‘ലൂയിസ് തണ്ണിക്കോട്ട്
സെപ്റ്റംബര്‍ ആദ്യവാരം അധ്യാപക ദിനമായി നാം കൊണ്ടാടി. പാവങ്ങളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയുടെ ഓര്‍മ്മദിനവും, ‘പള്ളിക്കൊരു പള്ളിക്കൂടം’ എന്ന കല്പ്പനയിലൂടെ കേരള ജനതയ്ക്ക് വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെ പറ്റി ബോധ്യവും ബോധവല്‍ക്കരണവും നടത്തിയ ബെര്‍ണര്‍ദിന്‍ ബച്ചിനെല്ലി പിതാവിന്റെ ചരമദിനവും കൂടിയായിരുന്നു സെപ്റ്റംബര്‍ അഞ്ച്. അധ്യാപക ദിനം രാജ്യത്തെ അധ്യാപകരെ ഓര്‍ക്കുക മാത്രമല്ല, പുതിയ തലമുറയ്ക്ക് പഴയകാല അധ്യാപകരെ പരിചയപ്പെടുത്താനും അവരെ ആദരിക്കാനും കൂടിയുള്ള ദിനമാണത്. ചുരുക്കത്തില്‍ അധ്യാപക ദിനം അധ്യാപനം എന്ന മഹത്തായ കര്‍ത്തവ്യത്തെ നാട് ആദരിക്കുകയും ഗുരുപൂജ നടത്തുകയും ചെയ്യുന്ന ദിനം കൂടിയാണ് സെപ്റ്റംബര്‍ അഞ്ച്. ‘ആഴത്തിലുള്ള അറിവും, ഒപ്പം ആ അറിവ് കാര്യക്ഷമമായി പകര്‍ന്നു നല്‍കാനുള്ള കഴിവുമുള്ള ആളാണ് ഒരു അധ്യാപകന്’ എന്നാണ് മഹാകവി കാളിദാസന് മാളവികാഗ്നിനി മിത്രം നാടകത്തില്‍ കുറിച്ചിട്ടുള്ളത്. ഒരു അധ്യാപകന് തന്റെ മുന്നിലിരിക്കുന്ന ഓരോ വിദ്യാര്‍ഥിക്കും അറിവ് മാത്രമല്ല ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളെ നേരിടാനുള്ള അതിജീവനവും പകര്‍ന്നു നല്‍കണമെന്ന് സാരം. അധ്യാപകനും വിദ്യാര്‍ഥിയും ചേര്‍ന്ന് അവര്‍ക്കിടയില്‍ പുതിയൊരു ലോകം സൃഷ്ടിക്കുന്നുണ്ടോ എന്നതാണ് ഈ സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ ചോദ്യം. ഏറ്റവും നന്നായി പഠിപ്പിക്കുന്ന ഒരാളല്ല, ഒരു വിദ്യാര്‍ഥിയെ ഏറ്റവും നന്നായി പഠിക്കുന്ന ഒരാളാണ് ശരിയായ ഗുരു. വിമോചകനായ യേശു തമ്പുരാന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഓരോ അധ്യാപകനും അധ്യാപക വൃത്തിയില്‍ രണ്ട് സാധ്യതകളെ ഉള്ളൂ. ഒന്നുകില്‍ മീന്‍ പിടിക്കുന്നവരായി മാറുക ,അല്ലെങ്കില്‍ മനുഷ്യരെ പിടിക്കുന്നവരാകുക. തന്റെ മുന്നിലിരിക്കുന്ന ഓരോ വിദ്യാര്‍ഥിയുടെയും തലച്ചോറിലാണോ ഹൃദയത്തിലാണോ ഓരോ അധ്യാപകനും പ്രവേശിക്കേണ്ടത് എന്നതാണ് സത്ത. നിര്‍ഭാഗ്യവശാല്‍ നമ്മുടെ വിദ്യാഭ്യാസത്തിന്റെ സത്ത കടഞ്ഞെടുത്താല്‍ തലച്ചോറില്‍ കേന്ദ്രീകൃതമാകുന്ന വിദ്യാഭ്യാസത്തിനാണ് നാം മുന്‍ഗണന കൊടുക്കുന്നതെന്ന് കാണാം. എന്തിനേറെ ഹൃദയത്തില്‍ വേരുപിടിച്ച് കതിരും കാമ്പുമായി മാറേണ്ട നമ്മുടെ മതബോധന വിദ്യാഭ്യാസം പോലും നാം നല്‍കുന്നത് തലച്ചോറ് കേന്ദ്രീകൃതമായിട്ടല്ലേ ?ഈ അധ്യാപക ദിനങ്ങളില്‍ ചില ചിതറിയ ചിന്തകള്‍ പങ്കുവെയ്ക്കുന്ന നാളുകളില്‍ തന്നെയാണ് ‘മോര്‍ഫിംഗ്’ സാങ്കേതിക വിദ്യ ഉപയോഗിച്ച് സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങളില്‍ അശ്ലീല ധ്വനിയുള്ള മാറ്റം വരുത്തിയതിന് കേരളത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ ആകുന്നത്. എറണാകുളത്തും ഏറ്റുമാനൂരും ബിരുദ പഠനം നടത്തുന്ന ഈ വിദ്യാര്‍ഥികള്‍ നടത്തിയ വിദ്യാഭ്യാസ മൂല്യങ്ങള്‍ക്ക് നിരക്കാത്ത ചതി, സ്ത്രീകളുടെ അന്തസ്സ്, സ്വകാര്യത, സല്‍പ്പേര് തുടങ്ങിയവയ്ക്കു ഉണ്ടാക്കിയ ക്ഷതം ഒരു വശത്ത്, മറുവശം നമ്മുടെ പുതുതലമുറയില്‍ ഒരു ചെറുവിഭാഗം ഇത്തരം മനോവൈകൃതങ്ങളുടെയും ലൈംഗിക അരാജകത്വത്തിന്റെയും അടിമകളാണ് എന്നതും നടുക്കമുളവാക്കുന്നു.പെണ്‍കുട്ടികളെയും സ്ത്രീകളെയും തുല്യ വ്യക്തിത്വങ്ങളായി കാണാനും ആദരിക്കാനുമുള്ള അകകണ്ണുള്ളവരാണ് ജെന്‍ സി തലമുറയിലെ ആണ്‍കുട്ടികളും യുവാക്കളും എന്നതാണ് പൊതുവേയുള്ള നിരീക്ഷണം. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആ നിരീക്ഷണത്തിന് വിഘാതമാകുന്നുണ്ട്. പറഞ്ഞു വരുന്ന ‘മോര്‍ഫിംഗ്’ ഒരുതരത്തില്‍ അധ്യാപക വൃത്തിക്ക് കളങ്കം വരുത്തുന്ന ഒന്നായും കാണണം. എന്നാല്‍, അധ്യാപക സേവനത്തിലെ നെല്ലും പതിരും തിരിക്കുകയല്ല പറഞ്ഞു വന്ന കാര്യങ്ങളിലെ ലക്ഷ്യം മറിച്ച്, ബൈബിള്‍ ഉപമയിലെ ‘മുള്ളുകള്‍ക്കിടയിലും പാറപ്പുറത്തും വീണ വിത്തുകള്‍’ പോലെ വിദ്യാലയ വയലുകളില്‍ പാറപ്പുറത്തും മുള്‍പടര്‍പ്പിലും വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നുണ്ടെന്നതും, മനുഷ്യനെ വെറും ഡാറ്റയായി ചുരുക്കുകയും, അവരുടെ സ്വകാര്യതയെ വില്‍പ്പന ചരക്കാക്കുകയും ചെയ്യുന്ന അപകടത്തെക്കുറിച്ച് കുറിച്ചു കൂടി ചിന്തിക്കുക മാത്രമാണ് ലക്ഷ്യം.