ബോബന് വരാപ്പുഴ
കുഞ്ഞാലു കൊച്ചുമൊയ്തീന്‍ പടിയത്ത് എന്നെഴുതിയാല്‍ ഒരുപക്ഷേ അത്ര പെട്ടെന്ന് ആളെ നിങ്ങള്‍ക്ക് പിടികിട്ടിക്കൊള്ളണമെന്നില്ല. എന്നാല്‍ ‘ബഹദൂര്‍’ എന്നെഴുതുന്നിടത്ത് മലയാള സിനിമയും ആസ്വാദകരും ഒരുമിച്ചെത്തും.
ഓ… നുമ്മട ബഹദൂറോ?
തിക്കുറുശ്ശിയാണ് ആ പേര് അദ്ദേഹത്തിന് നല്‍കിയത്.
ചില മനുഷ്യര്‍ നമ്മെ ചിരിപ്പിച്ചുകൊണ്ടാണ് നമ്മുടെ ഓര്‍മയില്‍ ഇടംപിടിക്കുന്നത്. അവരുടെ മുഖത്ത് വിരിയുന്ന ചിരി കാണുമ്പോള്‍, ആ ചിരിയുടെ പിന്നില്‍ എത്ര രാത്രികള്‍ ഉറക്കമില്ലാതെ കടന്നുപോയെന്ന് നാം ഒരിക്കലും അന്വേഷിക്കാറില്ല. തിരശ്ശീലയില്‍ അവര്‍ ചിരിച്ചുകൊണ്ടേയിരിക്കും; ജീവിതത്തിന്റെ തിരശ്ശീല വീഴുമ്പോഴാണ് ആ ചിരിയുടെ പിന്നില്‍ ഒളിപ്പിച്ചുവച്ചിരുന്ന കണ്ണീരിന്റെ ആഴം നമുക്ക് ബോധ്യമാകുന്നത്.
ബഹദൂര്‍ അത്തരമൊരു മനുഷ്യനായിരുന്നു. മലയാള സിനിമയില്‍ ബഹദൂര്‍ ചിരിയുടെ ഒരു പേരായിരുന്നു. സാധാരണ മനുഷ്യരുടെ ജീവിതത്തില്‍നിന്ന് പറിച്ചെടുത്ത നിസ്സാര നിമിഷങ്ങളെപ്പോലും അദ്ദേഹം ചിരിയുടെ വിരുന്നാക്കി മാറ്റി. ഒരു നോട്ടം, ഒരു ശരീരഭാഷ, ഒരു വാക്ക് അത്രമാത്രം മതി, പ്രേക്ഷകന്റെ മുഖത്ത് ചിരി പടരാന്‍. എന്നാല്‍ ആ ചിരിയുടെ ഉടമയുടെ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അവിടെ ചിരിയേക്കാള്‍ കൂടുതല്‍ കാണുന്നത് കടബാധ്യതകളും പരാജയങ്ങളും കുടുംബത്തിന്റെ ഭാരവും ഒറ്റപ്പെടലും ദൈന്യതയുമാണ്. സിനിമയില്‍ ഭാഗ്യം അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തി. ജീവിതം പലപ്പോഴും അതേ കൈകൊണ്ട് താഴേക്കും വലിച്ചു.
‘ബഹദൂര്‍’ എന്ന ആത്മകഥ വായിച്ചുതീര്‍ക്കുമ്പോള്‍, ഉള്ളില്‍ സങ്കടക്കടല്‍ ഒളിപ്പിച്ചുവച്ച് ആസ്വാദകരെ പൊട്ടിച്ചിരിപ്പിച്ച ലോകഹാസ്യസാമ്രാട്ട് സാക്ഷാല്‍ ചാര്‍ലി ചാപ്ലിന്റെ ജീവിതരേഖയുമായി ചെറുതായെങ്കിലും ഒരു ബന്ധം തോന്നിപ്പോകും. പക്ഷേ, അതിനിടയില്‍ ഒരു പ്രധാന വൈരുദ്ധ്യവുമുണ്ട്.
