ജിജോ ജോണ്‍ പുത്തേഴത്തിന്റെ പേരിനോട് ചേര്‍ത്തുവയ്ക്കാവുന്ന ഏറ്റവും വലിയ തലക്കെട്ട് ജിജോ എഴുതിയ വാര്ത്തകളിലൊന്നുമല്ല; അദ്ദേഹം ജീവിച്ച ജീവിതം തന്നെയാണ്. ജിജോയെ ഓര്‍ക്കുന്ന സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും കുറിപ്പുകളിലൂടെ കടന്നുപോകുമ്പോള്‍ അത് കൂടുതല്‍ വ്യക്തമാകുന്നു. അവര്‍ ഓര്‍ക്കുന്നത് ഒരു മാധ്യമപ്രവര്‍ത്തകനെ മാത്രമല്ല, മനുഷ്യരെ ആഴത്തില്‍ കാണാന്‍ അറിയാവുന്ന ഒരാളെയാണ്.
ജിജോ ജോണ്‍ പുത്തേഴത്ത് ഇനി ഓര്‍മ്മ..
കേളി രാമചന്ദ്രന് (കലാ-സാംസ്കാരിക സംഘാടകന്‍)
2012-ലൊരിക്കല്‍ മുംബൈയിലെ മലയാള മനോരമ ഓഫീസില്‍ വെച്ചാണ് ജയ്മോന് ജോര്‍ജ് ആദ്യമായി ജിജോ ജോണ്‍ പുത്തേഴത്തിനെക്കുറിച്ച് പറയുന്നത്. ‘അപചയത്തിലൂടെ കടന്നുപോകുന്ന ഗോതുരുത്തിലെ ചവിട്ടുനാടകത്തെ കൈപിടിച്ചുയര്‍ത്താനുള്ള പരിശ്രമത്തിലാണ് ജിജോ. താങ്കള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യൂ’. അതങ്ങനെ മനസ്സില്‍ കിടന്നു. ആ വര്‍ഷം തന്നെ കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ പതിപ്പില്‍ പെര്‍ഫോമിംഗ് ആര്‍ട്സ് സെക്ഷന്‍ ക്യുറേറ്റ് ചെയ്തത് ഞാനായിരുന്നു. അത് രൂപകല്‍പ്പന ചെയ്യുമ്പോള്‍ എനിക്ക് ജിജോയെ ഓര്‍മ്മവന്നു. തദ്ദേശീയ കല, സംസ്കാരം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു ഗ്രാമത്തെ തിരഞ്ഞെടുക്കുമ്പോള്‍ ചവിട്ടുനാടകത്തെ നൂറ്റാണ്ടുകളോളം സംരക്ഷിച്ച ഗോതുരുത്തിനേക്കാള് അനുയോജ്യമായ മറ്റൊരു ഗ്രാമമില്ല. അങ്ങനെ ജിജോയുമായി ബന്ധപ്പെട്ടു. അതിന്റെകൂടി തുടര്‍ച്ചയാണ് ഇന്നും തുടരുന്ന ‘ചുവടി’ എന്ന പ്രസിദ്ധമായ ചവിട്ടുനാടക ഫെസ്റ്റിവല്‍. ചുവടിയുടെ ആദ്യ ക്യുറേറ്ററും ജിജോ ആയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി 2014-ല്‍ മുംബൈയില്‍ ചവിട്ടുനാടകോത്സവം സംഘടിപ്പിക്കപ്പെട്ടു. സെബീന റാഫിയുടെ നേതൃത്വത്തില്‍ 1960-ല്‍ ഡല്‍ഹിയില്‍ ചവിട്ടുനാടകം അവതരിപ്പിച്ച് 53 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിന് പുറത്ത് ചവിട്ടുനാടകം വിപുലമായി അവതരിപ്പിക്കപ്പെട്ട ചരിത്രമുഹൂര്‍ത്തം കൂടിയായിരുന്നു അത്. ജിജോയും അതില്‍ പങ്കെടുത്തു.
നാട്ടില്‍ കൂട്ടായ്മ രൂപീകരിച്ച്, എഴുത്തുകുത്തുകള്‍ നടത്തി, നിരന്തരം സര്‍ക്കാരുമായി ബന്ധപ്പെട്ട് ജിജോ നടത്തിയ ഇടപെടലുകളുടെ കൂടി തുടര്‍ച്ചയായിട്ടാണ് 2012-ല്‍ ചവിട്ടുനാടകത്തെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ഉള്‍പ്പെടുത്തിയത്. ചവിട്ടുനാടകത്തിന്റെ ഇന്ന് കാണുന്ന ‘പോപ്പുലര്‍ കള്‍ച്ചര്‍’ ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.
