ഡല്‍ഹി ജന്തര്‍ മന്തറില്‍ കേവലം 36 ദിവസം നീണ്ട യുവജനസഞ്ചയപ്രക്ഷോഭത്തിലൂടെ, ചെറുത്തുനില്‍പ്പിന്റെ സഹനസമരത്തിലൂടെ കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന ‘ജെന്‍സി’ കൂട്ടായ്മ സമകാലിക ഇന്ത്യന്‍ രാഷ് ട്രീയത്തിലെ ഏറ്റവും സര്‍ഗാത്മകവും വിധ്വംസകവുമായ വിഗ്രഹഭഞ്ജനത്തിന് കളമൊരുക്കി. ബിജെപി ഭരണകൂടം ഒരു ദശാബ്ദത്തിലേറെയായി ശ്രദ്ധാപൂര്‍വ്വം കെട്ടിപ്പടുത്ത, മിഥ്യാധാരണകളില്‍ അധിഷ്ഠിതമായ മോദിയുടെ അതിഗാംഭീര്യമാര്ന്ന പ്രതിച്ഛായയെ അവര്‍ നര്‍മവും ആക്ഷേപഹാസ്യവും കൊണ്ട് നൈസായി തകര്‍ത്തെറിഞ്ഞു. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഭയപ്പാടുകളില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ യുവത മോചിപ്പിക്കുന്നത്, കളിയുടെ നിയമങ്ങള്‍ നിശ്ചയിക്കാന്‍ തനിക്ക് കഴിയാത്ത ഒരു പോര്‍ക്കളത്തിലേക്ക് മോദിയെ ആദ്യമായി വലിച്ചിഴച്ചിട്ടുകൊണ്ടാണ്. പാതിരാത്രി വെര്‍ട്ടിക്കല്‍ ആംഗിള്‍ സെല്‍ഫി സ്റ്റൈല്‍ ഇന്‍സ്റ്റ റീല്‍ വീഡിയോയിലൂടെ തങ്ങളെ ‘ഫ്രണ്ട്സ്’ എന്ന് അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ശ്രമിക്കുമ്പോള്‍, തല്‍ക്ഷണം അതിശക്തമായ തിരസ്കാരത്തിലൂടെ വ്യാപകമായ പരിഹാസച്ചിരിക്ക് വകനല്കുന്ന വിഷയമാക്കി അതിനെ മാറ്റിയ യുവതലമുറ, ഒരു തിരഞ്ഞെടുപ്പ് തിരിച്ചടിയെക്കാള്‍ ആഴത്തില്‍ മോദിയുടെ അമാനുഷിക പരിവേഷത്തെ ഉലയ്ക്കുകയായിരുന്നു.ഇന്ത്യയിലെ അഹിംസാത്മക പോരാട്ടങ്ങളുടെ ചരിത്രത്തില്‍ ഇടം പിടിക്കേണ്ട വിദ്യാര്‍ഥി-യുവജന പ്രക്ഷോഭത്തെ ചോരയില്‍ മുക്കി അടിച്ചമര്‍ത്തുന്നതിന്, രാജ്യതലസ്ഥാനത്ത് ഭയാനകമായ രീതിയില്‍ ഭരണകൂട ഭീകരത അഴിച്ചുവിട്ടു. ജൂലൈ 20ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആരംഭത്തില്‍, കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ആഹ്വാനം ചെയ്ത സന്‍സദ് മാര്‍ച്ചിന് മിന്നല്‍പ്രളയം പോലെ സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് ഒഴുകിയെത്തിയ നിരായുധരായ പ്രകടനക്കാരെ ആണിതറച്ച ലാത്തികളും കണ്ണീര്‍വാതക ഷെല്ലുകളും പെല്ലറ്റ് തോക്കുകളും സ്റ്റണ്‍ ബാറ്റണും മറ്റുമായാണ് ഡല്‍ഹി പൊലീസും സ്പെഷല്‍ സെല്ലും കേന്ദ്ര റിസര്‍വ് പൊലീസ് സേനയും റാപ്പിഡ് ആക് ഷന് ഫോഴ്സും നേരിട്ടത്. യൂണിഫോമും തിരിച്ചറിയില്‍ ടാഗുമില്ലാത്ത ക്രിമിനലുകള്‍ പെണ്‍കുട്ടികളെയടക്കം നിര്‍ദയം മര്‍ദിച്ചു, നിരത്തിലൂടെ വലിച്ചിഴച്ചു. ഡല്‍ഹി പൊലീസിലെ ആന്റി ടെറര്‍ സെല്ലിലെ അണ്ടര്‍കവര്‍ ഏജന്റുമാരാണത്രെ അക്രമകാരികളില്‍ ചിലര്‍. കേന്ദ്രസേന പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗിക അതിക്രമങ്ങള്‍ കാണിച്ചതായും മൊഴിയുണ്ട്.
