ന്യൂഡൽഹി : ഛത്തീസ്ഗഡിലെ മതപരിവർത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഗോത്രവർഗ ക്രൈസ്തവരെ പ്രതിനിധീകരിക്കുന്ന ഇടൈ ആദിവാസി മഹാസഭ സമർപ്പിച്ച ഹർജി, മറ്റു സംസ്ഥാനങ്ങളിലെ സമാന നിയമങ്ങൾക്കെതിരായ ഹർജികൾക്കൊപ്പമാണ് കോടതി പരിഗണിക്കുന്നത്.
2026 മാർച്ച് 19നാണ് ഛത്തീസ്ഗഡ് നിയമസഭ മതപരിവർത്തന നിരോധന ബിൽ പാസാക്കിയത്. മറ്റൊരു മതം സ്വീകരിക്കുന്നതിന് സർക്കാർ മുൻകൂർ അനുമതി ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. കുറഞ്ഞത് ഏഴ് വർഷം തടവും കൂട്ടമായുള്ള മതപരിവർത്തനത്തിന് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.അതിനിടെ, സംസ്ഥാനത്തെ ബൽറാംപൂർ ജില്ലയിലെ ധൻവാർ ഇടവകയിൽ ജസ്യൂട്ട് ഡീക്കൻ ബേസിൽ ഹദ്ദെയുടെ പൗരോഹിത്യ സ്വീകരണം ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടർന്ന് മാറ്റിവച്ച സംഭവവും ചർച്ചയായിട്ടുണ്ട്. അദ്ദേഹം ക്രൈസ്തവനാണെന്ന് തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ, മാമ്മോദീസ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും അത് അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. ചടങ്ങുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങളുണ്ടായാൽ സഭാധികാരികൾ ഉത്തരവാദികളായിരിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായി ആരോപണമുണ്ട്.
മതപരിവർത്തന നിരോധന നിയമം നിലവിൽ വരുന്നതിന് വർഷങ്ങൾക്കുമുമ്പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിക്കുപോലും വിശ്വാസം തെളിയിക്കേണ്ട സാഹചര്യമുണ്ടായത് നിയമത്തിന്റെ പ്രയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തിൽ നിയമത്തിന്റെ സാധുത പരിശോധിക്കണമെന്ന ആവശ്യവും ഉയരുകയാണ്.സുപ്രീംകോടതിയുടെ ഇടപെടൽ നിയമത്തിനെതിരായ പോരാട്ടത്തിൽ പ്രതീക്ഷ നൽകുന്നതായാണ് ക്രൈസ്തവ സമൂഹത്തിന്റെ വിലയിരുത്തൽ. നിയമത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച കോടതിയുടെ തുടർനടപടികൾ നിർണായകമാകും.

