ജയിംസ് അഗസ്റ്റിൻ
1993-ൽ യു.എസ്.എ.യിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടന്നു. ജനങ്ങൾക്ക് വോട്ട് ചെയ്യാനായി രാജ്യവ്യാപകമായി പോസ്റ്റ് ഓഫീസുകൾ വഴി കാർഡുകൾ വിതരണം ചെയ്തു. പണ്ട്രണ്ടു ലക്ഷത്തിലധികം ആളുകൾ വോട്ടുകൾ രേഖപ്പെടുത്തി. വോട്ടർമാർക്ക് തെരഞ്ഞെടുക്കാൻ നൽകിയത് രണ്ടു ഫോട്ടോകൾ ആയിരുന്നു.അതിൽ നിന്നും ഒരെണ്ണം തെരഞ്ഞെടുക്കണം. അമേരിക്കയുടെ അഭിമാനമായ ഗായകൻ എൽവിസ് പ്രെസ്ലിയുടെ ചിത്രങ്ങളാണു ബാലറ്റ് പേപ്പറിൽ ഉണ്ടായിരുന്നത്. എൽവിസിന്റെ ചെറുപ്പകാലത്തെ ചിത്രമാണ് 75 ശതമാനത്തിലധികം വോട്ടുകൾ നേടി ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഈ ചിത്രം തെരഞ്ഞെടുത്തത് യു.എസ്.എ. പുറത്തിറക്കുന്ന തപാൽ സ്റ്റാമ്പിനു വേണ്ടിയായിരുന്നു.അമേരിക്കൻ എൽവിസ് പ്രെസ്ലി സ്റ്റാമ്പ് വോട്ടിങ് യു.എസ്. തപാൽ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഒരു സംഭവമായിരുന്നു. “ഡിസിഷൻ ’92” എന്ന് തമാശയായി വിളിക്കപ്പെട്ട ഈ വോട്ടെടുപ്പിലൂടെയാണ് ഒരു സ്റ്റാമ്പിലെ ചിത്രം ലോകത്തിൽ ആദ്യമായി ജനങ്ങൾ നേരിട്ട് തെരഞ്ഞെടുത്തത്. 1977-ൽ നാല്പത്തിരണ്ടാം വയസ്സിൽ ലോകത്തോടു വിട പറഞ്ഞ എൽവിസിന്റെ 58-ാം ജന്മദിനത്തിൽ 1993 ജനുവരി 8-നു അദ്ദേഹത്തിന്റെ വസതിയായ ഗ്രേസ്ലാൻഡിൽ വെച്ച് ഈ സ്റ്റാമ്പ് പ്രകാശനം ചെയ്തു. തുടക്കത്തിൽ 30 കോടി സ്റ്റാമ്പുകൾ അച്ചടിക്കാനാണ് വിചാരിച്ചിരുന്നതെങ്കിലും വൻ ഡിമാൻഡ് കാരണം 51.7 കോടിയിലധികം സ്റ്റാമ്പുകൾ അച്ചടിക്കേണ്ടി വന്നു. അമേരിക്കൻ തപാൽ ചരിത്രത്തിൽ ഇന്നു വരെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മരണിക സ്റ്റാമ്പ് ഇതാണ്. ലോകത്തിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതും ജനപ്രീതി നേടിയതുമായ സ്മരണിക സ്റ്റാമ്പുകളിൽ ഒന്നായി ഈ സ്റ്റാമ്പ് ചരിത്രത്തിൽ ഇടംപിടിച്ചു.ലോകമെമ്പാടുമുള്ള 30-ലധികം രാജ്യങ്ങൾ എൽവിസ് പ്രെസ്ലിയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ തപാൽ സ്റ്റാമ്പുകളിൽ ഇടംപിടിച്ച ഗായകനും അമേരിക്കൻ റോക്ക് എൻ റോൾ ഇതിഹാസമായ എൽവിസ് പ്രെസ്ലി തന്നെയാണ്. തപാൽ ചരിത്രത്തിൽ ഒരു ഗായകന് ലഭിക്കുന്ന ഏറ്റവും വലിയ ആഗോള അംഗീകാരങ്ങളിൽ ഒന്നാണിത്.

യു.എസ്.എ., ജർമനി, നെതർലൻഡ്സ്, അയർലണ്ട്, ജിബ്രാൾട്ടർ, റൊമാനിയ,ഹംഗറി,ബൾഗേറിയ, ശ്രീലങ്ക,താജിക്കിസ്ഥാൻ,കിർഗിസ്ഥാൻ,അസർബൈജാൻ,സെന്റ്.
