രശസ്ത ഓഷ്യനോഗ്രഫര് സില്വിയ ഏര്ലി, ന്യൂയോര്ക്കില് യുഎന് സെന്ട്രല് ഹാളില് അച്ചടക്കത്തോടെ ഇരുന്ന സമുദ്രശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തപ്പോള് പറഞ്ഞ വരികള് സമുദ്ര ആവാസ വ്യവസ്ഥകളെ കുറിച്ചുള്ള മേല്പ്പറഞ്ഞ ധാരണ ചോദ്യം ചെയ്യും വിധമായിരുന്നു.അവര് പറഞ്ഞു, നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞര്ക്ക് ആകാശ നീലിമയിലെ അനേകായിരം പ്രകാശവര്ഷങ്ങള്ക്കപ്പുറമുള്ള താരകങ്ങളെ കുറിച്ച് ഇന്ന് അത്യാവശ്യം അറിവുകളുണ്ട്. അവര് അവിടെ എത്തുകയും ഭൂമിയില് ഇരുന്നുകൊണ്ട് അതിനെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങള് ഏര്പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.എന്നാല് നമ്മുടെ സമുദ്രശാസ്ത്രജ്ഞര് അവരുടെ കണ്മുന്നിലെ കടലിന്റെ 10 മീറ്റര് ആഴത്തില് എന്തുണ്ടെന്ന് കണ്ടെത്താന് മിനക്കെടാറില്ല.

സമുദ്രശാസ്ത്രജ്ഞര്ക്കും മറൈന് ബയോളജിസ്റ്റുകള്ക്കും നമ്മുടെ കടല്ത്തറയുടെ ഫിസിക്കല് ജിയോഗ്രഫി, അതിലെ ബയോളജിക്കല് ഡൈവേര്സിറ്റി എന്നിവയെപറ്റി പഠിക്കാനും നിരീക്ഷിച്ചറിയാനും വേണ്ട അടിസ്ഥാന വൈദഗ്ധ്യം (സ്കില്) അത്യാവശ്യമാണെന്നാണ് അവര് അവിടെ അന്ന് പറഞ്ഞുവച്ചത്.ഞാന് തിരികെയെത്തി ആദ്യം ചെയ്തത് ആര്റ്റിഐ പ്രകാരം സെന്ട്രല് മറൈന് ഫിഷറീസ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടിന് (സിഎംഎഫ്ആര്ഐ) കത്ത് നല്കുകയായിരുന്നു. കേരളത്തില് സമുദ്രവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ഗവേഷകരില് എത്ര പേര്ക്ക് നീന്തല്,സ്നോര്ക്കലിങ്, സ്കൂബ ഡൈവിങ് പോലുള്ള സ്കില്സ് ഉണ്ടെന്നായിരുന്നു എന്റെ ചോദ്യം. മറുപടി ലഭിച്ചെങ്കിലും നിരാശയായിരുന്നു ഫലം.നമ്മുടെ കടലിലെ ആവാസവ്യവസ്ഥകളുമായി ബന്ധപ്പെട്ട അറിവ് നേടാനുള്ള വൈദഗ്ധ്യം നമ്മുടെ ശാസ്ത്രലോകത്തിന് പരിമിതമായേ ഉള്ളൂ എന്നതാണ് അവസ്ഥ. ഇവിടെയാണ് കടല്പണിക്കാര് കടല് എന്ന പ്രകൃതിയില് നിരന്തരം ഇടപെട്ട് തലമുറകളായി കൈമാറി നേടിയ സമുദ്രബന്ധിത ജ്ഞാനത്തിന്റെ പ്രസക്തി.കടല്പണിക്കാരനും കടല്പരിസ്ഥിതിയുംഎന്നെ സംബന്ധിച്ച് നന്നേ ചെറുപ്പത്തില് കടല്ത്തറയുടെ ഈ പരിസ്ഥിതിജ്ഞാനം പകര്ന്നുകിട്ടാനിടയായിട്ടുണ്ട്.എന്നാല് അത് അക്കാദമിക് ആയി നേടിയതല്ല. ഇന്നത്തെ സാഹചര്യത്തില് അക്കാദമിക്കായി അത് നേടാനാവുമെന്നും കരുതുന്നില്ല.