‘ജനക്കൂട്ടം ഉന്മൂലനം ചെയ്യപ്പെടേണ്ട ശത്രുവല്ല, മറിച്ച് ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം ദോഷം സംഭവിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യേണ്ട സഹപൗരരാണ്|’ എന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.കൊണാട്ട് പ്ലേസിനടുത്തുവച്ച് പെല്ലറ്റ് ആക്രമണത്തില്‍ മുഖത്തും കണ്ണിനു താഴെയുമേറ്റ മുറിവുകളുമായി ഷെയ്ഖ് ഇര്‍ഷാദ് മന്‍സൂരി (25), കണ്ണിലും തോളത്തും മുതുകത്തും പെല്ലറ്റ് വെടിയേറ്റ് ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി സാഹില്‍ ലോചാബ് (19) എന്നിവരും, തോക്കിന്മുനയില് നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പുറത്ത് 20 പെല്ലറ്റ് വെടിയേറ്റ ഇരുപത്തെട്ടുകാരനായ മാധ്യമപ്രവര്‍ത്തകനും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കെ, പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചിട്ടേയില്ലെന്നാണ് ‘ഫാക്ട് ചെക്ക്’ വാര്‍ത്താക്കുറിപ്പില്‍ ഡല്‍ഹി പൊലീസ് വാദിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ് ഡ അനുരഞ്ജന ചര്‍ച്ചയ്ക്കു മുന്നോടിയായി, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച കൂട്ടത്തില്‍, വലതു കണ്ണില്‍ പെല്ലറ്റ് തുളച്ചുകയറിയ സാഹിലിനെ കണ്ടിരുന്നു. സാഹിലിനെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ നേരിട്ടു ഹാജരാക്കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, യുവജനങ്ങള്‍ക്കു നേരെ പെല്ലറ്റ് നിറയൊഴിക്കാന്‍ ആരാണ് ഉത്തരവിട്ടതെന്ന ചോദ്യം ഉന്നയിച്ചിരുന്നു.ഡല്‍ഹി പൊലീസിലെ ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പദവിയുള്ള ഓഫിസറുടെ നിര്‍ദേശപ്രകാരം, 55 റൗണ്ട് നോണ്‍-ഇലക് ട്രിക്കല്‍ ഷെല്ലുകളും, 15 റൗണ്ട് ഇലക് ട്രിക്കല്‍ ഷെല്ലുകളും, അഞ്ച് കണ്ണീര്‍വാതക ഗ്രനേഡുകളും, ആന്റി-റയട്ട് ഗണ്‍ ഉപയോഗിച്ച് രണ്ട് റൗണ്ട് പ്ലാസ്റ്റിക് പെല്ലറ്റ് ബാലിസ്റ്റിക് കാട്രിജസും പ്രയോഗിച്ചതായി കൊണാട്ട് പ്ലേസില്‍ ജന്തര്‍ മന്തര്‍ സോണ്‍ ഒന്നിലേക്ക് നിയോഗിക്കപ്പെട്ട ആര്‍എഎഫ് യൂണിറ്റിലെ ഡപ്യൂട്ടി കമന്‍ഡാന്റ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട് പിന്നീട് പുറത്തുവന്നു.സിജെപിയുടെ സമ്മര്‍ദത്തിനു വഴങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവച്ച ഞായറാഴ്ച, ബിജെപി ഭരിക്കുന്ന ബിഹാറില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദില്‍, സിവാനില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ എകെ 47 തോക്കുകള്‍ ഉപയോഗിച്ചു. പത്തു റൗണ്ട് വെടിവയ്പില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
