ഇസ്ലാമാബാദ്: വിവേചനങ്ങളും ദാരിദ്ര്യവും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവ കുട്ടികൾ യേശുക്രിസ്തുവിന്റെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സാക്ഷികളായി വളരണമെന്ന് ഇസ്ലാമാബാദ്-റാവൽപിണ്ടി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് അർഷാദ് ആഹ്വാനം ചെയ്തു.
പൊന്തിഫിക്കൽ സൊസൈറ്റി ഓഫ് മിഷനറി ചൈൽഡ്ഹുഡ് സംഘടിപ്പിച്ച പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും പ്രത്യേക പ്രാധാന്യം നൽകി 2026-നെ അതിരൂപതയിൽ ‘കുട്ടികളുടെ വർഷമായി’ ആചരിക്കുകയാണ്. സാമൂഹിക വിവേചനം, പാർശ്വവൽക്കരണം, ദാരിദ്ര്യം, ബാലവേല തുടങ്ങിയ പ്രതിസന്ധികൾക്കിടയിലും വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രാർത്ഥനയിലൂടെയും പങ്കുവെക്കലിലൂടെയും സത്പ്രവർത്തനങ്ങളിലൂടെയും കുട്ടികൾ സമൂഹത്തിൽ സമാധാനത്തിന്റെ സന്ദേശവാഹകരാകണമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. യേശുവിന്റെ സ്നേഹവും സന്തോഷവും മറ്റുള്ളവരിലേക്ക് പകരുന്ന അപ്പസ്തോലന്മാരും മിഷണറിമാരുമായി അവർ വളരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രാർത്ഥിക്കാനും ദൈവത്തെ സേവിക്കാനും വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനും പ്രായം തടസ്സമല്ലെന്ന് വിശുദ്ധ കുർബാനയ്ക്കിടെ അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.
പാക്കിസ്ഥാനിലെ ക്രൈസ്തവ കുട്ടികൾ സ്കൂളുകളിലെ വിവേചനവും പൊതുസേവനങ്ങളുടെയും സ്കോളർഷിപ്പുകളുടെയും പരിമിതമായ ലഭ്യതയും ഉൾപ്പെടെയുള്ള സാമൂഹിക വെല്ലുവിളികൾ നേരിടുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ദാരിദ്ര്യം മൂലം ചില കുട്ടികൾ ചെങ്കൽ ചൂളകളിലും വീടുകളിലും കൃഷിയിടങ്ങളിലും ബാലവേലയ്ക്ക് നിർബന്ധിതരാകുന്ന സാഹചര്യവുമുണ്ട്. ഗ്രാമീണ മേഖലകളിലെ പെൺകുട്ടികൾ നിർബന്ധിത മതപരിവർത്തനത്തിന്റെ ഭീഷണിയും നേരിടുന്നതായി വിവിധ ക്രൈസ്തവ സംഘടനകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

