അങ്ങനെ ഗോവയിലും ബിജെപി ഭരണകൂടം മതപരിവര്‍ത്തന നിരോധന ബില്ലുമായി മറ്റൊരു രാഷ് ട്രീയ ചൂതാട്ടത്തിന് കളമൊരുക്കുന്നു. മന്ത്രിസഭ അംഗീകരിച്ച ബില്ല് സംസ്ഥാന നിയമസഭയുടെ മൂന്നു ദിവസത്തെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാനുള്ള മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ അമിതാവേശം ഭരണപക്ഷത്തെ കത്തോലിക്കാ എംഎല്‍എമാരടക്കമുള്ളവര്‍ ചേര്‍ന്ന് ചോര്‍ത്തിക്കളഞ്ഞുവെങ്കിലും അത് പൂര്‍ണമായി ഉപേക്ഷിക്കാതെ തല്‍ക്കാലത്തേക്കു മാറ്റിവയ്ക്കുകയാണ്. ഗോവയുടെ 450 വര്‍ഷം നീണ്ട പോര്‍ച്ചുഗീസ് കൊളോണിയല്‍ ചരിത്രപൈതൃകത്തിന്റെ ‘അവശിഷ്ടങ്ങള്‍’ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള തീവ്ര ആര്‍എസ്എസ് ചിന്താഗതിക്കാരനായ സാവന്ത് അടുത്ത ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിനുള്ള അജണ്ട നിര്‍ണയിക്കുന്നതിന് വര്‍ഗീയ വിഭജനത്തിന്റെ വിദ്വേഷ രാഷ് ട്രീയ ആഖ്യാനങ്ങള്‍ കടുപ്പിക്കുകയാവും.
ബലം പ്രയോഗിച്ചോ, നിര്‍ബന്ധിച്ചോ, അനാവശ്യ സ്വാധീനം ചെലുത്തിയോ, പ്രലോഭിപ്പിച്ചോ, വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ അല്ലെങ്കില്‍ വിവാഹം വഴിയോ നടത്തുന്ന മതപരിവര്‍ത്തനത്തിന് ജീവപര്യന്തം വരെ തടവും 50,000 രൂപ പിഴയും, ഇരകള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ നഷ്ടപരിഹാരവും വ്യവസ്ഥ ചെയ്യുന്ന ‘ഗോവ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ബില്‍ 2026’ മഹാരാഷ് ട്രയില്‍ കഴിഞ്ഞയാഴ്ച നിലവില്‍ വന്നതടക്കം രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ള മതപരിവര്‍ത്തന നിരോധന നിയമങ്ങളെക്കാള്‍ കാഠിന്യമേറിയതാണെന്നാണ് അവകാശവാദം. ‘നിയമവിരുദ്ധമായ’ മതപരിവര്‍ത്തനത്തിന് സഹായിക്കുന്ന മതപുരോഹിതര്‍ക്ക് മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്. മതം മാറ്റപ്പെടുന്ന വ്യക്തി പ്രായപൂര്‍ത്തിയാകാത്തയാളോ, സ്ത്രീയോ, ഭിന്നശേഷിക്കാരനോ, മാനസികാസ്വാസ്ഥ്യമുള്ളയാളോ, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടയാളോ ആണെങ്കില്‍, അഞ്ച് മുതല്‍ 14 വര്‍ഷം വരെ കഠിനതടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയുമായിരിക്കും പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കു ശിക്ഷ.
സ്വമേധയാ മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ 60 ദിവസം മുമ്പെങ്കിലും ജില്ലാ മജിസ്ട്രേറ്റിന് സത്യപ്രസ്താവന സമര്‍പ്പിക്കേണ്ടതുണ്ട്. മതംമാറ്റ ചടങ്ങ് നടത്തുന്ന വ്യക്തിയും ഒരു മാസം മുമ്പ് ഇക്കാര്യം മുന്‍കൂട്ടി അറിയിക്കണം. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് നടത്തുന്ന വിവാഹം അസാധുവായി പ്രഖ്യാപിക്കാന്‍ വകുപ്പുണ്ട്.
