ബിജോ സില്‍വേരി
ചരിത്രം വിജയങ്ങളുടെ മാത്രം രേഖയല്ല; അത് ആത്മപരിശോധനയുടെയും നവീകരണത്തിന്റെയും സത്ത കൂടി ഉള്‍ക്കൊള്ളുന്നു. ലോകചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം നിലനിന്ന സ്ഥാപനങ്ങളിലൊന്നായ കത്തോലിക്ക സഭയുടെ മധ്യകാലഘട്ടവും അത്തരമൊരു ചരിത്രസാക്ഷ്യമാണ്. ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ മധ്യകാലഘട്ടം (സിഇ 500 – 1500) സഭയുടെ സ്ഥാപനപരമായ വികാസത്തിന്റെയും യൂറോപ്യന്‍ സമൂഹത്തിലെ അതിന്റെ ആധിപത്യത്തിന്റെയും കാലഘട്ടമായിരുന്നു. റോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം യൂറോപ്പില്‍ രാഷ്ട്രീയ സ്ഥിരതയും സാംസ്കാരിക ഐക്യവും വിദ്യാഭ്യാസവും നിലനിര്‍ത്തുന്നതില്‍ കത്തോലിക്ക സഭ വഹിച്ച പങ്ക് അതുല്യമാണ്. ആശ്രമങ്ങള്‍ വിജ്ഞാനകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയും സര്‍വകലാശാലകളുടെ രൂപീകരണത്തില്‍ സഭ നേതൃത്വം നല്‍കുകയും കല, സാഹിത്യം, സംഗീതം, വാസ്തുവിദ്യ എന്നിവയുടെ വളര്‍ച്ചയില്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു.
വിശ്വാസത്തിന്റെ ദീപശിഖ കൈമുതലാക്കി, യൂറോപ്പിന്റെ സാമൂഹികവും സാംസ്കാരികവും ബൗദ്ധികവുമായ ജീവിതത്തിന് ദിശാബോധം നല്കിയ സഭ, അതേ സമയം സ്വന്തം ആന്തരിക ജീവിതത്തില്‍ ഉയര്‍ന്ന വെല്ലുവിളികളെയും നേരിടേണ്ടിവന്നു. ആശ്രമങ്ങളുടെ നിശ്ശബ്ദതയില്‍ വിജ്ഞാനം സംരക്ഷിക്കപ്പെട്ടപ്പോള്‍, ദേവാലയങ്ങളുടെ മണിനാദത്തില്‍ വിശ്വാസം മുഴങ്ങിയപ്പോള്‍, സര്‍വകലാശാലകളില്‍ ദൈവശാസ്ത്രവും തത്ത്വചിന്തയും പുഷ്പിച്ചപ്പോള്‍, സഭയ്ക്കുള്ളില്‍ ചില നിഴലുകളും വളര്‍ന്നു. അവ സഭയുടെ ആത്മീയ മുഖത്തെ വെല്ലുവിളിച്ചു. എന്നാല്‍ ഈ പ്രതിസന്ധികള്‍ സഭയെ തകര്‍ക്കുകയല്ല ചെയ്തത്; മറിച്ച് ആത്മപരിശോധനയിലേക്കും സ്വയംപരിഷ്കരണത്തിലേക്കും കൂടുതല്‍ വിശുദ്ധിയിലേക്കും നയിച്ചു.
അതുകൊണ്ടുതന്നെ മധ്യകാലഘട്ടത്തെ സഭയുടെ അധഃപതനത്തിന്റെ കാലമായി മാത്രം വിശേഷിപ്പിക്കുന്നത് ചരിത്രത്തോടുള്ള നീതിയാകില്ല. അത് പ്രതിസന്ധികളിലൂടെ നവീകരണത്തിലേക്ക് സഞ്ചരിച്ച ഒരു വിശ്വാസസമൂഹത്തിന്റെ ചരിത്രമാണ്.
