ജെയിംസ് അഗസറ്റിന്
കാനഡയുടെ അന്നത്തെ പ്രധാനമന്ത്രി പിയറി ട്രൂഡോയുമായി ലിയോണയ്ക്ക് എട്ട് വര്‍ഷത്തോളം നീണ്ട തീവ്രമായ പ്രണയബന്ധമുണ്ടായിരുന്നു. സംഗീതജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നല്ല ഒരു ഭാര്യ ആകാന്‍ കഴിയുമോ എന്ന സംശയത്താല്‍ ലിയോണ നീട്ടി വച്ച വിവാഹം പിന്നീട് യാഥാര്‍ഥ്യമായില്ല. 2000-ല്‍ പിയറി ട്രൂഡോ അന്തരിച്ചപ്പോള്‍ താന്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയെന്നാണ് ലിയോണ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതിയത്.
ഒരു സമ്മാനം ഒരാളുടെ ജീവിതരേഖയെ മാറ്റി വരക്കുമോ?
അങ്ങനെ സംഭവിക്കുമെന്നാണ് ലിയോണ ബോയ്ഡിന്റെ ജീവിതം നമ്മോട് പറയുന്നത്.
1949 ജൂലൈ 11 നു ഇംഗ്ലണ്ടില്‍ ജനിച്ച ലിയോണയുടെ കുടുംബം കാനഡയിലേക്ക് കുടിയേറുകയായിരുന്നു. അപ്പോള്‍ ലിയോണയ്ക്ക് എട്ടു വയസ്സാണ് പ്രായം. കാനഡയിലെത്തി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ളൊരു ക്രിസ്മസ് ദിനം. ലിയോണയ്ക്ക് അപ്പോള്‍ പതിമൂന്നു വയസ്സുണ്ട്. കുടുംബാംഗങ്ങള്‍ തമ്മില്‍ സമ്മാനങ്ങള്‍ നല്കുന്ന ദിവസം ലിയോണയ്ക്ക് മാതാപിതാക്കള്‍ സവിശേഷമായൊരു ഗിറ്റാറാണ് നല്‍കിയത്. അവര്‍ സ്പെയിനില്‍ പോയപ്പോള്‍ ലിയോണയ്ക്ക് നല്‍കാനായി വാങ്ങിയ മികച്ച നിലവാരമുള്ള കമ്പനിയുടെ സ്പാനിഷ് ക്ലാസ്സിക്കല്‍ ഗിറ്റാര്‍ ക്രിസ്മസ് സമ്മാനമായി നല്‍കുകയായിരുന്നു.
ആ സമ്മാനം ലിയോണയുടെ ജീവിതക്രമം മാറ്റിയെഴുതി. തനിക്കു കിട്ടിയ ഗിറ്റാറുമായി പ്രണയത്തിലായ ലിയോണ സംഗീതത്തിന്റെ ആകാശത്തിലേക്ക് മേഘച്ചിറകിലേറി പറക്കാന്‍ തുടങ്ങി. ലിയോണയുടെ പ്രതിഭ തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ ഏലി കാസ്നര്‍ എന്ന ഗുരുവിന്റെ അടുക്കല്‍ ക്ലാസ്സിക്കല്‍ ഗിറ്റാര്‍ പഠിക്കാനായി ചേര്‍ത്തു. ആ കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തരായിരുന്ന ക്ലാസ്സിക്കല്‍ ഗിറ്റാറിസ്റ്റായിരുന്നു സ്പെയിനിലെ ആന്ദ്രേ സെഗോവിയ. ലോകത്തിലെ പത്തു യൂണിവേഴ്സിറ്റികള്‍ ഡോക്ടറേറ്റ് നല്കി ആദരിച്ചു എന്നതു തന്നെ സെഗോവിയയുടെ പ്രാഗത്ഭ്യത്തിനു തെളിവാണ്. പതിനാലാം വയസ്സില്‍ ലിയോണ സെഗോവിയയുടെ ശിഷ്യയായി. തുടര്‍ന്ന് നാലു ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ജൂലിയന്‍ ബ്രീമ് (ഇംഗ്ലണ്ട്) ന്റെ ശിക്ഷണത്തില്‍ പഠനം തുടര്‍ന്നു. ഇതേ സമയം തന്നെ സ്പെയിനിലെ നാര്സിയോ യെപ്പസ് എന്ന പ്രതിഭയുടെ ശിക്ഷണവും ലിയോണയ്ക്ക് ലഭിച്ചു.സാധാരണ ഗിറ്റാറിനു ആറ് സ്ട്രിങ്സ് ഉള്ളപ്പോള്‍ പത്തു തന്ത്രികളുള്ള ഗിറ്റാര്‍ വികസിപ്പിച്ചെടുത്ത വിദ്വാനാണ് യെപ്പസ്. പന്ത്രണ്ടാം ക്ലാസ് പഠനം കഴിഞ്ഞപ്പോള്‍ ലിയോണ കാനഡയിലെ ടോറോന്റോ യൂണിവേഴ്സിറ്റിയില്‍ സംഗീതത്തില്‍ ബിരുദപഠനത്തിനു ചേര്‍ന്നു.