ചവിട്ടുനാടകത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി കൊച്ചിന് ഷിപ്പ്യാര്ഡ് മാനേജരായിരുന്ന എം.ഡി. വര്‍ഗ്ഗീസ് സാറിനെ ബന്ധപ്പെടുന്നത് ജിജോ ആണ്. ചവിട്ടുനാടക കലാസമൂഹത്തിന്റെ സ്വപ്നമായ ഒരു സ്ഥിരം രംഗവേദി എന്ന ആശയം അദ്ദേഹവുമായി പങ്കുവെച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ഗോതുരുത്തില്‍ കൊണ്ടുവന്നു. അതിന്റെ ഫലമാണ് ഗോതുരുത്തില്‍ ചവിട്ടുനാടകത്തിന് വേണ്ടി കൊച്ചിന് ഷിപ്പ്യാര്ഡ് പണിതുനല്‍കിയ വിശാലമായ സ്റ്റേജ്.
മഹാപ്രളയത്തില്‍ ഗോതുരുത്തിലെയും സമീപ പ്രദേശങ്ങളിലെയും മുങ്ങിപ്പോയ തുരുത്തുകളിലെ ദുരവസ്ഥ മുംബൈയിലെ കെ.എസ്.എന്‍.എ. പശ്ചിമ മേഖലയെ അറിയിക്കുന്നതും സഹായം അഭ്യര്‍ത്ഥിക്കുന്നതും ജിജോ ആണ്. തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ പ്രിയ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ചവിട്ടുനാടകമെന്ന കലാരൂപത്തെ വീണ്ടെടുക്കാന്‍ മുംബൈ മലയാളികള്‍ക്കിടയില്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായി 2018 ഡിസംബര്‍ 12-ന് ഗോതുരുത്തില്‍ വെച്ച് നടത്തിയ ചടങ്ങില്‍ കെ.എസ്.എന്‍.എ. പശ്ചിമ മേഖല നല്കിയ കൈത്താങ്ങില്‍ 6 സംഘങ്ങളെ അങ്ങനെ അരങ്ങിലെത്തിക്കാന്‍ കഴിഞ്ഞു.
മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച് വളരെയേറെ ഗവേഷണങ്ങളും പഠനങ്ങളുമൊന്നും ചവിട്ടുനാടകവുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. ഈ മേഖലയില്‍ വിപുലമായ ഒരു വൈജ്ഞാനിക സമൂഹത്തെ വികസിപ്പിച്ചെടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഏതെങ്കിലും വിദ്യാര്‍ഥികള്‍ ചവിട്ടുനാടകത്തില്‍ ഗവേഷണം നടത്തുന്നുണ്ടെന്നറിഞ്ഞാല് അവരെ കണ്ടെത്തി ജോയ് സാറിനെപ്പോലുള്ള (ജോയ് ഗോതുരുത്ത്) തദ്ദേശീയ ചരിത്രകാരന്മാരെയും മുതിര്‍ന്ന സ്കോളേഴ്സിനെയും കലാകാരന്മാരെയും അവരുമായി ബന്ധപ്പെടുത്തി അവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്കി വിപുലമായ ഒരു വൈജ്ഞാനിക സമൂഹം രൂപീകരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഗീത വില്‍സണ്‍, നവ്യ ഡെന്നിസ്, ശ്രേയ, ലക്ഷ്മിപ്രിയ തുടങ്ങിയ ഗവേഷക വിദ്യാര്‍ഥികളും ബിപിന്‍ ജോസഫ്, ജെഫിന് തോമസ് തുടങ്ങിയ ഡോക്യുമെന്ററി ഫിലിം മേക്കേഴ്സും അടങ്ങുന്ന പുതുതലമുറയെ മുതിര്‍ന്ന വിഷയവിദഗ്ദ്ധരായ ജോയ് സാര്‍, ജോളി പുതുശ്ശേരി, ഫാദര്‍ വി.പി. ജോസഫ്, അജിത്കുമാര്‍, ടൈറ്റസ് ഗോതുരുത്ത് തുടങ്ങിയവരുമായി ബന്ധപ്പെടുത്തി ശക്തമായ ഒരു വൈജ്ഞാനിക സമൂഹം രൂപീകരിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു.
