ജോ മാത്യു
യുവത്വം ചോര്‍ന്നുപോകുമ്പോള്‍ ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭാവിക്ക് എന്തു സംഭവിക്കും? ഒരു നാടിന്റെ പ്രായം കണക്കാക്കുന്നത് അതിന്റെ ജനനത്തീയതി നോക്കിയല്ല. ആ നാട്ടിലെ കുട്ടികളുടെ കരച്ചിലിനും യുവാക്കളുടെ കാല്‍പ്പാടുകള്‍ക്കും വയോധികരുടെ നിശ്ശബ്ദതയ്ക്കുമിടയിലെ അനുപാതം നോക്കിയാണ്. സ്കൂള്‍മുറ്റങ്ങളില്‍ കുട്ടികളുടെ ശബ്ദം കുറഞ്ഞുതുടങ്ങുകയും തൊഴില്‍ തേടി യുവാക്കള്‍ അതിരുകള്‍ കടക്കുകയും വീടുകളുടെ അകത്തളങ്ങളില്‍ വയോധികരുടെ എണ്ണം കൂടുകയും ചെയ്യുമ്പോള്‍, ഒരു സമൂഹത്തിന്റെ ജനസംഖ്യാഘടികാരം മറ്റൊരു സമയം കാണിച്ചുതുടങ്ങുന്നു. കേരളത്തിന്റെ ഘടികാരവും ഇപ്പോള്‍ അത്തരമൊരു സമയത്തേക്കാണ് നീങ്ങുന്നത്. സാമ്പത്തികമായി വലിയൊരു ദുരന്തമായിരിക്കും അതുമൂലം സംഭവിക്കുക.
കേരളത്തിന് വയസാകുന്നു.
ഇത് ഒരു കാവ്യാത്മകമായ പ്രയോഗം മാത്രമല്ല. ജനസംഖ്യാശാസ്ത്രത്തിന്റെ ഭാഷയില്‍ അളക്കാവുന്ന ഒരു യാഥാര്‍ഥ്യമാണ്. 2026-ലെ ജനസംഖ്യാ കണക്കുകള്‍ പ്രകാരം ഏകദേശം 3.72 കോടി ജനങ്ങളുള്ള കേരളത്തില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ 68 ലക്ഷത്തിലധികമാകും. അതായത് അഞ്ചില്‍ ഒന്ന് എന്ന കണക്കില്‍ വയോധികരുടെ ലോകത്തേക്ക് കേരളം പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നു. അതേസമയം കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു. 2001-ല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ 83 ലക്ഷത്തിലധികമുണ്ടായിരുന്ന സ്ഥാനത്ത് 2026-ല്‍ അവരുടെ എണ്ണം 70 ലക്ഷത്തില്‍ താഴെയെത്തുന്നു. മറുവശത്ത് 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം അതേ കാലയളവില്‍ 34 ലക്ഷത്തില്‍ നിന്ന് 68 ലക്ഷത്തിലേക്ക് ഇരട്ടിയാകുന്നു.
ഇത് ജനസംഖ്യയുടെ ഒരു സാധാരണ മാറ്റമല്ല. കേരളത്തിന്റെ ഭാവി സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പാണ്.
കാരണം, കേരളം വയസാകുന്നത് ജപ്പാനോ ദക്ഷിണകൊറിയയോ വയസായ വഴിയിലൂടെയല്ല.
ജപ്പാന് ആദ്യം സമ്പന്നമായി; പിന്നീട് വയസായി. ദക്ഷിണകൊറിയ ആദ്യം സമ്പന്നമായി; പിന്നീട് വയസായി.
കേരളമാകട്ടെ, സമ്പന്നമാകുന്നതിനു മുമ്പേ വയസാകുകയാണ്. ഇതാണ് കേരളത്തിന്റെ ജനസംഖ്യാ പ്രതിസന്ധിയുടെ ഏറ്റവും വലിയ വൈരുദ്ധ്യം.
യുവത്വം എന്ന സാമ്പത്തിക മൂലധനം
ലോകചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മുന്നേറ്റങ്ങളുടെ പിന്നില്‍ പ്രകൃതിവിഭവങ്ങള്‍ മാത്രമായിരുന്നില്ല. യന്ത്രങ്ങളും ഫാക്ടറികളും സാങ്കേതികവിദ്യയും മാത്രമായിരുന്നില്ല. അതിനേക്കാള്‍ പ്രധാനമായി അവിടെ ഉണ്ടായിരുന്നത് ജോലി ചെയ്യാന്‍ കഴിയുന്ന വലിയൊരു ജനവിഭാഗമായിരുന്നു. ഒരു സമൂഹത്തില്‍ കുട്ടികളുടെയും വയോധികരുടെയും എണ്ണം താരതമ്യേന കുറവും തൊഴില്‍ ചെയ്യാന്‍ കഴിയുന്ന പ്രായത്തിലുള്ളവരുടെ എണ്ണം കൂടുതലുമാകുന്ന കാലത്തെ ജനസംഖ്യാശാസ്ത്രജ്ഞര്‍ ഡെമോഗ്രാഫിക് ഡിവിഡന്‍ഡ് അഥവാ ജനസംഖ്യാ ലാഭവിഹിതം എന്നു വിളിക്കുന്നു. എന്നാല്‍ തൊഴില്‍പ്രായത്തിലുള്ള ആളുകള്‍ കൂടുതലുണ്ടെന്നതുകൊണ്ടുമാത്രം സമ്പദ്വ്യവസ്ഥ വളരുകയില്ല. അവര്‍ക്കു വിദ്യാഭ്യാസം വേണം. ആരോഗ്യം വേണം. ജോലി വേണം. ഉല്പാദനരംഗം വേണം. അവരുടെ കഴിവുകള്‍ക്ക് യോജിച്ച വ്യവസായവും സാങ്കേതികവിദ്യയും വേണം.