മനുഷ്യന്റെ ധാര്‍മിക ബോധം, പ്രത്യേകിച്ച് നാളത്തെ പൗരന്മാരായി തീരേണ്ട ഇന്നത്തെ വിദ്യാര്‍ഥികളുടെ അടിസ്ഥാന ശിലയാണ്. എന്നാല്‍ കൂട്ടത്തില്‍ ചിലരുടെ അതിരുവിടുന്ന കൈക്രിയ അധ്യാപക വിദ്യാര്‍ഥി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു എന്നുകൂടി ഈ മോര്‍ഫിങ്ങ് സംഭവം വെളിപ്പെടുത്തുന്നുണ്ട്. ഇത്തരം ഡിജിറ്റല്‍ കുറ്റകൃത്യത്തിന്റെ ഏറ്റവും വലിയ ഇര പലപ്പോഴും സ്ക്രീനില്‍ തെളിയുന്ന ചിത്രം മാത്രമല്ല, അതിനു പിന്നില്‍ ഇരയാകുന്ന മനുഷ്യരുടെ ആത്മാഭിമാനവും സുരക്ഷിത ബോധവും ഭാവിയും കൂടിയാണ്. കാമ്പസുകള്‍ അറിവിന്റെയും സ്വാതന്ത്ര്യത്തിന്റെയും സൗഹൃദത്തിന്റെയും ആലയമാണ് . ഇന്നത്തെ ക്ലാസ് മുറികളില്‍ നിന്നാണ് നാളത്തെ ഭരണകര്‍ത്താക്കള്‍ പിറവിയെടുക്കേണ്ടത് എന്നതാണ് വിദ്യാഭ്യാസത്തെക്കുറിച്ച് പഠിച്ച ആദ്യത്തെ കമ്മീഷന്, ‘കോത്താരി കമ്മീഷന്റെ ‘ വാക്കുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഓരോ വിദ്യാലയാന്തരീക്ഷത്തിലും പരസ്പര ബഹുമാനവും സുരക്ഷിതത്വ ബോധവുമാണ് വളരേണ്ടതും പടരേണ്ടതും. അതിനാല്‍, വിദ്യാലയങ്ങളിലായാലും കുടുംബങ്ങളിലായാലും സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതു പോലെ തന്നെ, അതിന്റെ ഉത്തരവാദിത്വമുള്ള ഉപയോഗത്തെക്കുറിച്ച് കൂടി വിദ്യാര്‍ഥികളെ ബോധവാന്മാരാക്കേണ്ടതും, കാലഘട്ടത്തിന്റെ അനിവാര്യത തന്നെയാണ് എന്നതും ഇത്തരം ‘ മോര്‍ഫിങ് ‘ പോലുള്ള സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.മറുവശത്ത്, ഓരോ മൊബൈല്‍ ഫോണിലും പതിച്ചെടുക്കുന്ന മനുഷ്യചിത്രങ്ങളില് ഓരോ മനുഷ്യ ജീവിതം ഉണ്ടെന്നത് പകര്‍ത്തുന്നയാള്‍ തിരിച്ചറിയണം. താന്‍ പകര്‍ന്നെടുക്കുന്ന ചിത്രങ്ങളില്‍ അപരന്റെ അന്തസ്സും സ്വകാര്യതയും മാനിക്കുകയും വേണം. ഈ തിരിച്ചറിവ് പുതുതലമുറയുടെയും, സഹജീവികളെ മൊബൈലില്‍ കുടുക്കുന്നവരുടെയും, മനസ്സില്‍ ഉറപ്പിച്ചെടുക്കുക എന്ന ദൗത്യമാണ് ഓരോ കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വമായി