നിര്‍ദിഷ്ട ബില്ലിന്റെ പകര്‍പ്പ് പൊതുജനങ്ങള്‍ക്കു ലഭ്യമാക്കണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ട്, അസംബ്ലിയില്‍ വിശദമായി ചര്‍ച്ച ചെയ്താല്‍ മതി എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. 40 അംഗ നിയമസഭയില്‍ രണ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബിജെപിക്ക് 26 അംഗങ്ങളുണ്ട്. മഹാരാഷ് ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളുടെയും മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണ കൂടിയുള്ളതിനാല്‍ ബില്ല് നിഷ്പ്രയാസം പാസാക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു സാവന്ത്. ഹിന്ദുത്വ മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ 2012-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് കത്തോലിക്കാ സ്ഥാനാര്‍ഥികളെ നിര്‍ത്തി ജയിപ്പിച്ച ബിജെപി 21 സീറ്റ് നേടി ഗോവയില്‍ അധികാരത്തിലെത്തിയതാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ ‘ഓപ്പറേഷന് ലോട്ടസ്’ കൂറുമാറ്റ തന്ത്രത്തിലൂടെ ബിജെപി അട്ടിമറിച്ചത് 10 കോണ്‍ഗ്രസ് എംഎല്‍എമാരെ വലയിലാക്കിക്കൊണ്ടാണ്. 2019 ജൂലൈയില്‍ ബിജെപിയുടെ 27 എംഎല്‍എമാരില്‍ 15 പേര് കത്തോലിക്കരായിരുന്നു. 2022 സെപ്റ്റംബറില്‍ 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എട്ടുപേരാണ് ബിജെപി പക്ഷത്തേക്ക് കൂറുമാറിയത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ തെക്കന്‍ ഗോവയില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപി ആദ്യം പഴിച്ചത്, പോളിങ് ദിനം നോക്കി മഡ്ഗാവില്‍ നിന്നുള്ള വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിനില്‍ തീര്‍ഥാടനത്തിനു പോകാതെ തങ്ങളുടെ വിലപ്പെട്ട വോട്ടവകാശം രേഖപ്പെടുത്താനും ഭരണഘടന ഉറപ്പുനല്‍കുന്ന സെക്യുലര്‍ മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുമുള്ള ഗോവ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ് നേരി ഫെറാവോയുടെ ആഹ്വാനത്തെയാണ്.
നിയമവിരുദ്ധ മതപരിവര്‍ത്തനം സംബന്ധിച്ച് എന്തെങ്കിലും ഡാറ്റ സര്‍ക്കാരിന്റെ പക്കലുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നുണ്ട്. ഇത്തരം കേസുകളൊന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 2022-ല്‍ സിയോലിമിലെ ഒരു പാസ്റ്റര്‍ക്കും ഭാര്യയ്ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളും എഫ്ഐആറും മതിയായ തെളിവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് റദ്ദാക്കിയിരുന്നു. 2023-ലെ രണ്ടു കേസുകളും നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇപ്പോള്‍ മതപരിവര്‍ത്തനത്തെ സംബന്ധിച്ച് ഇത്ര വലിയ ആശങ്ക ഉയരാനുള്ള ഒരു സാഹചര്യവും ജനങ്ങള്‍ കാണുന്നില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കത്തോലിക്കര്‍ ഗോവ ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗം വരുമായിരുന്നു, 1961 ആയപ്പോഴേക്കും അത് 40 ശതമാനമായി കുറഞ്ഞു. 2011-ലെ സെന്‍സസ് പ്രകാരം, സംസ്ഥാനത്തെ 15 ലക്ഷം വരുന്ന ജനസംഖ്യയില്‍ ക്രൈസ്തവര്‍ 25 ശതമാനവും മുസ് ലിംകള്‍ 10 ശതമാനത്തോളവുമായി. നിലവില്‍ ജനസംഖ്യയുടെ 70 ശതമാനവും ഹിന്ദുക്കളാണെങ്കിലും അവരില്‍ പകുതിയില്‍ താഴെ ആളുകള്‍ മാത്രമേ ഗോവന്‍ വംശജരായുള്ളൂ, മറ്റുള്ളവര്‍ കുടിയേറ്റക്കാരാണ്.
