റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍
1. സഭാസാഹിത്യത്തിന്റെ പൊതുസ്വഭാവം
സി.ഇ 313-ല്‍ സഭയ്ക്ക് മതസ്വാതന്ത്ര്യം ലഭിച്ചതോടെ സഭാസാഹിത്യത്തിന്റെയും അനുബന്ധവിജ്ഞാനത്തിന്റെയും സുവര്‍ണ്ണകാലഘട്ടത്തിലേക്ക് സഭ പ്രവേശിച്ചു. ഇക്കാലത്താണ് മഹാന്മാരായ അനേകം സഭാപിതാക്കന്മാര് ജീവിച്ചിരുന്നത്. അനിതരസാധാരണമായ ബുദ്ധിവൈഭവവും സഭാസ്നേഹവും പ്രകടിപ്പിച്ചവരാണവര്. അക്കാലത്ത് സഭാപഠനങ്ങള്ക്കെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയത് ഈ പിതാക്കന്മാരായിരുന്നു. സി.ഇ 451-ലെ കാല്‍സിഡോണ്‍ സൂനഹദോസിന്റെ കാലംവരെ ഇത് തുടര്‍ന്നു. പൗരസ്ത്യസഭയില്‍ പ്രധാനമായും അലക്സാണ്ട്രിയയിലെയും അന്ത്യോക്യയിലെയും പഠനകേന്ദ്രങ്ങളാണ് സഭാസാഹിത്യത്തിന്റെയും സഭാവെളിപാടിന്റെയും കാര്യത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത്. അലക്സാണ്ട്രിയന് ദൈവശാസ്ത്രപഠനകേന്ദ്രത്തില് കേസറിയായിലെ എവുസേബിയൂസ്, അത്തനാസിയൂസ്, ബേസില്‍, ഗ്രിഗറി നാസിയാന്‍സന്‍, നിസ്സായിലെ ഗ്രിഗറി, ദിദിമസ്, സിറിള്‍ തുടങ്ങിയവരായിരുന്നു പ്രമുഖര്‍. അന്ത്യോക്യന്‍ ഭാഗത്ത് തിയഡോറസ്, തൈയഡോര്, ജോണ്‍ ക്രിസോസ്റ്റം, ദെയൊഡോറെറ്റ് തുടങ്ങിയ പ്രമുഖര്‍ ഉണ്ടായിരുന്നു.
ആദ്യകാലങ്ങളില്‍ ലത്തീന്‍സഭ മുഴുവനായും ഗ്രീക്കുദൈവശാസ്ത്രത്തെയാണ് ആശ്രയിച്ചത്. എങ്കിലും ഏറെത്താമസിയാതെ ഹിലരി, അംബ്രോസ്, ജെറോം തുടങ്ങിയവരും പിന്നീട് വിശുദ്ധ അഗസ്റ്റിനുമെല്ലാം സഭാസാഹിത്യത്തിന് അതുല്യമായ കരുത്തു പകര്‍ന്നു.
