ജോര്‍ജ് എഫ്. സേവ്യര്‍
ഭൂമി മനുഷ്യന് സ്വന്തമാക്കാനുള്ള ഒരു സ്വത്തല്ല; ദൈവത്തിന്റെ സൃഷ്ടിയും മനുഷ്യനു സംരക്ഷിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട പൊതുഭവനവുമാണ് എന്ന കാഴ്ചപ്പാടാണ് കത്തോലിക്കാസഭ മുന്നോട്ടുവയ്ക്കുന്നത്. പ്രകൃതിയോടുള്ള ഉത്തരവാദിത്വം വിശ്വാസജീവിതത്തിന്റെ തന്നെ ഭാഗമാണെന്ന ബോധ്യത്തിലേക്ക് സഭ നിരന്തരം വിശ്വാസികളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു. തീരദേശ ജനങ്ങളുടെ ജീവിതത്തില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ചുള്ള ആശങ്ക കൊല്ലം രൂപത നടപ്പാക്കുന്ന ”ലൗദാത്തോ സി ഭൂമിക്കൊരു കുട” എന്ന പദ്ധതിയുടെ പിന്നിലുണ്ട്. രൂപതാധ്യക്ഷനായതുമുതല് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ഹരിതചട്ടങ്ങള്ക്ക് പ്രാധാന്യം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ”ലൗദാത്തോ സി ഭൂമിക്കൊരു കുട” എന്ന സംരംഭത്തെ കാണുന്നത്.
”ഇനിയും മരിക്കാത്ത ഭൂമി!
നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.”
മലയാളത്തിന്റെ മഹാകവി ഒ.എന്‍.വി. കുറുപ്പ് ഭൂമിക്കൊരു ചരമഗീതം എന്ന കവിതയില്‍ കുറിച്ച വരികള്‍. മനുഷ്യന്റെ അത്യാര്ത്തികള്ക്കും പ്രകൃതിയോടുള്ള അവഗണനയ്ക്കും മുന്നില്‍ ഒരു ദിവസം ഭൂമി തന്നെ ചരമശയ്യയിലാകുമെന്ന ഭീതിദമായ മുന്നറിയിപ്പായിരുന്നു ആ കവിത. ഭൂമിയുടെ മരണത്തെക്കുറിച്ച് ഒരു കവി പാടുമ്പോള്‍ അതൊരു കവിത മാത്രമല്ലാതാകുന്നു. വരാനിരിക്കുന്ന ദുരന്തത്തിന്റെ മണിയൊച്ചയായി അത് മാറുന്നു. മനുഷ്യന്റെ അത്യാര്‍ത്തിയും പ്രകൃതിയോടുള്ള അവഗണനയും ഒരുനാള്‍ ഭൂമിയുടെ തന്നെ ശ്വാസം മുട്ടിക്കുമെന്ന മുന്നറിയിപ്പായി ആ വരികള്‍ നമ്മുടെ മനസ്സില്‍ പതിയുന്നു. പ്രകൃതിയെ അമ്മയായി കണ്ട കവി, ഭൂമിയുടെ മരണത്തില്‍ മനുഷ്യവര്‍ഗത്തിന്റെ തന്നെ മരണമാണ് കണ്ടത്. ഒരുകാലത്ത് പ്രകൃതിയോടുള്ള ആദരവ് ജീവിതത്തിന്റെ സ്വാഭാവിക ഭാഗമായിരുന്നു. മണ്ണിനോട് സംസാരിച്ച കര്‍ഷകനും, പുഴയെ അമ്മയായി കണ്ട മനുഷ്യനും, കായലിനെയും കടലിനെയും ഉപജീവനത്തിന്റെ ഭാഗമെന്നതിലുപരി ജീവിതത്തിന്റെ തന്നെ ഭാഗമാക്കിയ മത്സ്യത്തൊഴിലാളിയും പ്രകൃതിയുമായി ഒരു സഹജീവിതബന്ധം പുലര്‍ത്തിയിരുന്നു. ഇന്ന് ആ ബന്ധത്തില്‍ വിള്ളലുകള്‍ വീണിരിക്കുന്നു. വികസനത്തിന്റെ പേരില്‍ കുന്നുകള്‍ ഇടിയുന്നു. പുഴകള്‍ ചുരുങ്ങുന്നു. കായലുകള്‍ കൈയേറപ്പെടുന്നു. കടലിലേക്ക് ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ അളവ് കൂടുന്നു. പ്ലാസ്റ്റിക് മനുഷ്യന്റെ ജീവിതത്തില്‍ മാത്രമല്ല, മണ്ണിലും വെള്ളത്തിലും കടല്‍ജീവികളുടെ ശരീരത്തിലും വരെ ഇടം പിടിക്കുന്നു. പ്രകൃതിയെ ഉപയോഗിക്കാനുള്ള അവകാശത്തെക്കുറിച്ച് മനുഷ്യന് ഏറെ സംസാരിച്ചു; എന്നാല്‍ പ്രകൃതിയെ സംരക്ഷിക്കാനുള്ള കടമയെക്കുറിച്ച് അത്രയൊന്നും ചിന്തിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പയുടെ ലൗദാത്തോ സിയുടെ ശബ്ദം ലോകത്തോട് സംസാരിച്ചത്.