യുവജനങ്ങള്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ച് ഡല്‍ഹി പൊലീസിന്റെയും കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെയുംമേല് നേരിട്ട് അധികാരമുള്ള ആഭ്യന്തരമന്ത്രി അമിത് ഷായോ പ്രധാനമന്ത്രിയോ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറോ സ്പെഷല്‍ ഓപ്പറേഷനുവേണ്ടി പുതുതായി നിയമിക്കപ്പെട്ട പൊലീസ് കമ്മിഷണറോ ഇതുവരെ ഒരുവാക്കും പറഞ്ഞിട്ടില്ല. ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം ഇരുസഭകളിലും ബഹളം വച്ചിട്ടും ഒരു പ്രതികരണവുമുണ്ടായില്ല. യുവജനങ്ങള്‍ക്കു നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ ഉത്തരവിട്ടത് അമിത് ഷാ ആണെന്ന് ലോക്സഭയില്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനുള്ള നിയമപരിഷ്കാരത്തിന്റെ ഭാഗമായി പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത പബ്ലിക് എക്സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ഭേദഗതി ബില്ല് 2026 ചര്‍ച്ച ചെയ്യുന്നതിനിടെ രാഹുല്‍ ഗാന്ധി ആരോപിച്ചത് ഭരണപക്ഷത്തെ വല്ലാതെ ചൊടിപ്പിച്ചു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കാതെ, വിവാദ പരാമര്‍ശങ്ങള്‍ രേഖയില്‍ നിന്നു നീക്കം ചെയ്യുകയായിരുന്നു. രാഹുല്‍ ഗാന്ധി പിന്നീട് പത്രസമ്മേളനം വിളിച്ചുകൂട്ടി വീഡിയോ തെളിവുകള്‍ സഹിതം തന്റെ ആരോപണങ്ങള്‍ വിശദമാക്കി. പൊലീസ് അതിക്രമങ്ങളില്‍ പരിക്കേറ്റവര്‍ക്ക് നീതിയും സംരക്ഷണവും ഉറപ്പാക്കാന്‍ പ്രതിപക്ഷം കൂടെയുണ്ടാകുമെന്നും അവരെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്ന് വ്യക്തമായ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്കിയിട്ടുള്ളതാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ഡല്‍ഹിയിലും ബിജെപി ഭരിക്കുന്ന ബിഹാര്‍, അസം, ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കേരളത്തിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്ക്കുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്താന്‍, ആവശ്യമെങ്കില്‍ മുതിര്‍ന്ന ജഡ്ജിമാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കുമെന്ന് ഏതാനും പൊതുതാല്പര്യ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു.വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍, എല്ലാ സംസ്ഥാനങ്ങളും അവരെ വിട്ടയക്കേണ്ടതാണെന്നും, പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ ശിക്ഷാ നടപടികളൊന്നും സ്വീകരിക്കാന്‍ പാടില്ലെന്നും എന്നാല്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ഈ സംരക്ഷണം ബാധകമായിരിക്കില്ലെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ബിഹാര്‍, അസം, മഹാരാഷ് ട്ര, കേരളം എന്നിവ പ്രക്ഷോഭത്തില്‍ കസ്റ്റഡിയിലെടുത്തവരെയും അറസ്റ്റിലായവരെയും വിട്ടയക്കുമെന്നും അവര്‍ക്കെതിരെയുള്ള എഫ്ഐആറുകള്‍ പിന്‍വലിക്കുമെന്നും അറിയിച്ചപ്പോള്‍, ബംഗാള്‍ സര്‍ക്കാര്‍ ക്രിമിനല്‍ കേസ് നടപടികള്‍ തുടരുമെന്ന നിലപാടാണ് സ്വീകരിച്ചത്. അവിടെ അറസ്റ്റു ചെയ്യപ്പെട്ട 16 പ്രതികളില്‍ 15 പേരും മുസ് ലിംകളാണ്!