1970-കളില്‍ കനേഡിയന്‍ ഫോക്ക് ഗായകന് ഗോര്‍ഡന്‍ ലൈറ്റ്ഫൂട്ടിനൊപ്പം നടത്തിയ സംഗീത പര്യടനങ്ങള്‍ ലിയോണയെ പ്രശസ്തയാക്കി. ലിയോണയുടെ ആല്‍ബങ്ങള്‍ പുറത്തിറക്കാന്‍ വലിയ നിര്‍മാണക്കമ്പനികള്‍ തയ്യാറായി.
1974-ല്‍ ദി ഗിറ്റാര്‍ എന്ന പേരില്‍ ലിയോണയുടെ ആദ്യ ആല്‍ബം റിലീസ് ചെയ്തു.
1978-ല്‍ ദി ഫസ്റ്റ് ലേഡി ഓഫ് ദി ഗിറ്റാര്‍ എന്ന ആല്‍ബം ഇറങ്ങിയതോടെ ലിയോണ ഈ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. പുരുഷന്മാര് കയ്യടക്കി വച്ചിരുന്ന ക്ലാസ്സിക്കല്‍ ഗിറ്റാറിന്റെ മേഖലയിലെ ആദ്യ വനിതാതാരമായി ലിയോണ മാറി.
തുടര്‍ന്നു മുപ്പതോളം ആല്‍ബങ്ങള്‍ അവര്‍ പ്രകാശനം ചെയ്തു.
ലിയോണ ബോയ്ഡിന്റെ ആല്‍ബങ്ങളില്‍ പ്രണയത്തിനും റൊമാന്റിക് ശൈലിക്കും എപ്പോഴും സവിശേഷമായ സ്ഥാനമുണ്ടായിരുന്നു. കേള്‍വിക്കാരുടെ മനസ്സില്‍ പ്രണയഭാവം ഉണര്‍ത്തുന്ന നിരവധി ആല്‍ബങ്ങള്‍ അവര്‍ പുറത്തിറക്കിയിട്ടുണ്ട്. അവയില്‍ ഏറ്റവും ശ്രദ്ധേയമായ റൊമാന്റിക് ആല്ബങ്ങലളിലൊന്നാണ് ദി റൊമാന്റിക് ഗിറ്റാര്‍ ഓഫ് ലിയോണ ബോയ്ഡ് (1985).
ലിയോണയുടെ ഏറ്റവും ജനപ്രിയമായ ഇന്‍സ്ട്രുമെന്റല്‍ റൊമാന്റിക് ആല്‍ബമാണിത്. ലോകപ്രശസ്തമായ പ്രണയ ഗാനങ്ങളെയും സിനിമാ തീമുകളെയും ക്ലാസിക്കല്‍ ഗിറ്റാറിലൂടെ അവര്‍ ഇതില്‍ പുനര്‍നിര്‍മ്മിച്ചു.