മതപരിവര്‍ത്തന നിയമത്തിന്റെ പുകമറ സൃഷ്ടിച്ച് ബിജെപി സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണങ്ങളില്‍ നിന്നും പരിസ്ഥിതിസംരക്ഷണത്തിനായി നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നെല്‍വയലുകളും തോപ്പുകളും ചെറുവനങ്ങളും കുന്നിന്‍ചരിവുകളും നിര്‍മാണ നിരോധിത മേഖലകളും പരിസ്ഥിതിലോല പ്രദേശങ്ങളും ഉള്‍പ്പെടുന്ന ഗ്രീന്‍ സോണുകള്‍ റിയല്‍ എസ്റ്റേറ്റ് ലോബികള്‍ക്കുവേണ്ടി വാസസ്ഥല മേഖലയായി തരംതിരിച്ചുകൊടുക്കാനും ഭൂവിനിയോഗ മാറ്റത്തിനുമായി ഗോവ ടൗണ്‍ ആന്‍ഡ് കണ്ട്രി പ്ലാനിങ് അക്ട് ഭേദഗതി ചെയ്തതും, മാണ്ടവി നദിയിലെ കസീനോ കപ്പലുകളും തീരത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നിയമവിരുദ്ധ ചൂതാട്ടവും, ഇരുമ്പയിര് ഖനനത്തിനുള്ള ബ്ലോക്കുകളുടെ ലേലം, സംസ്ഥാനത്തെ ഊര്‍ജോത്പാദനത്തിന്റെ പേരില്‍ മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും കല്‍ക്കരി ബ്ലോക്കുകളുടെ അലോട്ട്മെന്റും കണ്‍സള്‍ട്ടന്‍സിയും മറ്റുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപയുടെ അഴിമതിക്കഥകളുണ്ട്.
ക്രൈസ്തവസാക്ഷ്യത്തിന്റെയും കാരുണ്യശുശ്രൂഷയുടെയും ഏതൊരു അടയാളത്തെയും സംശയത്തോടെ വീക്ഷിക്കുകയും, മനഃസാക്ഷി സ്വാതന്ത്ര്യത്തിന്റെയും മതവിശ്വാസത്തിന്റെയും മാനവാന്തസിന്റെയും സ്വകാര്യതയുടെയും കാര്യത്തിലുള്ള വൈയക്തിക തീരുമാനങ്ങളും വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും ഭരണകൂടത്തിന്റെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്ന നിയമസംവിധാനത്തോടുള്ള ചെറുത്തുനില്പ് ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഗോവന്‍ ജനതയ്ക്ക് ബോധ്യമാകാന്‍ അയല്‍സംസ്ഥാനമായ മഹാരാഷ് ട്രയില്‍ ഓഗസ്റ്റ് 28ന് ‘ധര്‍മ്മ സ്വാതന്ത്ര്യ അധിനിയം 2026’
(മതസ്വാതന്ത്ര്യ നിയമം) പ്രാബല്യത്തില്‍ വന്നതിന്റെ വിശേഷങ്ങള്‍ കേട്ടാല്‍ മതി.