അങ്ങനെ യുവത്വത്തെ ഉല്പാദനശക്തിയാക്കി മാറ്റാന്‍ കഴിയുമ്പോഴാണ് ഒരു ജനതയുടെ പ്രായഘടന സാമ്പത്തിക ശക്തിയായി മാറുന്നത്. ജപ്പാനും ദക്ഷിണകൊറിയയും അത് ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ചാരത്തില്‍ നിന്ന് ഉയര്‍ന്ന ജപ്പാന് 1950-കളിലും 1960-കളിലും ലോകം കണ്ട ഏറ്റവും അദ്ഭുതകരമായ സാമ്പത്തിക പുനര്നിര്മാണങ്ങളിലൊന്ന് നടത്തി. 1970-ല്‍ ജപ്പാനിലെ ജനസംഖ്യയുടെ ഏകദേശം 69 ശതമാനവും 15 മുതല്‍ 64 വയസ്സുവരെയുള്ള തൊഴില്പ്രായവിഭാഗത്തിലായിരുന്നു. കുട്ടികളുടെയും വയോധികരുടെയും ആശ്രിതഭാരം താരതമ്യേന കുറവായിരുന്ന ആ കാലഘട്ടത്തില്‍ ജപ്പാന് തന്റെ മനുഷ്യവിഭവശേഷിയെ വ്യവസായത്തിലേക്കും സാങ്കേതികവിദ്യയിലേക്കും കയറ്റുമതിയിലേക്കും ഉല്പാദനത്തിലേക്കും തിരിച്ചുവിട്ടു.
കാര്‍ ഫാക്ടറികളില്‍ നിന്നും ഇലക്ട്രോണിക്സ് കമ്പനികളില്‍ നിന്നും കപ്പല്‍ശാലകളില്‍ നിന്നും ലോകവിപണിയിലേക്ക് ഒഴുകിയത് ഉല്പന്നങ്ങള് മാത്രമായിരുന്നില്ല. ഒരു യുവസമൂഹത്തിന്റെ അധ്വാനവും അച്ചടക്കവും ശാസ്ത്രീയശേഷിയും കൂടിയായിരുന്നു.
ദക്ഷിണകൊറിയയുടെ കഥ അതിലും വിസ്മയകരമാണ്. യുദ്ധവും ദാരിദ്ര്യവും രാഷ്ട്രീയ അനിശ്ചിതത്വവും തകര്‍ത്ത ഒരു രാജ്യം ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ലോകത്തിലെ പ്രധാന വ്യവസായ-സാങ്കേതിക ശക്തികളിലൊന്നായി മാറി. 1970-നുശേഷമുള്ള കാലത്ത് തൊഴില്പ്രായജനസംഖ്യയുടെ വിഹിതം അതിവേഗം ഉയര്‍ന്നു. ആ ജനസംഖ്യാ അവസരത്തെ വിദ്യാഭ്യാസത്തോടും വ്യവസായനയത്തോടും കയറ്റുമതിയോടും ചേര്‍ത്തുവെച്ചാണ് കൊറിയ മുന്നേറിയത്. ഫാക്ടറികളില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നു. സര്‍വകലാശാലകളില്‍ പുതിയ തലമുറ ഉണ്ടായിരുന്നു. സാങ്കേതികവിദ്യ പഠിക്കാന്‍ യുവാക്കള്‍ ഉണ്ടായിരുന്നു. ലോകവിപണി കീഴടക്കാന്‍ കമ്പനികള്‍ക്ക് മനുഷ്യശേഷി ഉണ്ടായിരുന്നു.
അങ്ങനെ ഒരു യുവജനത ഒരു രാജ്യത്തിന്റെ സാമ്പത്തിക മൂലധനമായി മാറി.
ഇന്ന് ജപ്പാനും ദക്ഷിണകൊറിയയും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വയസാകുന്ന സമൂഹങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അവിടെയും കേരളത്തിലും ഒരുപോലെ കാണുന്ന ഈ വാര്ധക്യത്തിനുപിന്നിലെ ചരിത്രം ഒരുപോലെയല്ല. അവരുടെ യുവത്വം ആദ്യം സമ്പത്ത് സൃഷ്ടിച്ചു. കേരളത്തിന്റെ യുവത്വം വലിയ തോതില്‍ കേരളത്തിനു പുറത്തേക്ക് ഒഴുകിപ്പോയി.
യുവത്വം ചോര്‍ന്നുപോകുന്ന നാട്
2026-ലെ കേരളം ഒരു വിചിത്രമായ വൈരുദ്ധ്യത്തിന്റെ നടുവിലാണ്. ഒരു വശത്ത് ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവാക്കള്‍ക്ക് അവരുടെ കഴിവിനും വിദ്യാഭ്യാസത്തിനും യോജിച്ച തൊഴിലവസരങ്ങള്‍ അപര്യാപ്തമാണ്. മറുവശത്ത് നിര്‍മ്മാണമേഖല മുതല്‍ കാര്‍ഷികരംഗം വരെയുള്ള നിരവധി അടിസ്ഥാന തൊഴില്‍മേഖലകളില്‍ തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയുമുണ്ട്.