2. ഹിലരി (സി.ഇ +367)
നാല്, അഞ്ച് നൂറ്റാണ്ടുകളിലെ ആദ്യ ലത്തീന്‍സഭാ സാഹിത്യകാരന് പോയിറ്റീഴ്സിലെ ഹിലരി (സി.ഇ +367) ആണ്. യുക്തിഭദ്രമായി ദൈവശാസ്ത്രം അവതരിപ്പിച്ചയാളാണ് അദ്ദേഹം. പ്രായപൂര്‍ത്തിയായതിനു ശേഷം മാത്രമാണ് ക്രൈസ്തവവിശ്വാസം ഇദ്ദേഹം സ്വീകരിക്കുന്നത്. എ.ഡി. 350-ല്‍ പോയിറ്റീഴ്സിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആരിയന്പാഷണ്ഡത ഉയര്‍ത്തിയ കോളിളക്കത്തില്‍ സഭാന്തരീക്ഷം കലുഷിതമായിരുന്നു. പൗരസ്ത്യസഭയില്‍ അത്തനാസിയൂസിനെപ്പോലെ തന്റെ ജീവിതം സഭയുടെ ഔദ്യോഗിക പഠനങ്ങള്‍ വ്യക്തമാക്കുന്നതിനായി ചെലവഴിച്ച് ‘പാശ്ചാത്യ സഭയിലെ അത്തനാസിയൂസ്’ എന്ന വിശേഷണവും അദ്ദേഹം സമ്പാദിച്ചു. കോണ്സ്റ്റന്റയിന് ചക്രവര്‍ത്തിയുടെ മതപരമായ നയങ്ങളോടു യോജിക്കാത്തതിനാല്‍ (സി.ഇ. 356 – 360) നാലു വര്‍ഷത്തോളം ഹിലരി നാടുകടത്തപ്പെട്ടു. ഇക്കാലത്ത് അദ്ദേഹം ഗ്രീക്ക് ദൈവശാസ്ത്രത്തില്‍ ആഴമാര്‍ന്ന പഠനങ്ങള്‍ നടത്തുകയും തിരിച്ചു വന്നതിനുശേഷം ആശ്രമജീവിതം പ്രചാരത്തിലാക്കാന്‍ ഈ അറിവ് ഉപയോഗപ്പെടുത്തുകയും ചെയ്തു. പാശ്ചാത്യസഭയില്‍ ആര്യനിസത്തെ ചെറുക്കാനായി നടത്തപ്പെട്ട പല സൂനഹദോസുകളുടെയും പിന്നില്‍ ഹിലരിയുടെ സ്വാധീനം കാണാനാവും. ഹിലരിയുടെ പല കൃതികളും ആരിയന്‍ പാഷണ്ഡതയ്ക്ക് എതിരായുള്ളവയാണ്. കൂടാതെ, വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെയും സങ്കീര്‍ത്തനങ്ങളുടെയും വ്യാഖ്യാനങ്ങള്‍, പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും വ്യക്തികളെപ്പറ്റി വിവരിക്കുന്ന ഒരു പുസ്തകം (Liber Mysteriorum), ഹിലരിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായ De Trinitate എന്നിവയും അനേകം ഗീതങ്ങളും ഹിലരിയുടേതായിട്ടുണ്ട്.
3. വിശുദ്ധ അംബ്രോസ് (സി.ഇ. +397)
ഹിലരിയെക്കാളും ഗ്രീക്ക് ദൈവശാസ്ത്രത്തില്‍ ആകൃഷ്ടനായ വ്യക്തിയാണ് അംബ്രോസ്. അംബ്രോസ് എന്ന പേരില്‍ത്തന്നെ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഗാവുളിലെ ഒരു പ്രീഫെക്റ്റായിരുന്നു. സി.ഇ. 330-നും 340-നും ഇടയില്‍ ട്രിയറിലാണ് വിശുദ്ധ അംബ്രോസ് ജനിച്ചത്. നിയമവും അലങ്കാരശാസ്ത്രവും പഠിച്ച അദ്ദേഹം സി.ഇ. 370-ല്‍ ഇറ്റലിയിലെ മിലാന് ആസ്ഥാനമായുള്ള പ്രീഫെക്റ്റ് ആയി നിയമിക്കപ്പെട്ടു. മിലാനിലെ ആര്യന് മെത്രാനായിരുന്ന ഔവുക്സെന്തിയൂസ് (Auxentius) കാലം ചെയ്തപ്പോള്‍ ജനങ്ങളും വൈദികരും ചേര്‍ന്ന്, അന്ന് ജ്ഞാനസ്നാനാര്ത്ഥി മാത്രമായിരുന്ന അംബ്രോസിനെ മെത്രാനായി തെരഞ്ഞെടുത്തു. ഉടനേ മാമോദീസാ നല്കി. എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ മെത്രാന് പട്ടം ഉള്‍പ്പെടെ എല്ലാ കൂദാശകളും അദ്ദേഹത്തിനു നല്കി. വൈദികനായ സിംപ്ളീയൂസിന്റെ സഹായത്തോടെ അദ്ദേഹം ദൈവശാസ്ത്രവും പ്രത്യേകിച്ച്, ഗ്രീക്ക് പിതാക്കന്മാരെപ്പറ്റിയുള്ള കാര്യങ്ങളും പഠിച്ചു.
