വിശുദ്ധ വിക്ടോറിനൂസ്
ബിഎസ്
ആദിമക്രൈസ്തവസഭയുടെ ചരിത്രം വിശ്വാസത്തിന്റെ വളര്‍ച്ചയുടെയും പീഡനങ്ങളെ അതിജീവിച്ച ധീരതയുടെയും ബൗദ്ധികാന്വേഷണങ്ങളുടെയും ചരിത്രമാണെന്ന് ഏവര്‍ക്കും അറിവുള്ളതാണല്ലോ. അപ്പസ്തോലന്മാരുടെ കാലത്തിനുശേഷം ക്രൈസ്തവവിശ്വാസത്തെ തിരുവെഴുത്തുകളുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാനും അതിന്റെ ദൈവശാസ്ത്രപരമായ അടിത്തറകള്‍ വ്യക്തമാക്കാനും ശ്രമിച്ച അനേകം സഭാപിതാക്കന്മാരെ കുറിച്ച് നമ്മള് ഈ പംക്തിയിലൂടെ അറിഞ്ഞുകഴിഞ്ഞു. അവരുടെ നിരയില്‍ ശ്രദ്ധേയമായ സ്ഥാനമാണ് മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ വിക്ടോറിനൂസിനുള്ളത്. ബൈബിളിലെ വിവിധ ഗ്രന്ഥങ്ങളെക്കുറിച്ച് വ്യാഖ്യാനങ്ങള്‍ രചിക്കുകയും ക്രൈസ്തവവിശ്വാസത്തിന്റെ സത്യങ്ങള്‍ വിശദീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്ത അദ്ദേഹം, പാശ്ചാത്യസഭയിലെ ആദ്യകാല ലത്തീന്‍ ദൈവശാസ്ത്രപാരമ്പര്യത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്കിയ വ്യക്തിയാണ്. തിരുവെഴുത്തുകളെ കേവലം വായനയ്ക്കുള്ള ഗ്രന്ഥങ്ങളായി കാണാതെ, അവയുടെ ആഴത്തിലുള്ള ആത്മീയവും ദൈവശാസ്ത്രപരവുമായ അര്‍ഥങ്ങള്‍ അന്വേഷിച്ച വിക്ടോറിനൂസിന്റെ രചനകള്‍ ആദ്യകാല ക്രൈസ്തവ ചിന്തയുടെ വികാസത്തെ മനസ്സിലാക്കാന്‍ ഇന്നും സഹായിക്കുന്നു. പ്രത്യേകിച്ച്, വിശുദ്ധ യോഹന്നാന്റെ വെളിപാടുപുസ്തകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം, ആദിമസഭയിലെ വിശ്വാസികള്‍ ഈ ഗ്രന്ഥത്തെ എങ്ങനെയാണ് മനസ്സിലാക്കിയിരുന്നതെന്നു വ്യക്തമാക്കുന്ന പ്രധാനപ്പെട്ട ചരിത്രരേഖയാണ്.
ജീവിതവും ചരിത്രപശ്ചാത്തലവും
വിശുദ്ധ വിക്ടോറിനൂസിന്റെ ജനനത്തെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകള്‍ ലഭ്യമല്ല. അദ്ദേഹം എവിടെയാണ് ജനിച്ചതെന്ന കാര്യത്തിലും ചരിത്രകാരന്മാര്ക്കിടയില് അഭിപ്രായവ്യത്യാസങ്ങളുണ്ട്. റോമന്‍ സാമ്രാജ്യത്തിന്റെ കിഴക്കന്‍-പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിയോടടുത്ത ഗ്രീക്ക് പ്രദേശത്തോ, ഇന്നത്തെ സ്ലൊവേനിയയില് സ്ഥിതിചെയ്യുന്ന പെത്താവുവിലോ ആയിരിക്കാം അദ്ദേഹത്തിന്റെ ജനനം. പുരാതനകാലത്ത് പോയിറ്റോവിയോ എന്നറിയപ്പെട്ടിരുന്ന ഈ നഗരം റോമന്‍ സാമ്രാജ്യത്തിന്റെ പന്നോണിയ പ്രവിശ്യയിലെ പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു. ഇന്ന് സ്ലൊവേനിയയുടെ ഭാഗമായ പ്തുയ് എന്ന നഗരമാണ് പുരാതന പോയിറ്റോവിയോ.സൈനികപ്രാധാന്യമുള്ള കേന്ദ്രമായിരുന്നതിനാല്‍ വിവിധ ജനവിഭാഗങ്ങള്‍ ഇടകലര്‍ന്നു ജീവിച്ചിരുന്ന നഗരമായിരുന്നു പോയിറ്റോവിയോ. ഈ സാംസ്കാരിക പശ്ചാത്തലം വിക്ടോറിനൂസിന്റെ ഭാഷാപരവും ബൗദ്ധികവുമായ വളര്‍ച്ചയെ സ്വാധീനിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു.അദ്ദേഹത്തിന് ലത്തീന്‍ ഭാഷയെക്കാള്‍ ഗ്രീക്ക് ഭാഷയില്‍ കൂടുതല്‍ പ്രാവീണ്യമുണ്ടായിരുന്നുവെന്നാണ് സഭാപിതാവായ വിശുദ്ധ ജെറോം രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ലത്തീന്‍ ഭാഷയില്‍ രചിച്ച വിക്ടോറിനൂസിന്റെ കൃതികള്‍ ആശയസമ്പന്നമായിരുന്നെങ്കിലും ഭാഷാശൈലിയുടെ കാര്യത്തില്‍ അത്ര മികവുറ്റതായിരുന്നില്ലെന്ന് ജെറോം വിലയിരുത്തി. എന്നാല്‍ ഭാഷാപരമായ പരിമിതികള്‍ അദ്ദേഹത്തിന്റെ ദൈവശാസ്ത്രപരമായ സംഭാവനകളുടെ പ്രാധാന്യം കുറയ്ക്കുന്നില്ല.