പാകിസ്ഥാൻ : ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചെന്നാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവന്റെ ശിക്ഷ പാകിസ്ഥാൻ സുപ്രീംകോടതി ശരിവച്ചതിനെതിരെ വ്യാപക പ്രതിഷേധം.
വിധി രാജ്യത്തെ മനുഷ്യാവകാശ സംരക്ഷണത്തെയും അന്താരാഷ്ട്ര തലത്തിലുള്ള പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയരുന്നു. ക്രൈസ്തവർ ഏറ്റവും കടുത്ത പീഡനം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഓപ്പൺ ഡോർസിന്റെ 2026ലെ വേൾഡ് വാച്ച് ലിസ്റ്റും വ്യക്തമാക്കുന്നു.അമൂൺ അയ്യൂബ്, ഖൈസർ അയ്യൂബ് എന്നീ സഹോദരന്മാർക്കെതിരായ കേസ് 2014ലാണ് ആരംഭിച്ചതെന്ന് അമേരിക്കൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസിന്റെ (എസിഎൽജെ) അന്താരാഷ്ട്ര നിയമവിഭാഗം ഡയറക്ടർ സീസ് ഹെയ്ൽ പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിച്ച വേർഡ്പ്രസ് ബ്ലോഗുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഖൈസറിനെ അറസ്റ്റ് ചെയ്തത്.
2015ൽ അമൂണും അറസ്റ്റിലായി.എന്നാൽ, വിവാദ ബ്ലോഗുമായി സഹോദരന്മാർക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ പാകിസ്ഥാൻ നിയമസംവിധാനം ഹാജരാക്കിയിട്ടില്ലെന്നാണ് ഹെയ്ലിന്റെ ആരോപണം. കേസിൽ 2018ൽ ഇരുവർക്കും വധശിക്ഷ വിധിച്ചു. 2022ൽ ലാഹോർ ഹൈക്കോടതിയിൽ നൽകിയ അപ്പീലും വിജയിച്ചില്ല.അമൂണിന്റെ അറസ്റ്റിനുപിന്നാലെ എസിഎൽജെയുടെ പാകിസ്ഥാനിലെ സഹസംഘടനയായ ഓർഗനൈസേഷൻ ഫോർ ലീഗൽ എയ്ഡ് (ഒഎൽഎ) അദ്ദേഹത്തിന് നിയമസഹായം നൽകിത്തുടങ്ങിയിരുന്നു. 2025ൽ സുപ്രീംകോടതിയിലെ നിയമനടപടികൾ തുടർന്നതോടെ ഖൈസറും ഒഎൽഎയുടെ സഹായം തേടി.കേസിൽ സുപ്രീംകോടതിയുടെ നിലപാട് പാകിസ്ഥാനിലെ മതനിന്ദാ നിയമങ്ങളുടെ പ്രയോഗം, നീതിപൂർവമായ വിചാരണ, മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്.