കഴിഞ്ഞ മാര്‍ച്ച് 13ന് മഹാരാഷ്ട്ര അസംബ്ലിയില്‍ അവതരിപ്പിക്കപ്പെട്ട മതപരിവര്‍ത്തന നിരോധന ബില്ല് മാര്‍ച്ച് 16ന് നിയമസഭയും പിറ്റേന്ന് ലെജിസ്ലേറ്റീവ് കൗണ്‍സിലും പാസാക്കി. സംസ്ഥാനത്തെ ധുലേ, നന്ദുര്‍ബാര്‍ ഗോത്രവര്‍ഗ മേഖലയില്‍ മെഡിക്കല്‍ സഹായവും മറ്റും നല്കി ആദിവാസികളെ വ്യാപകമായി ക്രിസ്തുമതത്തിലേക്കു ചേര്‍ക്കുന്നുവെന്നും, നവപുര് താലൂക്കില്‍ മാത്രം 199 അനധികൃത ക്രൈസ്തവ ആരാധനാലയങ്ങള്‍ പുതുതായി നിര്‍മിക്കപ്പെട്ടിട്ടുണ്ടെന്നും 2025 ജൂലൈയില്‍ ബിജെപി എംഎല്‍എമാര്‍ അസംബ്ലിയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍, സംസ്ഥാനവ്യാപകമായി അനധികൃത പള്ളികള്‍ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്നും മതപരിവര്‍ത്തനം നടത്തിയ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുമെന്നും സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുമെന്നും റവന്യുമന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ പ്രഖ്യാപിച്ചതാണ്.
മഹായുതി സര്‍ക്കാരിന്റെ മതസ്വാതന്ത്ര്യ നിയമം നിലവില്‍ വരുന്നതിനു മുന്നോടിയായി ബജ്റംഗ് ദള്‍, വിശ്വ ഹിന്ദു പരിഷത് അക്രമിസംഘങ്ങള്‍ മുംബൈ മഹാനഗര്‍ മേഖലയിലെ വസായ്-വിരാര്‍, പാല്‍ഘര്‍, നാലാസോപാര, മിരാ-ഭായന്ദര്‍ എന്നിവിടങ്ങളിലെ പ്രാര്‍ഥനാലയങ്ങള്‍ക്കു നേരെ 11 ആക്രമണങ്ങള്‍ നടത്തി. മതപരിവര്‍ത്തനം ആരോപിച്ച് അക്രമികള്‍ പ്രാര്‍ഥനാ യോഗങ്ങള്‍ തടസ്സപ്പെടുത്തുകയും വിശ്വാസികളെ ഉപദ്രവിക്കുകയും ചെയ്യുന്നതിനിടെ പൊലീസിനെ വിളിച്ചുവരുത്തുകയാണ് പതിവ്. ഒരു മാസത്തിനിടെ വസായ് ഈസ്റ്റ് മേഖലയില്‍ രജിസ്റ്റര്‍ ചെയ്ത ഒമ്പത് എഫ്ഐആറുകളില്‍ ഏഴെണ്ണം പ്രാര്‍ഥനായോഗങ്ങള്‍ സംഘടിപ്പിച്ചവര്‍ക്കെതിരെയും, രണ്ടെണ്ണം ബജ്റംഗ് ദളിനെതിരെയുമാണ്.
പുതിയ നിയമം നടപ്പിലാകുന്ന സാഹചര്യത്തില്‍ ഈ മേഖലയിലെ പ്രൊട്ടസ്റ്റന്റ്, ഇവാഞ്ചലിക്കല്‍ സഭാ വിഭാഗങ്ങള്‍ ആരാധനയ്ക്ക് എത്തുന്ന വിശ്വാസികളില്‍ നിന്ന്, ആരുടെയും നിര്‍ബന്ധം കൂടാതെ സ്വന്തം ഇഷ് ടപ്രകാരമാണ് പ്രാര്ഥനായോഗത്തില് പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കുന്ന ‘സത്യവാങ്മൂലം’ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും പൂര്‍ണവിലാസവും സഹിതം വാങ്ങുന്നുണ്ട്. ഇതിനായി ഇംഗ്ലീഷ്, മറാത്തി, ഹിന്ദി ഭാഷകളിലുള്ള ഡിക്ലറേഷന്‍ ഫോമുകള്‍ വിശ്വാസിസമൂഹത്തിനു നല്കിവരുന്നു. മുംബൈ മഹാനഗരത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രാര്‍ഥിക്കുന്നതിന് ആത്മരക്ഷയ്ക്കായി ഇത്തരം സത്യപ്രസ്താവനകള്‍ ഒപ്പിട്ടുനല്‍കേണ്ട സാഹചര്യത്തെക്കുറിച്ച് വര്‍ണവിവേചനത്തിനെതിരെയുള്ള ജനീവയിലെ യുഎന്‍ കമ്മിറ്റി മുന്‍പാകെ ഇന്ത്യയ്ക്ക് എന്തു ന്യായീകരണമാണ് നിരത്താന്‍ കഴിയുക?
