കെയ്റോ: ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കണമെന്ന ഭീകരരുടെ നിർബന്ധത്തിന് വഴങ്ങാതിരുന്ന ഈജിപ്ഷ്യൻ കോപ്റ്റിക് യുവാവിനെ ലിബിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരർ കൊലപ്പെടുത്തി.
വടക്കൻ ഈജിപ്തിലെ ഘർബിയ ഗവർണറേറ്റിലുള്ള സെബർബേ ഗ്രാമവാസിയായ മിലാദ് മലാക് എന്ന ഇരുപതുകാരനാണ് രക്തസാക്ഷിത്വം വരിച്ചത്. നാട്ടിൽ ഡീക്കനായി ശുശ്രൂഷ ചെയ്തിരുന്ന മിലാദ് കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനായാണ് ലിബിയയിലേക്ക് ജോലിക്കായി പോയത്. രണ്ട് മുസ്ലിം സുഹൃത്തുക്കൾക്കൊപ്പമാണ് മിലാദ് ലിബിയയിലെത്തിയത്. സ്ലിറ്റൻ നഗരത്തിൽവച്ച് മറ്റ് ഈജിപ്ഷ്യൻ തൊഴിലാളികൾക്കൊപ്പം ഐസിസ് ഭീകരർ ഇവരെയും തട്ടിക്കൊണ്ടുപോയി.
ബന്ദികളിൽ ഏക ക്രൈസ്തവനായ മിലാദിനെ തിരിച്ചറിഞ്ഞ ഭീകരർ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ക്രൂരമായ മർദനത്തിനും പീഡനങ്ങൾക്കും വധഭീഷണികൾക്കും മിലാദ് ഇരയായി. എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസം തള്ളിപ്പറയാൻ അദ്ദേഹം തയ്യാറായില്ല. പിന്നീട് മോചിതരായ സുഹൃത്തുക്കളാണ് മിലാദിന്റെ ധീരമായ വിശ്വാസസാക്ഷ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഭീകരർ അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് ക്രൈസ്തവ പീഡനങ്ങൾ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് റിപ്പോർട്ട് ചെയ്തു.
2015-ൽ ലിബിയൻ തീരത്ത് 20 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രൈസ്തവരെയും ഒരു ഘാന സ്വദേശിയെയും ഐസിസ് ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് മിലാദിന്റെ രക്തസാക്ഷിത്വം. അന്ന് വിശ്വാസത്തിനായി ജീവൻ ബലിയർപ്പിച്ച 21 പേരെയും കോപ്റ്റിക് സഭ രക്തസാക്ഷികളായി പ്രഖ്യാപിച്ചിരുന്നു.

