മേരി ദാസ് കല്ലൂര്‍
ബന്ധുമിത്രാദികളെയും മറ്റു പ്രിയപ്പെട്ടവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഈയടുത്ത ദിവസമാണ് ജിജോ വിടപറഞ്ഞത്.
പത്രമാധ്യമരംഗത്തെ താരവും തീരദേശകലകളെ ഗവേഷണബുദ്ധിയോടെ പിന്തുടര്‍ന്ന സാംസ്കാരിക പ്രവര്‍ത്തകനും താനുള്‍പ്പെട്ട പിന്നാക്ക സമൂഹത്തോട് ചേര്‍ന്നുനിന്ന സമുദ്ധാരകനുമൊക്കെയായ ഈ പ്രതിഭാശാലിയുടെ അകാലത്തിലുള്ള കടന്നുപോക്ക് മനുഷ്യത്വം നഷ്ടമാകാത്ത സകലരിലും വേദനയും നഷ്ടബോധവും ഉണര്‍ത്തി.
എന്നാല്‍, മനുഷ്യത്വം നഷ്ടമായ ചില അധമര്‍, മരിച്ചവരോട് അനാദരവ് പാടില്ലെന്നുള്ള സാമാന്യമര്യാദ പോലുമില്ലാതെ ആഭാസകരവും മലീമസവുമായ പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കയറി മേയുന്നതായി കാണുന്നു. ചില താല്പര്യ കേന്ദ്രങ്ങളുടെ റിമോട്ട് കണ്ട്രോളിലാണ് ഇത് നടക്കുന്നതെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഈ ആക്രമണം നടക്കുന്നത്.
പൊതുവേ മനസ്സിലാകുന്നത് ജിജോ ജോണ്‍ തയ്യാറാക്കി മലയാള മനോരമ പത്രത്താളുകളില്‍ വന്ന ചില അന്വേഷണാത്മക റിപ്പോര്‍ട്ടുകളാണ് ഈ ചാവേറുകളെ നിയന്ത്രിക്കുന്ന പ്രഭവകേന്ദ്രത്തെ അലോസരപ്പെടുത്തുന്നത് എന്നാണ്. മടിയില്‍ കനമില്ലാത്തവരാണെങ്കില് ഇങ്ങനെ അലോസരപ്പെടേണ്ടതുണ്ടോ എന്നും തീയില്ലാതെ പുകയുണ്ടാകുമോ എന്നുമെല്ലാം ചിന്തിക്കുന്ന സാമാന്യജനങ്ങളെ കുറ്റം പറയാനാവില്ലല്ലോ.
അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കുന്ന മാധ്യമപ്രവര്ത്തകന് കിട്ടുന്ന ഒരു സ്കൂപ്പ് അയാള്‍ നേരെ പത്രത്തില്‍ അച്ചടിക്കുകയല്ല ചെയ്യുന്നത്. തനിക്ക് കിട്ടുന്ന വിശ്വാസയോഗ്യമായതും പേര് വെളിപ്പെടുത്താനാകാത്തതുമായ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ അയാള്‍ ഗവേഷണബുദ്ധ്യാ കൈകാര്യം ചെയ്ത്, അതില്‍ നിയമപ്രകാരമുള്ള അന്വേഷണം കൊണ്ട് പുറത്തുവരേണ്ട പലതുമുണ്ടെന്നും മനസ്സിലായാല്‍ മാത്രമാണ് അത് ന്യൂസ് സെക്ഷനില്‍ കൊടുക്കുക. അവിടെയും പല തട്ടുകളിലെ പരിശോദന കഴിയണം അത് അച്ചടിമഷി പുരളാന്‍. അച്ചടിച്ചുവരുന്ന വാര്‍ത്തയുടെ ഉത്തരവാദിത്തം മുഖ്യമായും പത്രസ്ഥാപനത്തിനാണ് എന്നര്‍ത്ഥം. റിപ്പോര്‍ട്ടര്‍ക്ക് പ്രൊഫഷണല്‍ ഇമ്യൂണിറ്റി എന്ന പ്രിവിലേജ് ഇക്കാര്യത്തിലുണ്ടുതാനും.
പിന്നെന്തിനാണ് ഈ അസഹിഷ്ണുക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ എതിര്‍പ്പുമായി രംഗത്തുവരാതെ മരണമടഞ്ഞയാള്ക്കെതിരെ തറവേലയുമായി വരുന്നത്? അതിനെ ഭീരുത്വം എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്!
ജിജോയുടെ അതിസമര്‍ത്ഥമായ റിപ്പോര്‍ട്ടുകളില്‍ പലതും നിയമതലത്തിലെ തുടരന്വേഷണത്തില്‍ കുറ്റക്കാരിലേക്ക് എത്തുവാന്‍ സര്‍ക്കാര്‍ സംവിധാനത്തെ സഹായിച്ചിട്ടുണ്ട്. ഈയടുത്താണ് വി.പി.വി.വി. തട്ടിപ്പിനെക്കുറിച്ചുള്ള ജിജോയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വമ്പന്‍ സ്രാവുകള്‍ പിടിയിലായത്. ലൈഫ് മിഷന് കോഴക്കേസ്, ഡോളര്‍ കടത്തുകേസ്, സ്വര്‍ണ്ണക്കടത്തുകേസ് എന്നിവയൊക്കെ കോടതികളില്‍ വിചാരണഘട്ടത്തിലാണ്; അല്ലാതെ പ്രഥമദൃഷ്ട്യാ തള്ളപ്പെട്ടിട്ടില്ല.
