കൊല്ലം: ബിഷപ്പ് ബെൻസിഗർ ആശുപത്രിയുടെ സെന്റർ ഫോർ ഏർലി ഇന്റർവെൻഷൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റായ സ്പെരൻസയുടെ ആഭിമുഖ്യത്തിൽ സൗജന്യ റീഹാബിലിറ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. തങ്കശ്ശേരി മൗണ്ട് കാർമൽ സ്കൂളിന് സമീപമുള്ള സ്പെരൻസ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് കൊല്ലം രൂപത ജുഡീഷ്യൽ വികാർ ഫാ. ക്രിസ്റ്റഫർ ഹെൻറി ഉദ്ഘാടനം ചെയ്തു.
പ്രത്യാശ എന്നർഥമുള്ള സ്പെരൻസ നിരവധി കുഞ്ഞുങ്ങൾക്ക് സൗഖ്യവും മാതാപിതാക്കൾക്ക് പ്രത്യാശയും പകരുന്നതിലൂടെ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ സമൂഹത്തോടുള്ള കരുതലാണ് പ്രകടമാക്കുന്നതെന്ന് ഫാ. ക്രിസ്റ്റഫർ ഹെൻറി പറഞ്ഞു. ബിഷപ്പ് ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കേണ്ട മേഖലകളിൽ കൊല്ലം രൂപതയ്ക്ക് നിരവധി നന്മകൾ ചെയ്യാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒക്യുപ്പേഷണൽ തെറാപ്പി, ബിഹേവിയർ തെറാപ്പി, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പി, ഡെവലപ്മെന്റൽ തെറാപ്പി, സ്പെഷ്യൽ എജ്യുക്കേഷൻ, സൈക്കോളജിക്കൽ സ്ക്രീനിങ് തുടങ്ങിയ മേഖലകളിൽ ക്യാമ്പിൽ പ്രത്യേക പരിശോധനകളും ചികിത്സാ സേവനങ്ങളും ലഭ്യമാക്കി. കൊല്ലം രൂപത അസോസിയേറ്റ് പി.ആർ.ഒ. ജോർജ് എഫ്. സേവ്യർ വലിയവീട്, ബിഷപ്പ് ബെൻസിഗർ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, സ്പെരൻസ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആരതി, ആശുപത്രി പ്രോഗ്രാം പി.ആർ.ഒ. സാബു ബെനഡിക്റ്റ്, റിനീഷ് ആന്റണി എന്നിവർ സംസാരിച്ചു.