പോയിറ്റോവിയോയിലെ മെത്രാനായി സേവനമനുഷ്ഠിച്ച വിക്ടോറിനൂസ്, തിരുവെഴുത്തുകളെ ലത്തീന്‍ ഭാഷയില്‍ വ്യാഖ്യാനിച്ച ആദ്യകാല ദൈവശാസ്ത്രജ്ഞരില്‍ പ്രമുഖനായിരുന്നു. അക്കാലത്ത് ക്രൈസ്തവലോകത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ഗ്രീക്ക് ഭാഷയ്ക്കായിരുന്നു ദൈവശാസ്ത്രരചനകളില് വലിയ പ്രാധാന്യം. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ലത്തീന്‍ ഭാഷയുടെ ഉപയോഗം വ്യാപകമായിക്കൊണ്ടിരുന്ന സാഹചര്യത്തില്‍, വിശ്വാസസത്യങ്ങളെ ലത്തീന്‍ ഭാഷയില്‍ വിശദീകരിക്കാനുള്ള ശ്രമങ്ങള്‍ സഭയുടെ ബൗദ്ധികവളര്‍ച്ചയില്‍ നിര്‍ണായകമായി. ഈ ചരിത്രപരമായ പരിവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ സംഭാവന നല്കിയ വ്യക്തികളിലൊരാളായിരുന്നു വിക്ടോറിനൂസ്.
തിരുവെഴുത്തുകളുടെ വ്യാഖ്യാതാവ്
വിക്ടോറിനൂസിന്റെ രചനകളില്‍ പ്രധാനപ്പെട്ടവ ബൈബിളിലെ വിവിധ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാഖ്യാനങ്ങളായിരുന്നു. ഉല്പത്തി, പുറപ്പാട്, ലേവ്യര്‍, യെശയ്യാ, യെഹെസ്കേല്‍, ഹബക്കൂക്ക്, സഭാപ്രസംഗകന്‍, ഉത്തമഗീതം, മത്തായിയുടെ സുവിശേഷം, വിശുദ്ധ യോഹന്നാന്റെ വെളിപാടുപുസ്തകം എന്നിവയെക്കുറിച്ച് അദ്ദേഹം വ്യാഖ്യാനങ്ങള്‍ രചിച്ചതായി പുരാതന സഭാപാരമ്പര്യം രേഖപ്പെടുത്തുന്നു.ഈ ഗ്രന്ഥങ്ങളുടെ ഉള്ളടക്കം മനസ്സിലാക്കുന്നതിനൊപ്പം അവയുടെ ആത്മീയവും ദൈവശാസ്ത്രപരവുമായ അര്‍ത്ഥങ്ങള്‍ കണ്ടെത്താനും അദ്ദേഹം ശ്രമിച്ചു. തിരുവെഴുത്തുകളെ വിശ്വാസജീവിതത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ച ആദ്യകാല സഭയില്‍, ബൈബിളിലെ സന്ദേശങ്ങളെ വിശദീകരിക്കുന്ന ഇത്തരം രചനകള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു.ക്രൈസ്തവവിശ്വാസത്തെക്കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നുവന്നിരുന്ന കാലമായിരുന്നു അത്. വിശ്വാസത്തിന്റെ അടിസ്ഥാനസത്യങ്ങളെക്കുറിച്ച് സഭയ്ക്കുള്ളില്‍ തന്നെ വിവിധ അഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. അത്തരം സാഹചര്യങ്ങളില്‍, താന്‍ തെറ്റായ ഉപദേശങ്ങളായി വിലയിരുത്തിയ ആശയങ്ങളെ വിമര്‍ശിച്ചുകൊണ്ടും ക്രൈസ്തവവിശ്വാസത്തിന്റെ ആധികാരികത വിശദീകരിച്ചുകൊണ്ടും വിക്ടോറിനൂസ് ചില ദൈവശാസ്ത്രഗ്രന്ഥങ്ങളും രചിച്ചു.എന്നാല്‍ അദ്ദേഹത്തിന്റെ രചനകളില്‍ ഭൂരിഭാഗവും കാലക്രമേണ നഷ്ടപ്പെട്ടു. പുരാതനകാലത്തിനുശേഷവും നിലനിന്ന അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ രണ്ടെണ്ണമാണ്: വെളിപാടുപുസ്തകത്തെക്കുറിച്ചുള്ള വ്യാഖ്യാനവും ലോകത്തിന്റെ സൃഷ്ടിയെക്കുറിച്ച് (De fabrica mundi) എന്ന പേരിലുള്ള ഹ്രസ്വഗ്രന്ഥവും.ഈ കൃതികള്‍ പൂര്‍ണമായും നഷ്ടപ്പെടാതെ നിലനിന്നത് ആദ്യകാല ലത്തീന്‍ ദൈവശാസ്ത്രത്തിന്റെ ചരിത്രപഠനത്തിന് വിലപ്പെട്ട അവസരമാണ് ഒരുക്കുന്നത്.
