ഗുവാഹത്തി: വർധിച്ചുവരുന്ന മാനസികവും വൈകാരികവുമായ വെല്ലുവിളികൾ നേരിടുന്നവർക്കു പിന്തുണയും പരിചരണവും ഉറപ്പാക്കാൻ എല്ലാ കത്തോലിക്കാ ഇടവകകളിലും പ്രത്യേക മാനസികാരോഗ്യ ശുശ്രൂഷാ വിഭാഗം ആരംഭിക്കണമെന്ന് കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രി (സിഎംഎച്ച്എം) ആവശ്യപ്പെട്ടു.
സഭയുടെ അജപാലന ദൗത്യത്തിന്റെ അവിഭാജ്യ ഘടകമായി മാനസികാരോഗ്യ പരിചരണത്തെ മാറ്റണമെന്നും സംഘടന നിർദേശിച്ചു.നവംബർ 5, 6 തീയതികളിൽ ഗുവാഹത്തി അതിരൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ മാനസികാരോഗ്യ സമ്മേളനത്തിലാണ് ഈ നിർദേശം ഉൾപ്പെടെയുള്ള സുപ്രധാന ശുപാർശകൾ മുന്നോട്ടുവച്ചത്. ‘തടസങ്ങൾ തകർത്ത് പ്രത്യാശ പകരുക’ എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 245 പേർ പങ്കെടുത്തു.
സിബിസിഐ ആരോഗ്യകാര്യാലയത്തിന്റെ നേതൃത്വത്തിൽ നോർത്ത് ഈസ്റ്റ് കമ്മ്യൂണിറ്റി ഹെൽത്ത് അസോസിയേഷൻ, കോൺഫറൻസ് ഓഫ് റിലീജിയസ് (സിആർഐ) നോർത്ത് ഈസ്റ്റ് മേഖല എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഒപ്പം നിൽക്കേണ്ടത് സഭയുടെ ഉത്തരവാദിത്വമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.ഗുവാഹത്തി ആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനസികവും വൈകാരികവുമായി പ്രയാസമനുഭവിക്കുന്നവർക്ക് കരുണയുടെയും കരുതലിന്റെയും സാന്നിധ്യമായി സഭ മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.സിബിസിഐ ആരോഗ്യകാര്യാലയം ചെയർമാൻ ആർച്ച് ബിഷപ്പ് തോമസ് നെറ്റോ അധ്യക്ഷത വഹിച്ചു.
മാനസികാരോഗ്യ സംരക്ഷണം സഭയുടെ അനിവാര്യമായ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. നല്ല സമരിയാക്കാരന്റെ മാതൃക ഉയർത്തിക്കാട്ടിയ അദ്ദേഹം, പ്രതിസന്ധികൾ നേരിടുന്ന കുടുംബങ്ങൾ, കുട്ടികൾ, യുവജനങ്ങൾ, വയോജനങ്ങൾ എന്നിവരിലേക്ക് സഭയുടെ കരുതൽ എത്തണമെന്നും ആവശ്യപ്പെട്ടു. കരുണയും സ്നേഹവും നിറഞ്ഞ സഭയെ കെട്ടിപ്പടുക്കുന്നത് കേവലം ഒരു പദ്ധതിയല്ല, മറിച്ച് സുവിശേഷത്തിന്റെ ആഹ്വാനവും കാലഘട്ടത്തിന്റെ അടിയന്തര ആവശ്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎംഎച്ച്എമ്മിന്റെ സഭാപരമായ ഉപദേഷ്ടാവ് ആർച്ച് ബിഷപ്പ് തോമസ് തറയിൽ വീഡിയോ സന്ദേശത്തിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. മാനസികാരോഗ്യവും സമഗ്രമായ ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരാൻ അദ്ദേഹം സംഘടനയോട് ആഹ്വാനം ചെയ്തു.രാജ്യത്തെ മാനസികാരോഗ്യ സാഹചര്യം, പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്നിവ സമ്മേളനം വിലയിരുത്തി. സിബിസിഐ ആരോഗ്യകാര്യാലയം ദേശീയ സെക്രട്ടറി ഫാ. സന്തോഷ് ഡയസ് രാജ്യത്തെ മാനസികാരോഗ്യ സ്ഥിതിയും ഇതിൽ സഭയുടെ പങ്കും വിശദീകരിച്ചു. വടക്കുകിഴക്കൻ മേഖലയിലെ മാനസികാരോഗ്യ വിദഗ്ധർ പ്രാദേശിക പ്രശ്നങ്ങളും സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളും അവതരിപ്പിച്ചു. സിഎംഎച്ച്എം ദേശീയ സെക്രട്ടറി സിസ്റ്റർ ഡോ. ജോവാൻ ചുങ്കപ്പുര, താമരശ്ശേരി രൂപതയിലെ സിഎംഎച്ച്എം ഡയറക്ടർ ഫാ. ഡോ. കുര്യൻ പുറമാടം എന്നിവർ മാനസികാരോഗ്യവും ആത്മീയതയും തമ്മിലുള്ള ബന്ധം വിശകലനം ചെയ്തു. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർ വിദഗ്ധ സഹായം തേടുന്നതിന് തടസമാകുന്ന സാമൂഹികമായ അപമാനബോധം, തെറ്റിദ്ധാരണകൾ, അടിസ്ഥാനരഹിതമായ വിശ്വാസങ്ങൾ എന്നിവയും സമ്മേളനം ചർച്ച ചെയ്തു.

