സുജിത് നായര്‍
ട്രെയിനിംഗ് പീരിയഡിനു ശേഷം തിരുവനന്തപുരത്തു നിന്ന് കൊച്ചി ബ്യൂറോയിലേക്കെത്തിയപ്പോഴാണ് ജിജോയെ ഞാന്‍ ആദ്യമായി കാണുന്നത്; അവസാനമായി കണ്ട അതേ ഇടത്ത്.
ഞങ്ങള്‍ ഏതാണ്ട് സമപ്രായക്കാരാണ്, മനോരമയില്‍ എനിക്ക് തൊട്ടുശേഷമുള്ള ബാച്ചും. ഒരേ സമയത്ത് കരിയറില്‍ തുഴഞ്ഞുതുടങ്ങുന്നവര്ക്കിടയില് രൂപപ്പെടുന്ന ബന്ധവും അടുപ്പവും എക്കാലത്തും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു; ഒരു മാസത്തോളം മുന്‍പ് ഒരു ദിവസം മുഴുവന്‍ ഒരുമിച്ച് കോട്ടയത്തുണ്ടായപ്പോഴും അത് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു.
വ്യക്തിപരമായ സത്യസന്ധതയും നിഷ്കളങ്കതയും നന്മയും, ഇതെല്ലാം ഒരാളില്‍ ഉണ്ടാക്കുന്ന തൊഴില്‍പരമായ നിര്‍ഭയത്വവുമായിരുന്നു എന്നെ സംബന്ധിച്ച് ജിജോ ജോണ്‍ പുത്തേഴത്ത്. ഞങ്ങളുടെ ഏറ്റവും ശ്രദ്ധേയരായ അന്വേഷണാത്മക പത്രപ്രവര്‍ത്തകരില്‍ ഒരാള്‍.
സ്നേഹവും മറ്റൊരാളോടുള്ള കരുതലും എപ്പോഴും ജിജോ പ്രകടിപ്പിച്ചു. അങ്ങോട്ട് വിളിക്കുമ്പോള്‍ ‘സുജിത്തേ’ എന്ന് വിളിച്ചുകൊണ്ട് ഫോണ്‍ എടുക്കുന്നതില്‍ വരെ അത് പ്രകടമായിരുന്നു. തന്റെ മുന്നിലെത്തുന്ന ഓരോരുത്തരോടും ‘എന്റെ സമയം എത്ര വേണമെങ്കിലും എടുത്തോളൂ’ എന്ന് പറയാതെ പറഞ്ഞ് അയാള്‍ കേട്ടിരുന്നു; ഞങ്ങളില്‍ പലര്‍ക്കും പറ്റാത്ത തരത്തില്‍ മനുഷ്യരെ കേട്ടു. അവരുടെ സങ്കടങ്ങളില്‍ നിന്ന് തന്റേതായ വിലയിരുത്തലുകളില്‍ എത്തിച്ചേര്‍ന്നു; അതില്‍ നിന്ന് അവര്‍ക്കൊരു പരിഹാരം രൂപപ്പെടുത്തിക്കൊടുക്കാന് ശ്രമിച്ചു.
മറ്റൊരാളെ കാണുന്നതും കേള്‍ക്കുന്നതും ഞങ്ങളിലേറെ പേര്‍ക്കും വാര്‍ത്താപരമായ ദൗത്യങ്ങളുടെ ഭാഗമാണ്. ജിജോയ്ക്ക് അത് മാത്രമായിരുന്നില്ല. മറ്റുള്ളവരെ ചേര്‍ത്തുപിടിക്കുന്ന ഗോതുരുത്തുകാരന്റെ നന്മയായിരുന്നു അതിലുണ്ടായിരുന്നത്. നീണ്ട വര്‍ഷങ്ങളും അതിലൂടെ കടന്നുപോയ കാഴ്ചകളും ഞങ്ങളില്‍ പലര്‍ക്കും അത്യുത്സാഹത്തിന്റെ അളവ് കുറയ്ക്കും. ശ്രദ്ധിച്ചാല്‍ ജിജോയുടെ മുഖത്തും കണ്ണുകളിലും ഒരു കൗതുകം എപ്പോഴും ഒളിച്ചിരിക്കുന്നത് കാണാം. ഒന്നും ജിജോയെ സംബന്ധിച്ച് നിസ്സാരമായിരുന്നില്ല. എല്ലാത്തിനെയും അതിലെ ജേണലിസ്റ്റ് അങ്ങേയറ്റം ഗൗരവത്തോടെ കണ്ടു; സംഭവങ്ങളുടെ പിന്നാലെ സഞ്ചരിച്ചു. കേരളം ശ്രദ്ധിച്ച എത്രയോ റിപ്പോര്‍ട്ടുകള്‍!