സംസ്ഥാന ആഭ്യന്തര മന്ത്രാലയം മതസ്വാതന്ത്ര്യ നിയമം നടപ്പാക്കുന്ന തീയതി വിജ്ഞാപനം ചെയ്യുന്നതിനു മുന്‍പുതന്നെ പുണെ പൊലീസ് പ്രസ്തുത നിയമവകുപ്പുകള്‍ പ്രകാരം ആദ്യ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു: യുകെയിലെ മാഞ്ചസ്റ്ററില്‍ നിന്ന് പുണെയിലെ ഒരു ദേവാലയത്തിന്റെ 141-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുള്ള ആംഗ്ലിക്കന്‍ എപ്പിസ്കോപ്പല്‍ ചര്‍ച്ച് ഇന്റര്‍നാഷണല്‍ സഭാസമൂഹത്തിലെ ബിഷപ്പിനെതിരെ ചുമത്തിയ കുറ്റം, ഗുരുവാര്പേട്ടിലെ മറാത്തി പള്ളിയിലെ മതപരമായ ചടങ്ങില്‍ ഹിന്ദുമത പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട പദാവലി ഉപയോഗിച്ചുകൊണ്ട് യേശുവിനോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ദൈവിക രോഗശാന്തിയെക്കുറിച്ച് അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ഹൈന്ദവക്ഷേത്രങ്ങളെയും ദേവതകളെയും കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തുകയും ചെയ്തുകൊണ്ട് ക്രിസ്തുമതം സ്വീകരിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചു എന്നതാണ്. നിലവിലില്ലാത്ത നിയമവകുപ്പുകള്‍ ചുമത്തിയ കേസില്‍ കോടതി ജാമ്യം അനുവദിച്ചെങ്കിലും യുകെയിലേക്കു തിരിച്ചുപോകാന്‍ കഴിയാത്തവണ്ണം അദ്ദേഹത്തെ മറ്റുചില സാങ്കേതിക കുരുക്കുകളില്പെടുത്തിയെന്നാണ് പരാതി.
പ്രണയബന്ധത്തിലായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മതം മാറാന്‍ ആവശ്യപ്പെട്ടെന്നാരോപിച്ച്, മതസ്വാതന്ത്ര്യ നിയമം അഡ്വാന്‍സായി ചുമത്തി പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്കൊപ്പം ഉത്തര്‍പ്രദേശില്‍ നിന്നുള്ള 22-കാരനെതിരെയാണ് പുണെ പൊലീസ് ആദ്യ കേസെടുത്തത്. യുപിയില്‍ ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടിയും യുവാവും.
ഈ നിയമം മതന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനം, സാമൂഹിക ബഹിഷ്കരണം, നിയമം കൈയിലെടുത്തുള്ള അതിക്രമങ്ങള്‍ എന്നിവയ്ക്കുള്ള ഉപാധിയായി മാറിയേക്കാമെന്ന് ബോംബെ അതിരൂപത മുന്നറിയിപ്പ് നല്‍കിയിരുന്നു.