വെളിപാടുപുസ്തകത്തിന്റെ വ്യാഖ്യാനം:പ്രതീകങ്ങളുടെ ലോകത്തേക്ക്
വിക്ടോറിനൂസിന്റെ ഏറ്റവും പ്രധാനപ്പെട്ട രചനയായി കണക്കാക്കപ്പെടുന്നത് വിശുദ്ധ യോഹന്നാന്റെ വെളിപാടുപുസ്തകത്തെക്കുറിച്ചുള്ള വ്യാഖ്യാനമാണ്. ക്രൈസ്തവബൈബിളിലെ ഏറ്റവും സങ്കീര്‍ണമായ ഗ്രന്ഥങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന വെളിപാടുപുസ്തകം, പ്രതീകങ്ങളിലൂടെയും ദര്‍ശനങ്ങളിലൂടെയും ദൈവത്തിന്റെ അന്തിമവിജയത്തെയും തിന്മയുടെ പരാജയത്തെയും പുതിയ സൃഷ്ടിയുടെ പ്രത്യാശയെയും അവതരിപ്പിക്കുന്നു.ഈ ഗ്രന്ഥത്തിലെ ദര്‍ശനങ്ങളും സംഖ്യകളും മൃഗരൂപങ്ങളും സ്വര്ഗീയരംഗങ്ങളും വ്യാഖ്യാനിക്കുക എന്നത് ആദ്യകാല ക്രൈസ്തവ ദൈവശാസ്ത്രജ്ഞര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. വിക്ടോറിനൂസ് ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട്, തനിക്കു ലഭ്യമായ തിരുവെഴുത്തുപാരമ്പര്യത്തിന്റെയും ദൈവശാസ്ത്രചിന്തയുടെയും വെളിച്ചത്തില്‍ വെളിപാടുപുസ്തകത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിച്ചു.സി.ഇ 260-നടുത്ത്, വലേറിയന്‍ ചക്രവര്‍ത്തിയുടെ കാലത്തെ ക്രൈസ്തവപീഡനങ്ങള്ക്കുശേഷമാണ് അദ്ദേഹം ഈ വ്യാഖ്യാനം രചിച്ചതെന്ന് കരുതപ്പെടുന്നു. അന്നത്തെ ക്രൈസ്തവസമൂഹം നേരിട്ട പീഡനങ്ങളും അനിശ്ചിതത്വങ്ങളും വെളിപാടുപുസ്തകത്തിന്റെ വ്യാഖ്യാനത്തിന് പ്രത്യേകമായൊരു പശ്ചാത്തലം ഒരുക്കിയിരുന്നു.ഈ രചനയില്‍ പ്രതീകാത്മക വ്യാഖ്യാനത്തിന് വലിയ പ്രാധാന്യമുണ്ട്. സംഖ്യകളുടെ ആത്മീയാര്ഥങ്ങളെക്കുറിച്ചുള്ള അന്വേഷണവും ശ്രദ്ധേയമാണ്. വെളിപാടുപുസ്തകത്തിലെ ഓരോ പ്രതീകവും ഒരു ചരിത്രസംഭവത്തെയോ വ്യക്തിയെയോ ആത്മീയസത്യത്തെയോ സൂചിപ്പിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി.എന്നിരുന്നാലും, വെളിപാടുപുസ്തകത്തിലെ എല്ലാ വാക്യങ്ങളെയും തുടര്‍ച്ചയായി വിശദീകരിക്കുന്ന ഒരു സമ്പൂര്‍ണ വ്യാഖ്യാനമല്ല അദ്ദേഹത്തിന്റെ കൃതി. ചില പ്രധാനപ്പെട്ട ഭാഗങ്ങള്‍ തിരഞ്ഞെടുത്ത് അവയുടെ ആശയം വിശദീകരിക്കുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചതെന്ന് ദൈവശാസ്ത്രചരിത്രകാരനായ യോഹാനസ് ക്വാസ്റ്റന് നിരീക്ഷിക്കുന്നു.വെളിപാടുപുസ്തകത്തിന്റെ ഈ വ്യാഖ്യാനം പിന്നീട് വിശുദ്ധ ജെറോം തിരുത്തലുകള്‍ വരുത്തിയ രൂപത്തില്‍ പുനഃപ്രസിദ്ധീകരിച്ചു. വിക്ടോറിനൂസിന്റെ യഥാര്‍ഥ വ്യാഖ്യാനത്തിന്റെ തിരുത്തലുകള്‍ വരുത്താത്ത ഒരു പാഠരൂപം 1918-ല്‍ കണ്ടെത്തിയതും ഈ കൃതിയുടെ ചരിത്രപഠനത്തില്‍ പ്രധാനപ്പെട്ട സംഭവമായി കണക്കാക്കപ്പെടുന്നു.