കേരളത്തിന് തൊഴില്‍ ഇല്ല എന്നതും കേരളത്തിന് തൊഴിലാളി ഇല്ല എന്നതും ഒരേ സമയം സത്യമായിക്കൊണ്ടിരിക്കുന്ന ഒരു സാമ്പത്തിക വിരോധാഭാസമാണിത്.
വിദ്യാഭ്യാസമുള്ള യുവാവ് സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ പരിമിതമാണ്. സ്വകാര്യ മേഖലയിലെ നിരവധി ജോലികള്‍ വിദ്യാഭ്യാസമുള്ള യുവാക്കളുടെ പ്രതീക്ഷയ്ക്കൊത്ത വേതനവും സുരക്ഷയും സാമൂഹികപദവിയും നല്‍കുന്നില്ല. തൊഴിലാളികളെ പരമാവധി ഉപയോഗപ്പെടുത്തിയും കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം കണ്ടെത്തിയും മുന്നേറുന്ന സ്ഥാപനങ്ങളും കുറവല്ല. ഫലം, യുവാക്കള്‍ പോകുന്നു.
ഒരുകാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കായിരുന്നു പ്രധാന കുടിയേറ്റം. ഇന്ന് യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ, ബ്രിട്ടന്, ജര്‍മനി തുടങ്ങി ലോകത്തിന്റെ പുതിയ ഭൂപടങ്ങളിലേക്കാണ് കേരളത്തിലെ യുവത്വം യാത്രതിരിക്കുന്നത്. പഠനത്തിനായി പോകുന്നവര്‍ പിന്നീട് തൊഴില്‍ തേടുന്നു. തൊഴില്‍ തേടിപ്പോയവര്‍ സ്ഥിരതാമസത്തിലേക്ക് മാറുന്നു. കേരളം അവര്‍ക്ക് ജന്മനാട് മാത്രമായി ശേഷിക്കുന്നു; ജീവിതത്തിന്റെ കേന്ദ്രം മറ്റൊരു രാജ്യമായി മാറുന്നു. ഈ കുടിയേറ്റത്തെ ലളിതമായി കുറ്റപ്പെടുത്താനാവില്ല. പ്രവാസം കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ കരുത്തുകളിലൊന്നാണ്. പ്രവാസികളുടെ വിയര്‍പ്പില്‍ പണിത വീടുകളും അവരുടെ പണത്തില്‍ പഠിച്ച തലമുറകളും അവരുടെ വരുമാനത്തെ ആശ്രയിച്ച് ജീവിച്ച കുടുംബങ്ങളും കേരളത്തിന്റെ സാമൂഹികചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ പ്രവാസത്തിന്റെ മറ്റൊരു മുഖവും കാണേണ്ടതുണ്ട്.
പ്രവാസം കേരളത്തിലേക്ക് പണം കൊണ്ടുവരുന്നു; അതേ പ്രവാസം കേരളത്തില്‍ നിന്ന് തൊഴില്പ്രായമുള്ള മനുഷ്യരെയും കൊണ്ടുപോകുന്നു. പണം ബാങ്കിലെത്തും. പക്ഷേ ആ പണം സമ്പാദിച്ച മനുഷ്യന് പലപ്പോഴും കേരളത്തിന്റെ ഉല്പാദനശക്തിയുടെ ഭാഗമാകുന്നില്ല. ഇതാണ് അടുത്ത തലമുറയിലെ കേരളം നേരിടേണ്ട ചോദ്യം.
കേരളത്തില്‍ നിന്ന് പുറപ്പെടുന്ന മനുഷ്യശേഷിക്ക് പകരം എന്താണ് നാം സൃഷ്ടിക്കുന്നത്? വിദേശത്ത് സമ്പാദിക്കുന്ന പണം കേരളത്തിലെ ഉല്പാദനമേഖലകളില് എത്രത്തോളം നിക്ഷേപിക്കപ്പെടുന്നു? പുതിയ വ്യവസായങ്ങളായും തൊഴില്സ്ഥാപനങ്ങളായും സാങ്കേതിക സംരംഭങ്ങളായും എത്രമാത്രം മാറുന്നു? വീടും ഭൂമിയും ഉപഭോഗവും മാത്രം വളരുമ്പോള്‍ ഒരു സമ്പദ്വ്യവസ്ഥയ്ക്ക് എത്രകാലം മുന്നോട്ട് പോകാനാകും? ഒരു സമൂഹത്തിന്റെ ഭാവി പണത്തിന്റെ ഒഴുക്കില്‍ മാത്രമല്ല, മനുഷ്യശേഷിയുടെ ഒഴുക്കിലും നിര്‍ണയിക്കപ്പെടുന്നു.