ഈ തിരിച്ചറിവിന് ക്രൈസ്തവ ചിന്തയിലും പ്രത്യേക പ്രാധാന്യമുണ്ട്. ഭൂമി മനുഷ്യന് സ്വന്തമാക്കാനുള്ള ഒരു സ്വത്തല്ല; ദൈവത്തിന്റെ സൃഷ്ടിയും മനുഷ്യനു സംരക്ഷിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട പൊതുഭവനവുമാണ് എന്ന കാഴ്ചപ്പാടാണ് കത്തോലിക്കാസഭ മുന്നോട്ടുവയ്ക്കുന്നത്. പ്രകൃതിയോടുള്ള ഉത്തരവാദിത്വം വിശ്വാസജീവിതത്തിന്റെ തന്നെ ഭാഗമാണെന്ന ബോധ്യത്തിലേക്ക് സഭ നിരന്തരം വിശ്വാസികളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു.
ഭൂമി നമ്മുടേതുമാത്രമല്ല
ഈ പരിസ്ഥിതി ജാഗ്രതയ്ക്ക് ആഗോളതലത്തില്‍ ശക്തമായ സ്വരം നല്കിയ രേഖയാണ് ഫ്രാന്‍സിസ് പാപ്പയുടെ ലൗദാത്തോ സി. ”അങ്ങേയ്ക്കു സ്തുതി” എന്നര്‍ഥമുള്ള ലൗദാത്തോ സി എന്ന പേര് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ സൃഷ്ടിസ്തുതിഗീതത്തില്നിന്നാണ് സ്വീകരിച്ചത്. സൃഷ്ടിയെ സഹോദരനെയും സഹോദരിയെയും പോലെ കണ്ട വിശുദ്ധ ഫ്രാന്‍സിസിന്റെ ആത്മാവില്‍നിന്ന് ഉയര്‍ന്ന ആ വാക്കുകള്‍ ആധുനിക ലോകത്തോട് പറയുന്നത് വളരെ ലളിതമായ ഒരു കാര്യമാണ് ഭൂമി നമ്മുടേതുമാത്രമല്ല. നമ്മുടെ മുമ്പ് ജീവിച്ചവരുടേതുമല്ല.

നമ്മുടെ തലമുറയുടേതുമാത്രമല്ല. വരാനിരിക്കുന്ന തലമുറകളുടെയും കൂടിയാണ്. കത്തോലിക്കാസഭയുടെ പരിസ്ഥിതി ജാഗ്രത ഈ ബോധ്യത്തിലാണ് നിലകൊള്ളുന്നത്. ഭൂമി മനുഷ്യന്റെ അനിയന്ത്രിത ഉപഭോഗത്തിനായി മാത്രം നല്കിയ ഒരു വസ്തുവല്ല. ദൈവത്തിന്റെ സൃഷ്ടിയായ ഭൂമിയെ സംരക്ഷിക്കാനും പരിപാലിക്കാനും മനുഷ്യന് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം ഒരു സാമൂഹിക വിഷയമോ ശാസ്ത്രീയ വിഷയമോ സാമ്പത്തിക വിഷയമോ മാത്രമല്ല; അത് ധാര്‍മികവും ആത്മീയവുമായ ഉത്തരവാദിത്വം കൂടിയാണ്. പ്രകൃതിയുടെ മുറിവുകള്‍ ഒടുവില്‍ മനുഷ്യന്റെ മുറിവുകളായി മാറുന്നു. മലിനമായ വെള്ളം ദരിദ്രന്റെ ജീവിതത്തെ ആദ്യം ബാധിക്കുന്നു. കടലിന്റെ ആരോഗ്യം നഷ്ടപ്പെടുമ്പോള്‍ അതിന്റെ ആഘാതം ആദ്യം അനുഭവിക്കുന്നത് മത്സ്യത്തൊഴിലാളിയാണ്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ ഉപജീവനമാര്‍ഗങ്ങളെ തകര്‍ക്കുമ്പോള്‍ ഏറ്റവും ദുര്ബലരായവരാണ് ആദ്യം തകര്‍ന്നുവീഴുന്നത്. അതിനാല്‍ പ്രകൃതിയുടെ സംരക്ഷണവും മനുഷ്യന്റെ സംരക്ഷണവും വേര്‍തിരിക്കാനാവാത്ത കാര്യങ്ങളാണ്.
ഫ്രാന്‍സിസ് പാപ്പയുടെ ലൗദാത്തോ സിയുടെ സന്ദേശത്തെ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് പുറത്തിറങ്ങിയ ലൗദാത്തേ ദേവും മനുഷ്യന്റെ പ്രകൃതിയോടുള്ള ഉത്തരവാദിത്വത്തെ വീണ്ടും ഓര്‍മിപ്പിച്ചു. സഭയുടെ ഈ ആഹ്വാനത്തെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നു.
കേരളത്തിന്റെ തീരദേശ ജീവിതവും ജലാശയങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും മുന്നില്‍വച്ചാല്‍ ഈ ആഹ്വാനത്തിന് പ്രത്യേക പ്രസക്തിയുണ്ട്. അതിന്റെ ഒരു പ്രാദേശിക മാതൃകയായി മാറുകയാണ് ഭാരതത്തിലെ പ്രഥമ രൂപതയായ കൊല്ലം രൂപതയുടെ ”ലൗദാത്തോ സി ഭൂമിക്കൊരു കുട” എന്ന പദ്ധതി.
