ഷിക്കാഗോ: ഷിക്കാഗോയിലെ മലയാളി സമൂഹത്തിന് 48 വർഷമായി നൽകിവരുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ച് സാമൂഹിക പ്രവർത്തകൻ ഹെറാൾഡ് ഫിഗരദോയെ ആദരിച്ചു. മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഓണാഘോഷ വേദിയിലായിരുന്നു ആദരം. ചടങ്ങിൽ ഹെറാൾഡ് ഫിഗരദോയെ പൊന്നാടയണിയിച്ചു.
കേരള ലാറ്റിൻ കാത്തലിക് ഓഫ് ഷിക്കാഗോ, അമേരിക്കൻ കൊച്ചിൻ ക്ലബ് ഷിക്കാഗോ, കൊച്ചി തേവര സേക്രഡ് ഹാർട്ട് കോളജ് അലുംമ്നി അസോസിയേഷൻ നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്റർ എന്നീ സംഘടനകളുടെ പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചുവരുന്നു. മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ മുൻ പ്രസിഡന്റും സ്ഥാപക അംഗവുമാണ്.കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോ വൈസ് പ്രസിഡന്റ്, കേരള കൾച്ചറൽ സെന്റർ ഷിക്കാഗോ ഡയറക്ടർ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ, ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ തുടങ്ങിയ സംഘടനകളിലും ഹെറാൾഡ് ഫിഗരദോ സജീവമായി പ്രവർത്തിക്കുന്നു.
1978ൽ ഷിക്കാഗോയിലെത്തിയ അദ്ദേഹം മലയാളി സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമാണ്. നാട്ടിൽനിന്നെത്തുന്ന കുടുംബങ്ങൾക്കും മുതിർന്നവർക്കും സഭാധ്യക്ഷന്മാർക്കും ആവശ്യമായ സഹായസഹകരണങ്ങൾ നൽകുന്നതിലും അദ്ദേഹം ശ്രദ്ധ പുലർത്തുന്നു.തനിക്കു നൽകിയ ആദരവിന് മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഭാരവാഹികൾക്ക് ഹെറാൾഡ് ഫിഗരദോ നന്ദി രേഖപ്പെടുത്തി.
ഭാര്യ മാർഗരറ്റ്, മകൾ മെൽഫ, മരുമകൻ ബിക്കി, കൊച്ചുമകൻ ജോണി എന്നിവരാണ് കുടുംബാംഗങ്ങൾ. ഡാരിയൻ സബർബിലാണ് താമസം.