മെത്രാനെന്ന നിലയില്‍ സഭാവിരുദ്ധപഠനങ്ങള്ക്ക് എതിരായി അംബ്രോസ് നിലകൊണ്ടു. അക്കാലത്തെ റോമന്‍ ചക്രവര്‍ത്തിമാരായിരുന്ന ഗ്രേഷ്യന്, വാലന്റീനിയന്‍ രണ്ടാമന്, മഹാനായ തൈയഡോസിയൂസ് എന്നിവര്‍ക്ക് അംബ്രോസിന്റെ സഹായം ലഭ്യമായി. സഭയും രാഷ്ട്രവും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കാതെതന്നെ രാഷ്ട്രത്തിന്റെ അധികാരത്തില്‍ നിന്ന് സഭയ്ക്കുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ അംബ്രോസ് മുന്‍പന്തിയിലുണ്ടായിരുന്നു. സഭയുടെ പ്രായശ്ചിത്തനിയമങ്ങള് ചക്രവര്ത്തിമാരെക്കൊണ്ടുപോലും അനുസരിപ്പിക്കാന്‍ അംബ്രോസിനായി. സി.ഇ. 390-ല്‍ തെസ്സലോനിക്കായിലെ ചെറുത്തുനില്‍പ്പിനെ രക്തംചൊരിഞ്ഞിട്ടാണെങ്കിലും അടിച്ചമര്‍ത്തുന്നതിനായി ഉത്തരവിട്ട തൈയോഡോസിയൂസ് ചക്രവര്‍ത്തിയോട് പരസ്യമായി പ്രായശ്ചിത്തം ചെയ്യാന്‍ ആവശ്യപ്പെടുകയും അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അംബ്രോസിന്റെ പഠനങ്ങളിലധികവും ക്രൈസ്തവജീവിതം നയിക്കുന്നവര്‍ അനുദിനജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങളാണ് ഉള്‍ക്കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ കൃതികളിലധികവും സ്വന്തം പ്രസംഗത്തില്‍നിന്നും വേദോപദേശങ്ങളില്നിന്നും ഉരുത്തിരിഞ്ഞവയാണ്. വിശുദ്ധഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിനായി അദ്ദേഹം ഫിലോ, ഒരിജന്‍, ബേസില്‍ തുടങ്ങിയവരുടെ കൃതികള്‍ പ്രയോജനപ്പെടുത്തി. അദ്ദേഹത്തിന്റെ ദൈവശാസ്ത്രകൃതികളിലൂടെ പാഷണ്ഡതകള്ക്കെതിരെയും പ്രതികരിക്കുകയും ചെയ്തു. പരിശുദ്ധ കന്യകമറിയത്തെക്കുറിച്ചുള്ള അംബ്രോസിന്റെ പ്രതിപാദനങ്ങളാണ് മാതാവിനോടുള്ള ഭക്തി വളരാന്‍ പാശ്ചാത്യലോകത്ത് ഒരു കാരണമായി ഭവിച്ചത്. പാശ്ചാത്യസഭയില്‍ ആരാധനാഗീതങ്ങള്‍ രചിക്കുന്നതില്‍ അംബ്രോസിന്റെ പങ്ക് അതുല്യമാണ്.