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പണം, സമ്മാനങ്ങള്‍, തൊഴില്‍, വിദ്യാഭ്യാസം, വിവാഹ വാഗ്ദാനം, മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുനല്കല്, ദൈവികമായ രോഗശാന്തി അവകാശപ്പെടല്‍ എന്നിവ നിയമവിരുദ്ധമായ പ്രലോഭനങ്ങളായാണ് ഈ നിയമം കണക്കാക്കുന്നത്. വശീകരണം, അനാവശ്യ സ്വാധീനം, തെറ്റായ പ്രതിനിധാനം തുടങ്ങിയ പദങ്ങള്‍ നിര്‍വചിക്കപ്പെടാതെ വിട്ടാല്‍, നിരോധിത സ്വാധീനങ്ങളുടെ വലിയൊരു വ്യൂഹം സൃഷ്ടിക്കുന്നതിലൂടെ, മനഃസാക്ഷിക്കനുസരിച്ചുള്ള ന്യായമായ തീരുമാനങ്ങളെപ്പോലും കുറ്റകരമായ പ്രവൃത്തികളായി മാറ്റാന്‍ ഈ നിയമം കാരണമായേക്കാം. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള ബന്ധങ്ങളുടെ കാര്യത്തിലായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതലായി അനുഭവപ്പെടാന്‍ സാധ്യതയുള്ളത്. വിശ്വാസത്തിന്റെയും ബന്ധങ്ങളുടെയും കാര്യങ്ങളില്‍ അവരുടെ സ്വയംഭരണാവകാശം പരിമിതപ്പെടുത്തുന്നതിലൂടെ ഈ നിയമം സ്ത്രീകള്‍, യുവാക്കള്‍, ദലിതര്‍, ആദിവാസികള്‍ എന്നിവര്‍ക്ക് കൂടുതല്‍ ഹാനികരമാണ്.
സാധാരണ ക്രിമിനല്‍ നിയമവ്യവസ്ഥയില്‍, പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണുള്ളത്. എന്നാല്‍, ഈ നിയമപ്രകാരം, മതംമാറ്റം നിയമപരവും സ്വമേധയാ ഉള്ളതുമാണെന്ന് തെളിയിക്കേണ്ടത് പ്രതിയാണ്. ആദ്യം കുറ്റം തെളിയിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല; മറിച്ച്, മതംമാറ്റത്തിന് സഹായിച്ചു എന്ന് ആരോപിക്കപ്പെടുന്ന വ്യക്തി ആ പ്രവൃത്തിയുടെ നിയമസാധുത തെളിയിക്കേണ്ടതുണ്ട്.
ബോംബെ നഗരത്തില്‍ 1992ലും 1993ലും നടന്ന കലാപങ്ങളില്‍ 900 ആളുകള്‍ കൊല്ലപ്പെടുകയുണ്ടായി. വര്‍ഗീയമായ സംശയങ്ങള്‍ക്ക് ഔദ്യോഗികമായ അംഗീകാരം ലഭിച്ചാല്‍ അവ എത്ര വേഗത്തിലാണ് സംഘടിത അക്രമമായി മാറുന്നതെന്ന് ഓര്‍മ്മിപ്പിക്കുന്ന വലിയ ദൃഷ്ടാന്തങ്ങളാണ് ആ സംഭവങ്ങള്‍. നാഗ്പൂരിലും സാങ്ലിയിലും അടുത്തകാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ സൂചിപ്പിക്കുന്നത്, അതിന് ആധാരമായ വിദ്വേഷത്തിന്റെ കനലുകള്‍ അണഞ്ഞിട്ടില്ലെന്നും പുതിയൊരു തിരികൊളുത്തലിനായി കാത്തിരിക്കുകയാണെന്നുമാണ്. പ്രാര്‍ഥനാ യോഗങ്ങളെപ്പോലും കുറ്റകൃത്യം നടക്കുന്ന സ്ഥലങ്ങളായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിയമപരമായ സംരക്ഷണം നല്കുന്ന നിയമം അത്തരമൊരു തിരികൊളുത്തല്‍ തന്നെയാണ്.
ഗോവയിലും മതദ്വേഷം