വെളിപാടുപുസ്തകത്തിലെ പ്രതീകങ്ങളുംവിക്ടോറിനൂസിന്റെ കാഴ്ചപ്പാടും
വെളിപാടുപുസ്തകത്തിലെ പ്രതീകങ്ങളെ വിക്ടോറിനൂസ് എങ്ങനെയാണ് വ്യാഖ്യാനിച്ചതെന്നു പരിശോധിക്കുമ്പോള്‍, ആദ്യകാല ക്രൈസ്തവരുടെ ബൈബിള്‍വായനയുടെ സവിശേഷതകള്‍ വ്യക്തമാകുന്നു.വെളിപാടുപുസ്തകത്തിന്റെ നാലാം അധ്യായത്തില്‍ ദൈവത്തെ സ്തുതിക്കുന്ന നാല് ജീവികളെ അദ്ദേഹം നാല് സുവിശേഷങ്ങളുമായി ബന്ധപ്പെടുത്തി. സിംഹാസനങ്ങളില്‍ ഇരിക്കുന്ന ഇരുപത്തിനാലു ശ്രേഷ്ഠന്മാരെ ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രപിതാക്കന്മാരുടെയും പന്ത്രണ്ട് അപ്പസ്തോലന്മാരുടെയും പ്രതിനിധികളായി അദ്ദേഹം കണ്ടു. പഴയനിയമവും പുതിയനിയമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യകാല ക്രൈസ്തവചിന്തയുടെ പ്രതിഫലനമായി ഈ വ്യാഖ്യാനത്തെ മനസ്സിലാക്കാം.വെളിപാടുപുസ്തകത്തിലെ പതിമൂന്നാം അധ്യായത്തില്‍ പ്രത്യക്ഷപ്പെടുന്ന മൃഗത്തെ റോമന്‍ ചക്രവര്‍ത്തിയായ നീറോയുമായി ബന്ധപ്പെടുത്തിയതും ശ്രദ്ധേയമാണ്. ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങളുടെയും സാമ്രാജ്യത്വാധികാരത്തിന്റെ ക്രൂരതയുടെയും പ്രതീകമായിട്ടാണ് നീറോയെ പല ആദ്യകാല ക്രൈസ്തവരും കണ്ടിരുന്നത്.വെളിപാടുപുസ്തകത്തിലെ പതിനേഴാം അധ്യായത്തില്‍ പ്രത്യക്ഷപ്പെടുന്ന, വിശുദ്ധരുടെയും രക്തസാക്ഷികളുടെയും രക്തം കുടിച്ച് മത്തുപിടിച്ചിരിക്കുന്ന ബാബിലോണ്‍ എന്ന വേശ്യയെ റോമന്‍ നഗരത്തിന്റെ പ്രതീകമായും വിക്ടോറിനൂസ് വ്യാഖ്യാനിച്ചു. ക്രൈസ്തവരെ പീഡിപ്പിച്ച റോമന്‍ സാമ്രാജ്യത്തിന്റെ അധികാരഘടനയെ ബാബിലോണിന്റെ പ്രതീകത്തില്‍ അദ്ദേഹം തിരിച്ചറിഞ്ഞു.വിക്ടോറിനൂസിന്റെ കാലമായപ്പോഴേക്കും നീറോ മരിച്ചുകഴിഞ്ഞിരുന്നു. അതിനാല്‍, നീറോ വീണ്ടും പ്രത്യക്ഷപ്പെടുമെന്ന വിശ്വാസവുമായി ബന്ധപ്പെട്ടാണ് വെളിപാടുപുസ്തകത്തിലെ ചില ഭാഗങ്ങളെ അദ്ദേഹം വ്യാഖ്യാനിച്ചത്. നീറോ റെഡിവീവൂസ് എന്നറിയപ്പെടുന്ന ഈ ആശയമനുസരിച്ച്, മരിച്ച നീറോ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ് കിഴക്കുനിന്ന് ഭീകരശക്തിയായി തിരിച്ചെത്തുമെന്ന പ്രതീക്ഷയോ ഭയമോ നിലനിന്നിരുന്നു. വെളിപാടുപുസ്തകത്തിലെ മൃഗത്തെക്കുറിച്ചുള്ള പ്രവചനങ്ങളെ ഈ വിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ വിക്ടോറിനൂസ് മനസ്സിലാക്കി.ഇത്തരം വ്യാഖ്യാനങ്ങള്‍ ആധുനിക വായനക്കാര്‍ക്ക് അസാധാരണമെന്നു തോന്നാം. എന്നാല്‍ അവയെ അന്നത്തെ ചരിത്രസാഹചര്യങ്ങളുടെയും ക്രൈസ്തവസമൂഹത്തിന്റെ അനുഭവങ്ങളുടെയും വെളിച്ചത്തില്‍ വിലയിരുത്തുമ്പോഴാണ് അവയുടെ പ്രാധാന്യം വ്യക്തമാകുന്നത്. പീഡനങ്ങളുടെയും രാഷ്ട്രീയ അടിച്ചമര്‍ത്തലുകളുടെയും കാലത്ത്, വെളിപാടുപുസ്തകത്തിലെ പ്രതീകങ്ങള്‍ ക്രൈസ്തവരുടെ വേദനകള്‍ക്ക് അര്‍ഥം നല്‍കുകയും തിന്മയുടെ മേല്‍ ദൈവം അന്തിമവിജയം നേടുമെന്ന പ്രത്യാശ ശക്തിപ്പെടുത്തുകയും ചെയ്തു.