മുന്നില്‍ ശൂന്യത മാത്രം നിറഞ്ഞ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കാണ് ചാപ്ലിന് ജനിച്ചുവീണതും വളര്‍ന്നതും. പിതാവിനാല്‍ പരിത്യജിക്കപ്പെട്ട ചാപ്ലിന്റെ അമ്മ മാനസികരോഗിയായിരുന്നു. ആ അമ്മയാണ് ചാപ്ലിനെ വളര്‍ത്തിയത്. അഭിനയമെന്ന കഴിവിലൂടെ ചാപ്ലിന് വലിയ പ്രശസ്തിയും സമ്പത്തും അംഗീകാരങ്ങളും നേടിയപ്പോള്‍, സമ്പത്തിന്റെ ഉന്നതിയില്‍നിന്ന് ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് നിപതിച്ച ബഹദൂറാകട്ടെ, മാലോകരറിയുന്ന സിനിമാനടനായിട്ടും കടഭാരത്തിന്റെ നുകം വലിച്ചുവലിച്ച് ജീവിതം ജീവിച്ചുതീര്ക്കേണ്ടിവന്നു.
ബഹദൂറിന്റെ സഹോദരനും മാനസികരോഗിയായിരുന്നു. അഭിനയത്തെ അഗാധമായി പ്രണയിച്ച ബഹദൂര്‍ തന്റെ പന്ത്രണ്ട് അംഗങ്ങളുള്ള കുടുംബത്തിനായി ജീവിച്ചു; അവസാനശ്വാസം വരെയും.
പൂര്‍വകാലം പക്ഷേ അങ്ങനെയായിരുന്നില്ല. സമ്പന്നതയുടെ ചുറ്റുപാടുകള്‍ പുണര്‍ന്നുനിന്ന ഒരു ഭൂതകാലത്തെക്കുറിച്ച് പറയുമ്പോള്‍, കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തില്‍ നിലനിന്നിരുന്ന ഒരു സമ്പ്രദായത്തെക്കുറിച്ച് അല്പം അമ്പരപ്പോടെയാകും നമുക്ക് വായിക്കേണ്ടിവരിക.
”തറവാടിത്തവും കുലീനതയും സാമ്പത്തികശേഷിയും ഉണ്ടായിരുന്നൊരു തറവാട്ടിലെ അംഗമായിരുന്നു ഉമ്മ. രക്ഷിതാക്കളുടെ മരണാനന്തരം നടത്തിയ സ്വത്തുപങ്കുവെക്കലില് ഉമ്മയ്ക്ക് കിട്ടിയത് മൂന്ന് അടിമകളെ മാത്രമാണ്. അക്കാലത്ത് ഭൂമിയും ആഭരണങ്ങളും പാത്രങ്ങളും ഓരോരുത്തര്‍ക്കായി കൊടുക്കുമ്പോള്‍ കുടുംബത്തിലെ അടിമകളെയും പങ്കുവെക്കാറുണ്ടായിരുന്നു. അങ്ങനെ ഉമ്മയുടെ പങ്കില്‍ കിട്ടിയ മൂന്ന് അടിമകളില്‍ രണ്ടുപേര്‍ സ്ത്രീകളും ഒരു പയ്യനുമായിരുന്നു…”
(പേജ് 66).
പിന്നീട് ജീവിതം മറ്റൊരു വഴിയിലൂടെയായിരുന്നു ബഹദൂറിനെ കൊണ്ടുപോയത്.
”മാസത്തില്‍ നാലും അഞ്ചും പടങ്ങള്‍ റിലീസ് ചെയ്യുന്നതില്‍ മിക്കതിലും അഭിനയിക്കുന്ന നടന്, ആയിരക്കണക്കിന് രൂപ പ്രതിഫലം കിട്ടുന്ന നടന് എന്നിട്ടും ഒരു ദിവസമെങ്കിലും ഒരു രൂപ വീട്ടില്‍ മിച്ചം വെക്കാന്‍ കഴിയുന്നില്ലല്ലോ…”
സ്വന്തം നാടകസമിതി, സിനിമാവിതരണക്കമ്പനി, മീന്‍കൃഷി, റെക്കോര്‍ഡിങ് സ്റ്റുഡിയോ, ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ ലാബ്, കമ്പവല… സിനിമയില്‍ ചിരിയുടെ വിസ്മയം തീര്‍ത്ത ആ കലാകാരന് തന്റെയും കുടുംബത്തിന്റെയും ജീവിതോപാധി കണ്ടെത്താന്‍ നടത്തിയ സംരംഭങ്ങള്‍ അനവധിയാണ്.