കൊല്ലത്തിന് ഒരു കുടയല്ല, ഭൂമിക്കാകെ ഒരു കുട
കൊല്ലംകാരനായ മലയാളത്തിന്റെ മഹാകവി ഒഎന്‍വി കുറുപ്പ് ഭൂമിയുടെ ചരമമുന്നറിയിപ്പ് കവിതയിലൂടെ നല്കിയപ്പോള്, അതേ കൊല്ലത്തിന്റെ മണ്ണില്‍ ഭൂമിയെ സംരക്ഷിക്കാന്‍ ഒരു കുടപിടിച്ചുകൊണ്ട് കൊല്ലം രൂപതാധ്യക്ഷന്‍ ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി മുന്നോട്ടുവന്നിരിക്കുകയാണ്. ”കൊല്ലത്തിനൊരു കുട” എന്ന പേരിലല്ല, ലോകത്തിനാകെ ഭൂമിക്കൊരു കുട എന്ന വിശാലമായ ആശയത്തോടെയാണ് പദ്ധതിക്ക് ”ലൗദാത്തോ സി ഭൂമിക്കൊരു കുട” എന്ന പേര് നല്‍കിയിരിക്കുന്നത്. നിരവധി മനുഷ്യര്‍ കൈകോര്‍ക്കുമ്പോള്‍ ഭൂമിയെ പൊതിയുന്ന ഒരു വലിയ സംരക്ഷണകുടയായി ഈ ശ്രമം മാറുകയാണ്. ഒരു കുടയ്ക്ക് കീഴില്‍ നില്ക്കുമ്പോള് അവിടെ നില്ക്കുന്നവരുടെ ജാതിയും മതവും രാഷ്ട്രീയവും ആരും ചോദിക്കാറില്ല. മഴ എല്ലാവരെയും ഒരുപോലെ നനയ്ക്കുന്നതുപോലെ, ഭൂമിയുടെ പ്രതിസന്ധിയും എല്ലാവരെയും ഒരുപോലെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഭൂമിക്കായി ഉയരുന്ന കുടയും എല്ലാവര്ക്കുമുള്ളതാകണം എന്നതായിരുന്നു ബിഷപ് പോള്‍ ആന്റണിയുടെ ചിന്ത.
അറബിക്കടല്‍, അഷ്ടമുടിക്കായല്‍, ശാസ്താംകോട്ട ശുദ്ധജലതടാകം തുടങ്ങി കൊല്ലത്തിന്റെ ജലസമ്പത്തുകള്‍ ഇന്ന് നിരവധി പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്നു.

മൈക്രോ പ്ലാസ്റ്റിക്കുകള്‍, രാസമാലിന്യങ്ങള്‍, വ്യവസായ അവശിഷ്ടങ്ങള്‍, മലിനജലം തുടങ്ങിയവ ജലസ്രോതസ്സുകളെയും മത്സ്യസമ്പത്തിനെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്.
തീരദേശ ജനങ്ങളുടെ ജീവിതത്തില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ചുള്ള ആശങ്കയും ഈ പദ്ധതിയുടെ പിന്നിലുണ്ട്. രൂപതാധ്യക്ഷനായതുമുതല് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ഹരിതചട്ടങ്ങള്ക്ക് പ്രാധാന്യം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ”ലൗദാത്തോ സി ഭൂമിക്കൊരു കുട” എന്ന സംരംഭത്തെ കാണുന്നത്.
ഇടവകകളിലും സ്ഥാപനങ്ങളിലും വീടുകളിലും വൃക്ഷത്തൈകള്‍ നടുക, കൃഷിക്ക് പ്രോത്സാഹനം നല്‍കുക, ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുക, ബോധവല്‍ക്കരണത്തിലൂടെ മനുഷ്യരുടെ സമീപനങ്ങളില്‍ മാറ്റം സൃഷ്ടിക്കുക തുടങ്ങിയവ പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങളാണ്.
കടല്‍ത്തീരങ്ങളുടെയും ഉള്‍നാടന്‍ ജലാശയങ്ങളുടെയും ശുചിത്വം ഉറപ്പാക്കുക, ദരിദ്രരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക, വൃക്ഷവ്യാപനം നടത്തുക, പരിസ്ഥിതി സൗഹൃദ പരിപാടികള്‍ ആസൂത്രണം ചെയ്യുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.
ഒരു കൂട്ടായ്മയുടെ കുട
ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരിയുടെ തീരുമാനപ്രകാരം പദ്ധതിയുടെ നടത്തിപ്പിനായി വികാരി ജനറല്‍ മോണ്‍. ബൈജു ജൂലിയാനെ ചെയര്‍മാനായും ഫാ. ബിനു തോമസ് തുപ്പാശ്ശേരിയെ വൈസ് ചെയര്‍മാനായും ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീടിനെ ജനറല്‍ കണ്‍വീനറായും ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു. ജയിന് ആന്‍സില്‍ ഫ്രാന്‍സിസ് വനിതാവിഭാഗം കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു. വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വി.ടി. കുരീപ്പുഴ, യോഹന്നാന് ആന്റണി, റീത്ത ദാസ്, സുനിത, അമല്‍ അലോഷ്യസ്, ബിബിന്‍ ജോസ് എന്നിവര്‍ ഉപകണ്വീനര്മാരുമാണ്.
