ന്യൂയോർക്ക് : മനുഷ്യന്റെ അന്തസ്സിനെ അപമാനിക്കുന്ന വിദ്വേഷ പ്രസംഗങ്ങളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ സ്ഥിരംനിരീക്ഷകൻ ആർച്ചുബിഷപ്പ് ക്രിസ്റ്റോഫ് എൽ കാസ്സിസ്.
മതം, വംശം, ദേശം തുടങ്ങിയ ഏതെങ്കിലും കാരണങ്ങളുടെ പേരിൽ വ്യക്തികൾക്കും സമൂഹങ്ങൾക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് മനുഷ്യാന്തസ്സിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 17-ന് ന്യൂയോർക്കിൽ നടന്ന ‘വിദ്വേഷ പ്രസംഗങ്ങളെ ചെറുക്കുന്നതിൽ മതാന്തര, സാംസ്കാരിക സംഭാഷണവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കൽ’ എന്ന വിഷയത്തെക്കുറിച്ചുള്ള ആഗോള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മനുഷ്യനും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന പരിശുദ്ധ സിംഹാസനത്തിന്റെ നിലപാട് അദ്ദേഹം ആവർത്തിച്ചു. വിദ്വേഷപരമായ നിലപാടുകൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും അംഗീകാരം നൽകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിദ്വേഷ പ്രസംഗങ്ങൾ ക്രിസ്തുവിന്റെ ‘അയൽക്കാരനെ സ്നേഹിക്കുക’ എന്ന കൽപ്പനയ്ക്ക് വിരുദ്ധമാണെന്ന് ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. ഇത്തരം പ്രസംഗങ്ങൾ പൊതുസംവാദങ്ങളെ വിഷലിപ്തമാക്കുകയും സമൂഹത്തിലെ ഭിന്നതകൾ വർധിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും അവ അക്രമത്തിനും പീഡനത്തിനും വഴിയൊരുക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.മതാന്തരവും സാംസ്കാരികവുമായ സംഭാഷണത്തിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും സഹിഷ്ണുത വളർത്തേണ്ടതിന്റെ ആവശ്യകതയും സമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

