ലണ്ടൻ: 2026-ലെ ബുക്കർ പുരസ്കാരം ബ്രിട്ടീഷ് എഴുത്തുകാരൻ എം. ജോൺ ഹാരിസണിന്. കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ഇടംനൽകുന്ന, ഭാവിയിലെ ദുരന്താനന്തര ബ്രിട്ടനെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ദി എൻഡ് ഓഫ് എവരിതിംഗ് എന്ന നോവലിനാണ് നവംബർ ഒമ്പതിന് പുരസ്കാരം ലഭിച്ചത്.
81-ാം വയസിൽ പുരസ്കാരം സ്വന്തമാക്കിയ ഹാരിസൺ ബുക്കർ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ എഴുത്തുകാരനായി. 2019-ൽ പുരസ്കാരം നേടിയപ്പോൾ മാർഗരറ്റ് അറ്റ്വുഡിനേക്കാൾ രണ്ടു വയസ് കൂടുതലാണ് ഹാരിസണിന്റെ പ്രായം. 198 പേജുകൾ മാത്രമുള്ള നോവൽ ഈ വർഷത്തെ ചുരുക്കപ്പട്ടികയിലെ ഏറ്റവും ചെറിയ കൃതിയുമായിരുന്നു. ലോകത്തെക്കുറിച്ച് വായനക്കാരിൽ നേരിയ പ്രത്യാശയെങ്കിലും അവശേഷിപ്പിക്കുന്ന കൃതിയാണിതെന്ന വിലയിരുത്തലിലാണ് വിധിനിർണയ സമിതി പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
ഹാരിസണിന്റെ പതിമൂന്നാമത്തെ നോവലാണിത്. ഇതിവൃത്തത്തേക്കാൾ അന്തരീക്ഷത്തിനും കാവ്യാത്മകവും പരോക്ഷവുമായ ആഖ്യാനശൈലിക്കും പ്രാധാന്യം നൽകുന്ന കൃതിയാണ് ദി എൻഡ് ഓഫ് എവരിതിംഗ്.ഇംഗ്ലണ്ടിന്റെ കാറ്റുവീശുന്ന കടൽത്തീരത്ത് നടക്കുന്ന കഥയിൽ കടൽത്തീരങ്ങളിൽ അലഞ്ഞുനടക്കുന്ന ഫിലിപ്പ് ടെന്നന്റും മറവിരോഗം ബാധിച്ച, സ്വതന്ത്രചിന്താഗതിക്കാരിയായ അമ്മായി മാർനിയും പ്രധാന കഥാപാത്രങ്ങളാണ്. ‘ഐഗെറ്റി’ (iGhetti) എന്നറിയപ്പെടുന്ന നിഗൂഢ വസ്തുക്കൾ തീരപ്രദേശത്ത് പ്രത്യക്ഷപ്പെടുന്നതും പേരിടാത്ത ഒരു മഹാദുരന്തത്തെത്തുടർന്ന് യൂറോപ്യൻ ഭൂഖണ്ഡം അപ്രത്യക്ഷമായതുപോലെയുള്ള സാഹചര്യങ്ങൾ രൂപപ്പെടുന്നതുമാണ് കഥയുടെ പശ്ചാത്തലം. മനുഷ്യരെ അനുകരിക്കാൻ കഴിയുന്ന ഐഗെറ്റികളുടെ സാന്നിധ്യം കൃത്രിമബുദ്ധിയുമായുള്ള ഇടപെടലുകളെ ഓർമിപ്പിക്കുന്നു.’ഇതൊരു ഇരുണ്ട ലോകമാണ്. അതിന്റെ ഇരുണ്ട സ്വഭാവം തുടർന്നുകൊണ്ടേയിരിക്കും.
വിചിത്രമായ ഈ ലോകത്തിന്റെ അവസാനത്തിൽ പ്രത്യാശയെന്നോ പൂർണതയെന്നോ പറയാനാകില്ലെങ്കിലും ഒരുതരം ആശ്വാസം ഉണ്ടായേക്കാം’ എന്നാണ് കൃതിയിലൂടെ നൽകാൻ ആഗ്രഹിച്ച സന്ദേശത്തെക്കുറിച്ച് ഹാരിസൺ പ്രതികരിച്ചത്. നോവലിലെ കറുത്ത ഹാസ്യത്തെ നിരൂപകർ പ്രശംസിച്ചെങ്കിലും അവ്യക്തമായ ആഖ്യാനരീതിയെ ചിലർ വിമർശിച്ചു.2026-ലെ ബുക്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ബ്രിട്ടീഷ് എഴുത്തുകാർക്കായിരുന്നു ആധിപത്യം. സ്കോട്ടിഷ്-അമേരിക്കൻ എഴുത്തുകാരനും മുൻ ബുക്കർ ജേതാവുമായ ഡഗ്ലസ് സ്റ്റുവർട്ടിന്റെ ജോൺ ഓഫ് ജോൺ, ജമൈക്കൻ എഴുത്തുകാരൻ മാർലൺ ജെയിംസിന്റെ ദി ഡിസപ്പിയറേഴ്സ്, എലിസബത്ത് സ്ട്രൗട്ടിന്റെ ദി തിങ്സ് വി നെവർ സേ, ലൂക്ക് കെന്നാർഡിന്റെ ബ്ലാക്ക് ബാഗ്, റെബേക്ക പെറിയുടെ മേ വി ഫീഡ് ദ കിങ് എന്നിവയായിരുന്നു മറ്റു ചുരുക്കപ്പട്ടികാ കൃതികൾ.2026-ലെ ബുക്കർ പുരസ്കാര നിർണയ സമിതി അധ്യക്ഷയും എഴുത്തുകാരിയുമായ മേരി ബിയർഡ്, ചുരുക്കപ്പട്ടികയിലെ ആറു മികച്ച നോവലുകളെക്കുറിച്ച് ഒരു ദിവസം മുഴുവൻ ചർച്ച ചെയ്ത ശേഷമാണ് ഏകകണ്ഠമായി ഹാരിസണിന്റെ കൃതിയെ വിജയിയായി തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കി.
വ്യവസായികാടിസ്ഥാനത്തിൽ ഫിക്ഷൻ രചനകൾ വർധിച്ചുവരുന്ന ഇന്നത്തെ സാഹിത്യലോകത്തിൽ ബുക്കർ പോലുള്ള പുരസ്കാരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഹാരിസൺ പ്രതികരിച്ചു.