എന്നാല്‍ ”ലൗദാത്തോ സി ഭൂമിക്കൊരു കുട” ഒരു രൂപതയുടെ മാത്രം പ്രവര്‍ത്തനമായി ചുരുങ്ങുന്നില്ല. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ലൗദാത്തോ സി പ്രകൃതി സംരക്ഷണ സമിതി ഈ സംരംഭത്തിന് വിശാലമായ സാമൂഹിക മുഖം നല്കുന്നു.
നാടക-സിനിമാ നടനും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ കെപിഎസി ലീലാകൃഷ്ണന് കോര്‍ഡിനേറ്ററായും റോഡ് സുരക്ഷാ പ്രവര്‍ത്തകനും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനുമായ എച്ച്. ഷാനവാസ് ഉപകോര്ഡിനേറ്ററായും സാഹിത്യകാരന് ശിവരാജന് കോവിലഴികം, ചിത്രകാരന് ബൈജു പുനുക്കൊന്നൂര്‍, ശില്പി ഗുരുപ്രസാദ് എന്നിവര്‍ സംയുക്ത കണ്‍വീനര്‍മാരായും പ്രവര്‍ത്തിക്കുന്നു.

കൊല്ലം രൂപതയിലെ വിവിധ ഭക്തസംഘടനകള്‍, ജീവന് സംരക്ഷണ സമിതി, ബി.സി.സി., ആരോഗ്യ ശുശ്രൂഷാ വിഭാഗം, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍, വിവിധ ഭരണകേന്ദ്രങ്ങള്‍, പരിസ്ഥിതി-സാമൂഹിക-കാരുണ്യ-സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി വിഭാഗങ്ങള്‍ ഈ കൂട്ടായ്മയുടെ ഭാഗമായി മാറിയിട്ടുണ്ട്. മത-രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് പ്രകൃതിയുടെ സംരക്ഷണത്തിനായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഒരു രൂപതയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണെങ്കിലും അതിനെ മതിലുകള്‍ക്കുള്ളില്‍ ഒതുക്കാനുള്ള ശ്രമമല്ല ഇവിടെ കാണുന്നത്. പ്രകൃതിക്ക് മതമില്ല. വെള്ളത്തിന് മതമില്ല. കാറ്റിന് മതമില്ല. സൂര്യപ്രകാശത്തിന് മതമില്ല. അതുകൊണ്ടുതന്നെ പ്രകൃതിയുടെ സംരക്ഷണത്തിനും മതിലുകള്ക്കപ്പുറത്തേക്കുള്ള ഒരു കൂട്ടായ്മ ആവശ്യമാണ്.
ഒരു വൃക്ഷത്തൈയില്നിന്ന് തുടങ്ങുന്ന മാറ്റം
വലിയ മുദ്രാവാക്യങ്ങള്‍ക്കപ്പുറം ചെറിയ പ്രവര്‍ത്തനങ്ങളിലാണ് പദ്ധതിയുടെ ഊന്നല്‍. ഇടവകകളിലും സ്ഥാപനങ്ങളിലും വീടുകളിലും വൃക്ഷത്തൈകള്‍ നടുക. കൃഷിക്ക് പ്രോത്സാഹനം നല്‍കുക. ജൈവമാലിന്യവും അജൈവമാലിന്യവും വേര്‍തിരിച്ച് ശേഖരിച്ച് സംസ്കരിക്കുക. ജലാശയങ്ങളെയും കടല്‍ത്തീരങ്ങളെയും ശുചിയായി സൂക്ഷിക്കുക. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് മനുഷ്യരെ ബോധവല്‍ക്കരിക്കുക. ഇവ കേള്‍ക്കുമ്പോള്‍ വളരെ സാധാരണമായ കാര്യങ്ങളാണെന്ന് തോന്നാം. എന്നാല്‍ ഭൂമിയുടെ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കേണ്ടതും ഇത്തരം ചെറിയ പ്രവൃത്തികളിലൂടെയാണ്.
ഒരു വീട്ടില്‍ നട്ട ഒരു വൃക്ഷം ഒരു ദിവസം തണലാകും. ഒരു ഇടവകയില്‍ നട്ട നൂറ് വൃക്ഷങ്ങള്‍ ഒരു ചെറിയ പച്ചപ്പായി മാറും. നൂറ് ഇടവകകള്‍ പച്ചപ്പിന്റെ ഒരു ശൃംഖലയായി മാറും. അങ്ങനെ ഒരു തൈയില്‍നിന്ന് ഒരു വനം വളരുന്നതുപോലെ ഒരു ചെറിയ ബോധത്തില്‍നിന്ന് ഒരു പരിസ്ഥിതി സംസ്കാരവും വളരാം.