ഇതിഹാസ പ്രണയ ചിത്രങ്ങളായ റോമിയോ ആന്‍ഡ് ജൂലിയറ്റ് സിനിമയുടെ തീം സോങ് (എ ടൈം ഫോര്‍ അസ്), ലവ് സ്റ്റോറി സിനിമയുടെ പ്രണയ തീം, കൂടാതെ മൂണ്‍ ലൈറ്റ് ആന്‍ഡ് റോസസ് , ഡോണ്ട് ക്രൈ ഫോര്‍ മി അര്‍ജന്റീന തുടങ്ങിയ വിഖ്യാത ഗാനങ്ങളും ഇതിലുണ്ട്.
പ്രണയത്തിന്റെ തീവ്രതയും ശാന്തതയും ഒരേപോലെ അനുഭവപ്പെടുത്തുന്ന തരത്തിലാണ് ഈ ആല്‍ബത്തിലെ ഗിറ്റാര്‍ വായന.
ലിയോണയുടെ മറ്റൊരു പ്രശസ്തമായ ആല്‍ബമാണ് വിസ്പേഴ്സ് ഓഫ് ലവ് (2000).
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രണയത്തിന്റെ അതിലോലമായ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ആല്‍ബമാണിത്. ലിയോണ സ്വന്തമായി കമ്പോസ് ചെയ്ത മനോഹരമായ ചില പ്രണയ ഈണങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാന്തമായ പശ്ചാത്തല സംഗീതവും ഗിറ്റാറും ചേര്‍ന്ന ഈ ആല്‍ബം മെഡിറ്റേഷനും റിലാക്സേഷനും വേണ്ടി ആളുകള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.
ലിയോണയുടെ ക്രിസ്മസ് ആല്‍ബങ്ങള്‍
എ ഗിറ്റാര്‍ ഫോര്‍ ക്രിസ്മസ് (1981)
ലിയോണയുടെ കരിയറിലെ ഏറ്റവും വിജയകരമായ ആല്‍ബങ്ങളില്‍ ഒന്നാണിത്.
റിലീസ് ചെയ്തതിനു പിന്നാലെ കാനഡയില്‍ ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെടുകയും, ലിയോണയുടെ കരിയറിലെ ആദ്യത്തെ ‘പ്ലാറ്റിനം സര്‍ട്ടിഫൈഡ്’ ആല്‍ബമായി ഇത് മാറുകയും ചെയ്തു.
(കാനഡയില്‍ 80,000 കോപ്പികള്‍ വിറ്റഴിക്കപ്പെടുമ്പോഴാണ് അത് ‘പ്ലാറ്റിനം’ ആകുന്നത്.
അമേരിക്കയില്‍ 10 ലക്ഷം (ഒരു മില്ല്യണ്‍) കോപ്പികള്‍ വിറ്റഴിയുമ്പോള്‍ പ്ലാറ്റിനം പദവി ലഭിക്കുന്നു.
ഇന്ത്യയില്‍ 1,00,000 കോപ്പികള്‍ വിറ്റഴിഞ്ഞാല്‍ ആല്‍ബങ്ങള്‍ക്ക് പ്ലാറ്റിനം പദവി ലഭിക്കാറുണ്ട്.)
പരമ്പരാഗത ക്രിസ്മസ് കരോള്‍ ഗാനങ്ങളെ ക്ലാസിക്കല്‍ ഗിറ്റാറിന്റെ മനോഹാരിതയിലേക്ക് മാറ്റി വായിക്കുകയാണ് ഇതില്‍ ചെയ്തത്. സൈലന്റ് നൈറ്റ്, ദി ലിറ്റില്‍ ഡ്രമ്മര്‍ ബോയ്, എവേയ് ഇന്‍ എ മേഞ്ചര്‍, ജൊഹാന്‍ സെബാസ്റ്റ്യന്‍ ബാക്കിന്റെ പ്രശസ്തമായ ഷീപ് മേ സേഫ് ലി ഗ്രേസ് എന്നിവ ഇതിലെ പ്രധാന ട്രാക്കുകളാണ്.
