കാലിഫോർണിയ: തന്റെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഓസ്കാർ ജേതാവും പ്രശസ്ത നടിയും നിർമ്മാതാവുമായ നിക്കോൾ കിഡ്മാൻ. വാനിറ്റി ഫെയർ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രാർത്ഥനയിലും ദൈവവിശ്വാസത്തിലുമുള്ള തന്റെ ജീവിതത്തെക്കുറിച്ച് കിഡ്മാൻ സംസാരിച്ചത്.
പ്രാർത്ഥനയുടെ അന്തരീക്ഷത്തിലാണ് താൻ വളർന്നതെന്ന് പറഞ്ഞ കിഡ്മാൻ, കത്തോലിക്കാ വിശ്വാസമാണ് ജീവിതത്തിൽ തന്നെ നയിക്കുന്നതെന്നും വ്യക്തമാക്കി. ദേവാലയത്തിൽ പോകാനും കുമ്പസാരിക്കാനും കഴിയുന്നത്ര ശ്രമിക്കാറുണ്ടെന്നും അവർ പറഞ്ഞു. ദൈവവിശ്വാസത്തിന്റെ പേരിൽ സുഹൃത്തുക്കളിൽനിന്ന് പലപ്പോഴും കളിയാക്കലുകൾ നേരിടേണ്ടിവരാറുണ്ടെന്നും കിഡ്മാൻ വെളിപ്പെടുത്തി.
ഗായകനും സംഗീതജ്ഞനുമായ കെയിത്ത് അർബനാണ് കിഡ്മാന്റെ ഭർത്താവ്. ദമ്പതികൾക്ക് നാലു മക്കളുണ്ട്. മക്കളെ ക്രിസ്തീയ വിശ്വാസത്തിൽ വളർത്തുന്നതിനും പ്രാധാന്യം നൽകുന്നതായി കിഡ്മാൻ പറഞ്ഞു. കെയിത്തിനും വിശ്വാസമുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബത്തിൽ അടിയുറച്ച കത്തോലിക്കാ വിശ്വാസമുള്ളവരുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.വിശ്വാസം തനിക്ക് അവസാനിച്ച ഒരു ഉത്തരമല്ലെന്നും തുടർച്ചയായ അന്വേഷണവും ആത്മപരിശോധനയുമാണെന്നും കിഡ്മാൻ പറഞ്ഞു. മറ്റുള്ളവരെ വിധിക്കാതിരിക്കുക എന്നത് ഏറെ പ്രധാനമാണെന്നും, സഹിഷ്ണുതയാണ് ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളിലൊന്നെന്ന് തന്റെ പിതാവ് പഠിപ്പിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