സിനിമയില്‍ കൈവന്ന ഭാഗ്യം പക്ഷേ ഇതര മേഖലകളിലൊന്നും ബഹദൂറിനെ തുണച്ചില്ലെന്നു മാത്രമല്ല, സാമ്പത്തിക പരാജയത്തിന്റെ നീര്‍ക്കയത്തിലേക്ക് അദ്ദേഹത്തെ ചവിട്ടിത്താഴ്ത്തുകയും ചെയ്തു.
ആ അവസരത്തില്‍ ബഹദൂറിന്റെ പ്രാര്‍ഥന ഒന്നു മാത്രമായിരുന്നു ‘എന്റെ മയ്യത്തിന് കടമുണ്ടാക്കരുതേ.”
ഒരു ഉദാഹരണം പറയാം. അദ്ദേഹം ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ ലാബ് ആരംഭിച്ചതിനു പിന്നാലെ മലയാള സിനിമ കളറിലേക്ക് ചുവടുമാറ്റി. കച്ചവടത്തില്‍ അത്രയ്ക്കും ഭാഗ്യഹീനനായിരുന്നു ബഹദൂര്‍.
ദൈന്യതയുടെ കാറ്റും കോളും അടങ്ങാത്ത ആ പാരാവാരത്തിലൂടെയുള്ള ജീവിതയാത്രയെക്കുറിച്ച് അദ്ദേഹം എഴുതുന്നു:
”ഞാനും സഹോദരനും ജീവിതത്തോണി വലിക്കുമെന്ന വിശ്വാസത്തോടെ എല്ലാവരും കണ്ണടച്ച് സുഷുപ്തിയിലാണ്. പക്ഷേ സഹോദരന് എതിരെയാണ് തുഴയുന്നതെന്ന് വന്നാല്‍?
അവര്‍ കണ്ണുതുറന്നു. അവരെ രക്ഷിക്കേണ്ട ആണ്തരികള് എതിരായി വലിക്കുന്നു. അപ്പോഴാണ് മനസ്സിലായത്, മൂത്തമകന്, സഹോദരന് ബുദ്ധിഭ്രമമാണെന്ന്. നടുക്കടലിലെത്തിയപ്പോള്‍ സുഹ്റ ആഴക്കടലിലേക്ക് ചാടി. പിന്നെ ഉമ്മ, പിന്നാലെ ജമീല, റുക്കിയ… ഗത്യന്തരമില്ലാതെ, രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ വന്നപ്പോള്‍ ഉമ്മയും ചാടി. അങ്ങനെ പന്ത്രണ്ട് അംഗങ്ങളുമായി പുറപ്പെട്ട തോണിയില്‍ ഇവരെല്ലാം പാടുപെട്ട് രക്ഷപ്പെട്ടപ്പോഴും ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിച്ച് കരപറ്റിക്കാന്‍ ശ്രമിച്ചു. എതിരെ തുഴ വലിച്ച സഹോദരനെയും സഹോദരിമാരെയും ഞാന്‍ അങ്ങനെ ഓരോ കരകളിലടുപ്പിച്ചു. തോണിയും ഞാനും മാത്രം ബാക്കി…”
അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടും, തന്റെ മയ്യത്തിന് കടമുണ്ടാകരുതേയെന്ന ഒറ്റ പ്രാര്‍ഥനയേ ഒടുവില്‍ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
ഇതെങ്ങനെ സംഭവിച്ചു?
അതാണ് സിനിമയെന്ന ഭാഗ്യപരീക്ഷണത്തിലെ ഒരിക്കലും പ്രവചിക്കാനാവാത്ത അവസ്ഥാന്തരങ്ങള്‍. ചിലര്‍ക്ക് സിനിമ ഭാഗ്യം ശരിയാക്കും; ചിലര്‍ക്ക് അത് മരുഭൂമിയിലെ മരീചികപോലെ അനുഭവവേദ്യമാകും.
ആത്മകഥയുടെ വായന അവസാനിക്കുകയാണ്.
കണ്ണടച്ചിരിക്കുമ്പോള്‍ മനസ്സില്‍ ലോഹിതദാസിന്റെ ജോക്കര്‍ എന്ന സിനിമയിലെ അബൂക്കയുടെ ഡയലോഗ് കേള്‍ക്കാം:
”ബാബൂ… നീ കരയേണ… കരയരുത്.
കോമാളി കരയാന്‍ പാടില്ല…
ചിരിക്കണം. ചിരിക്കടാ… ചിരി…’