ദരിദ്രരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉന്നമനം, തീരദേശത്തിന്റെയും ഉള്‍നാടന്‍ ജലാശയങ്ങളുടെയും ശുചിത്വം, വൃക്ഷവ്യാപനം, പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
അഷ്ടമുടിയുടെ കണ്ണീരില്‍
കൊല്ലത്തിന്റെ ആത്മാവിനെക്കുറിച്ച് പറയുമ്പോള്‍ അഷ്ടമുടിക്കായലിനെ ഒഴിവാക്കാനാവില്ല. എട്ട് ശാഖകളായി പിരിഞ്ഞൊഴുകുന്ന ജലത്തിന്റെ വിശാലമായ ശരീരം. വെള്ളത്തില്‍ ആകാശം പ്രതിഫലിക്കുന്ന കാഴ്ച. വള്ളങ്ങളുടെ യാത്ര. തീരദേശ ജീവിതത്തിന്റെ ശബ്ദങ്ങള്‍. മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകള്‍. തലമുറകളുടെ ഓര്‍മകള്‍. അഷ്ടമുടി ഒരു കായല്‍ മാത്രമല്ല. കൊല്ലത്തിന്റെ ചരിത്രവും സംസ്കാരവും ജീവിതവും ചേര്‍ന്നുനില്‍ക്കുന്ന ഒരു ജലഭൂപടമാണ്. അന്താരാഷ്ട്ര പ്രാധാന്യമുള്ള റാംസര്‍ പ്രദേശമായ അഷ്ടമുടിക്കായല്‍ ഇന്ന് പ്ലാസ്റ്റിക് മലിനീകരണം, കൈയേറ്റം, രാസമാലിന്യങ്ങള്‍ തുടങ്ങിയ ഭീഷണികള്‍ നേരിടുന്നു. തീരങ്ങളിലെ കണ്ടല്‍ക്കാടുകളുടെ നാശവും ആശങ്കപ്പെടുത്തുന്നതാണ്. കേരളത്തിലെ പ്രധാന ശുദ്ധജല തടാകമായ ശാസ്താംകോട്ടയും പ്രതിസന്ധികളില്‍നിന്ന് മുക്തമല്ല. കളിമണ്ണ് ഖനനം, കൈയേറ്റം, ജലനിരപ്പിലെ കുറവ് തുടങ്ങിയവ അതിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നു.
”എട്ട് ശാഖകള്‍” എന്ന അര്‍ഥമാണ് അഷ്ടമുടി എന്ന പേരിനുള്ളത്. എട്ട് മുടികള്‍ ചേര്‍ന്ന ഈ കായലിന്റെ തീരങ്ങളിലായി കൊല്ലം രൂപതയിലെ നിരവധി ഇടവകകള്‍ സ്ഥിതിചെയ്യുന്നു. മണ്‍റോതുരുത്ത്, ചവറ തെക്കുംഭാഗം, ദളവാപുരം, പള്ളിയാത്തുരുത്ത്, സെന്റ് സെബാസ്റ്റ്യന്‍ ഐലന്‍ഡ്, പൂത്തുരുത്ത്, പന്നയ്ക്കല്‍ത്തുരുത്ത്, കൊച്ചുതുരുത്ത്, കാക്കത്തുരുത്ത്, പുത്തന്‍തുരുത്ത്, കല്ലുകട തെക്കേത്തുരുത്ത്, മദാമ്മത്തുരുത്ത്, ബിഷപ്പിന്റെ തുരുത്ത് തുടങ്ങി നിരവധി തുരുത്തുകളും ഈ കായലിന്റെ ഭാഗമാണ്.
അഷ്ടമുടിയുമായുള്ള രൂപതയുടെ ഈ ആത്മബന്ധം കൊണ്ടാകാം ദൈവദാസന് ബിഷപ് ജെറോം ഫെര്‍ണാണ്ടസ് മാതാവിനെ ”അഷ്ടജല റാണി”യായി പ്രഖ്യാപിക്കുകയും അഷ്ടമുടിയില്‍ അഷ്ടജല റാണി പള്ളി സ്ഥാപിക്കുകയും ചെയ്തത്.
അതുകൊണ്ടുതന്നെ ”ലൗദാത്തോ സി ഭൂമിക്കൊരു കുട” പദ്ധതിയുടെ ഇടവകതല പ്രവര്‍ത്തനങ്ങളുടെ രൂപതാതല ഉദ്ഘാടനം അഷ്ടജല റാണി പള്ളിയില്‍ നടത്തിയത് പ്രതീകാത്മകമായിരുന്നു. രൂപത വികാരി ജനറല്‍ മോണ്‍. ബൈജു ജൂലിയാന് വൃക്ഷത്തൈ നട്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇടവക വികാരി ഫാ. സൈജു സൈമണും വിവിധ ഭാരവാഹികളും ഫലവൃക്ഷത്തൈകള്‍ നട്ടുകൊണ്ട് പദ്ധതിയുടെ ഭാഗമായി.
അഷ്ടമുടിയുടെ തീരത്ത് നട്ട ആ തൈകള്‍ നാളെയുടെ വലിയ മരങ്ങളാകും. അവയുടെ തണലില്‍ ഒരിക്കല്‍ ആരെങ്കിലും നില്ക്കുമ്പോള്, ഈ കാലത്ത് ചിലര്‍ ഭൂമിയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് അവര്‍ ഓര്‍ക്കട്ടെ.
കടലിനെ ശുചീകരിക്കുന്ന കൈകള്‍
ഭൂമിയുടെ ഏറ്റവും വലിയ കണ്ണാടികളിലൊന്നാണ് കടല്‍. മനുഷ്യന് അതിലേക്ക് എന്തെല്ലാം വലിച്ചെറിഞ്ഞാലും അത് തിരിച്ചുപറയാതെ സഹിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കടലിന് അതിന്റെ സ്വന്തം ഭാഷയുണ്ട്. മരിക്കുന്ന മത്സ്യങ്ങളിലും തീരത്തടിയുന്ന പ്ലാസ്റ്റിക്കിലും ഇല്ലാതാകുന്ന കടല്‍ജീവികളിലും ആ ഭാഷ കേള്‍ക്കാം.