ക്രിസ്മസ് ഡ്രീംസ് (1989)
ആദ്യ ആല്‍ബത്തിന്റെ വലിയ വിജയത്തിന് ശേഷം എട്ട് വര്‍ഷം കഴിഞ്ഞാണ് ലിയോണ രണ്ടാമത്തെ ക്രിസ്മസ് ആല്‍ബം പുറത്തിറക്കിയത്. ടൊറന്റോ ചില്‍ഡ്രന്‍സ് കൊയറും ഓര്‍ഫിയസ് കൊയറും ഈ ആല്‍ബത്തില്‍ ലിയോണയ്ക്കൊപ്പം ചേര്‍ന്നു.
പ്രശസ്ത ബ്രിട്ടീഷ്-കെനിയന്‍ ഗായകന് റോജര്‍ വിറ്റാക്കറുമായി ചേര്‍ന്നുള്ള ഗാനങ്ങളും ഇതിലുണ്ട്.
എ വിന്റര്‍ ഫാന്റസി (2014)
മുന്‍പത്തെ ആല്‍ബങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ ഗിറ്റാര്‍ വായനയോടൊപ്പം ലിയോണയുടെ മനോഹരമായ ശബ്ദത്തിലുള്ള ഗാനങ്ങളും (വൊക്കല്‍സ്) ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശീതകാലത്തിന്റെ ഭംഗിയും ക്രിസ്മസ് ഓര്‍മ്മകളും ഉണര്‍ത്തുന്നതാണ് ഈ ആല്‍ബം.
ഗിറ്റാറിസ്റ്റിന്റെ വിരലുകള്‍ നിശ്ചലമായപ്പോള്‍
ഗിറ്റാറിസ്റ്റിന്റെ കൈവേഗം അയാളുടെ വായനയെ കൂടുതല്‍ മനോഹരമാക്കാന്‍ സഹായിക്കും. പ്രശസ്തിയുടെ ഉന്നതിയില്‍, ലോകത്തിലെ ഏറ്റവും മികച്ച ഗിറ്റാറിസ്റ്റ് എന്ന പെരുമയില്‍ നില്‍ക്കുബോള്‍ ലിയോണയുടെ കൈവിരലുകളുടെ ചലനശേഷിയെ ബാധിക്കുന്ന ‘ഫോക്കല്‍ ഡിസ്റ്റോണിയ’ എന്ന ഗുരുതരമായ നാഡീരോഗം ബാധിച്ചു. 2000 ജൂണ്‍ മുതല്‍ വിരലുകളുടെ ചലനശേഷിയെ ബാധിക്കുന്ന ഈ രോഗം കാരണം അവര്‍ക്ക് പഴയതുപോലെ ഗിറ്റാര്‍ വായിക്കാന്‍ കഴിയാതെയായി. തുടര്‍ച്ചയായുള്ള പരിശീലനം കാരണം തലച്ചോറിലെ നാഡികള്‍ക്കുണ്ടാകുന്ന ഒരു തകരാറാണിത്. ലിയോണയുടെ വിരലുകള്‍ പെട്ടെന്ന് വിറയ്ക്കാന്‍ തുടങ്ങി. വിരലുകളുടെ നിയന്ത്രണം നഷ്ടമാകുകയും ചെയ്തതോടെ വേഗത്തിലുള്ള ക്ലാസിക്കല്‍ ഗിറ്റാര്‍ വായന ലിയോണ അവസാനിപ്പിച്ചു.
പതിമൂന്നു വയസ്സ് മുതല്‍ തന്റെ വിരലുകള്‍ കൊണ്ട് മാന്ത്രികസംഗീതം കേള്‍പ്പിച്ച ഗിറ്റാര്‍ വെറുമൊരു കാഴ്ചവസ്തുവായി മുന്നില്‍ ഇരിക്കുന്നു. ആരും തകര്‍ന്നു പോകുന്ന നിമിഷങ്ങള്‍. പക്ഷേ ലിയോണ തകര്‍ന്നില്ല. സംഗീതജീവിതം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായില്ല. ലിയോണ പാട്ടുകള്‍ എഴുതി സംഗീതം നല്കി പാടുവാന്‍ തുടങ്ങി. രോഗത്തെ അതിജീവിച്ചു പുതിയ ആല്‍ബങ്ങള്‍ പുറത്തിറക്കി ലോകത്തെ അത്ഭുതപ്പെടുത്തി.