കുട്ടികള്‍ കുറയുന്നു; വയോധികര്‍ കൂടുന്നു
കേരളത്തിന്റെ ജനസംഖ്യാഘടനയിലെ ഏറ്റവും വലിയ മാറ്റം കുട്ടികളുടെ എണ്ണം കുറഞ്ഞതും വയോധികരുടെ എണ്ണം കൂടിയതുമാണ്. ഒരു കാലത്ത് കുടുംബനിയന്ത്രണത്തിന്റെ മുദ്രാവാക്യം ”ചെറിയ കുടുംബം സന്തുഷ്ടകുടുംബം” എന്നായിരുന്നു. രണ്ടു കുട്ടികള്‍ മതി എന്ന ആശയം കേരളത്തിന്റെ സാമൂഹികബോധത്തില്‍ ആഴത്തില്‍ പതിഞ്ഞു. വിദ്യാഭ്യാസം വര്‍ധിച്ചു. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ന്നു. കുടുംബങ്ങളുടെ സാമ്പത്തിക പ്രതീക്ഷകള്‍ മാറി. കുട്ടികളെ വളര്‍ത്തുന്നതിനുള്ള ചെലവ് വര്‍ധിച്ചു. ഇന്ന് പല കുടുംബങ്ങളിലും ചോദ്യം രണ്ടുകുട്ടികള്‍ വേണമോ എന്നതല്ല. ഒരു കുട്ടി മതിയോ എന്നതാണ്.
ചിലരുടെ ജീവിതത്തില്‍ അതിലും വലിയ ചോദ്യം ഉയരുന്നു…കുട്ടി വേണമോ? ഈ മാറ്റത്തെ ഒരു ധാര്മികപ്രശ്നമായോ വ്യക്തിപരമായ തീരുമാനമായോ മാത്രം കാണാനാവില്ല. ആധുനിക ജീവിതത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ യാഥാര്‍ഥ്യങ്ങളാണ് കുടുംബത്തിന്റെ വലുപ്പം നിര്‍ണയിക്കുന്നത്. വീട്, വിദ്യാഭ്യാസച്ചെലവ്, ആരോഗ്യച്ചെലവ്, തൊഴില്‍സുരക്ഷ, സ്ത്രീയുടെ തൊഴില്‍ജീവിതം, വിവാഹം വൈകുന്നത്, കുട്ടിപരിപാലനത്തിനുള്ള സൗകര്യക്കുറവ്എല്ലാം അതിലുണ്ട്.
ജനനനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ശരാശരി ആയുസ്സ് കൂടുകയാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണത്. ഒരു കുഞ്ഞ് ജനിച്ച് ജീവിച്ചിരിക്കാനുള്ള സാധ്യത വര്‍ധിച്ചു. രോഗചികിത്സ മെച്ചപ്പെട്ടു. പൊതുജനാരോഗ്യസംവിധാനം വികസിച്ചു. ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നു. പക്ഷേ ഇവിടെ ഒരു നിര്‍ണായക ചോദ്യം ഉയരുന്നു:
കേരളത്തിന്റെ ആരോഗ്യവിജയം മനുഷ്യന് കൂടുതല്‍ ആയുസ് നല്കി. ആ അധികവര്ഷങ്ങളെ സാമ്പത്തികമായി സുരക്ഷിതമാക്കാനുള്ള സമ്പത്ത് കേരളം അതേ വേഗത്തില്‍ സൃഷ്ടിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അതാണ് നമ്മുടെ യഥാര്‍ത്ഥ പ്രതിസന്ധി. കൂടുതല്‍ കാലം ജീവിക്കുന്നത് ഒരു പ്രശ്നമല്ല. അതൊരു മനുഷ്യപുരോഗതിയാണ്. പക്ഷേ കൂടുതല്‍ കാലം ജീവിക്കുന്ന മനുഷ്യര്‍ക്ക് വരുമാനസുരക്ഷയും പെന്‍ഷനും ചികിത്സയും പരിചരണവും ഉറപ്പാക്കാന്‍ കഴിയാത്ത സമൂഹത്തിന് വാര്‍ധക്യം വലിയ സാമ്പത്തിക സമ്മര്‍ദമായി മാറും. വയോധികരെ പോറ്റാന്‍ ആരുണ്ടാകും? ഒരു സമൂഹത്തിന്റെ ഏറ്റവും ലളിതമായ സാമ്പത്തിക ചോദ്യങ്ങളിലൊന്നാണിത്. ജോലി ചെയ്യുന്നവര്‍ എത്ര? അവരെ ആശ്രയിക്കുന്നവര്‍ എത്ര? ഇത് കേവലം പെന്ഷന് കണക്കല്ല. ഒരു രാജ്യത്തിന്റെ നികുതിവരുമാനത്തെയും ഉപഭോഗത്തെയും ആരോഗ്യച്ചെലവിനെയും സാമൂഹ്യസുരക്ഷയെയും ബാധിക്കുന്ന അടിസ്ഥാനചോദ്യമാണ്. കേരളത്തില്‍ കുട്ടികളെ ആശ്രയിച്ചുള്ള ഭാരം കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ വയോധികരെ ആശ്രയിച്ചുള്ള ഭാരം വര്‍ധിക്കുകയാണ്. 2001 മുതല്‍ 2026 വരെയുള്ള ജനസംഖ്യാ മാറ്റത്തിന്റെ ഏറ്റവും പ്രധാന സൂചന ഇതാണ്.
കേരളം ഒരു യുവ ആശ്രിതസമൂഹത്തില് നിന്ന് ഒരു വയോജന ആശ്രിതസമൂഹത്തിലേക്ക് പതുക്കെ മാറുകയാണ്.
ഇവിടെ വയോധികര്‍ ഒരു ”ഭാരം” ആണെന്ന രീതിയില്‍ ചിന്തിക്കരുത്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച മനുഷ്യരെ അവരുടെ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ സംരക്ഷിക്കുക എന്നത് സമൂഹത്തിന്റെ ബാധ്യതയാണ്. പെന്ഷന് ഒരു ഔദാര്യമല്ല; അതിന് പിന്നില്‍ പലപ്പോഴും ഒരു ജീവിതത്തിന്റെ അധ്വാനവും സാമൂഹികാവകാശവും ഉണ്ട്. പക്ഷേ സാമൂഹ്യസുരക്ഷയ്ക്കും സാമ്പത്തികശേഷി വേണം.