ക്രിസ്തുവിന്റെ വചനവും രണ്ടു സാക്ഷികളും
വെളിപാടുപുസ്തകത്തിന്റെ ഒന്നാം അധ്യായത്തില്‍ ക്രിസ്തുവിന്റെ വായില്‍നിന്നു പുറപ്പെടുന്ന ഇരുവശവും മൂര്‍ച്ചയുള്ള വാളിനെക്കുറിച്ച് വിക്ടോറിനൂസ് നടത്തിയ വ്യാഖ്യാനവും ശ്രദ്ധേയമാണ്. ഈ വാളിനെ ബൈബിളിന്റെ പ്രതീകമായി അദ്ദേഹം കണ്ടു. വാളിന്റെ ഒരു വശം പഴയനിയമത്തെയും മറുവശം പുതിയനിയമത്തെയും സൂചിപ്പിക്കുന്നതായി അദ്ദേഹം വ്യാഖ്യാനിച്ചു.തിരുവെഴുത്തുകളിലെ രണ്ടു നിയമങ്ങളെയും ഒരേ ദൈവിക വെളിപാടിന്റെ ഭാഗങ്ങളായി കാണുന്ന ആദ്യകാല ക്രൈസ്തവബോധത്തിന്റെ പ്രതിഫലനമാണിത്. ക്രിസ്തുവിന്റെ വചനം ആത്മീയശക്തിയുടെ പ്രതീകമാണെന്നും തിരുവെഴുത്തുകളിലൂടെ ദൈവികസത്യം വെളിപ്പെടുന്നുവെന്നും ഈ വ്യാഖ്യാനം സൂചിപ്പിക്കുന്നു.വെളിപാടുപുസ്തകത്തിലെ പതിനൊന്നാം അധ്യായത്തില്‍ പരാമര്‍ശിക്കുന്ന രണ്ടു സാക്ഷികളെ ഏലിയാ പ്രവാചകനും മറ്റൊരു പ്രവാചകനുമായി വിക്ടോറിനൂസ് തിരിച്ചറിഞ്ഞു. രണ്ടാമത്തെ സാക്ഷി ജറെമിയാ പ്രവാചകനായിരിക്കാമെന്ന് അദ്ദേഹം സംശയിച്ചു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമല്ലെന്ന ധാരണയാണ് ഈ അഭിപ്രായത്തിന് പിന്നിലെന്നാണ് രേഖകളില്‍ കാണുന്നത്.സ്വര്‍ഗീയ പറുദീസയെക്കുറിച്ചും മരിച്ചവരുടെ അവസ്ഥയെക്കുറിച്ചും വിക്ടോറിനൂസിന് സവിശേഷമായ ചില കാഴ്ചപ്പാടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വ്യാഖ്യാനമനുസരിച്ച്, ഇപ്പോഴത്തെ കാലഘട്ടത്തില്‍ പറുദീസയില്‍ വസിക്കുന്നവര്‍ രണ്ടു സാക്ഷികളും ക്രിസ്തുവുമാണ്. രക്തസാക്ഷികള്‍ ഉള്‍പ്പെടെയുള്ള മരിച്ചവര്‍ പാതാളത്തില്‍ അഥവാ മരിച്ചവരുടെ ലോകത്തില്‍ കഴിയുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. വെളിപാടുപുസ്തകത്തില്‍ വിവരിക്കുന്ന ഭാവികാലത്ത് രണ്ടു സാക്ഷികളും ഭൂമിയിലേക്ക് ഇറങ്ങിവന്ന് ഒടുവില്‍ മരണത്തെ നേരിടുമെന്നും അദ്ദേഹം വിശ്വസിച്ചു.ഈ കാഴ്ചപ്പാടുകള്‍ ഇന്നത്തെ കത്തോലിക്കാ സഭയുടെ ഔദ്യോഗിക മരണാനന്തരജീവിതപഠനവുമായി അതേപടി തുല്യമാക്കാനാവില്ല. ആദ്യകാല ക്രൈസ്തവരില്‍ മരണാനന്തരജീവിതം, രക്തസാക്ഷികളുടെ അവസ്ഥ, അന്ത്യകാലസംഭവങ്ങള് എന്നിവയെക്കുറിച്ച് നിലനിന്നിരുന്ന വിവിധ ചിന്താധാരകളുടെ പശ്ചാത്തലത്തിലാണ് ഇവയെ മനസ്സിലാക്കേണ്ടത്.