ലിയോണ ബോയ്ഡ് സിങ്സ് സോങ്സ് ഓഫ് ലവ് (2009) എന്ന ആല്‍ബത്തിലൂടെ ഗായികയായി തുടക്കം കുറിച്ചു. രോഗത്തെ തോല്‍പ്പിച്ചു വീണ്ടും ഗിറ്റാര്‍ വായിച്ചു ഒരു ആല്‍ബം 2023-ല്‍ ലിയോണ റിലീസ് ചെയ്യുന്നുണ്ട്. തന്റെ രോഗാവസ്ഥയ്ക്കനുസരിച്ചു ഗിറ്റാര്‍ വായിക്കുന്ന ശൈലി മാറ്റി ലളിതമായ ഈണങ്ങള്‍ വായിച്ചിട്ടുള്ള ഈ ആല്‍ബത്തിലൂടെ ലിയോണ അസാധ്യമായി ഒന്നുമില്ല എന്നു ലോകത്തോട് വിളിച്ചുപറഞ്ഞു വണ്‍സ് അപ്പോണ്‍ എ ടൈം എന്ന ആല്‍ബത്തില്‍ മറ്റ് സംഗീതോപകരണങ്ങളും കേള്‍ക്കാം.
2025 -ല്‍ ദിസ് തിങ് കോള്‍ഡ് ലവ് എന്ന ആല്‍ബത്തിലൂടെ പ്രണയത്തെയും ജീവിതത്തെയും കുറിച്ചുള്ള ലിയോണയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ ലോകം കേട്ടു. ലിയോണയുടെ പുതിയ ആല്‍ബങ്ങളും വിപണിയില്‍ വലിയ തരംഗമായി.
സംഗീതജ്ഞ എന്നതിനപ്പുറം മികച്ചൊരു എഴുത്തുകാരി കൂടിയാണ് ലിയോണ. തന്റെ ജീവിതാനുഭവങ്ങളും സംഗീതയാത്രയും വിവരിക്കുന്ന രണ്ട് ആത്മകഥകള്‍ അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്:
ഇന്‍ മൈ ഓണ്‍ കീ, നോ റെമഡി ഫോര്‍ ലവ് എന്നിവയാണ് ലിയോണ എഴുതിയ പുസ്തകങ്ങള്‍. ഈ ആത്മകഥയില്‍ വിവാഹത്തിലെത്താതെ പോയ എട്ടു വര്‍ഷത്തെ പ്രണയത്തെക്കുറിച്ചു ലിയോണ തുറന്നെഴുതിയിട്ടുണ്ട്. കാനഡയുടെ അന്നത്തെ പ്രധാനമന്ത്രി പിയറി ട്രൂഡോയുമായി ലിയോണയ്ക്ക് എട്ട് വര്‍ഷത്തോളം നീണ്ട തീവ്രമായ പ്രണയബന്ധമുണ്ടായിരുന്നു. സംഗീതജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നല്ല ഒരു ഭാര്യ ആകാന്‍ കഴിയുമോ എന്ന സംശയത്താല്‍ ലിയോണ നീട്ടി വച്ച വിവാഹം പിന്നീട് യാഥാര്‍ഥ്യമായില്ല. 2000-ല്‍ പിയറി ട്രൂഡോ അന്തരിച്ചപ്പോള്‍ താന്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയെന്നാണ് ലിയോണ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതിയത്. ലിയോണ വിവാഹം കഴിച്ചത് അമേരിക്കയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ ജോണ്‍ സൈമനെയാണ്. 1994 മുതല്‍ 2002 വരെ ലിയോണ അമേരിക്കയില്‍ ജോണിനൊപ്പം ജീവിച്ചു. 2002-ല്‍ ഈ ബന്ധം വേര്‍പെടുത്തി ലിയോണ കാനഡയിലേക്ക് തിരിച്ചു പോന്നു.
വിധിയോടു കീഴടങ്ങുന്നവര്‍ക്കു മുന്നില്‍ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും പ്രോജ്ജ്വലിക്കുന്ന താരമായി ഇന്നും ലിയോണ പാടിക്കൊണ്ടിരിക്കുന്നു.