യു.എസ്. പ്രതിരോധ വകുപ്പിന്റെ പേരില്‍ വ്യാജ ആയുധനിര്മ്മാണക്കരാര് ഉണ്ടാക്കി 700 കോടി തട്ടിയ രാജ്യാന്തര റാക്കറ്റ് സംബന്ധിച്ച ഒടുവിലത്തെ വന്‍ വാര്‍ത്ത മൂന്നു മാസത്തോളം മുന്‍പാണ് ജിജോ പുറത്തുകൊണ്ടുവന്നത്. മറ്റു മാധ്യമങ്ങള്‍ മടിച്ചപ്പോഴും ആ തട്ടിപ്പിന്റെ പിന്നാലെ ജിജോയുണ്ടായി. ആ തട്ടിപ്പുമായി ബന്ധപ്പെട്ട് തന്റേതു മാത്രമായ 58 സ്റ്റോറികളാണ് ഈ ദിവസങ്ങള്‍ക്കുള്ളില്‍ ജിജോ ചെയ്തത്, ഡല്‍ഹി പൊലീസ് അവരെ പൂട്ടുംവരെ. അതോടെ മറ്റു മാധ്യമങ്ങളുടെയും ഒന്നാം പേജുകളിലേക്ക് ആ വാര്‍ത്ത വന്നു. അത് ജിജോ എന്ന ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ മാത്രം എഫര്‍ട്ടായിരുന്നു; അയാളുടെ വലിയ വാര്‍ത്ത, അയാളുടെ മാത്രം ഫോളോഅപ്പുകള്‍. രാജ്യമാകെ ശ്രദ്ധിച്ച വാര്‍ത്തയും റിസള്‍ട്ടും. കരിയറിന്റെ ആ പീക്കില്‍ നില്‍ക്കുമ്പോഴാണ് ജിജോ പൊടുന്നനെ യാത്രയായത്.
സഹപ്രവര്‍ത്തകരായ ഞങ്ങളെ, സുഹൃത്തുക്കളെ ഇത്രയേറെ ഉലച്ചുകളഞ്ഞ ഒരു വേര്‍പാട് അടുത്തയിടെ ഉണ്ടായിട്ടില്ല. ഞങ്ങളില്‍ പലരെയും പോലെയല്ല, അങ്ങേയറ്റം അച്ചടക്കത്തോടെയാണ് ജിജോ ജീവിച്ചത്. ദുശ്ശീലങ്ങളെന്ന് ഞങ്ങള്‍ സമ്മതിക്കാത്തതും പുറമേ ആരോപിക്കപ്പെടുന്നതുമായ ഒരു ശീലങ്ങളും ജിജോയ്ക്കില്ലായിരുന്നു. ജോലി അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ ചെയ്തുകൊണ്ടിരുന്നു, കുടുംബത്തെ ചേര്‍ത്തുപിടിച്ചു. സുഹൃത്തുക്കളെ കൂടെ നിര്‍ത്തി, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അത് അവര്‍ക്ക് ജീവിതത്തില്‍ പ്രയാസം വരുത്തരുതെന്ന് കണ്ട് സഹോദരനെപ്പോലെ ശാസിക്കുകയും തിരുത്താന്‍ നോക്കുകയും ചെയ്തു. മനഃശാസ്ത്രം ഇഷ്ടവിഷയമായിരുന്നു; അത് വായിച്ചും മനസ്സിലാക്കിയും തുടര്‍ന്നു, ഇഷ്ടമുള്ള വേറെയും പലതരം പുസ്തകങ്ങള്‍ വായിച്ചു. എപ്പോഴും ഗോതുരുത്തുകാരനായി തുടര്‍ന്നു. ‘ഓര്മ്മത്തുരുത്തിലേക്ക് എന്നും ഓടിയെത്തുന്ന ജിജോ’ എന്നാണ് ഇന്ന് കൊച്ചി എഡിഷനില്‍ ജിജി എഴുതിയ ഓര്‍മ്മക്കുറിപ്പിന്റെ തലക്കെട്ട്.
‘നിനക്ക് നന്മ ചെയ്യാന്‍ കഴിയുമ്പോള്‍ അത് അര്‍ഹിക്കുന്നവര്‍ക്ക് ചെയ്യാതിരിക്കരുത്’ എന്ന് ബൈബിള്‍ പറഞ്ഞിട്ടുണ്ട്. ജിജോ അങ്ങനെ ചെയ്തു; എക്കാലത്തും. ആ ജീവിതത്തില്‍ കറയൊട്ടും പുരളില്ല.