ആയിരം വര്‍ഷത്തെ രാജ്യം:അന്ത്യകാലത്തെക്കുറിച്ചുള്ള പ്രതീക്ഷ
വെളിപാടുപുസ്തകത്തിലെ ഇരുപതാം അധ്യായത്തിലെ നാലു മുതല്‍ ആറു വരെയുള്ള വാക്യങ്ങളെ വിക്ടോറിനൂസ് അക്ഷരാര്‍ഥത്തില്‍ വ്യാഖ്യാനിച്ചതായി ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. ക്രിസ്തുവിനോടൊപ്പം നീതിമാന്മാര് ഭൂമിയില്‍ ആയിരം വര്‍ഷം വാഴുമെന്ന ആശയവുമായി ബന്ധപ്പെട്ട ഈ കാഴ്ചപ്പാട് സഹസ്രാബ്ദവാദം (Millennialism അഥവാ Chiliasm) എന്നറിയപ്പെടുന്നു.ഈ വിശ്വാസമനുസരിച്ച്, ക്രിസ്തുവിന്റെ വിജയത്തിനുശേഷം നീതിമാന്മാര്ക്ക് ഭൂമിയില്‍ പ്രത്യേകമായൊരു രാജത്വകാലം ലഭിക്കും. വിക്ടോറിനൂസ് ഈ പ്രവചനത്തെ പ്രധാനമായും ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന യാഥാര്‍ഥ്യമായാണ് മനസ്സിലാക്കിയത്.ആദ്യകാല സഭയില്‍ ക്രിസ്തുവിന്റെ രണ്ടാം വരവ്, അന്ത്യവിധി, നീതിമാന്മാരുടെ ഭാവി എന്നിവയെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നിലനിന്നിരുന്നു. അവയില്‍ ഒന്നിന്റെ പ്രതിനിധിയാണ് വിക്ടോറിനൂസിന്റെ സഹസ്രാബ്ദവാദപരമായ കാഴ്ചപ്പാട്.ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം പിന്നീട് രൂപംകൊണ്ട സഭാപഠനങ്ങളുമായി പൂര്‍ണമായി പൊരുത്തപ്പെടുന്നില്ലെങ്കിലും, ആദ്യകാല ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ വികാസം മനസ്സിലാക്കാന്‍ അത് സഹായിക്കുന്നു. സഭാപിതാക്കന്മാരുടെ രചനകള്‍ പഠിക്കുമ്പോള്‍ അവരുടെ എല്ലാ അഭിപ്രായങ്ങളെയും സഭയുടെ അന്തിമവും ഔദ്യോഗികവുമായ പഠനങ്ങളായി കാണാതെ, അവയുടെ ചരിത്രപരമായ പശ്ചാത്തലവും കാലക്രമത്തില്‍ ദൈവശാസ്ത്രചിന്തയില്‍ ഉണ്ടായ വളര്‍ച്ചയും പരിഗണിക്കേണ്ടതുണ്ട്.
ഒറിജന്റെ സ്വാധീനവും വിശുദ്ധ ജെറോമിന്റെവിലയിരുത്തലും
അലക്സാണ്ട്രിയയിലെ പ്രമുഖ ക്രൈസ്തവ ദൈവശാസ്ത്രജ്ഞനായ ഒറിജന്റെ ചിന്തകള്‍ വിക്ടോറിനൂസിനെ ഗണ്യമായി സ്വാധീനിച്ചിരുന്നു. തിരുവെഴുത്തുകളെ ആത്മീയമായും പ്രതീകാത്മകമായും വ്യാഖ്യാനിക്കുന്ന രീതിക്ക് പ്രാധാന്യം നല്കിയ വ്യക്തിയായിരുന്നു ഒറിജന്‍. ഈ വ്യാഖ്യാനപാരമ്പര്യത്തിന്റെ സ്വാധീനം വിക്ടോറിനൂസിന്റെ രചനകളിലും പ്രകടമാണ്.ക്രൈസ്തവസഭയുടെ ആദ്യകാല സാഹിത്യചരിത്രം രേഖപ്പെടുത്തിയ വിശുദ്ധ ജെറോം, തന്റെ സഭാ എഴുത്തുകാരുടെ പട്ടികയില്‍ വിക്ടോറിനൂസിന് ആദരണീയമായ സ്ഥാനം നല്കി. സഭാപാരമ്പര്യത്തിലെ പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള ജെറോമിന്റെ വിലയിരുത്തലുകള്‍ ആദ്യകാല ക്രൈസ്തവസാഹിത്യത്തിന്റെ ചരിത്രം പുനര്‍നിര്‍മിക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട സ്രോതസ്സുകളാണ്.