കൊച്ചി: ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള വേഷവിധാനങ്ങളും അവതരണങ്ങളും ഉൾപ്പെടുന്ന ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് ക്രൈസ്തവ സ്ഥാപനങ്ങൾ വിട്ടുനിൽക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. ഇത്തരം ആഘോഷങ്ങൾ ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നതിനൊപ്പം കുട്ടികളിലും യുവജനങ്ങളിലും തെറ്റായ മനോഭാവങ്ങൾ വളർത്താൻ ഇടയാക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.
പൈശാചിക രൂപങ്ങളും ക്രൈസ്തവ ബിംബങ്ങളെ അവഹേളിക്കുന്ന രീതിയിലുള്ള വേഷങ്ങളും ഉപയോഗിച്ചുള്ള ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. കത്തോലിക്കാ വിശ്വാസത്തിനും ക്രൈസ്തവ മൂല്യങ്ങൾക്കും വിരുദ്ധമായ പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടക്കുന്നില്ലെന്ന് ക്രൈസ്തവ സമൂഹവും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രത്യേകം ഉറപ്പാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ഒക്ടോബർ 31-ന് ആചരിക്കുന്ന ഹാലോവീൻ ആഘോഷം സമീപകാലത്താണ് കേരളത്തിലെ വിദ്യാലയങ്ങളിലും കോളേജുകളിലും വ്യാപകമായി ശ്രദ്ധ നേടിയത്. ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചില അവതരണങ്ങൾ ക്രൈസ്തവ വിരുദ്ധതയുടെ വേദിയായി മാറുന്നതായും കഴിഞ്ഞ വർഷം കേരളത്തിലെ ചില കോളേജുകളിലുണ്ടായ സംഭവങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചതായും കമ്മീഷൻ ചൂണ്ടിക്കാട്ടി.കുട്ടികളും യുവജനങ്ങളും ഇത്തരം ആഘോഷങ്ങളിൽനിന്ന് അകന്നുനിൽക്കണമെന്നും വിശ്വാസത്തിനും ധാർമിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകണമെന്നും കമ്മീഷൻ ആഹ്വാനം ചെയ്തു.