ഈ നാളുകളില്‍ കരുതേണ്ടത്. പുത്തന്‍ സാങ്കേതികവിദ്യ മറ്റൊരാളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള ഉപകരണമല്ലെന്ന ഉറച്ച ബോധ്യം ഏവരിലും പ്രത്യേകമായി യുവതയില്‍ ഉണ്ടാക്കുകയും വേണം. സാങ്കേതിക വിദ്യയുടെ വളര്‍ച്ച അതിന്റെ ലഭ്യതയെ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ മനുഷ്യനും പുത്തന്‍ സാങ്കേതിക വിദ്യയുടെ വെറും കൂമ്പാരമായി സ്വയം മാറാതെ, സ്നേഹത്തിലധിഷ്ഠിതമായ ഒരു ജീവിതം രൂപപ്പെടുത്താന്‍ അത് ഉപയോഗപ്രദമാക്കുക എന്നതും കരണീയമാണ്. അറിവ് മനുഷ്യനെ അധമന് ആകുകയല്ല മറിച്ച് കൂടുതല്‍ വിവേകി ആക്കുകയാണ് വേണ്ടത്. അതിന് നിയമത്തിന്റെ ജാഗ്രതയോടൊപ്പം മനഷ്യ മനസ്സാക്ഷികളുടെ കാവലും അത്യാവശ്യം വേണ്ടതാണ്. പറഞ്ഞുവന്ന മോര്‍ഫിംഗ് പോലെയുള്ള ക്രിയയില്‍ ഏര്‍പ്പെടുന്നത്, വേഗത്തില്‍ സമ്പന്നരാകുന്നതും സമ്പത്ത് ശേഖരിക്കുന്നതും മാത്രമാണ് എല്ലാത്തിന്റെയും അവസാനമാണെന്ന് സ്വയം ചിന്തിക്കുന്ന ഒരു സംസ്കാരം നമുക്കുചുറ്റും കരുത്താര്‍ജിക്കുന്നതു കൊണ്ടാണ്. ഭൗതിക നേട്ടങ്ങള്‍ നേടുന്നതില്‍ കൂടുതലായി ശ്രദ്ധ പതിപ്പിക്കുമ്പോള്‍, ധാര്‍മികതയും മൂല്യങ്ങളും വിസ്മരിക്കപ്പെട്ടു പോകുന്ന ഭീതിജനകമായ ഒരു അവസ്ഥയാണ്, ഇന്ന് നമുക്ക് ചുറ്റും കാണുന്ന ചില അധാര്‍മ്മിക- അനീതികളുടെ ഇത്തരത്തിലുള്ള തേരോട്ടം.ഈ തേരോട്ടത്തില്‍ മതങ്ങള്‍ക്ക് ഒരു കാഴ്ചക്കാരനെ പോലെ നോക്കിയിരിക്കാന്‍ ആവില്ല.ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒന്ന്, വളര്‍ന്നു വരുന്ന തലമുറയ്ക്ക് മൂല്യങ്ങളും സദാചാരവും പകര്‍ന്നു നല്‍കുക എന്നത് മതങ്ങളുടെയും കൂടി കടമയാണ് എന്നത് ഇത്തരുണത്തില്‍ നമ്മളെ കൂടുതല്‍ ചിന്തിപ്പിക്കണം. ആ ചിന്ത ക്രൈസ്തവരില്‍ ചെന്നെത്തുക ഞായറാഴ്ചകളിലെ മതപഠനമെന്ന വിശ്വാസ പരിശീനത്തിലായിരിക്കുമല്ലോ.സഭയോട് ചേര്‍ന്നുള്ള വിശ്വാസ സഞ്ചാരത്തെയാണല്ലോ നാം വിശ്വാസ പരിശീലനം എന്നു വിളിക്കുന്നത്.’ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുവോളം ഞാന്‍ ഈറ്റുനോവ് അനുഭവിക്കുന്നു’ എന്ന് വിശുദ്ധ പൗലോസിന്റെ തീക്ഷ്ണതയാണ് ഓരോ വിശ്വാസ പരിശീലകരുടെയും വിശ്വാസ പരിശീലനത്തിന്റെയും പ്രചോദനം. എന്നാല്‍ ഇന്നത്തെ പുത്തന്‍ സാങ്കേതികവിദ്യയുടെ കാലഘട്ടത്തില്‍ ഈ തീഷ്ണതയുടെ രൂപീകരണത്തിനും, വിശ്വാസ പരിശീലനത്തിനും ക്ലാസ് മുറികളിലെ പഠനം മാത്രം മതിയോ അതോ, ജീവിതപാഠങ്ങളും ആവശ്യമല്ലേ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു പാഠപുസ്തകം പഠിച്ചു അതില്‍ എ പ്ലസ് കരസ്ഥമാക്കുന്നതില്‍ ഒതുങ്ങുകയാണോ നമ്മുടെ വിശ്വാസപരിശീലന ക്ലാസുകള്‍ എന്നും ഇതോടൊപ്പം നാം വിലയിരുത്തേണ്ടത് അനിവാര്യമാണ്.കാരണം, വഴിതെറ്റിപ്പോകുന്ന യുവതകളില് പലരില്‍ ചിലരെങ്കിലും 12 വര്‍ഷം മതപഠന ക്ലാസുകളിലെ പഠിതാക്കളായിരുന്നു എന്നതും, കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടത് തന്നെ.മത്സരങ്ങള്‍ അരങ്ങു വാഴുന്ന ഈ കാലത്ത്, നമ്മുടെ കുട്ടികള്‍ ജീവിതത്തിന്റെ ഭൗതിക മത്സരത്തില്‍ വിജയിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവരെ നല്ല മനുഷ്യരാക്കാന്‍ നാം എത്രത്തോളം ശ്രദ്ധയും ശ്രമവും കൊടുക്കുന്നുണ്ട് എന്ന് ഓരോ മാതാപിതാക്കളിലും സ്വയം വിലയിരുത്തല്‍ ഉണ്ടാവണം. മത്സര പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന് മുന്‍ഗണന നല്കുമ്പോള് കുട്ടികളില്‍ മൂല്യനിര്‍മ്മാണം, സ്വഭാവ രൂപീകരണം, ധാര്‍മിക നിലവാരം കെട്ടിപ്പടുക്കല്‍, അപരനില്‍ ദൈവത്തെ കാണുക ….. തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നമ്മുടെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ പോലും വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമായി നിലനില്ക്കുന്നു എന്നതും ഓര്‍മ്മ വേണം. ഈ യാഥാര്‍ഥ്യം ഒരു അളവ് വരെ നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസ സംവിധാനങ്ങളുടെ ഇനിയും നികത്താന്‍ ആവാത്ത കുറവ് തന്നെയാണ്.ഈ കുറവിന്റെ പ്രതിഫലനങ്ങള്‍ ഇന്നത്തെ യുവതലമുറയില്‍ നമുക്കു ചുറ്റും നമ്മള് കണ്ടുകൊണ്ടിരിക്കുന്നുമുണ്ട്.