മൈസൂരു: ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുന്നതിനും മതാന്തര സംവാദത്തിലൂടെ സാമൂഹിക സൗഹാർദം വളർത്തുന്നതിനും ആഹ്വാനം ചെയ്ത് ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിസിബിഐ) എക്യുമെനിസം കമ്മീഷന്റെ ദേശീയ യോഗം.
ഒക്ടോബർ 27, 28 തീയതികളിൽ മൈസൂരുവിലെ സത്യനികേതൻ കത്തോലിക്കാ സെന്ററിൽ നടന്ന യോഗത്തിൽ നൂറോളം മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും പങ്കെടുത്തു. ഭിന്നതകൾ നിറഞ്ഞ ലോകത്തിൽ പ്രാർത്ഥനയിലും സംവാദത്തിലും അധിഷ്ഠിതമായ എക്യുമെനിക്കൽ സംസ്കാരം വളർത്തേണ്ടതിന്റെ ആവശ്യകത സിസിബിഐ എക്യുമെനിസം കമ്മീഷൻ ചെയർമാനും മൈസൂർ മെത്രാനുമായ ബിഷപ്പ് ഫ്രാൻസിസ് സെറാവോ ചൂണ്ടിക്കാട്ടി. മറ്റു ക്രൈസ്തവ സഭകളോടും മതങ്ങളോടുമുള്ള മുൻവിധികൾ ഒഴിവാക്കി ഐക്യത്തിനായുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്ന് മാണ്ട്യ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ അടയന്ത്രത്ത് പറഞ്ഞു. പൊതുവായ മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാമൂഹിക ഐക്യം വളർത്തുന്നതിനും കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.സിനഡാത്മകത, എക്യുമെനിസം, മതാന്തര സംവാദം എന്നിവയുടെ പരസ്പരബന്ധത്തെക്കുറിച്ച് ഈശോസഭാംഗമായ ഫാ. വിൻസെന്റ് ശേഖർ പ്രഭാഷണങ്ങൾ നടത്തി. പരസ്പരം ശ്രവിക്കുന്നതും വിശ്വാസവും ആദരവും വളർത്തുന്നതും ക്രൈസ്തവ സഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
സമാധാനം, സാമൂഹിക സൗഹാർദം, പൊതുനന്മ എന്നിവയ്ക്കായി മതാന്തര സംവാദം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ഓർത്തഡോക്സ് സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, മെത്തഡിസ്റ്റ് സഭ, അസംബ്ലീസ് ഓഫ് ഗോഡ്, പെന്തക്കോസ്ത് സഭകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത പാനൽ ചർച്ചയിൽ വിവിധ സഭകൾ തമ്മിലുള്ള സഹകരണ സാധ്യതകളും പൊതുവായ വെല്ലുവിളികളും വിലയിരുത്തി. ഉഡുപ്പി രൂപതയിലെ ഫാ. ഡെനിസ് ഡി’സാ ചർച്ചകൾക്ക് നേതൃത്വം നൽകി. രണ്ടാം ദിവസം കമ്മീഷന്റെ പ്രവർത്തനങ്ങളും ഭാവി മുൻഗണനകളും ചർച്ച ചെയ്തു. റായഗഡ രൂപതാധ്യക്ഷൻ ബിഷപ്പ് അപ്ലിനാർ സെനാപതി ദിവ്യബലിക്ക് നേതൃത്വം നൽകി.

