വൈപ്പിൻ: നാല് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും വൈപ്പിൻ വിഷമദ്യ ദുരന്തം നൽകുന്ന മുന്നറിയിപ്പ് സമൂഹം മറക്കരുതെന്ന് ആഹ്വാനം ചെയ്ത് 44-ാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെയും വൈപ്പിൻ ഫെറോനയുടെയും നേതൃത്വത്തിൽ പെരുമാൾപടി സെന്റ് സെബാസ്റ്റ്യൻ ദേവാലയ അങ്കണത്തിലായിരുന്നു പരിപാടി.
മദ്യത്തിന്റെയും ലഹരിയുടെയും അമിത ഉപയോഗം കുടുംബങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്കെതിരെ കൂടുതൽ ശക്തമായ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ആവശ്യമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മദ്യ-ലഹരി വിരുദ്ധ സമിതി വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ് റാഫേൽ മുക്കത്ത് സ്വാഗതം പറഞ്ഞു. അതിരൂപത പ്രസിഡന്റ് ഡിക്സൻ റോഡ്രിഗ്സ് അധ്യക്ഷത വഹിച്ചു. പെരുമാൾപടി സെന്റ് സെബാസ്റ്റ്യൻ ദേവാലയ വികാരി ഫാ. സ്മിജോ ജോർജ് കളത്തിപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. ജോസഫ് ഷെറിൻ ചെമ്മായത്ത് മുഖ്യപ്രഭാഷണം നടത്തി.ജെസ്സി ഷാജി, സിസ്റ്റർ ഒസ്ബർഗ സി.ടി.സി., ജോസഫ് ചുള്ളിക്കൽ, റസൽ കളത്തിപറമ്പിൽ, നിക്സൺ പെരേടത്ത് എന്നിവർ സംസാരിച്ചു. അതിരൂപത ജനറൽ സെക്രട്ടറി ജസ്റ്റിൻ മാളിയേക്കൽ നന്ദി പറഞ്ഞു.
കഴിഞ്ഞ ഓണക്കാലത്ത് എട്ട് ദിവസത്തിനിടെ 771.3 കോടി രൂപയുടെ മദ്യവിൽപ്പന നടന്നുവെന്ന ഔദ്യോഗിക കണക്ക് സമ്മേളനം ചൂണ്ടിക്കാട്ടി. മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന് മാത്രം പ്രാധാന്യം നൽകുന്ന സമീപനം സർക്കാർ പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൻതോതിലുള്ള മദ്യവിൽപ്പന സമൂഹത്തിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന ആരോഗ്യ, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ സർക്കാർ ഗൗരവമായി വിലയിരുത്തണം. ജനങ്ങളുടെ ആരോഗ്യവും കുടുംബങ്ങളുടെ സുരക്ഷയും സാമൂഹിക ക്ഷേമവും മുൻനിർത്തിയുള്ള മദ്യനയം രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