4. വിശുദ്ധ ജെറോം (സി.ഇ.. 347-420)
എ.ഡി. 347-ല്‍ ഒരു ക്രൈസ്തവ കുടുംബത്തില്‍ ജെറോം ജനിച്ചു. റോമില്‍ പഠനം നടത്തിയ അദ്ദേഹം 20 വയസ്സായപ്പോള്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. തുടര്‍ന്ന് അക്വിലേയയില് ഒരു സന്ന്യാസിയായോ അല്ലെങ്കില്‍ സന്ന്യാസികളുടെ സാന്നിധ്യത്തിലോ കുറേക്കാലം ചെലവഴിച്ചു. സി.ഇ. 373-നോടുകൂടെ അദ്ദേഹം പൗരസ്ത്യ നാട്ടിലേക്കു പോകുകയും അന്ത്യോക്യയുടെ കിഴക്കുള്ള സിറിയന്‍ മരുഭൂമിയില്‍ ആശ്രമവാസിയായി കഴിയുകയും ചെയ്തു. അവിടുവെച്ച് അദ്ദേഹം ഗ്രീക്കും ഹീബ്രുവും പഠിച്ചു. പിന്നീട് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു പോയി അവിടെ രണ്ടു വര്‍ഷത്തോളം ഗ്രിഗറി നസിയാന്‍സന്റെ കീഴില്‍ വിശുദ്ധഗ്രന്ഥങ്ങളുടെ വ്യാഖ്യാനശാസ്ത്രം പഠിച്ചു. തുടര്‍ന്ന് മൂന്നു വര്‍ഷം റോമില്‍ ഡമാസൂസ് പാപ്പായുടെ സെക്രട്ടറിയായും ഉപദേശകനായും സേവനമനുഷ്ഠിച്ചു. പാപ്പാ കാലം ചെയ്തപ്പോള്‍ ജെറോം പാലസ്തീനായിലേക്ക് മടങ്ങി. സി.ഇ. 389-ല്‍ അദ്ദേഹം ബെത്ലഹെമിനടുത്തുള്ള ഒരു ആശ്രമത്തില്‍ താമസമ ആരംഭിച്ചു. പിന്നീട് മരണംവരെ (സി.ഇ. 419/20) അവിടെ തുടര്‍ന്നു. ഏകദേശം 35 വര്‍ഷത്തോളം ആ ആശ്രമത്തിന്റെ അധിപനായി സന്ന്യാസിമാരെ പരിശീലിപ്പിച്ചും വിശുദ്ധഗ്രന്ഥം പരിഭാഷപ്പെടുത്തിയും ജീവിച്ചു. അദ്ദേഹത്തിന്റെ ലത്തീന്‍ വിശുദ്ധഗ്രന്ഥ പരിഭാഷയായ വുള്‍ഗാത്തെ (Vulgata) പാശ്ചാത്യലോകം മുഴുവന്‍ ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഔദ്യോഗികമായി സ്വീകരിച്ചു. കൂടാതെ മറ്റ് അനേകം കൃതികളും ജെറോമിന്റേതായി ലഭ്യമാണ്. സഭാപിതാക്കന്മാരില് ബഹുഭാഷാ നൈപുണ്യംകൊണ്ടും അസാധാരണമായ രചനാവൈഭവംകൊണ്ടും അഗ്രഗണ്യനാണ് വിശുദ്ധ ജെറോം.
5. ഹിപ്പോയിലെ അഗസ്റ്റിന് (എ.ഡി. 354-430)
ജീവിച്ചിരുന്ന സമൂഹത്തെയും വരുംതലമുറകളെയും ഇത്രമാത്രം സ്വാധീനിച്ച വ്യക്തികള്‍ ചരിത്രത്തില്‍ ചുരുക്കമായിരിക്കും.