കേരളത്തില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ലക്ഷക്കണക്കിനാണ്. ഓരോ വര്‍ഷവും ക്ഷേമപെന്‍ഷനുകള്‍ക്കായി സംസ്ഥാന ഖജനാവില്‍ നിന്ന് വലിയ തുക കണ്ടെത്തേണ്ടിവരുന്നു. ജനസംഖ്യയുടെ വാര്‍ധക്യം കൂടുന്തോറും ചികിത്സയ്ക്കും പരിചരണത്തിനും സാമൂഹ്യസുരക്ഷയ്ക്കുമുള്ള ആവശ്യകതയും വര്‍ധിക്കും. അപ്പോള്‍ ചോദ്യം പെന്ഷന് നല്‍കണോ എന്നതല്ല. നല്‍കേണ്ട പെന്‍ഷനും പരിചരണവും ഉറപ്പാക്കാനുള്ള വരുമാനം സംസ്ഥാനം എവിടെ നിന്ന് കണ്ടെത്തും? അവിടെയാണ് ജപ്പാനും കൊറിയയും കേരളത്തില്‍ നിന്ന് വ്യത്യസ്തമാകുന്നത്. അവിടെയും വാര്‍ധക്യത്തിന്റെ ചെലവ് ഉയരുകയാണ്. അവരുടെ സാമൂഹ്യസുരക്ഷാ സംവിധാനങ്ങളും വലിയ സമ്മര്‍ദത്തിലാണ്. എന്നാല്‍ ദീര്‍ഘകാലം വ്യവസായവല്‍ക്കരണത്തിലൂടെയും ഉയര്‍ന്ന ഉല്‍പാദനക്ഷമതയിലൂടെയും സമ്പാദിച്ച സമ്പത്തും ശക്തമായ നികുതി-സാമൂഹ്യസുരക്ഷാ സംവിധാനങ്ങളും അവര്‍ക്കുണ്ട്. കേരളം ഇപ്പോഴും സാമ്പത്തിക അടിത്തറ സൃഷ്ടിച്ചിട്ടില്ല.
അതുകൊണ്ടാണ് കേരളത്തിന്റെ പ്രശ്നം കൂടുതല്‍ ഗുരുതരമാകുന്നത്. വയോധികരെ സംരക്ഷിക്കേണ്ട ബാധ്യത വര്‍ധിക്കുന്നു; എന്നാല്‍ ആ ബാധ്യത ചുമക്കേണ്ട യുവജന-തൊഴില്‍ശക്തി താരതമ്യേന ചുരുങ്ങുകയും കുടിയേറുകയും ചെയ്യുന്നു.
ജപ്പാനും കൊറിയയും: വിജയത്തിന്റെ വില
ജപ്പാനിലെ ഇന്നത്തെ വാര്‍ധക്യം അതിന്റെ മുന്‍കാല ജനസംഖ്യാ വിജയത്തിന്റെ മറുവശമാണ്. മികച്ച ആരോഗ്യം. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം. കുറഞ്ഞ ജനനനിരക്ക്. കൊറിയയിലും സമാനമായ കഥയാണ്. ഒരു കാലത്ത് അതിവേഗ സാമ്പത്തികവളര്‍ച്ചയ്ക്ക് കരുത്തായിരുന്ന വലിയ യുവജനസംഖ്യ ഇന്ന് കുറഞ്ഞുവരുന്നു. ജനനനിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിലകളില്‍ എത്തിയപ്പോള്‍ ജനസംഖ്യാ ഘടന അതിവേഗം മാറി. ചില പ്രദേശങ്ങളില്‍ കുട്ടികളുടെ കുറവ് വിദ്യാഭ്യാസസംവിധാനത്തെ ബാധിക്കുന്നു. ജനനനിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ നല്കുന്ന സാമ്പത്തിക പ്രോത്സാഹനങ്ങള്‍ പോലും പ്രതീക്ഷിച്ച ഫലം എല്ലായ്പ്പോഴും നല്‍കുന്നില്ല. കാരണം, പണം മാത്രം നല്കിയാല് കുഞ്ഞുങ്ങള്‍ ജനിക്കില്ല. ജീവിതത്തെക്കുറിച്ചുള്ള സുരക്ഷാബോധം വേണം. ജോലി വേണം. നല്ല വരുമാനം വേണം. സ്ത്രീക്ക് മാതൃത്വവും തൊഴില്‍ജീവിതവും തമ്മില്‍ തിരഞ്ഞെടുക്കേണ്ടിവരാത്ത സാമൂഹികസംവിധാനം വേണം. കുട്ടിയെ വളര്‍ത്തുന്നത് ഒരു കുടുംബത്തിന്റെ മാത്രം ബാധ്യതയല്ലെന്ന് തിരിച്ചറിയുന്ന സാമൂഹികനയം വേണം. കൊറിയയുടെ അനുഭവം കേരളത്തിന് ഒരു മുന്നറിയിപ്പാണ്. ജനനനിരക്ക് വളരെ താഴ്ന്നശേഷം അതിനെ തിരികെ ഉയര്‍ത്തുന്നത് എളുപ്പമല്ല. എന്നാല്‍ കേരളം കൊറിയയുടെ പാത പിന്തുടരണമെന്ന് പറയാനാവില്ല. കേരളത്തിന് അതിന്റേതായ സാമൂഹിക-സാമ്പത്തിക യാഥാര്‍ഥ്യങ്ങളുണ്ട്. നമ്മുടെ ലക്ഷ്യം ജനസംഖ്യ വര്‍ധിപ്പിക്കുക എന്നതുമാത്രമാകരുത്. മറിച്ച്, ജനസംഖ്യാ ഘടന മാറുന്ന സാഹചര്യത്തില്‍ സമൂഹത്തെ അതിനനുസരിച്ച് പുനഃസംഘടിപ്പിക്കുകയാണ് വേണ്ടത്.