സി.എം.ആര്.എല്‍. – എക്സാലോജിക് സാമ്പത്തിക ഇടപാട് എസ്എഫ്ഐഒയിലേക്ക് നീങ്ങുകയല്ലേ ഇപ്പോള്‍. അതിലൊക്കെ പെട്ടുപോയവര്‍ക്ക് ചൊറിച്ചിലുണ്ടാകാതെ തരമില്ലല്ലോ.
പിന്നെ, ശിവശങ്കരന്റെ കാറ്റാടിപ്പാടം ആരോപണം; അത് പത്രത്തിന്റെ കളക്ടീവ് റെസ്പോണ്സിബിലിറ്റി ആണ്. റിപ്പോര്‍ട്ടര്‍ക്ക് വിവരം കിട്ടിയ സ്രോതസ്സ് അവര്‍ പരിശോധിച്ചിരിക്കാം. എത്ര വിശ്വസനീയമായ സ്രോതസ്സിനും സാഹചര്യത്തെളിവുകളെ ആശ്രയിക്കുമ്പോള്‍ നൂറു ശതമാനം ശരി എന്നൊരവസ്ഥയില്ല. പത്രസ്ഥാപനം അത് കോടതിയെ കോണ്‍ഫിഡന്‍ഷ്യല്‍ ആയി അറിയിച്ചിട്ടുണ്ടാകണം. ഈ ശിവശങ്കരനും അയാളുടെ മേലാളന്മാര്ക്കുമെല്ലാം അവരുടെ വരുമാനത്തിന് ആനുപാതികമായ സ്വത്താണോ ഉള്ളത് എന്ന അന്വേഷണവും അനിവാര്യമാണ്. അതൊക്കെ തകിടം മറിക്കാന്‍ ഏത് ശത്രുവിന്റെ കാലുപിടിക്കാനും ഇവരൊക്കെ പോകും എന്ന് തീര്‍ച്ച.
പിന്നെയൊന്ന് എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു വധത്തെക്കുറിച്ച് കേള്‍ക്കുന്ന ഒരു സംശയം റിപ്പോര്‍ട്ട് ചെയ്തതാണ്. അതും അച്ചടിമഷി പുരളും മുമ്പേയുള്ള പ്രൊസസിങ്ങലൂടെ കടന്നുപോയിക്കാണുമല്ലോ. മറ്റൊന്നുളളത്, അഭിമന്യുവിന് ഏറ്റവും അടുപ്പമുള്ള മുന്‍ എം.എല്‍.എ. സ്മരണാര്‍ഹനായ സൈമണ്‍ ബ്രിട്ടോ ‘ജാഗ്രത വേണം’ എന്ന അര്‍ത്ഥത്തില്‍, ഇതിഹാസത്തിലെ അഭിമന്യുവിന് പത്മവ്യൂഹത്തിലേക്ക് കയറാനേ പറ്റിയുള്ളൂ, ഇറങ്ങാന്‍ പറ്റിയില്ല എന്ന പരാമര്‍ശം കൊണ്ട് എന്തായിരുന്നു ഉദ്ദേശിച്ചത് എന്നതിനെക്കുറിച്ച് പലതും പറഞ്ഞുകേട്ടിരുന്നു എന്നതാണ്. ഒരുപക്ഷേ അത് വെറുതേ പറഞ്ഞതാകാം, അല്ലാതെയുമാകാം. അതുപോലെ പല ദുരൂഹതകളും റിപ്പോര്‍ട്ടര്‍ അറിഞ്ഞിരിക്കാം. വാര്‍ത്ത വന്ന പത്രത്തിനെതിരെ കോടതിയില്‍ ആരെങ്കിലും വ്യവഹാരം കൊടുത്തിരുന്നോ, അതിന്റെ വിധിയെന്തായി തുടങ്ങിയ വിവരങ്ങള്‍ ലഭ്യമല്ല. അവിടെയും കളക്ടീവ് റെസ്പോണ്സിബിലിറ്റി ആണുള്ളത്.
മരിച്ച മനുഷ്യന്റെ ഓര്‍മ്മയെ തരംതാണ രീതിയില്‍ അവഹേളിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. സാംസ്കാരികനായകര്‍ എന്ന് കരുതപ്പെടുന്ന ചിലരും ആഭാസകരമായ ഈ ആക്രമണത്തില്‍ പങ്കാളികളായി കാണപ്പെടുന്നു എന്നത് ജുഗുപ്സാവഹമാണ്.
ഈ സമൂഹമാധ്യമ ആക്രമണം തെറ്റാണെന്ന പാര്‍ട്ടി സെക്രട്ടറിയുടെ വൈകിവന്ന ഏറ്റുപറച്ചിലും അത് ചെയ്യുന്നവര്‍ തന്റെ പാര്‍ട്ടിക്കാരല്ലെന്ന തള്ളിപ്പറച്ചിലും ആത്മാര്‍ത്ഥമാണെങ്കില്‍, അത് ചെയ്തവരില്‍ പെടുന്ന പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന നിശ്ശബ്ദ ഭൂരിപക്ഷം എട്ടിന്റെ പണി തന്നേക്കും. ഒരു മേലാളനും സംഘത്തിനും വേണ്ടി മഹത്തായ ഒരു പ്രസ്ഥാനം നശിക്കാന്‍ പാടില്ല.
ഈ ലോകത്ത് ജീവിച്ചിരുന്ന ജിജോ ജോണിനേക്കാള്‍ പതിന്മടങ്ങ് ശക്തനാണ് അനേകം പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ ജീവിക്കുന്ന ജിജോ ജോണ്‍ പുത്തേഴത്ത്.

