റോം: റഷ്യ–ഉക്രൈൻ സംഘർഷത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ശൈത്യകാല സഹായവുമായി വത്തിക്കാൻ. അതിശൈത്യം ആരംഭിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ സാധനസാമഗ്രികളുമായി വത്തിക്കാനിൽ നിന്നുള്ള ട്രക്കുകൾ റോമിലെ ഹാഗിയ സോഫിയ ബസിലിക്കയിൽനിന്ന് പുറപ്പെട്ടു.
ഒക്ടോബർ 22 മുതൽ 24 വരെ വത്തിക്കാൻ ജീവനക്കാരുടെ സഹകരണത്തോടെ ശേഖരിച്ച സഹായസാമഗ്രികളാണ് ഉക്രൈനിലേക്ക് അയച്ചത്. ശൈത്യകാല വസ്ത്രങ്ങൾ, പുതപ്പുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുൾപ്പെടെ 600-ഓളം പെട്ടികളാണ് ഇതിലുള്ളത്. കീവിലെ പ്രാദേശിക സഭകളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ഇവ ദുരിതബാധിതരിലേക്ക് എത്തിക്കും.വത്തിക്കാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ആർച്ച് ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിൻ, സഹായസംരംഭത്തിൽ പങ്കുചേർന്നവരുടെ ഉദാരമനസ്കതയെ അഭിനന്ദിച്ചു. സ്നേഹമെന്ന പുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ക്രൈസ്തവ ജീവിതത്തിൽ ദുരിതമനുഭവിക്കുന്നവരോട് നിസ്സംഗരായിരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.വത്തിക്കാൻ ജീവനക്കാരിൽനിന്ന് ലഭിച്ച മികച്ച പ്രതികരണം ജനങ്ങളോടുള്ള പ്രായോഗികമായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

