വത്തിക്കാൻ സിറ്റി: ജലം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നെന്നതിലുപരി ഓരോ വ്യക്തിയുടെയും അവകാശമാണെന്നും അത് വിപണിയിൽ വിൽക്കപ്പെടുന്ന ഒരു സാധാരണ ചരക്കായി കണക്കാക്കരുതെന്നും ഓർമിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പാ.
ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും ഉത്തരവാദിത്വപൂർവമായ ഉപയോഗത്തിനുമായി പ്രാർഥിക്കണമെന്ന് പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. സെപ്റ്റംബർ മാസത്തെ പരിശുദ്ധ പിതാവിന്റെ പ്രാർഥനാനിയോഗത്തിലാണ് ജലപരിപാലനത്തിന് പ്രത്യേക പ്രാധാന്യം നൽകിയിരിക്കുന്നത്. ജലത്തെ സംരക്ഷിക്കുന്നത് സൃഷ്ടിയെയും സ്രഷ്ടാവിനെയും ആദരിക്കുന്നതിന്റെ ഭാഗമാണെന്നും പാപ്പ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിസംരക്ഷണത്തിനായുള്ള ലോക പ്രാർഥനാദിനമായ സെപ്റ്റംബർ ഒന്നിന് പ്രാർഥനാനിയോഗം പ്രസിദ്ധീകരിച്ചതും ശ്രദ്ധേയമായി. ഫലഭൂയിഷ്ഠതയുടെയും പുതുമയുടെയും പ്രത്യാശയുടെയും ഉറവിടമാണ് ജലം എന്ന് പാപ്പ പ്രാർഥനയിൽ ഓർമിപ്പിക്കുന്നു. ദാഹം ശമിപ്പിക്കുകയും ഭൂമിയെ ഫലഭൂയിഷ്ഠമാക്കുകയും മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്റെ അമൂല്യദാനമായി ജലത്തെ കണ്ട് അതിന്റെ സംരക്ഷണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