സഭാപ്രസംഗകന്‍ നാലാം അധ്യായത്തിലെ പതിമൂന്നാം വാക്യത്തെയും യെഹെസ്കേല്‍ ഇരുപത്തിയാറാം അധ്യായത്തെയും സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ, ചില സന്ദര്‍ഭങ്ങളില്‍ ജെറോം വിക്ടോറിനൂസിന്റെ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. അതേസമയം, സഹസ്രാബ്ദവാദികളുടേതായ ചില ആശയങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തകളെ സ്വാധീനിച്ചിരുന്നുവെന്നും ജെറോം അഭിപ്രായപ്പെട്ടു.വിക്ടോറിനൂസിന്റെ രചനകള്‍ക്ക് ലഭിച്ച സ്വീകരണം എല്ലായിടത്തും ഒരുപോലെയായിരുന്നില്ല. ആറാം നൂറ്റാണ്ടിലെ ജെലാസിയന് ഡിക്രി എന്നറിയപ്പെടുന്ന രേഖയില്‍, നിരസിക്കപ്പെടേണ്ടതും ഒഴിവാക്കേണ്ടതുമായ കൃതികളുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ രചനയും ഉള്‍പ്പെട്ടതായി പരാമര്‍ശമുണ്ട്. അഞ്ചാം നൂറ്റാണ്ടിലെ ജെലാസിയൂസ് ഒന്നാമന് പാപ്പായുടെ പേരുമായി ബന്ധപ്പെടുത്തി അറിയപ്പെടുന്ന ഈ രേഖ, പില്ക്കാലത്ത് രൂപംകൊണ്ട സഭാപാരമ്പര്യത്തില്‍ ചില കൃതികള്‍ വിലയിരുത്തപ്പെട്ട രീതിയുടെ ഉദാഹരണമാണ്.എന്നാല്‍ ഈ പരാമര്‍ശത്തെ മാത്രം അടിസ്ഥാനമാക്കി വിക്ടോറിനൂസിന്റെ സമസ്ത രചനകളും സഭ ഔദ്യോഗികമായി നിരോധിച്ചുവെന്നോ അദ്ദേഹത്തിന്റെ എല്ലാ ദൈവശാസ്ത്രചിന്തകളും തെറ്റാണെന്ന് പ്രഖ്യാപിച്ചുവെന്നോ നിഗമനം ചെയ്യുന്നത് ഉചിതമല്ല. അദ്ദേഹത്തിന്റെ രചനകളുടെ സ്വീകരണം, പാഠങ്ങളുടെ പില്ക്കാല തിരുത്തലുകള്‍, അന്ത്യകാലത്തെക്കുറിച്ചുള്ള വ്യത്യസ്ത ദൈവശാസ്ത്രാഭിപ്രായങ്ങള് എന്നിവയുടെ ചരിത്രം സൂക്ഷ്മമായ പഠനം ആവശ്യപ്പെടുന്നു.
രക്തസാക്ഷിത്വം: വിശ്വാസത്തിനുവേണ്ടിയുള്ള സമര്‍പ്പണം
വിക്ടോറിനൂസിന്റെ ജീവിതത്തിലെ അവസാനഘട്ടം ക്രൈസ്തവര്‍ക്കെതിരായ റോമന്‍ സാമ്രാജ്യത്തിന്റെ പീഡനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത്, സി.ഇ. 303-ലോ 304-ലോ അദ്ദേഹം രക്തസാക്ഷിയായി മരിച്ചതായാണ് പാരമ്പര്യം രേഖപ്പെടുത്തുന്നത്.ക്രൈസ്തവവിശ്വാസം റോമന്‍ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. എന്നാല്‍ ക്രൈസ്തവരുടെ ആരാധനയും വിശ്വാസജീവിതവും പലപ്പോഴും ഭരണകൂടത്തിന്റെ സംശയത്തിനും പീഡനങ്ങള്‍ക്കും വിധേയമായി. അത്തരം സാഹചര്യത്തില്‍, സഭയുടെ മെത്രാനായി സേവനം ചെയ്തിരുന്ന വിക്ടോറിനൂസിന്റെ രക്തസാക്ഷിത്വം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിശ്വാസസാക്ഷ്യത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, വിശ്വാസത്തിനുവേണ്ടി ജീവന് സമര്‍പ്പിച്ച ആദ്യകാല ക്രൈസ്തവരുടെ നിരയിലാണ് സഭ അദ്ദേഹത്തെ അനുസ്മരിക്കുന്നത്. വിശ്വാസത്തെക്കുറിച്ച് എഴുതുകയും പഠിപ്പിക്കുകയും ചെയ്തതുപോലെതന്നെ, ജീവിതത്തിന്റെ അന്തിമഘട്ടത്തിലും വിശ്വാസത്തോടുള്ള വിശ്വസ്തത പുലര്‍ത്തിയ വ്യക്തിയായാണ് പാരമ്പര്യം അദ്ദേഹത്തെ കാണുന്നത്.
