ടെക്സസ്: ലിബിയയിൽ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച 21 ക്രൈസ്തവരിൽ ഒരാളായ വിശുദ്ധ മാത്യു അയാരിഗയുടെ നാമത്തിൽ ലോകത്തിലെ ആദ്യ കത്തോലിക്കാ ഇടവക അമേരിക്കയിലെ ടെക്സസിൽ സ്ഥാപിക്കുന്നു. ആർലിംഗ്ടണിൽ ആരംഭിക്കുന്ന പുതിയ ഇടവക 2027 ജനുവരിയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും.
2015 ഫെബ്രുവരി 15ന് ലിബിയയിലെ സിർത്തെ കടൽത്തീരത്താണ് ഐസിസ് ഭീകരർ 21 ക്രൈസ്തവരെ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയത്. ഈജിപ്തിൽ നിന്നുള്ള 20 കോപ്റ്റിക് ഓർത്തഡോക്സ് വിശ്വാസികളും ഗാനയിൽ നിന്നുള്ള മാത്യു അയാരിഗയുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വിശ്വാസം ഉപേക്ഷിച്ചാൽ ജീവൻ രക്ഷിക്കാമെന്ന സാഹചര്യത്തിലും മാത്യു ക്രിസ്തുവിലുള്ള വിശ്വാസം ഉറച്ചുപറഞ്ഞാണ് രക്തസാക്ഷിത്വം വരിച്ചത്.2015 ഫെബ്രുവരി 21ന് കോപ്റ്റിക് സഭാതലവൻ തവാദ്രോസ് രണ്ടാമൻ ഈ 21 പേരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. തുടർന്ന് 2023 മേയ് 11ന് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ, സഭകൾ തമ്മിലുള്ള കൂട്ടായ്മയുടെ അടയാളമായി 21 രക്തസാക്ഷികളെയും റോമൻ മാർട്ടിയോളജിയിൽ ഉൾപ്പെടുത്തി.
2027 ജനുവരി 29 മുതൽ 31 വരെ നടക്കുന്ന വിവിധ ചടങ്ങുകളോടെയാണ് പുതിയ ദേവാലയത്തിന്റെ കൂദാശയും ഇടവകയുടെ ഔദ്യോഗിക തുടക്കവും നടക്കുക. ഗാനയിലെ കുമാസി ആർച്ച് ബിഷപ്പ് ഗബ്രിയേൽ അനോക്യെ ഉൾപ്പെടെയുള്ള ബിഷപ്പുമാരും വടക്കേ അമേരിക്കയിലെ ഗാനയൻ സമൂഹത്തിലെ പ്രമുഖരും ചടങ്ങുകളിൽ പങ്കെടുക്കും.