”ലൗദാത്തോ സി ഭൂമിക്കൊരു കുട”യുടെ ഭാഗമായി ബെന്‍സിഗര്‍ ആശുപത്രി, ബെന്‍സിഗര്‍ കോളജ് ഓഫ് നഴ്സിങ്, സ്കൂള്‍ ഓഫ് നഴ്സിങ് എന്നിവയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണവും സംഘടിപ്പിച്ചു.
കൊല്ലം ബീച്ച് മുതല്‍ പോര്‍ട്ട് കൊല്ലം വരെയുള്ള ബിഷപ് ജെറോം തീരദേശ റോഡില്‍ പ്ലാസ്റ്റിക്, പുകയില അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു. തീരദേശ ശുചീകരണം ഒരു ദിവസത്തെ ചടങ്ങായി അവസാനിക്കാതെ കടലിനെയും അതിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരെയും സംരക്ഷിക്കേണ്ടതിന്റെ ഓര്‍മപ്പെടുത്തലായി മാറുകയായിരുന്നു.
സെപ്റ്റംബര്‍ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനമായി ആചരിക്കുന്നത്. കടല്‍ത്തീരങ്ങളെയും ജലാശയങ്ങളെയും മാലിന്യങ്ങളില്‍നിന്ന് മുക്തമാക്കുന്നതിനും സമുദ്രപരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്. 1986-ല്‍ അമേരിക്കയിലെ ഓഷ്യന്‍ കണ്‍സര്‍വന്‍സിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പ്രവര്‍ത്തനം പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ഇന്ത്യയില്‍ 2006 മുതല്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും തീരദേശ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്കുന്നു.
പ്ലാസ്റ്റിക് കവറുകളും കുപ്പികളും സിഗരറ്റ് കുറ്റികളും നീക്കം ചെയ്യുന്നത് ഒരു ദിവസത്തെ ശുചീകരണത്തിന്റെ ഭാഗം മാത്രമാണ്. അതിനേക്കാള്‍ പ്രധാനപ്പെട്ടത് വീണ്ടും അതേ മാലിന്യം കടലിലേക്ക് എത്താതിരിക്കാനുള്ള മനോഭാവം വളര്‍ത്തുകയാണ്.
കലയും പരിസ്ഥിതിയും കൈകോര്‍ക്കുമ്പോള്‍
പ്രകൃതിയെ സംരക്ഷിക്കുന്ന പോരാട്ടത്തിന് ശാസ്ത്രത്തിന്റെയും ഭരണകൂടത്തിന്റെയും നിയമത്തിന്റെയും മാത്രം പിന്തുണ പോരാ. മനുഷ്യന്റെ മനസ്സും മാറണം. മനസ്സ് മാറ്റാന്‍ കലയ്ക്ക് കഴിയുന്നു. പ്രകൃതി സംരക്ഷണം പ്രസംഗങ്ങളിലും സെമിനാറുകളിലും മാത്രം ഒതുങ്ങേണ്ടതില്ല. മനുഷ്യന്റെ ഭാവനയെയും കലാബോധത്തെയും കൂടി അതിനൊപ്പം ചേര്‍ക്കുമ്പോഴാണ് ഒരു ആശയം ജനജീവിതത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ പ്രവേശിക്കുന്നത്. ഈ ചിന്തയ്ക്ക് ഉദാഹരണമായി ”ലൗദാത്തോ സി ഭൂമിക്കൊരു കുട” പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഋഷികേശ് ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിച്ച ”ഭൂമിക്കൊരു കുട” ചിത്രകലാ ക്യാമ്പിനെ കാണാം. റോട്ടറി ക്ലബ് ഓഫ് കുണ്ടറ മിഡ് ടൗണും കുണ്ടറ സ്പെക്ട്രം ആര്‍ട്ട് ഗാലറിയും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ആനന്ദകുമാര്‍, ബൈജു പുനുക്കൊന്നൂര്‍, ദേവി ഗോപിനാഥ്, ദോസ്തി ഡി., ഗുരുപ്രസാദ് അയ്യപ്പന്, ജയഘോഷ് പള്ളിമണ്‍, ജയപ്രകാശ് പഴയിടം, കുസുമം എസ്., പ്രദീപ് പേയാടന്‍, പ്രജു ബി., രശ്മിമോള്, ശരത് മുളങ്കാടകം, വിനു മാധവന് തുടങ്ങിയ ചിത്രകാരന്മാര് ക്യാമ്പില്‍ പങ്കെടുത്ത് പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം ക്യാന്‍വാസിലേക്ക് പകര്‍ത്തി.

ഒരു ചിത്രം ചിലപ്പോള്‍ ഒരു പ്രസംഗത്തേക്കാള്‍ കൂടുതല്‍ നേരം മനുഷ്യന്റെ മനസ്സില്‍ നില്ക്കും. ഒരു പച്ചമരത്തിന്റെ ചിത്രം, മരം വെട്ടപ്പെടുന്നതിന്റെ വേദന ഓര്‍മിപ്പിച്ചേക്കാം. മലിനമായ നദിയുടെ ചിത്രം, നാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ജലത്തിന്റെ മുഖം കാണിച്ചേക്കാം. ഒരു നീലക്കടലിന്റെ ചിത്രം, അതിലേക്ക് നമ്മള് എറിയുന്ന പ്ലാസ്റ്റിക് കുപ്പിയെക്കുറിച്ച് നമ്മെ ലജ്ജിപ്പിച്ചേക്കാം. അങ്ങനെ കലയും പരിസ്ഥിതിയും കൈകോര്‍ക്കുമ്പോള്‍ സംരക്ഷണം ഒരു പ്രവര്‍ത്തനം മാത്രമല്ല, ഒരു സംസ്കാരമായി മാറുന്നു. കലയുടെ നിറങ്ങള്‍ പോലും ഭൂമിയുടെ പച്ചപ്പിനുവേണ്ടി സംസാരിക്കുമ്പോള്‍ ഒരു സാമൂഹിക സന്ദേശം കൂടുതല്‍ മനോഹരമായ ഭാഷ നേടുകയാണ്.
