വത്തിക്കാൻ: മനുഷ്യന്റെ ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതി ദൈവസൃഷ്ടിയെന്ന നിലയിലുള്ള മനുഷ്യന്റെ മഹത്വത്തോടും ഉത്തരവാദിത്വത്തോടും ചേർന്നുനിൽക്കേണ്ടതാണെന്ന് ലെയോ പതിനാലാമൻ പാപ്പ.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയായ ഗൗദിയും എത് സ്പേസ് ആധാരമാക്കി നടത്തിയ പൊതു കൂടിക്കാഴ്ചയിലെ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം ഉദ്ബോധിപ്പിച്ചത്.2026 ജനുവരിയിലെ ആദ്യ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നതനുസരിച്ച്, രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും ആധാരമാക്കിയുള്ള പഠന-ഉദ്ബോധന പരമ്പരയാണ് ഈ വർഷത്തെ ബുധനാഴ്ചകളിൽ പാപ്പാ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി “പ്രപഞ്ചത്തിലെ മാനുഷിക പ്രവർത്തനങ്ങളുടെ അർത്ഥം” (Gaudium et Spes, 33-39) എന്ന വിഷയമാണ് ഇത്തവണ പാപ്പ പരിചിന്തനവിധേയമാക്കിയത്. പൊതുകൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ചത്വരത്തിൽ സന്നിഹിതരായിരുന്ന ഇരുപത്തയ്യായിരത്തോളം ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിച്ച പാപ്പ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു.ബസിലിക്കയ്ക്കു മുന്നിൽ ഒരുക്കിയ പ്രത്യേക വേദിയിൽ രാവിലെ പത്തുമണിയോടെ, ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ പാപ്പ കുരിശടയാളം വരച്ചുകൊണ്ടാണ് ഔദ്യോഗിക പൊതുകൂടിക്കാഴ്ചയ്ക്ക് തുടക്കമിട്ടത്.

