വത്തിക്കാൻ സിറ്റി: ക്രൈസ്തവ വിശ്വാസം ഓരോ സംസ്കാരത്തെയും ഉള്ളിൽനിന്ന് രൂപാന്തരപ്പെടുത്തി സമ്പന്നമാക്കുന്നുവെന്ന് ലെയോ പതിനാലാമൻ പാപ്പാ. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഗൗദിയും എത് സ്പെസ് (Gaudium et Spes) എന്ന അപ്പസ്തോലിക പ്രമാണത്തെ ആസ്പദമാക്കി വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ബുധനാഴ്ചത്തെ പൊതുദർശനത്തിലാണ് പാപ്പാ ഇക്കാര്യം വിശദീകരിച്ചത്.
സംസ്കാരവും ക്രൈസ്തവ വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു പാപ്പായുടെ മതബോധനപ്രഭാഷണം. സുവിശേഷപ്രഘോഷണത്തോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും സാംസ്കാരികവും മാനുഷികവും ആത്മീയവുമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും കത്തോലിക്കാ സഭ എല്ലാ കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാശ്ചാത്യ നാഗരികതയുടെ രൂപീകരണത്തിൽ മധ്യകാല സർവകലാശാലകൾ വഹിച്ച പങ്ക് അനുസ്മരിച്ച പാപ്പാ, വിമർശനാത്മക ചിന്ത വിശ്വാസികൾക്ക് തങ്ങളുടെ വിശ്വാസത്തെ യുക്തിപൂർവം വിശദീകരിക്കാൻ സഹായിക്കുന്നുവെന്നും വ്യക്തമാക്കി.
ഓരോ സംസ്കാരവും മനുഷ്യന്റെ ആത്മീയതയിലേക്കുള്ള തുറവിയും ജീവിതത്തിന്റെ അർത്ഥം തേടുന്ന അന്വേഷണവും പ്രകടിപ്പിക്കുന്നുണ്ട്. ഈ അന്വേഷണം ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിക്കാൻ മനുഷ്യരെ ഒരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മനുഷ്യാവതാരത്തിലാണ് വിശ്വാസവും സംസ്കാരവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം. ദൈവവചനം മനുഷ്യനായി നമ്മുടെ ഇടയിൽ വസിച്ചതുപോലെ, വിശ്വാസവും അത് നിലകൊള്ളുന്ന സംസ്കാരവുമായി ഇഴചേർന്ന യാഥാർഥ്യമാണെന്ന് പാപ്പാ വിശദീകരിച്ചു.ഓരോ സംസ്കാരത്തിലും വിശ്വാസം സന്നിഹിതമാണെങ്കിലും ഒരു പ്രത്യേക സാംസ്കാരിക ആവിഷ്കാരത്തിൽ മാത്രം അത് ഒതുങ്ങുന്നില്ല. സ്നേഹം, സേവനം, പിതാവായ ദൈവത്തോടുള്ള പുത്രസമാനമായ അംഗീകാരം എന്നിവയിലൂടെ യേശുക്രിസ്തുവിന്റെ മാതൃകയ്ക്കനുസൃതമായി സംസ്കാരങ്ങളെ ഉള്ളിൽനിന്ന് രൂപപ്പെടുത്തുകയാണ് വിശ്വാസം ചെയ്യുന്നതെന്നും ലെയോ പതിനാലാമൻ പാപ്പാ പറഞ്ഞു.