സമാധാനപരമായി സമരം ചെയ്തവരെന്നോ പ്രായപൂര്‍ത്തിയാകാത്തവരെന്നോ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്നോ ഒന്നും വേര്‍തിരിക്കാതെ, തടങ്കലിലാക്കപ്പെട്ട എല്ലാവരെയും ഉടന്‍ മോചിപ്പിക്കുമെന്നും എഫ്ഐആറുകള്‍ എല്ലാം റദ്ദാക്കുമെന്നും ഭാവിയില്‍ അവരെ വേട്ടയാടുകയില്ലെന്നുമാണ് ജന്തര്‍ മന്തറിലെ പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് സിജെപിക്കു നല്കിയ ഉറപ്പ്. സംസ്ഥാനങ്ങള്‍ക്ക് അന്വേഷണം തുടരാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലെ നിര്‍ദേശം സ്വീകാര്യമല്ലെന്നും അത് കേന്ദ്രവുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന് വിരുദ്ധമാണെന്നും സിജെപി ദേശീയ വക്താക്കള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കാത്തപക്ഷം ദേശീയതലത്തില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കുന്നു. നീറ്റ്-യുജി പരീക്ഷ റദ്ദാക്കപ്പെട്ടതിന്റെ പേരില്‍ ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സിജെപിയുടെ മറ്റൊരു പ്രധാന ആവശ്യം.പാര്‍ലമെന്റ് മാര്‍ച്ചിലും വിവിധ സംസ്ഥാനങ്ങളിലും പൊലീസ് നടത്തിയ അതിക്രമങ്ങളുടെ വീഡിയോയും മറ്റു ദൃശ്യങ്ങളും രേഖകളും അപ് ലോഡ് ചെയ്യുന്നതിന് കോക്രോച്ച് ജനതാ പാര്‍ട്ടി വെബ്സൈറ്റില്‍ ‘സാക്ഷി’ എന്ന പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും, പൊലീസ് നടപടികളിലും കേസിലും മറ്റും കുടുക്കി വേട്ടയാടപ്പെടുന്ന യുവജനങ്ങള്‍ക്ക് നിയമസഹായം ഉറപ്പുനല്‍കുന്നതിനും സിജെപി ദേശീയതലത്തില്‍ ലീഗല്‍ എയ്ഡ് സെല്ലിന് രൂപം നല്‍കിയിട്ടുണ്ട്. യുവജനങ്ങള്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിന് രാജ്യസഭാ എംപിയും സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷന് പ്രസിഡന്റും – യുപിഎ ഗവണ്മെന്റില് മാനവശേഷി വികസന മന്ത്രിയുമായിരുന്ന – കപില്‍ സിബല്‍ ഒരു കോടി രൂപ കോര്‍പസ് ഫണ്ടായി സിജെപി ലീഗല്‍ സെല്ലിന് സംഭാവന നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിയമവിദഗ്ധരും അഭിഭാഷകരും ഈ സംരംഭത്തില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷ.ജന്തര്‍ മന്തറിലെ പ്രവേശന കവാടങ്ങളില്‍ തത്സമയ സിസിടിവി ദൃശ്യങ്ങള്‍ സ്കാന്‍ ചെയ്യുന്ന എഐ അധിഷ്ഠിത ഫേഷ്യല്‍ റെകഗ്നിഷന്‍ സിസ്റ്റത്തിന്റെ നാല് യൂണിറ്റുളും ഡിപി ദൃഷ്ടി, ഇക്ഷന എന്നീ നിരീക്ഷണ വാനുകളും മൊബൈല്‍ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് വാഹനവും വിന്യസിച്ചിട്ടുള്ള ഡല്‍ഹി പൊലീസ് അവിടെ തിരിച്ചറിഞ്ഞ 2,873 മുഖങ്ങളില്‍ 989 പേര് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് കണ്ടെത്തിക്കഴിഞ്ഞു! സോനം വാങ്ചുക്കിനൊപ്പം ജന്തര്‍ മന്തറില്‍ 23 ദിവസം നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ച സിപിഐ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്റെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എ ദേശീയ അധ്യക്ഷ നേഹ ബോറ, മനീഷ് കുമാര്‍, അമീന് അമിറ്റോജ് എന്നിവര്‍ക്കു പിന്തുണയുമായി രംഗത്തുണ്ടായിരുന്ന എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ 2021-ലെ ഒരു കേസിലെ അറസ്റ്റു വാറണ്ടുമായി പിടികൂടാന്‍ ഡല്‍ഹിയില്‍ സിപിഎമ്മിന്റെ ദേശീയ കാര്യാലയമായ എകെജി ഭവനില്‍ യൂണിഫോമും നെയിം ബാഡ്ജുമില്ലാതെ ചെന്നുകയറിയ പൊലീസ് ഉദ്യോഗസ്ഥയെ ജോണ്‍ ബ്രിട്ടാസ് എംപി നേരിടുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു.
മോദിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കുന്ന യുവജനങ്ങളുടെ പരിഹാസം സ്ഥായിയായ സംഘാത ഓര്‍മ്മയായി ഉറച്ചുപോകുന്നതിനും, ആ ചിരി രാജ്യത്തിന്റെ പൊതുഭാഷയായി മാറുന്നതിനും മുന്‍പുതന്നെ അതിനെ തടയേണ്ടതുണ്ടായിരുന്നു. അതിനാലാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കമെല്ലാം നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ട്, ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ പങ്കുവച്ച അക്കൗണ്ട് ഉടമകള്‍ക്കെതിരെ ഡല്‍ഹിയിലെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് സെല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉറപ്പാക്കുന്നതിനുള്ള ‘ഓപ്പറേഷന് ലോട്ടസ് 2.0’ രാഷ് ട്രീയ തന്ത്രങ്ങളുമായി മുന്നേറുകയായിരുന്നു അമിത് ഷാ. 12 വര്‍ഷത്തെ മോദി വാഴ്ചയില്‍ ആദ്യമായി പാര്‍ലമെന്റില്‍ പരാജയപ്പെട്ട 131-ാം ഭരണഘടന ഭേദഗതി ബില്ല് ഇക്കുറി എന്തായാലും വോട്ടിനിട്ട് പാസാക്കണമെന്ന വാശിയിലാണവര്‍. സ്ത്രീകള്‍ക്ക് നിയമനിര്‍മാണസഭകളില്‍ 33 ശതമാനം സംവരണം അനുവദിക്കുന്ന നിയമത്തെ മണ്ഡല പുനര്‍നിര്‍ണയവുമായും (ഡീലിമിറ്റേഷന്‍) ലോക്സഭാ സീറ്റുകളുടെ എണ്ണം 543ല്‍ നിന്ന് 850 ആയി വര്‍ധിപ്പിക്കുന്നതുമായും ബന്ധപ്പെടുത്തുന്ന ബില്ല് പാസാക്കാന്‍ ലോക്സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിലെ 20 വിമത എംപിമാര്‍ എന്‍ഡിഎയുടെ ഭാഗമായി നാണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പ്രാദേശിക പാര്‍ട്ടിയില്‍ ലയിച്ചതായി ലോക്സഭാ സ്പീക്കര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. ലോക്സഭയില്‍ 22 അംഗങ്ങളും രാജ്യസഭയില്‍ എട്ട് അംഗങ്ങളുമുള്ള ഡിഎംകെ കോണ്‍ഗ്രസില്‍ നിന്നും ഇന്ത്യ പ്രതിപക്ഷ സഖ്യത്തില്‍ നിന്നും അകന്നിരിക്കയാണ്. തമിഴ്നാട്ടില്‍ സി. ജോസഫ് വിജയ് മന്ത്രിസഭയ്ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലിയാണ് ഭിന്നിപ്പുണ്ടായത്. എന്‍സിപി (ശരദ് പവാര്‍), ശിവസേന (ഉദ്ധവ് താക്കറെ) എന്നിവയുടെയും മറ്റു ചില ചെറുകക്ഷികളുടെയും പിന്തുണ ഉറപ്പാക്കി ചരിത്രം തിരുത്താമെന്ന കണക്കുകൂട്ടലുമായി മുന്നേറുമ്പോഴാണ് സിജെപി ‘പാറ്റപ്പട’ മോദിയുടെ ഉറക്കംകെടുത്തിയത്.ജന്തര്‍ മന്തറില്‍ രൂപപ്പെട്ട പരസ്പര കരുതലിന്റെ കൂട്ടായ്മ വ്യാപിക്കേണ്ടതുണ്ട്. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും അടിസ്ഥാനഘടനയെ വെല്ലുവിളിക്കാതെ ഈ ഭരണകൂടത്തിനെതിരായ പോരാട്ടത്തില്‍ വിജയിക്കാനാവില്ല; കാരണം, അതാണ് അതിനെ നിലനിര്‍ത്തുന്ന കാതല്‍.ട്രോട്സ്കിയുടെ തന്ത്രം സിജെപിക്കും പ്രതിപക്ഷ സഖ്യത്തിനും പയറ്റാവുന്നതാണ്: ‘വെവ്വേറെ മാര്‍ച്ച് ചെയ്യുക, ഒരുമിച്ച് പ്രഹരിക്കുക!’

