മനാവസ്: ആമസോൺ മേഖലയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും അവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് പഠിക്കുകയും ചെയ്യുന്നത് സഭയുടെ പ്രേഷിത ദൗത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മൈക്കൽ ചെർണി. ആമസോണിയൻ സഞ്ചാര സംഘത്തിന്റെ 25-ാമത് അന്തർസ്ഥാപന വാർഷിക സമ്മേളനത്തിൽ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഓഗസ്റ്റ് 29 മുതൽ 31 വരെ ബ്രസീലിലെ മനാവസിലായിരുന്നു സമ്മേളനം. കഴിഞ്ഞ 25 വർഷത്തെ പ്രവർത്തനങ്ങളെ നന്ദിയോടെ അനുസ്മരിച്ച കർദ്ദിനാൾ, മുന്നോട്ടുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെയും ക്രിസ്തീയ ആത്മപരിശോധനയോടെയും ആയിരിക്കണമെന്ന് ഓർമിപ്പിച്ചു. മിഷനറി പ്രവർത്തനം ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും വിവിധ കഴിവുകളും വിഭവങ്ങളും പരസ്പരം കൂട്ടിയിണക്കുന്ന കൂട്ടായ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തുകൊണ്ട് ഒരുമിച്ച് പ്രവർത്തിക്കുകയെന്നത് സുവിശേഷത്തിന്റെ അടിസ്ഥാന സന്ദേശങ്ങളിലൊന്നാണെന്നും കർദ്ദിനാൾ വ്യക്തമാക്കി.ആമസോണിലെ ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിലും പ്രേഷിത ദൗത്യം ഫലപ്രദമായി നിർവഹിക്കുന്നതിലും പരസ്പര സഹകരണം നിർണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുവിശേഷ പ്രഘോഷണം കേവലം അറിവ് പകർന്നുനൽകുന്നതിൽ ഒതുങ്ങുന്നതല്ലെന്നും മറിച്ച് ജനങ്ങളെ ശ്രദ്ധയോടെ കേൾക്കുകയും അവരിൽനിന്ന് പഠിക്കുകയും അവരുടെ ജീവിതയാത്രയിൽ ഒപ്പം നിൽക്കുകയും ചെയ്യുന്നതാണെന്നും കർദ്ദിനാൾ ചെർണി പറഞ്ഞു.ആമസോണിലെ ജനതയോടുള്ള സഭയുടെ സാമീപ്യം സന്തോഷത്തിന്റെയും പ്രത്യാശയുടെയും അടയാളമായി മാറണമെന്നും, പരിസ്ഥിതിയുടെയും മനുഷ്യന്റെയും സംരക്ഷണം ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ തുടർന്നും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