ഭാവിയെക്കുറിച്ചുള്ള ഭയം
നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തം പ്രകൃതി വിഭവങ്ങളുടെ കുറവു മാത്രമല്ല. ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള മനസ്സിന്റെ കുറവാണ്. വൈദ്യുതിയും വെള്ളവും ഉള്‍പ്പെടെയുള്ള അമൂല്യമായ പ്രകൃതിസമ്പത്തുകള്‍ പാഴാക്കാന്‍ നമുക്ക് മടിയില്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ധിക്കുന്നു. ജൈവമാലിന്യം, അജൈവമാലിന്യം, ദ്രവമാലിന്യം, ഇ-മാലിന്യം, അപകടകരമായ മാലിന്യം എന്നിവ കൂടിക്കൊണ്ടിരിക്കുന്നു. നമ്മുടെ വീടുകളിലെ ചവറ്റുകുട്ടയില്‍ അവസാനിക്കുന്ന ഒരു വസ്തു എവിടേക്കാണ് പോകുന്നതെന്ന് നാം പലപ്പോഴും അന്വേഷിക്കാറില്ല. നമ്മുടെ കൈയില്‍നിന്ന് വിട്ടുപോകുന്ന ഒരു പ്ലാസ്റ്റിക് കുപ്പി ഒടുവില്‍ ഒരു പുഴയിലെത്തുമോ, കായലിലെത്തുമോ, കടലിലെത്തുമോ എന്നതിനെക്കുറിച്ച് നാം ചിന്തിക്കാറില്ല. എന്നാല്‍ പ്രകൃതി മറക്കുന്നില്ല. മണ്ണ് ഓര്‍ക്കുന്നു. വെള്ളം ഓര്‍ക്കുന്നു. കടല്‍ ഓര്‍ക്കുന്നു. നാം മറന്നതെല്ലാം പ്രകൃതി ഒരുനാള്‍ തിരിച്ചുനല്‍കും. അതുകൊണ്ടാണ് ഇപ്പോള്‍ ഭൂമിക്കായി ഒരു കുട പിടിക്കേണ്ടത്.ഇവിടെയാണ് ”ലൗദാത്തോ സി ഭൂമിക്കൊരു കുട” പോലുള്ള കൂട്ടായ്മകളുടെ പ്രസക്തി.
ഒരു വൃക്ഷത്തൈ നടുന്നത് ചെറിയൊരു പ്രവൃത്തിയായി തോന്നാം. ഒരു പ്ലാസ്റ്റിക് കുപ്പി മണ്ണിലേക്കോ ജലത്തിലേക്കോ എറിയാതിരിക്കുന്നത് അതിലും ചെറിയൊരു തീരുമാനമായി തോന്നാം. മാലിന്യം വേര്‍തിരിച്ച് സംസ്കരിക്കുന്നത് ഒരു വീട്ടിലെ ശീലമെന്നു മാത്രം തോന്നാം. എന്നാല്‍ ഇത്തരം ചെറിയ തീരുമാനങ്ങളാണ് ചേര്‍ന്ന് ഒരു സമൂഹത്തിന്റെ പരിസ്ഥിതി സംസ്കാരം രൂപപ്പെടുത്തുന്നത്.
ഭൂമിയെ സംരക്ഷിക്കാന്‍ ഒരു വലിയ കുട ഒരാള്‍ക്ക് ഒറ്റയ്ക്ക് പിടിച്ചുനിര്‍ത്താനാവില്ല. അതിന് അനേകം കൈകള്‍ വേണം. മതവും രാഷ്ട്രീയവും ജാതിയും വര്‍ഗവും ഭാഷയും കടന്ന് മനുഷ്യര്‍ ഒരുമിച്ച് നില്‍ക്കണം. അപ്പോഴേ ഭൂമിക്കുമീതെ യഥാര്‍ഥമായൊരു സംരക്ഷണകുട വിരിയുകയുള്ളൂ.
