ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രമായ പാറേൽ മർത്ത് മറിയം വലിയപള്ളിയെ ബസിലിക്കയായി ഉയർത്തി വത്തിക്കാൻ . ‘മർത്ത് മറിയം ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഷ്രൈൻ ബസിലിക്ക’ എന്ന പുതിയ നാമത്തിലായിരിക്കും ഇനി ദേവാലയം അറിയപ്പെടുക.
ദൈവാരാധനയ്ക്കും കൂദാശകളുടെ അച്ചടക്കത്തിനുമായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് ബസിലിക്ക പദവി അനുവദിച്ചത്. വലിയപള്ളിയുടെ കൂദാശാദിനമായ നവംബർ 21ന് പുതിയ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയുടെയും വണക്കത്തിന്റെയും പേരിൽ തലമുറകളായി വിശ്വാസികൾ തീർത്ഥാടനത്തിനെത്തുന്ന പുണ്യസ്ഥലമാണ് പാറേൽപള്ളി. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിലൂടെ ദേവാലയത്തിന് ലഭിച്ച വലിയ അനുഗ്രഹമാണ് ഈ അംഗീകാരമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത പറഞ്ഞു.ചങ്ങനാശേരി അതിരൂപതയ്ക്കും സീറോമലബാർ സഭയ്ക്കും വിശ്വാസിസമൂഹത്തിനാകെയും ഏറെ ആഹ്ലാദകരമായ ഈ നേട്ടം സഭയുടെ മരിയൻ ഭക്തിപാരമ്പര്യത്തിന് കൂടുതൽ കരുത്തേകും. ചങ്ങനാശേരി അതിരൂപതയിലെ രണ്ടാമത്തെ ബസിലിക്കയാണിത്. ചമ്പക്കുളം സെന്റ് മേരീസ് ഫൊറോനാ പള്ളിയാണ് അതിരൂപതയിലെ ആദ്യത്തെ ബസിലിക്ക. ബസിലിക്ക പദവിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും തിരുക്കർമങ്ങളുടെ വിശദാംശങ്ങളും പിന്നീട് അറിയിക്കുമെന്ന് അതിരൂപത പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.