തൊഴിലാളി ഇല്ലാത്ത തൊഴില്‍മേഖല
കേരളത്തിലെ പരമ്പരാഗത തൊഴില്‍മേഖലകളില്‍ ഇന്ന് വലിയ മാറ്റം സംഭവിച്ചുകഴിഞ്ഞു. കാര്‍ഷികം, നിര്‍മ്മാണം, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ചില മേഖലകള്‍, ഹോട്ടല്‍ വ്യവസായം, സേവനമേഖലയിലെ നിരവധി അടിസ്ഥാന ജോലികള്എല്ലായിടത്തും അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം വര്‍ധിച്ചിരിക്കുന്നു. ഇത് കേരളത്തിന്റെ സാമ്പത്തിക തകര്‍ച്ചയുടെ തെളിവാണെന്ന് പറയുന്നത് ശരിയല്ല. തൊഴിലാളികള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നത് ആധുനിക സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ്. ഇന്ത്യയ്ക്കുള്ളിലെ തൊഴില്‍ കുടിയേറ്റം സ്വാഭാവികവുമാണ്. പക്ഷേ കേരളത്തിലെ പ്രത്യേകത മറ്റൊന്നാണ്. കേരളീയ യുവാക്കള്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിലേക്കും വൈറ്റ് കോളര്‍ തൊഴില്‍മേഖലകളിലേക്കും വിദേശതൊഴിലിലേക്കും നീങ്ങുമ്പോള്‍ അടിസ്ഥാന ഉല്പാദനമേഖലകളുടെ വലിയൊരു ഭാഗം മറ്റിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ ആശ്രയിക്കുന്നു. ഇതില്‍ നല്ല വശങ്ങളുണ്ട്. കേരളത്തിന്റെ നിര്‍മ്മാണവും സേവനമേഖലയും തുടരാന്‍ അവശ്യമായ തൊഴില്‍ശക്തി ലഭിക്കുന്നു. എന്നാല്‍ ദീര്‍ഘകാല ചോദ്യവും അവശേഷിക്കുന്നു. കേരളത്തിലെ യുവാക്കള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനും കഴിവിനും യോജിച്ച ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ള തൊഴില്‍ നാം എത്രമാത്രം സൃഷ്ടിക്കുന്നു?
ഒരു സമൂഹത്തിന്റെ യുവത്വം മുഴുവന്‍ സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കാനാവില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അനന്തമായി വികസിപ്പിച്ച് എല്ലാവര്ക്കും ജോലി നല്‍കാനും കഴിയില്ല.
സ്വകാര്യമേഖല വളരണമോ?
സ്വകാര്യമേഖലയുടെ വളര്‍ച്ച എന്നത് തൊഴിലാളിയെ കുറഞ്ഞ വേതനത്തില്‍ പരമാവധി ചൂഷണം ചെയ്യാനുള്ള സ്വാതന്ത്ര്യമാകരുത്. മെച്ചപ്പെട്ട ശമ്പളവും സാമൂഹ്യസുരക്ഷയും തൊഴില്മാന്യതയും നല്കുന്ന തൊഴില്സമ്പദ്വ്യവസ്ഥയാണ് കേരളത്തിന് വേണ്ടത്. യുവാക്കള്‍ കേരളത്തില്‍ തുടരണമെങ്കില്‍ അവര്‍ക്ക് ജോലി മാത്രം പോരാ; ഒരു ജീവിതം പണിയാനുള്ള വരുമാനം വേണം.
സ്ത്രീകളുടെ തൊഴില്‍ശക്തി: കേരളത്തിന്റെ ഉപയോഗിക്കാത്ത സാധ്യത
കേരളത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക സാധ്യതകളിലൊന്ന് ഇപ്പോഴും പൂര്‍ണമായി ഉപയോഗിക്കപ്പെട്ടിട്ടില്ല;സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴില്‍ശേഷിയും. വിദ്യാഭ്യാസത്തില്‍ മുന്നിട്ടുനില്ക്കുന്ന കേരളത്തില്‍ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം ഇപ്പോഴും വലിയ ചര്‍ച്ചാവിഷയമാണ്. പഠിച്ച സ്ത്രീകളുടെ വലിയൊരു വിഭാഗം തൊഴില്‍വിപണിക്ക് പുറത്തുനില്ക്കുകയോ അവരുടെ കഴിവിന് യോജിക്കാത്ത മേഖലകളില്‍ ഒതുങ്ങുകയോ ചെയ്യുന്നു. വയസാകുന്ന ഒരു സമൂഹത്തിന് ഇത് അവഗണിക്കാനാവാത്ത പ്രശ്നമാണ്. തൊഴില്പ്രായജനസംഖ്യ കുറയുമ്പോള്‍ ലഭ്യമായ മനുഷ്യശേഷിയെ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കുകയാണ് പരിഹാരം. അതായത് കൂടുതല്‍ ആളുകളെ തൊഴില്‍രംഗത്തേക്ക് കൊണ്ടുവരണം.
സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍സ്ഥലങ്ങള്‍ വേണം. കുട്ടിപരിപാലനസൗകര്യങ്ങള് വേണം. ഇഷ്ടാനുസൃത ജോലി സമയം വേണം. തൊഴില്‍രംഗത്ത് തിരിച്ചെത്തുന്നതിനുള്ള സംവിധാനങ്ങള്‍ വേണം. മാതൃത്വം തൊഴില്‍ജീവിതത്തിന്റെ അവസാനമാകാത്ത ഒരു സാമൂഹികക്രമം വേണം. കേരളം വയസാകുമ്പോള്‍ അതിന്റെ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാന്‍ ഏറ്റവും വലിയ പുതിയ തൊഴില്ശക്തികളിലൊന്ന് സ്ത്രീകളായിരിക്കും.
വയോധികര്‍ തന്നെ ഒരു സമ്പദ്വ്യവസ്ഥയാകുമ്പോള്‍
വയസാകുന്ന സമൂഹത്തെ പ്രശ്നമായി മാത്രം കാണുന്നതും തെറ്റാണ്. കേരളം വയോജനസമൂഹമാകുകയാണെങ്കില് അതില്‍ പുതിയ സാമ്പത്തിക സാധ്യതകളുമുണ്ട്. വയോജനാരോഗ്യം, വീട്ടിലെ പരിചരണം, ജെറിയാട്രിക് ചികിത്സ, ഫിസിയോതെറാപ്പി, പുനരധിവാസം, സഹജീവിതസൗകര്യങ്ങള്, സഹായക സാങ്കേതികവിദ്യകള്‍, പ്രത്യേക താമസകേന്ദ്രങ്ങള്‍, മെഡിക്കല്‍ സേവനങ്ങള്‍ ഇവയെല്ലാം അടുത്ത ദശകങ്ങളില്‍ വളരുന്ന മേഖലകളാകാം. ലോകം ഇതിനെ സില്‍വര്‍ ഇക്കോണമി എന്നു വിളിക്കുന്നു. വയോധികരുടെ ആവശ്യങ്ങളെ സേവിക്കുന്ന ഒരു സമ്പദ്വ്യവസ്ഥയാണിത്. കേരളത്തിന് ആരോഗ്യരംഗത്ത് ഇതിനകം ലഭിച്ചിട്ടുള്ള ശക്തി ഈ മേഖലയെ വലിയ അവസരമാക്കി മാറ്റാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വയോധികര്‍ക്കും ചികിത്സയും പരിചരണവും നല്കുന്ന കേന്ദ്രമായി കേരളം മാറാന്‍ കഴിയും. എന്നാല്‍ അതിന് മനുഷ്യവിഭവശേഷി വേണം.
അതിനാല്‍ വീണ്ടും ചോദ്യം യുവത്വത്തിലേക്കാണ് മടങ്ങിവരുന്നത്. ആരാകും നഴ്സുമാര്‍? ആരാകും പരിചരണപ്രവര്ത്തകര്? ആരാകും ഡോക്ടര്‍മാര്‍? ആരാകും സാങ്കേതികവിദഗ്ധര്‍? കേരളം സ്വന്തം യുവാക്കളെ നിലനിര്‍ത്തിയില്ലെങ്കില്‍ വയോധികകേരളത്തെ സംരക്ഷിക്കാന്‍ വേണ്ട തൊഴിലാളികളെ എവിടെ നിന്ന് കണ്ടെത്തും?
ജനസംഖ്യ കുറയുമ്പോള്‍ ഉല്പാദനക്ഷമത കൂടണം
കേരളത്തിന്റെ ഭാവി ജനസംഖ്യ വര്‍ധിപ്പിക്കുന്നതില്‍ മാത്രമല്ല. കുറഞ്ഞുവരുന്ന മനുഷ്യശേഷിയില്‍ നിന്ന് കൂടുതല്‍ മൂല്യം സൃഷ്ടിക്കുന്നതിലാണ്. ആളുകള്‍ കുറയുമ്പോള്‍ ഓരോ മനുഷ്യനും കൂടുതല്‍ ഉല്പാദനക്ഷമനാകണം. അതാണ് ജപ്പാനും കൊറിയയും ചൈനയും ലോകത്തിനു നല്കിയ വലിയ സാമ്പത്തികപാഠം. ഉയര്‍ന്ന സാങ്കേതികവിദ്യ. മികച്ച പരിശീലനം. കൃത്രിമബുദ്ധി. കാര്യക്ഷമമായ ഗതാഗതം. ആധുനിക കൃഷി. ചെറുകിട വ്യവസായങ്ങളുടെ സാങ്കേതികവല്‍ക്കരണം.
