നവംബര്‍ ഒന്നിന് ഡല്‍ഹി രാംലീലാ മൈതാനിയില്‍ ഇന്ത്യ പ്രതിപക്ഷ സഖ്യം നടത്തുന്ന ‘ചലോ ദില്ലി: വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ മഹാറാലിക്കു മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്യുന്നതിന് നിശ്ചയിച്ചിരുന്ന ഐടിഡിസിയുടെ അശോക ഹോട്ടലില്‍ ഡല്‍ഹി പൊലീസ് അതിന് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഔദ്യോഗിക വസതിയിലേക്ക് ആ ‘മോക്ക് പാര്‍ലമെന്റ്’ പരിപാടി മാറ്റുന്നതായി സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ അസ്തിവാരം തകര്‍ക്കുന്ന വോട്ടുകൊള്ളയ്ക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ മോദി ഭരണകൂടം സര്‍വസന്നാഹങ്ങളും ഒരുക്കുമ്പോള്‍, ഗ്യാനേഷ് കുമാറിനെ തടയാനോ പദവിയില്‍ നിന്നു നീക്കം ചെയ്യാനോ ഉള്ള ഏതു നീക്കവും നിയമപരമായി നിലനില്‍ക്കില്ലെന്ന മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന് തന്നെ സുപ്രീം കോടതിയിലെത്തിയ പശ്ചാത്തലത്തില്‍ ഇതിന്റെ ഭാവതീവ്രതയും രാഷ് ട്രീയ സംഘര്‍ഷാത്മകതയും ഏറുകയാണ്.
വോട്ടര്‍പട്ടികയുടെ സവിശേഷ തീവ്ര പരിഷ്കരണം (എസ്ഐആര്‍) എന്ന പേരില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ സമ്മതിദാനാവകാശം ഉന്മൂലനം ചെയ്ത ഭരണഘടനാവിരുദ്ധമായ നടപടികള്‍ മുന്‍നിര്‍ത്തി ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള പൊതുതാല്പര്യ ഹര്‍ജിയും ക്വോ വാറന്റോ റിട്ടും പരിഗണിക്കുന്ന സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തിലാണ് പരമോന്നത കോടതിയിലെ ഒരു ജഡ്ജിയെ സ്ഥാനഭ്രഷ്ടനാക്കുന്ന അതേ രീതിയിലും അതേ കാരണങ്ങളാലും മാത്രമേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ (സിഇസി) നീക്കം ചെയ്യാന്‍ കഴിയൂ എന്ന ഭരണഘടനയുടെ 324(5) അനുച്ഛേദവും, ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ പേരില്‍ സിവിലായോ ക്രിമിനലായോ എന്തെങ്കിലും നടപടി സ്വീകരിക്കുന്നതില്‍ നിന്നുള്ള പരിരക്ഷ ആജീവനാന്തം ഉറപ്പാക്കുന്ന സിഇസിയുടെയും മറ്റ് ഇലക് ഷന് കമ്മിഷണര്‍മാരുടെയും നിയമനം സംബന്ധിച്ച 2023ലെ നിയമത്തിലെ 16-ാം വകുപ്പും തിരഞ്ഞെടുപ്പ് കമ്മിഷന് എടുത്തുകാട്ടുന്നത്.

