പത്തനാപുരം: യുവജനങ്ങളിൽ വിശ്വാസബോധവും നേതൃത്വശേഷിയും സംഘടനാപ്രവർത്തനവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പത്തനാപുരം ഫൊറോനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ARISE 2026’ യുവജന സംഗമം സമാപിച്ചു. നവംബർ എട്ടിന് ഉച്ചകഴിഞ്ഞ് അടൂർ സെന്റ് ജോൺ ഓഫ് ദി ക്രോസ് ദേവാലയത്തിൽ നടന്ന സംഗമത്തിൽ ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നായി എൺപതോളം യുവജനങ്ങൾ പങ്കെടുത്തു.
Awakening, Renewing, Inspiring and Strengthening Everyone എന്ന ആശയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച സംഗമം പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. കെ.സി.വൈ.എം. രൂപതാ സമിതി അംഗം ആൽബി ഡെന്നീസ് സ്വാഗതം ആശംസിച്ചു. കെ.സി.വൈ.എം. സംസ്ഥാനതല മുൻ ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര സംഘടനയുടെ ലക്ഷ്യങ്ങളെക്കുറിച്ചും യുവജനങ്ങൾക്കായി അർത്ഥവത്തായ ശില്പശാലകൾ സംഘടിപ്പിച്ച് ഇടവകതല കർമപദ്ധതികൾ രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസുകൾ നയിച്ചു.
മരുതിമൂട് സെന്റ് ജൂഡ് ഷ്രൈൻ റെക്ടർ ഫാ. സാം ഷൈൻ യുവജന സംഘടനകളെ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് സംസാരിച്ചു. പുനലൂർ രൂപത കെ.സി.വൈ.എം. ഡയറക്ടർ ഫാ. ബിബിൻ സെബാസ്റ്റ്യൻ ഇടവകതല സംഘടനാപ്രവർത്തനങ്ങളുടെ പ്രാധാന്യവും ഭാവി പദ്ധതികളും വിശദീകരിച്ചു.പത്തനാപുരം ഫൊറോന യൂത്ത് ആനിമേറ്റർ സിസ്റ്റർ പ്രണിത (CTC) ആശംസകൾ നേർന്നു. അടൂർ സെന്റ് ജോൺ ഓഫ് ദി ക്രോസ് ദേവാലയ വികാരി ഫാ. ജോസ് (MSFS), കൂടൽ സെന്റ് ജൂഡ് വികാരി ഫാ. മൈക്കിൾ ബെനഡിക്ട്, വയല സെന്റ് പോൾ വികാരി ഫാ. ആന്റണി ഫെർണാണ്ടസ് എന്നിവർ സന്നിഹിതരായിരുന്നു. പരസ്പര പരിചയപ്പെടലിനും നേതൃത്വശേഷി വളർത്തുന്നതിനും ഇടവകകളിലെ കെ.സി.വൈ.എം. പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും സംഗമം സഹായകമായതായി പങ്കെടുത്ത യുവജനങ്ങൾ അഭിപ്രായപ്പെട്ടു. നന്ദിപ്രകാശനത്തോടെയും പ്രാർത്ഥനയോടെയും സംഗമം സമാപിച്ചു.