കേരളത്തിന്റെ അടുത്ത സാമ്പത്തിക വിപ്ലവം കൂടുതല്‍ ആളുകളെ കണ്ടെത്തുന്നതായിരിക്കണമെന്നില്ല. ലഭ്യമായ മനുഷ്യശേഷിയുടെ കഴിവ് വര്ധിപ്പിക്കുന്നതായിരിക്കണം. പ്രവാസിപ്പണം കേരളത്തിന്റെ വലിയ ശക്തിയാണ്. എന്നാല്‍ അത് കൂടുതല്‍ വീടുകളായി മാത്രം മാറരുത്. പുതിയ ഉല്പാദനസംരംഭങ്ങളായും സ്റ്റാര്‍ട്ടപ്പുകളായും സാങ്കേതിക വ്യവസായങ്ങളായും കയറ്റുമതി സ്ഥാപനങ്ങളായും മാറണം. യുവാക്കള്‍ കേരളം വിടാതിരിക്കാനുള്ള കാരണമുണ്ടാകണം.
നല്ല സര്‍വകലാശാലകള്‍ മാത്രം പോരാ. അവിടെ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് കേരളത്തില്‍ ലോകനിലവാരമുള്ള ജോലി ലഭിക്കണം. മികച്ച ആശുപത്രികള്‍ മാത്രം പോരാ. ആരോഗ്യമേഖലയെ ഒരു വലിയ തൊഴില്‍-സാങ്കേതിക വ്യവസായമാക്കണം.
വിദ്യാഭ്യാസം മാത്രം പോരാ. വിദ്യാഭ്യാസത്തില്‍ നിന്ന് ഉല്പാദനത്തിലേക്കുള്ള പാലമാണ് കേരളത്തിന് വേണ്ടത്.
നാളെ കേരളത്തെആരു പോറ്റും
ഇന്ന് 60 വയസ്സുള്ള ഒരാള്‍ ഇനി ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷം ജീവിക്കാന്‍ സാധ്യതയുണ്ട്. അത് സന്തോഷകരമായ കാര്യം തന്നെയാണ്. എന്നാല്‍ 2045-ലും 2050-ലും കേരളത്തിലെ വയോധികജനസംഖ്യ എത്രയാകും? അവര്‍ക്കുള്ള പെന്‍ഷനും ചികിത്സയും പരിചരണവും നല്കാന് സംസ്ഥാനത്തിന്റെ വരുമാനം എത്രയായിരിക്കണം? അന്നത്തെ കേരളത്തില്‍ എത്ര യുവാക്കള്‍ ജോലി ചെയ്യുന്നുണ്ടാകും? അവരില്‍ എത്രപേര്‍ കേരളത്തിലായിരിക്കും? എത്ര സ്ത്രീകള്‍ തൊഴില്രംഗത്തുണ്ടാകും?
എത്ര പേര്‍ക്ക് ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ള തൊഴില്‍ ലഭിച്ചിട്ടുണ്ടാകും? ഇന്ന് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയില്ലെങ്കില്‍ നാളെ കേരളത്തിന്റെ വാര്‍ധക്യം ഒരു സാമൂഹികപ്രതിസന്ധിയായി മാറാം. കേരളം ഒരു കാലത്ത് ജനനനിയന്ത്രണത്തില്‍ വിജയിച്ചു. ആരോഗ്യരംഗത്ത് വിജയിച്ചു. വിദ്യാഭ്യാസരംഗത്ത് വിജയിച്ചു. ഇനി അടുത്ത വിജയം സാമ്പത്തികരംഗത്തായിരിക്കണം.
കാരണം, ഒരു സമൂഹത്തിന് കൂടുതല്‍ കാലം ജീവിക്കാന്‍ കഴിയുന്നതുകൊണ്ട് മാത്രം ആ സമൂഹം സുരക്ഷിതമാകുന്നില്ല. ആ ദീര്ഘജീവിതത്തെ മാന്യമായും സുരക്ഷിതമായും ജീവിക്കാനുള്ള സാമ്പത്തികശേഷി കൂടി ഉണ്ടാകണം. കേരളത്തിന് വയസാകുന്നത് തടയാനാവില്ല. തടയേണ്ടതുമില്ല. ആയുര്‍ദൈര്‍ഘ്യം കൂടുന്നതും ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കുന്നതും മനുഷ്യപുരോഗതിയുടെ അടയാളങ്ങളാണ്. പക്ഷേ വയസാകുന്ന കേരളത്തെ എങ്ങനെ സാമ്പത്തികമായി കരുത്തുറ്റതാക്കും എന്നത് നമുക്ക് തീരുമാനിക്കാം.
കേരളത്തിന് വയസാകുമോ എന്നല്ല. കേരളത്തിന് വയസാകുമ്പോഴേക്കും കേരളം സമ്പന്നമാകുമോ? എന്നതാണ് പ്രസക്തമായ കാര്യം. ആ ചോദ്യത്തിനുള്ള ഉത്തരം അടുത്ത ഇരുപത് വര്‍ഷത്തെ നമ്മുടെ സാമ്പത്തിക നയങ്ങളിലും തൊഴില്നയങ്ങളിലും വ്യവസായനയങ്ങളിലും വിദ്യാഭ്യാസപരിഷ്കാരങ്ങളിലും നിക്ഷേപങ്ങളിലും ഒളിഞ്ഞിരിക്കുന്നു.
വാര്‍ധക്യം ഒരു ദുരന്തമല്ല. സമ്പത്ത് സൃഷ്ടിക്കാതെ എത്തുന്ന വാര്‍ധക്യമാണ് ദുരന്തമാകുന്നത്. കേരളത്തിന് ഇനിയും സമയമുണ്ട്. പക്ഷേ യുവത്വത്തിന്റെ പ്രതീക്ഷയുടെ വാതിലുകള്‍ എന്നെന്നേക്കുമായി തുറന്നുകിടക്കില്ല.