തിരുസഭാപണ്ഡിതന്, വിശുദ്ധന്, തത്ത്വശാസ്ത്രജ്ഞന്‍, ദൈവശാസ്ത്രജ്ഞന് തുടങ്ങിയ വിശേഷണങ്ങളിലാണ് അഗസ്റ്റിന് അറിയപ്പെടുന്നത്. ‘കുമ്പസാരങ്ങള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന (സി.ഇ.. 400) അദ്ദേഹത്തിന്റെ സ്വയംകൃത ചരിത്രത്തില്‍ എ.ഡി. 387 വരെയുള്ള സത്യസന്ധമായ ജീവിതം അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. സി.ഇ. 354-ല്‍ നുമിദിയയിലെ തഗാസ്തെയില്‍ വിജാതീയനായ പട്രീഷ്യസിന്റെയും ഭക്തയും ക്രിസ്ത്യാനിയുമായ മോനിക്കയുടെയും മകനായി അഗസ്റ്റിന് ജനിച്ചു. മനിക്കീയന് പാഷണ്ഡതയിലേക്ക് പഠനകാലത്ത് ആകൃഷ്ടനായെങ്കിലും പിന്നീട് അത് അഗസ്റ്റിന് പാടേ ഉപേക്ഷിക്കുകയും തന്റെ സത്യാന്വേഷണം തുടരുകയും ചെയ്തു.
സി.ഇ. 384-ല്‍ മിലാനില്വെച്ചാണ് അദ്ദേഹത്തിന്റെ മാനസാന്തരം സംഭവിച്ചത്. അപ്പോള്‍ അദ്ദേഹം അലങ്കാരശാസ്ത്രത്തിന്റെ അധ്യാപകനായിരുന്നു. അമ്മ മോനിക്കയുടെ ഉപദേശവും പ്രാര്‍ഥനയും, വിശുദ്ധ അംബ്രോസിന്റെ പ്രസംഗങ്ങളും വിശുദ്ധ ജീവിതവും വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളും അദ്ദേഹത്തിന്റെ മാനസാന്തരത്തിന് പ്രേരണയായി. സി.ഇ. 386-ലെ വേനല്‍ക്കാലത്ത് ”എടുത്തു വായിക്കൂ” എന്ന് ഉള്‍പ്രേരണ ലഭിക്കുകയും റോമാ 13,13 എടുത്തു വായിക്കുകയും ചെയ്തത് വലിയ ആന്തരിക മാറ്റത്തിന്റെ തുടക്കമായി. തന്റെ അധ്യാപനജോലി ഉടനേ രാജിവെച്ച് ഏതാനും സുഹൃത്തുക്കളോടൊപ്പം പ്രാര്‍ഥനയിലും തീരുമാനമെടുക്കലിലും കഴിച്ചുകൂട്ടുകയും സി.ഇ. 387-ല്‍ വിശുദ്ധ അംബ്രോസില്നിന്ന് മാമോദീസാ സ്വീകരിക്കുകയും ചെയ്തു. അഗസ്റ്റിനും കൂട്ടുകാരും ആഫ്രിക്കയിലേക്ക് യാത്ര തിരിഞ്ഞെങ്കിലും അമ്മ മോനിക്ക വഴിമധ്യേ മരണമടഞ്ഞു.
