ലഖ്നൗ: തീവണ്ടികളിലെ മൊബൈൽ ഫോൺ ചാർജിങ് പോയിന്റുകൾ രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ ഓഫാക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കാൻ എല്ലാ സോണുകളോടും റെയിൽവേ ബോർഡ് ഉത്തരവിട്ടു. മുംബൈ ലോക്കൽ ട്രെയിനിൽ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചതിനെത്തുടർന്നാണ് ഉത്തരവ്.
ചാർജിങ് പോയിന്റുകൾ കൃത്യസമയത്ത് ഓഫ് ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരോടും സൂപ്പർവൈസർമാരോടും വീണ്ടും പരിശോധന നടത്താനും നിർദേശിച്ചിട്ടുണ്ട്. റെയിൽവേയുടെ ചാർജിങ് നിയന്ത്രണം 2014 ജൂൺ മുതൽ നിലവിലുള്ളതാണ്. എന്നാൽ, കർശനമാക്കിയിരുന്നില്ല. മുംബൈയിലെ പവർ ബാങ്ക് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും നിയമം കർശനമാക്കുന്നത്. അതേസമയം, റെയിൽവേയിൽ സഞ്ചരിക്കുന്നവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ഫോൺ ചാർജ് ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്.

