ന്യൂയോർക്ക്: ആണവ പരീക്ഷണങ്ങളുടെ ദീർഘകാല പ്രത്യാഘാതങ്ങളിൽ നിന്ന് നിലവിലെയും ഭാവിയിലെയും തലമുറകളെ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന് പപ്പ ആവശ്യപ്പെട്ടു.
ആണവ പരീക്ഷണങ്ങൾക്കെതിരായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭയുടെ ന്യൂയോർക്കിലെ ആസ്ഥാനത്ത് നടന്ന ഉന്നതതല പ്ലീനറി യോഗത്തിലാണ് പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷക ദൗത്യം നിലപാട് വ്യക്തമാക്കിയത്.കഴിഞ്ഞ പതിറ്റാണ്ടുകളിൽ നടത്തിയ ആണവ പരീക്ഷണങ്ങളുടെ ആഘാതം ഇന്നും വിവിധ സമൂഹങ്ങൾ നേരിടുകയാണെന്ന് വാത്തിക്കാൻ ചൂണ്ടികാട്ടി . പ്രത്യേകിച്ച് തദ്ദേശീയ ജനവിഭാഗങ്ങൾക്കും പരീക്ഷണങ്ങളുടെ നേരിട്ടോ പരോക്ഷമായോ ഇരകളായ സമൂഹങ്ങൾക്കും ഇതിന്റെ ദുരിതം തുടരുകയാണ്.ആണവ പരീക്ഷണങ്ങൾ മനുഷ്യരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും പരിസ്ഥിതിയെയും ദീർഘകാലമായി ബാധിക്കുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി.
സ്ത്രീകൾ, കുട്ടികൾ, ഭാവിതലമുറകൾ എന്നിവരിലേക്കും ഈ പ്രത്യാഘാതങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയും ഉത്തരവാദിത്വവും അനിവാര്യമാണെന്നും പാപ്പ ഓർമിപ്പിച്ചു.ആണവ പരീക്ഷണങ്ങളുടെ ദോഷഫലങ്ങൾ തടയുന്നതിനും ബാധിത സമൂഹങ്ങളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും രാജ്യങ്ങൾ കൂട്ടായ പരിശ്രമം ശക്തമാക്കണമെന്നും ആഹ്വാനം ചെയ്തു.