അവിടെയാണ് നാം പറഞ്ഞു വരുന്ന മതപഠനത്തിന്റെയും മതാധ്യാപകരുടെയും പ്രസക്തി. ആഴ്ചയില്‍ അഞ്ചു ദിവസങ്ങളിലായി ചെലവഴിക്കുന്ന റെഗുലര്‍ വിദ്യാലയങ്ങളില്‍ നിന്ന് സ്വാംശീകരിക്കാന്‍ കഴിയാത്ത മൂല്യങ്ങള്‍ ഞായറാഴ്ചകളിലെ മതപഠനത്തില്‍ നിന്ന് കൊടുക്കാന്‍ നമുക്കാവണം. ദൈവാശ്രയ ബോധവും ക്രൈസ്തവ മൂല്യങ്ങളും കുട്ടികളുടെ ജീവിതത്തില്‍ ഉണ്ടാക്കുക എന്നതായിരിക്കണം പ്രധാനം. അതിനു ഉപകരിക്കുന്ന ഇന്ററാക്റ്റീവ് പരിപാടികളും പാഠ്യേതര പ്രവര്‍ത്തനങ്ങളുമായിരിക്കണം മതബോധന പരിപാടിയില്‍ മുഖ്യമായും വേണ്ടത്.പറഞ്ഞു വന്നത് അവസാനിപ്പിക്കുമ്പോള്‍, സ്കൂള്‍ -മതപഠന മേഖലകളിലെ അമൂല്യവും അക്ഷയവുമായ ഒരുനിധിയാണ് അധ്യാപകന് എന്ന ഗുരു. ഈ രണ്ടു കര്‍മ്മ മണ്ഡലങ്ങളിലും അധ്യാപകര്‍, അക്ഷരങ്ങള്‍ അടങ്ങുന്ന പാഠപുസ്തകങ്ങള്‍ ആകാതെ, ജീവിക്കുന്ന വാക്കുകള്‍ ആവട്ടെ. പാഠപുസ്തകത്തിലെ കഥകള്‍ ജീവിതാനുഭവങ്ങള്‍ ആകട്ടെ. അധ്യാപകരുടെ ജീവിതാനുഭവങ്ങള്‍ ഓരോ കുട്ടിയുടെയും ജീവിതപാതയിലെ വെളിച്ചമാകണം.സ്കൂള്‍ പഠനത്തിലായാലും മതബോധന പഠനത്തിലായാലും ഓരോ വിദ്യാര്‍ഥി ഹൃദയത്തിലും അജ്ഞതയും അന്ധകാരവും അകറ്റുന്നവനാകട്ടെ അധ്യാപകന്. ഓരോ അധ്യാപകര്‍ക്കും , അവരവരുടെ മേഖലയില്‍, സൂര്യ വെളിച്ചമാകാന്‍ കഴിയണം.അതുവഴി ഇന്ന് സമൂഹത്തില്‍ പതിരായി കൊണ്ടിരിക്കുന്ന ധാര്‍മിക മൂല്യങ്ങളുടെ പുതിയ വിളവെടുപ്പിനായി, വിളനിലങ്ങള്‍ ഉഴുതുമറിക്കപ്പെടട്ടെ.മറുമൊഴി :-ക്രിസ്തുവിന്റെ മൂന്നുവര്‍ഷത്തെ പരസ്യജീവിതം സത്യത്തില്‍ ഗുരുവിനോട് ഒപ്പം ശിഷ്യര്‍ എന്നതാണ്. ഗുരുകുല വിദ്യാഭ്യാസം കണക്കേ. അവന് മൂന്നുവര്‍ഷം കൂടെ കൊണ്ടുനടന്നു പഠിപ്പിച്ചിട്ടും, ഒരു ശിഷ്യന് അവന്റെ കൈവിരലുകള്‍ക്കിടയിലൂടെ വഴുതിപ്പോയി…! നമ്മള് എത്രയൊക്കെ ശ്രമിച്ചാലും ചിലരൊക്കെ വഴുതി പോയേക്കാം…..! എന്നാല്‍, ‘അവന് തന്നെ ‘ വിരല്‍ത്തുമ്പില്‍ നിന്നും വഴുതി പോയിട്ടുണ്ട്. അന്ന്, യൗസേപ്പും മേരിയും മൂന്ന് ദിവസം തിരിച്ചു നടന്നു. നമ്മുടെ കുടുംബങ്ങളില്‍, …. പള്ളിക്കൂട്ടായ്മകളില്,…… പൊതുവായ കൂടിവരവുകളില്‍ ….., ഈ തിരിച്ചു നടപ്പിന്റെ പ്രസക്തി ഇന്ന് ഏറുകയാണ്….!