ലോകത്തിന്റെ സൃഷ്ടിയെക്കുറിച്ചുള്ള ഗ്രന്ഥം
വിക്ടോറിനൂസിന്റെ നിലനില്‍ക്കുന്ന മറ്റൊരു കൃതിയാണ് De fabrica mundi, അഥവാ ലോകത്തിന്റെ സൃഷ്ടിയെക്കുറിച്ച്. ഈ ഹ്രസ്വഗ്രന്ഥവും അദ്ദേഹത്തിന്റെ ചിന്തകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്.ആദ്യകാല ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ സൃഷ്ടിയെക്കുറിച്ചുള്ള ബൈബിള്സന്ദേശത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു. ലോകത്തിന്റെ ഉത്ഭവം, ദൈവത്തിന്റെ സൃഷ്ടികര്‍മം, സൃഷ്ടിയും ദൈവികപദ്ധതിയും തമ്മിലുള്ള ബന്ധം എന്നിവ വിശ്വാസത്തിന്റെ അടിസ്ഥാനചോദ്യങ്ങളായിരുന്നു. വിക്ടോറിനൂസിന്റെ ഈ രചനയുടെ പ്രാധാന്യം മനസ്സിലാക്കുമ്പോള്‍, തിരുവെഴുത്തുകളുടെ വ്യാഖ്യാനവും ലോകത്തെക്കുറിച്ചുള്ള ക്രൈസ്തവബോധവും തമ്മില്‍ നിലനിന്നിരുന്ന ബന്ധം കൂടി പരിഗണിക്കേണ്ടതുണ്ട്.
വിശുദ്ധരുടെ ഗണത്തില്‍ വിക്ടോറിനൂസ്
കത്തോലിക്കാ സഭയിലും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയിലും വിശുദ്ധ വിക്ടോറിനൂസിന്റെ തിരുനാള്‍ നവംബര്‍ രണ്ടിനാണ് ആചരിക്കുന്നത്. അദ്ദേഹത്തിന്റെ പേരിനോടൊപ്പം ചിലപ്പോള്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടുവരെ, ലത്തീന്‍ വാഗ്മിയും പ്രഭാഷകനുമായ വിക്ടോറിനൂസ് ആഫറുമായി അദ്ദേഹത്തെ ചിലര്‍ തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ പോയിറ്റോവിയോയിലെ മെത്രാനും ക്രൈസ്തവ ദൈവശാസ്ത്രജ്ഞനുമായ വിക്ടോറിനൂസ് വ്യത്യസ്തനായ വ്യക്തിയാണ്.അദ്ദേഹത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന കൃതികള്‍ എണ്ണത്തില്‍ കുറവാണെങ്കിലും, അവയ്ക്ക് ചരിത്രപരമായ വലിയ മൂല്യമുണ്ട്. ആദ്യകാല ക്രൈസ്തവര്‍ ബൈബിളിനെ എങ്ങനെ വായിച്ചു, വെളിപാടുപുസ്തകത്തിലെ പ്രതീകങ്ങളെ എങ്ങനെ വ്യാഖ്യാനിച്ചു, റോമന്‍ സാമ്രാജ്യത്തിലെ രാഷ്ട്രീയസാഹചര്യങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ എങ്ങനെ മനസ്സിലാക്കി എന്നീ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ രചനകള്‍ വെളിച്ചം പകരുന്നു.വിശുദ്ധ വിക്ടോറിനൂസിന്റെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നത്, വിശ്വാസത്തിന്റെ ചരിത്രം പൂര്‍ണമായ ഉത്തരങ്ങളുടെ ചരിത്രം മാത്രമല്ല, സത്യത്തെ അന്വേഷിച്ച മനുഷ്യരുടെ യാത്രകൂടിയാണെന്നാണ്. തിരുവെഴുത്തുകളുടെ അര്‍ത്ഥം കണ്ടെത്താന്‍ പരിശ്രമിച്ച അദ്ദേഹത്തിന്റെ ബൗദ്ധികാന്വേഷണവും പീഡനങ്ങളുടെ കാലത്ത് വിശ്വാസത്തോടു പുലര്‍ത്തിയ വിശ്വസ്തതയും ആദ്യകാല സഭയുടെ ചരിത്രത്തില്‍ അദ്ദേഹത്തിന് സവിശേഷമായ സ്ഥാനം നല്കുന്നു.രചനകള്‍ കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കണമെന്നില്ല; എന്നാല്‍ സത്യാന്വേഷണത്തിനായി നടത്തിയ പരിശ്രമങ്ങളും വിശ്വാസത്തിനുവേണ്ടി നല്കിയ ജീവിതസാക്ഷ്യവും ചരിത്രത്തിന്റെ ഓര്‍മയില്‍ നിലനില്ക്കും. വിശുദ്ധ വിക്ടോറിനൂസിന്റെ ജീവിതവും പൈതൃകവും അതിന് സാക്ഷ്യം വഹിക്കുന്നു.

