കൊല്ലം: അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനത്തോടനുബന്ധിച്ച് ബിഷപ് ബെൻസിഗർ ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രോഗി സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 15-ന് ആശുപത്രി ജീവനക്കാർക്കായി പേഷ്യന്റ് സേഫ്റ്റി ക്വിസ് മത്സരം നടത്തി.സെപ്റ്റംബർ 17-ന് രാവിലെ ആശുപത്രി ക്യാമ്പസിൽനിന്ന് ചിന്നക്കടയിലേക്ക് ബോധവൽക്കരണ റാലിയും തുടർന്ന് ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ആശുപത്രി ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി റാലി ഫ്ലാഗ് ഓഫ് ചെയ്തു.“ജീവിതത്തിന് സുരക്ഷിതമായ പരിചരണം” എന്നതാണ് ഈ വർഷത്തെ രോഗി സുരക്ഷാ ദിന സന്ദേശമെന്ന് ഫാ. ബിനു തോമസ് തുപ്പാശ്ശേരി പറഞ്ഞു.
ദീർഘകാല രോഗങ്ങളുടെ പരിചരണത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനും രോഗികളും ആരോഗ്യപ്രവർത്തകരും തമ്മിലുള്ള ആശയവിനിമയവും അവബോധവും വർധിപ്പിക്കുന്നതിനും രോഗി സുരക്ഷാ ദിനാചരണം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടന യോഗത്തിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, നഴ്സിങ് സൂപ്രണ്ട് സിസ്റ്റർ സിർള മേരി എന്നിവർ സംസാരിച്ചു. രോഗി സുരക്ഷാ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ പ്ലക്കാർഡുകളുമായി നടന്ന റാലിയിൽ ആശുപത്രി ജീവനക്കാർ, ബിഷപ് ബെൻസിഗർ സ്കൂൾ ഓഫ് നഴ്സിങ്, കോളേജ് ഓഫ് നഴ്സിങ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