കൊല്ലം മെത്രാന് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ഉയര്‍ത്തുന്ന ഈ സംരംഭം അതിനുള്ള ഒരു ശ്രമമാണ്. വിവിധ ഇടവകകളും സംഘടനകളും പ്രസ്ഥാനങ്ങളും ഇതിനകം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി തുടങ്ങിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കേണ്ടതുണ്ട്. രാജ്യങ്ങളും സമൂഹങ്ങളും മതങ്ങളും സ്ഥാപനങ്ങളും വ്യക്തികളും ഒരേ ലക്ഷ്യത്തിലേക്ക് കൈകോര്‍ക്കേണ്ടതുണ്ട്. കാരണം ഭൂമി ഒരേയൊരു രാജ്യത്തിന്റേതല്ല. അഷ്ടമുടിയിലെ വെള്ളം ഒടുവില്‍ കടലിലേക്കാണ് ഒഴുകുന്നത്. കടലിന്റെ തിരകള്‍ അതിര്‍ത്തി ചോദിക്കുന്നില്ല. കാറ്റ് പാസ്പോര്‍ട്ട് ചോദിക്കുന്നില്ല. മഴ മതം ചോദിക്കുന്നില്ല. അതുകൊണ്ടുതന്നെ ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും അതിര്‍ത്തികളില്‍ ഒതുങ്ങരുത്. കൊല്ലം രൂപത ഇന്ന് ഭൂമിക്കായി നല്‍കുന്നത് ഒരുപക്ഷേ ഒരു ചെറിയ ദാഹജലമായിരിക്കാം. പക്ഷേ ദാഹിച്ചിരിക്കുന്ന ഒരാള്‍ക്ക് ഒരു തുള്ളി വെള്ളം പോലും അമൂല്യമാണ്. ഒരു രൂപതയില്‍നിന്ന് ഉയരുന്ന ഒരു ചെറിയ സംരംഭം മറ്റൊരു രൂപതയിലേക്കും മറ്റൊരു സമൂഹത്തിലേക്കും മറ്റൊരു നഗരത്തിലേക്കും മറ്റൊരു രാജ്യത്തേക്കും പടര്‍ന്നാല്‍ അതൊരു വലിയ പ്രസ്ഥാനമായി മാറും. ഒരു കൈ മറ്റൊരു കൈയുമായി ചേരുമ്പോഴാണ് കുട ഉയരുന്നത്. ഒരു കുടയില്‍ കൂടുതല്‍ കൈകള്‍ ചേരുമ്പോഴാണ് അതിന്റെ തണല്‍ വലുതാകുന്നത്.
കൊല്ലം രൂപതയില്‍നിന്ന് ഉയരുന്ന ഈ സന്ദേശം അവിടെ മാത്രം അവസാനിക്കേണ്ടതല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ പരസ്പരം ബന്ധിപ്പിക്കേണ്ടതുണ്ട്. ഓരോ സമൂഹവും സ്വന്തം മണ്ണിനും ജലത്തിനും വായുവിനും വേണ്ടി ഉത്തരവാദിത്വം ഏറ്റെടുക്കണം.
ഒഎന്‍വി കുറുപ്പ് ഭൂമിയുടെ ചരമഗീതം എഴുതുമ്പോള്‍ കണ്ട ഭയാനകമായ ഭാവി യാഥാര്ഥ്യമാകാതിരിക്കണമെങ്കില് ഇന്നുതന്നെ നമ്മുടെ ജീവിതശീലങ്ങള്‍ മാറണം. ഭൂമിക്ക് ഇനിയും മരിക്കാതിരിക്കാനുള്ള അവസരം നമുക്ക് നല്‍കണം. ഒഎന്‍വിയുടെ ചരമഗീതം ഒരുനാള്‍ ഒരു പുനര്ജന്മഗീതമായി മാറണം.
അതിന് ഒരു വൃക്ഷത്തൈ മതി.
ഒരു ശുചീകരണം മതി.
ഒരു പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കുന്നതു മതി.
ഒരു മനുഷ്യന്റെ മനസ്സില്‍ തെളിയുന്ന ചെറിയൊരു പരിസ്ഥിതി ബോധം മതി.
അങ്ങനെ ഓരോ ചെറിയ കുടകളും ചേര്‍ന്നാല്‍ ഒരുനാള്‍ ഭൂമിയെ മുഴുവന്‍ പൊതിയുന്ന വലിയൊരു കുടയായി അത് മാറും.
ഭൂമിക്കായി പിടിച്ച ഈ കുട കൂടുതല്‍ കൈകളിലേക്ക് പകരട്ടെ. ഭൂമിയുടെ പച്ചപ്പിന് അത് തണലാകട്ടെ. വരുന്ന തലമുറകള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന ഒരു ഭൂമി നമുക്ക് കാത്തുവയ്ക്കാനാകട്ടെ. അഷ്ടമുടിയിലെ വെള്ളത്തില്‍ ഇനിയും ആകാശം പ്രതിഫലിക്കുന്നുണ്ട്. കടല്‍ത്തീരത്ത് ഇനിയും തിരകള്‍ വന്നുപോകുന്നുണ്ട്. ചെറിയ പ്രതീക്ഷകളെല്ലാം ചേര്‍ന്നാണ് ഭൂമിയുടെ ഭാവി. അതുകൊണ്ടുതന്നെ ”ലൗദാത്തോ സി ഭൂമിക്കൊരു കുട” ഒരു പദ്ധതിയുടെ പേരില്‍ അവസാനിക്കാതെ ഒരു ജീവിതശൈലിയുടെ പേരായി മാറണം, കൊല്ലത്തില്‍നിന്ന് ഉയര്‍ന്ന ഈ കുട കൂടുതല്‍ കൈകളിലേക്ക് പകരട്ടെ. കൂടുതല്‍ ആകാശങ്ങളിലേക്ക് വിരിയട്ടെ. മതങ്ങളെയും അതിരുകളെയും കടന്ന് മനുഷ്യരെ ഒരുമിപ്പിക്കട്ടെ. ഒടുവില്‍ ഭൂമിയുടെ മുഴുവന്‍ ആകാശത്തെയും പൊതിയുന്ന ഒരു വലിയ പച്ചക്കുടയായി അത് മാറട്ടെ.