കേരള സംഗീത നാടക അക്കാദമിക്ക് വേണ്ടി ചവിട്ടുനാടകം പ്രമേയമാക്കി ഞാന്‍ സംവിധാനം ചെയ്ത ‘തിരൈകൂത്ത്’ എന്ന ഡോക്യുമെന്ററി സിനിമയുടെ പൂര്‍ണ്ണമായ ഏകോപനം നിര്‍വ്വഹിച്ചത് ജിജോ ആണ്. ഓരോ റഫ് കട്ടും ക്ഷമാപൂര്‍വ്വം കണ്ട് വിമര്‍ശിച്ചും തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചുമാണ് ജിജോ ആ ചിത്രത്തില്‍ ഇടപെട്ടത്. ചിത്രത്തിലെ വോയിസ് ഓവറും ജിജോയുടേതാണ്.
പുതുതലമുറയ്ക്ക് വേണ്ടി സ്വയം വഴിമാറി അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വൃതിയോടെ ആസ്വദിക്കുന്ന ജിജോയെ ഞാന്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ ചുവടിക്ക് എസ്.എ.സി.-യിലെ കുട്ടികള്‍ ചുവടിക്കു വേണ്ടി തയ്യാറാക്കിയ ‘ജെന്‍സി വേവ് സറ്റയര്‍ പ്രോമോ’ എന്ത് ആവേശത്തോടെയാണെന്നോ ജിജോ എനിക്ക് കാണിച്ചുതന്നത്! അവരുടെ ഓരോ അഭിപ്രായവും അദ്ദേഹം മുഖവിലയ്ക്കെടുത്തിരുന്നു. അരങ്ങില്‍ പെര്‍ഫോമന്‍സ് അല്പം മോശമായതില്‍ വിഷമിച്ച് കരയുന്ന നടന്മാരെ അദ്ദേഹം ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കും; ‘അരങ്ങിനിയും നീണ്ടു കിടക്കല്ലേ… കാലവും.’
ഗോതുരുത്തിനെ ഒരു സാംസ്കാരിക ഗ്രാമമാക്കി മാറ്റിയെടുക്കാന്‍ നിരന്തരം സമരം ചെയ്ത തന്റെ പിതാവ് പുത്തേഴത്ത് ജൂസൈ ജോണ്‍ തന്നെയായിരുന്നു ജിജോയുടെ എക്കാലത്തെയും മാതൃക. പത്രപ്രവര്ത്തകന്, സാമൂഹിക പ്രവര്ത്തകന്, എഴുത്തുകാരന്, വായനക്കാരന് എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ഉണ്ടെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ചവിട്ടുനാടകത്തില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളാണ് ജിജോയെ ഏറ്റവും പ്രസക്തനാക്കുന്നത്. ചവിട്ടുനാടകത്തിന്റെ ‘റീ-ആക്റ്റിവേഷന്‍’ എന്ന വിഷയത്തില്‍ ജിജോയെ മാറ്റിനിര്‍ത്തി ചവിട്ടുനാടകത്തിന്റെ ചരിത്രം പറയാനാവില്ല. ജിജോയ്ക്ക് വിസിബിലിറ്റിയില്‍ (പ്രശസ്തിയില്‍) തെല്ലും താല്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടു കൂടിയാവണം ജിജോ എല്ലാവര്ക്കും സ്വീകാര്യനായിരുന്നത്. ചവിട്ടുനാടകത്തില്‍ ഉപ്പുപോലെ അലിഞ്ഞുചേര്‍ന്നിരുന്ന ജിജോയുടെ സാന്നിധ്യം സൗമ്യവും ദീപ്തവുമായിരുന്നു.
ജിജോ ഇനിയില്ല എന്ന് വിശ്വസിക്കാനാകുന്നില്ല. പകുതി പോലും നടന്നുതീര്‍ന്നിട്ടില്ലാത്ത ആ യാത്ര ഇവിടെ അവസാനിച്ചിരിക്കുന്നു. ഓര്‍മ്മകളുടെ മരം പെയ്യാന്‍ തുടങ്ങുന്നു… സെബീന ടീച്ചര്‍, പൗലോസ് ആശാന്, ഈശി ആശാന്, റപ്പാശാന്, ജോര്‍ജുകുട്ടി ആശാന്, അനിരുദ്ധന് ആശാന് എന്നിങ്ങനെ നീളുന്ന ഗോതുരുത്തിലെ പ്രൗഢമായ ചവിട്ടുനാടക പാരമ്പര്യത്തിന്റെ തുടര്‍ച്ചയിലേക്ക് ജിജോ കൂടി കണ്ണിചേരുകയാണ്.
രമ്യയുടെയും അനന്യയുടെയും ജോഹാന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു… ചേര്‍ത്തുപിടിക്കുന്നു.