എന്റെ അച്ഛന് വളരെ വിദഗ്ധനായ ഒരു കടല്പണിക്കാരനായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്, എന്റെ ജ്യേഷ്ഠന്മാര് പത്തും പന്ത്രണ്ടും വയസ്സ് പ്രായത്തില് കടല്പണിക്ക് പോയിതുടങ്ങിയവരാണ്. ഞാന് ആ പ്രായത്തില് അവരെ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. 10 വയസ്സ് എത്തും മുമ്പേ അമ്മയുടെ ചൂടേറ്റുകിടന്നുറങ്ങേണ്ട പ്രായത്തില് വീട്ടില് കിടന്നുറങ്ങാന് ഇടമില്ലാഞ്ഞ് കടലരികിലെ പഞ്ചാരമണല് കൂമ്പി വച്ച് തലയിണ ഉണ്ടാക്കി ഉടുത്തിരുന്ന ശരം (ലുങ്കി) ഉരിഞ്ഞ് മൂടി കിടന്നുറങ്ങാറാണ് പതിവ്. അങ്ങനെ കിടന്നുറങ്ങുമ്പോള് അകലെ നിന്നെത്തുന്ന അലകള് തീരത്തെ മുത്തമിട്ടുണ്ടാക്കുന്ന താളം താരാട്ടുപാട്ടായി കേട്ടുറങ്ങിയ ബാല്യമാണ് എന്റേത്. അമ്മയുടെ നെഞ്ചിലെ ചൂടേറ്റ്, അവര് പാടുന്ന താരാട്ടുപാട്ട് കേട്ടുറങ്ങി വളരുന്ന കുട്ടികള്ക്ക് സ്വാഭാവികമായും അമ്മയോട് കൂടുതല് സ്നേഹം ഉണ്ടാവുന്നതു പോലെ കടല്ത്തീരത്തെ പഞ്ചാരമണലിന്റെ ചൂടേറ്റ് കടലലകളുടെ താരാട്ടുപാട്ട് കേട്ടുറങ്ങി വളര്ന്ന തീരത്തെ തലമുറകള്ക്ക് തീരത്തോടും കടലിനോടും സ്വാഭാവികമായി ഉണ്ടാകുന്ന സ്നേഹം പുസ്തകത്തില് നിന്ന് കടലിനെ പഠിച്ചിറങ്ങുന്നവര്ക്ക് ഉണ്ടാവണമെന്നില്ല എന്ന് ബോധ്യപ്പെടുത്താനാണ് ഞാന് മുകളിലെ അനുഭവം വിവരിച്ചത്. അങ്ങനെ കിടന്നുറങ്ങുന്ന എന്നെ പാതിരാവില് പലനേരങ്ങളില് അച്ഛനും ജ്യേഷ്ഠന്മാരും വന്നു വിളിച്ചുണര്ത്തും. കടലിലേക്ക് മരമിറക്കാന് തയ്യാറെടുക്കുന്ന അവരെ സഹായിക്കാന് ആണത്.കടലിലേക്ക് തിരിക്കുന്ന അവര് ഓരോ സീസണിലും ഓരോ ദിശകളിലേക്ക് ആവും പോവുക.ഓരോ കടല്പണിക്കും ശേഷം തിരികെയെത്തി അന്നന്നത്തെ കടല് അനുഭവങ്ങള് അയല്ക്കാരോട് അവര് പറയും. ആ പറച്ചിലില് നിന്നാണ് അവര് പോകുന്നത് കടല്ത്തറയിലെ ഓരോ പരിസ്ഥിതി അവാസ ഇടങ്ങളിലാണെന്നും ഓരോ ആവാസയിടങ്ങളും (പാര്) വ്യത്യസ്ത ജൈവ ഉത്പാദന മേഖലകള് ആണെന്നും അവിടത്തെ ജൈവവൈവിധ്യത്തെ പറ്റി അവര്ക്ക് അപാര അറിവുണ്ടെന്നും മനസ്സിലാക്കിതുടങ്ങിയത്.തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളിലെ കടല്പണിക്കാര്, പ്രത്യേകിച്ച് അവര്ക്കിടയിലെ ചൂണ്ടപണിക്കാര്, അവരുടെ തൊഴില് മേഖലയായ കടലിലെ നീല പരിസ്ഥിതി ആവാസവ്യവസ്ഥിതിയെപ്പറ്റി കൃത്യമായ ധാരണയുള്ളവരാണ്. നന്നേ ചെറുപ്പത്തില് ഇക്കാര്യം ബോധ്യപ്പെട്ട ഞാന് വളര്ച്ചയുടെ വിവിധ ഘട്ടങ്ങളില് ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും ഇക്കാര്യം ബോധ്യപ്പെടുത്താനും സ്ഥാപിച്ചെടുക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. അവിടെയെല്ലാം