ആഫ്രിക്കയില്‍ തിരിച്ചെത്തിയ അദ്ദേഹം അവിചാരിതമായി വൈദിക ശുശ്രൂഷയിലേക്ക് വിളിക്കപ്പെട്ടു. സി.ഇ. 391-ല്‍ ഹിപ്പോ രൂപതയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചു. അഗസ്റ്റിന്റെ അറിവും പാണ്ഡിത്യവും വിശുദ്ധിയും പരിഗണിച്ച് വലേരിയസ് മെത്രാന് അദ്ദേഹത്തെ പിന്തുടര്ച്ചാവകാശമുള്ള സഹായമെത്രാനായി സി.ഇ. 395-ല്‍ നിയമിച്ചു. തുടര്‍ന്ന് അദ്ദേഹം ഹിപ്പോയുടെ മെത്രാനുമായി. 42 വയസ്സുള്ളപ്പോള്‍ മെത്രാനായ അദ്ദേഹം തന്റെ താപസജീവിതം തുടര്‍ന്നു. ഒപ്പം, പഠനവും എഴുത്തും സി.ഇ. 430-ല്‍ മരിക്കുന്നതുവരെ അദ്ദേഹം തുടര്‍ന്നു. തന്റെ കൃതികളിലൂടെ അഗസ്റ്റിന് മനുഷ്യന് ദൈവത്തോടുള്ള ബന്ധം, പാപവും കൃപയും മനുഷ്യന്റെ രക്ഷയുടെ സ്ഥാപനമായ സഭ തുടങ്ങിയ വിഷയങ്ങള്‍ വിശദമാക്കുന്നതില്‍ ഏറെ ശ്രദ്ധ വെച്ചു. മെത്രാനായതിനുശേഷമുള്ള കൃതികളിലൂടെ മനിക്കീയന് പാഷണ്ഡത, ഡോണാറ്റീയൂസ് പാഷണ്ഡത, പെലാജിയന്‍ പാഷണ്ഡത എന്നിവയ്ക്കെതിരെ സഭാ പഠനങ്ങള്‍ വ്യക്തമാക്കി. ഇക്കാലഘട്ടത്തിലെ രചനകളിലൂടെയാണ് Doctor Gratiae എന്ന പദവി സഭാലോകം അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തത്.
സി.ഇ. 400-കളില്‍ രചിച്ച കുമ്പസാരങ്ങള്‍ അഗസ്റ്റിന്റെ സ്വയംകൃത ചരിത്രം മാത്രമല്ല അത് ദൈവത്തോടുള്ള തീക്ഷ്ണമായ കൃതജ്ഞതയുടെയും സ്തുതിപ്പിന്റെയും പ്രാര്‍ഥന കൂടിയാണ്. സി.ഇ. 412-426 കളില്‍ രചിച്ച 22 പുസ്തകങ്ങള്‍ (City of God) ചരിത്രത്തിന്റെ തത്ത്വശാസ്ത്രത്തിന് ഉദാഹരണമാണ്. മധ്യകാല സഭയുടെയും രാഷ്ട്രത്തിന്റെയും നയങ്ങളെ ഏറെ സ്വാധീനിച്ച കൃതിയാണ് Opus Grande. 15 വര്‍ഷക്കാലംകൊണ്ട് പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് എഴുതിയ ദെ ത്രിനിത്താത്തൈ (De Trinitate) പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള അഗാധമായ ധ്യാനമാണ്. അനേകം കൃതികള്‍ കൂടാതെ 400 പ്രസംഗങ്ങളും 200 കത്തുകളും അഗസ്റ്റിന്റേതായി ചരിത്രം സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
6. പ്രുഡെന്സിയൂസ് (എ.ഡി. +405)
തൈയോഡോഷ്യസ് ചക്രവര്‍ത്തിയുടെ ഉന്നത ഉദ്യോഗസ്ഥനായ പ്രുഡെന്സിയൂസ് (Prudentius Aurelius Clemens) എന്ന സ്പെയിന്കാരന് നാലാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ലാറ്റിന്‍ കവിയാണ്. ഒരു അല്മായനായ അദ്ദേഹത്തിന്റെ ഗീതങ്ങള്‍ ഇന്നും റോമന്‍സഭയുടെ യാമപ്രാര്ത്ഥനയില് ഉപയോഗിച്ചുവരുന്നു. രക്തസാക്ഷികളുടെ സ്തുതിക്കായുള്ള അനേകം ഗീതങ്ങളും അദ്ദേഹത്തിന്റേതായി ലഭ്യമാണ്.
(‘റോമന്‍ കത്തോലിക്ക പൈതൃകം’ എന്ന പുസ്തകത്തില്‍ നിന്ന്)

