വത്തിക്കാൻ സിറ്റി : സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരുന്ന കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ജീവിതത്തിൽ എല്ലാവരും ഉത്തരവാദിത്തത്തോടെ ഇടപെടണമെന്ന് ലെയോ പതിനാലാമൻ പാപ്പ.
പ്രത്യേകിച്ച് കുടിയേറ്റക്കാരും അഭയാർഥികളുമായ കുട്ടികളെയും കൗമാരക്കാരെയും സംരക്ഷിക്കുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്നും പാപ്പ പറഞ്ഞു.
സെപ്റ്റംബർ 23-ന് വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചയുടെ സമാപനത്തിൽ വിവിധ ഭാഷകളിലുള്ള വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സെപ്റ്റംബർ 27-ന് ആചരിക്കുന്ന ലോക കുടിയേറ്റ-അഭയാർഥി ദിനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാപ്പായുടെ ആഹ്വാനം.
സ്വന്തം നാടും വീടും ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്ന കുടിയേറ്റക്കാരെയും അഭയാർഥികളെയും കുറിച്ച് താൻ പ്രത്യേകമായി ചിന്തിക്കുന്നതായി ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. കുടിയേറ്റക്കാരും അഭയാർഥികളുമായ കുട്ടികളും കൗമാരക്കാരുമാണ് പലപ്പോഴും ഏറ്റവും കൂടുതൽ ദുരിതങ്ങൾ നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.യുദ്ധം, സംഘർഷങ്ങൾ, ദാരിദ്ര്യം, സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ സാഹചര്യങ്ങളിൽ വീടും കുടുംബവും വിട്ടുപോകേണ്ടിവരുന്ന ബാലരുടെ സുരക്ഷയും മാനവിക അന്തസ്സും ഉറപ്പാക്കാൻ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും പാപ്പ ഓർമിപ്പിച്ചു.