പരമ്പരാഗത അറിവുകളെ രണ്ടാംകിട അറിവുകളായി തള്ളുകയാണുണ്ടായത്. ഒടുവില്, 2015-ല് അമ്പത്തിഅഞ്ചാം വയസ്സില് അണ്ടര് വാട്ടര് ഡൈവിങ് പഠിക്കുകയും കഴിഞ്ഞ പത്തിലേറെ വര്ഷമായി കടല്പരിസ്ഥിതിയുടെ യഥാര്ത്ഥ ചിത്രം കടല്പണിക്കാരുടെ അറിവിന്റെ അടിസ്ഥാനത്തില് പകര്ത്തി ശേഖരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.അതില് കടല്ത്തറയിലെ വ്യത്യസ്ത സ്വാഭാവിക ആവാസയിടങ്ങള്, കടലില് മുങ്ങിപ്പോയ കപ്പലുകളും മറ്റു ഘടനകളും, കൃത്രിമ ആവാസ ഇടങ്ങള്, മാലിന്യങ്ങളുമായി ബന്ധപ്പെട്ട് കടല് നേരിടുന്ന വെല്ലുവിളികള് മുതലായവ ഉള്പ്പെടും.ഈ വിവരങ്ങളെല്ലാം ഉള്പ്പെടുത്തി ഇക്കഴിഞ്ഞ ജൂണ് 8ന് ലോക സമുദ്ര ദിനത്തില് ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിറ്റി മറൈന് ബയോഡൈവേഴ്സിറ്റി ഓണ്ലൈന് രജിസ്റ്റര് (CoMBOR) എന്ന പേരില് പബ്ലിഷ് ചെയ്തിട്ടുണ്ട്. പൂര്ണമായും കടല്ത്തീര സമൂഹത്തിന്റെ അറിവും പ്രയത്നവും ഉപയോഗിച്ച് ഇന്ത്യയില് ആദ്യമായി പബ്ലിഷ് ചെയ്യുന്ന ഒന്നാണ് ഇത്. ഇതില് കേരളത്തിലെ ശാസ്ത്രസമൂഹം നാളിതുവരെ ശാസ്ത്രീയ വര്ഗീകരണം (ടാക്സോണമിക്കല് ക്ലാസിഫിക്കേഷന് – ടാക്സോണമി അഥവാ ശാസ്ത്രീയ വര്ഗ്ഗീകരണം എന്നത് ജീവികളുടെ സവിശേഷതകള് തിരിച്ചറിയാനും, പേരിടാനും, ഗ്രൂപ്പുകളായി തരംതിരിക്കാനുമുള്ള ശാസ്ത്രീയ പഠനമാണ്) നടത്തിയിട്ടില്ലാത്ത നിരവധി കടല്ജീവജാലങ്ങളുണ്ട്. CoMBOR ല് ചിത്രങ്ങളും വീഡിയോയും സഹിതം ഉള്പ്പെടുത്തിയിട്ടുള്ള 50 ലേറെ സമുദ്ര ആവാസയിടങ്ങള് ഇന്നും കടല്പണി സമൂഹത്തിന്റെ മാത്രം അറിവില് ഉള്പ്പെട്ടിട്ടുള്ളവയാണ് (Visit combor.org).കടല്പണിക്കാരുടെ കടല് പരിസ്ഥിതി അറിവ്, പ്രത്യേകിച്ച് കടല്ത്തറയുടെ ഫിസിക്കല് ആന്ഡ് ജിയോഗ്രഫിക്കല് ഫീച്ചേഴ്സിനെ കുറിച്ചുള്ള കടല്പണിക്കാരന്റെ അറിവ്, അംഗീകരിക്കാനും അവരുമായി ചേര്ന്ന് അതേപറ്റി ഗവേഷണങ്ങള് നടത്താനും നമ്മുടെ സമുദ്രശാസ്ത്ര സ്ഥാപനങ്ങള് മുന്നോട്ടുവരണം.ആധുനിക ഗവേഷകര് കടലിലേക്ക് ഇറങ്ങിച്ചെല്ലാന് മടിച്ചുനില്ക്കുന്ന ഈ കാലത്ത് പരമ്പരാഗത അറിവുകളെ പരമാവധി ഗവേഷണങ്ങളില് ഉള്പ്പെടുത്തുകയും കടലിന്റെ ഉള്ളറകളിലേക്ക് സധൈര്യം ഇറങ്ങിച്ചെല്ലാന് കെല്പുള്ള കടല്ത്തീര സമൂഹത്തെ ചേര്ത്തുനിര്ത്തുകയുമാവണം കടല് പരിസ്ഥിതി ഗവേഷണങ്ങളില് പുലര്ത്തേണ്ട മാന്യത.——————ചിത്രങ്ങളുടെ അടിക്കുറിപ്പ്(കടലിനടിയില് നിന്നെടുത്ത ഫോട്ടോകള് ഫ്രണ്ട്സ് ഓഫ് മറൈന് ലൈഫ് ചിത്രീകരിച്ചവയാണ്)

