ഷില്ലോങ്: ക്രിസ്തുവിന്റെ ദിവ്യ കാരുണ്യത്തിലെ സാന്നിധ്യത്തിലുള്ള വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് ഷില്ലോങ്ങിൽ നടന്ന വാർഷിക ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ അണിനിരന്നു. നവംബർ ഒമ്പതിന് ഷില്ലോങ് അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന പ്രദക്ഷിണത്തിൽ വിവിധ ഇടവകകളിൽനിന്നുള്ള വിശ്വാസികൾക്കൊപ്പം വടക്കുകിഴക്കൻ ഇന്ത്യയിലെ ക്രൈസ്തവ സമൂഹങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
ഷില്ലോങ് ആർച്ച് ബിഷപ്പ് വിക്ടർ ലിങ്ദോയുടെ ക്ഷണപ്രകാരം ചടങ്ങിൽ പങ്കെടുത്ത കർദിനാൾ ഫിലിപ്പെ നേരി ഫെറാവോ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കുകയും പ്രദക്ഷിണത്തിന് നേതൃത്വം നൽകുകയും ചെയ്തു. സഹായമെത്രാൻ ബിഷപ് ബെർണാഡ് ലാലുവും സന്നിഹിതനായിരുന്നു.ദിവ്യകാരുണ്യം ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണെന്നും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും ഐക്യത്തിന്റെ ഉറവിടമാണെന്നും ആഘോഷം അടിവരയിട്ടു. വിശ്വാസം ആരാധനയിൽ മാത്രം ഒതുങ്ങാതെ സമൂഹത്തോടുള്ള സേവനത്തിലും കരുതലിലും പ്രകടമാകണമെന്നും ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി ജീവിക്കണമെന്നും വിശ്വാസികളെ ഓർമിപ്പിച്ചു.കർദിനാൾ ഫെറാവോയുടെ സാന്നിധ്യം വടക്കുകിഴക്കൻ ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ വളർച്ചയും ഖാസി കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസസാക്ഷ്യവും കൂടുതൽ ശ്രദ്ധേയമാക്കി. വിവിധ തലമുറകളിലുള്ള വിശ്വാസികളെ ഒരുമിപ്പിച്ച പ്രദക്ഷിണം ക്രൈസ്തവ കൂട്ടായ്മ ശക്തിപ്പെടുത്താനും സുവിശേഷമൂല്യങ്ങൾ ദൈനംദിന ജീവിതത്തിൽ പകർത്താനുമുള്ള ആഹ്വാനത്തോടെ സമാപിച്ചു.