വിൻസെന്റ്, ലൈബീരിയ, ഗയാന, സിറ ലിയോൺ, യുണൈറ്റഡ് കിങ്ഡം, ടാൻസാനിയ,മംഗോളിയ,പലാവു, കോംഗോ,ഗാംബിയ,സാവോ ടോം ആൻഡ് പ്രിൻസിപ്പെ,ബുർക്കിനാ ഫാസോ,ലാവോസ്, ആൻറിഗ്വ ആൻഡ് ബാർബുഡ, ഘാന, ഗ്രനേഡ, മൈക്രോനേഷ്യ, തുവാലു, സയർ തുടങ്ങിയ രാജ്യങ്ങളുടെ സ്റ്റാമ്പുകളിൽ എൽവിസിന്റെ മുഖം നമുക്ക് കാണാം.
എൽവിസ് പ്രെസ്ലിയുടെ സ്മരണാർത്ഥം ലോകത്തിൽ ആദ്യമായി ഒരു സ്റ്റാമ്പ് പുറത്തിറക്കിയത് 1985-ൽ കരീബിയൻ ദ്വീപ് രാഷ്ട്രമായ സെന്റ് വിൻസെന്റ് ആണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ജനപ്രിയനായ അമേരിക്കൻ ഗായകനും നടനുമായിരുന്നു എൽവിസ് പ്രെസ്ലി. “റോക്ക് ആൻഡ് റോളിന്റെ രാജാവ്” എന്ന പേരിൽ ലോകമെമ്പാടും അറിയപ്പെടുന്ന അദ്ദേഹം, തന്റെ സവിശേഷമായ ശബ്ദം കൊണ്ടും വേദിയിലെ ഊർജ്ജസ്വലമായ പ്രകടനങ്ങൾ കൊണ്ടും സംഗീത ലോകത്ത് ഒരു പുതിയ വിപ്ലവം സൃഷ്ടിച്ചു. പോപ്പ്, കൺട്രി, ഗോസ്പൽ, ബ്ലൂസ് എന്നിങ്ങനെ വിവിധ സംഗീത ശൈലികളെ സമന്വയിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ ലോകമെങ്ങും അതിവേഗം പ്രശസ്തമായി.1935-ൽ മിസിസിപ്പിയിൽ ജനിച്ച എൽവിസ്, 1950-കളുടെ മധ്യത്തിലാണ് സംഗീതരംഗത്ത് സജീവമാകുന്നത്. ‘ഹാർട്ട്ബ്രേക്ക് ഹോട്ടൽ’ എന്ന അദ്ദേഹത്തിന്റെ ആദ്യ സിംഗിൾ ആൽബം വൻ വിജയമായതോടെ എൽവിസ് ഒരു അന്താരാഷ്ട്ര താരമായി മാറി.

സംഗീതത്തിന് പുറമെ ഹോളിവുഡ് സിനിമകളിലും അദ്ദേഹം അഭിനയിച്ചു. എൽവിസിന്റെ വേറിട്ട ഹെയർസ്റ്റൈലും വസ്ത്രധാരണ രീതിയും നൃത്തച്ചുവടുകളും അക്കാലത്തെ യുവാക്കൾക്കിടയിൽ കൂടുതൽ ആരാധകരെ നേടിക്കൊടുത്തു.എൽവിസിന്റെ സുവിശേഷ ഗാനങ്ങളും ക്രിസ്മസ് ഗാനങ്ങളും ഏറെ പ്രശസ്തമാണ്.എൽവിസ് പാടിയ എല്ലാ ഭക്തിഗാനങ്ങളും സമാഹരിച്ചു ‘പീസ് ഇൻ ദി വാലി’ എന്ന പേരിൽ ഇറക്കിയ ആൽബം ഇപ്പോഴും വിപണിയിൽ ലഭ്യമാണ്.1977-ൽ ഹൃദയാഘാതം മൂലം 42-ാമത്തെ വയസ്സിൽ അന്തരിച്ചെങ്കിലും, ഇന്നും ലോകത്തിലെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിക്കപ്പെടുന്ന സോളോ ആർട്ടിസ്റ്റായി എൽവിസ് പ്രെസ്ലി തുടരുന്നു. സംഗീത ചരിത്രത്തെ മാറ്റിമറിച്ച അദ്ദേഹത്തിന്റെ പ്രശസ്തമായ ഗാനങ്ങൾ ഇന്നും ലോകമെമ്പാടും ആസ്വദിക്കപ്പെടുന്നു.