സിമണി (Simony): ആത്മീയ ദൗത്യത്തിന്റെ വാണിജ്യവല്‍ക്കരണം
അപ്പസ്തോലപ്രവൃത്തികള്‍ 8:18 – 24-ല്‍ പരിശുദ്ധാത്മാവിന്റെ ദാനം പണത്തിന് വാങ്ങാന്‍ ശ്രമിച്ചതില്‍നിന്നാണ് ‘സിമണി’ എന്ന പദം ഉരുത്തിരിഞ്ഞത്. സമരിയായില്‍ ആഭിചാരകര്‍മങ്ങള്‍ നടത്തിയിരുന്ന സീമോന്‍ (ശിമയോന്) എന്ന വ്യക്തിയെക്കുറിച്ചാണ് ഈ ഭാഗത്ത് പറയുന്നത്. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ പണം കൊടുത്ത് വാങ്ങാം എന്ന് വിചാരിച്ച സീമോനെ പത്രോസ് കര്‍ശനമായി ശാസിക്കുകയും, അനുതപിച്ച് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ദൈവകൃപയും ആത്മീയ വരങ്ങളും പണത്തിന് മീതെ വാങ്ങാന്‍ കഴിയുന്നതല്ല എന്ന വലിയ സത്യം ഈ വചനം ഓര്‍മ്മിപ്പിക്കുന്നു.
മധ്യകാലഘട്ടത്തില്‍ സഭാപദവികള്‍ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി മാറിയത് സഭയുടെ ആത്മീയതയ്ക്ക് ഗുരുതരമായ ആഘാതമായി. പ്രാദേശിക ഭരണാധികാരികള്‍ മെത്രാന് സ്ഥാനങ്ങള്‍ പോലും സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുകയും പലരും പദവികള്‍ നേടാന്‍ പണം നല്‍കുകയും ചെയ്തു എന്ന ആരോപണം ഉയരുകയും ചെയ്തു.
സഭയുടെ ഗ്രിഗോറിയന്‍ പരിഷ്കരണ പ്രസ്ഥാനം (Gregorian Reform) ഈ പ്രവണതയെ ശക്തമായി എതിര്‍ത്തു. പ്രത്യേകിച്ച് ഗ്രിഗറി ഏഴാമന് പാപ്പ (1073 – 1085) സിമണിയെ സഭയുടെ ഏറ്റവും ഗുരുതരമായ ധാര്‍മ്മിക തകര്‍ച്ചകളിലൊന്നായി വിശേഷിപ്പിച്ചു.
വൈദികരുടെ അച്ചടക്കം
മധ്യകാലഘട്ടത്തിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ യൂറോപ്പിലെ പല പ്രദേശങ്ങളിലും വൈദികരുടെ ബ്രഹ്മചര്യനിയമം ഏകീകൃതമായി പാലിക്കപ്പെട്ടിരുന്നില്ല. ചില പുരോഹിതന്മാര് വിവാഹിതരായിരുന്നു; ചിലര്‍ അനൗപചാരിക കുടുംബജീവിതം നയിച്ചിരുന്നു.
ഇത് വെറും വ്യക്തിപരമായ ധാര്‍മ്മിക പ്രശ്നമല്ലായിരുന്നു. സഭയുടെ സ്വത്തുക്കള്‍ കുടുംബാവകാശമായി കൈമാറപ്പെടുന്ന സാഹചര്യം ഉണ്ടാകുകയും സഭയുടെ സ്ഥാപനസ്വഭാവത്തെ ബാധിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ഗ്രിഗോറിയന്‍ പരിഷ്കരണങ്ങള്‍ ബ്രഹ്മചര്യത്തിന് വലിയ പ്രാധാന്യം നല്കി.
ഇന്‍വെസ്റ്റിച്ചര്‍ വിവാദം (Investiture Controversy)
മധ്യകാല സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ-സഭാ പ്രതിസന്ധിയായിരുന്നു ഇന്‍വെസ്റ്റിച്ചര്‍ വിവാദം. ജര്‍മ്മന്‍ ചക്രവര്‍ത്തിയായ ഹെന്റി നാലാമന് മെത്രാന്മാരെ നിയമിക്കാനുള്ള അവകാശം ആവശ്യപ്പെട്ടപ്പോള്‍ ഗ്രിഗറി ഏഴാമന് പാപ്പ അത് നിരാകരിച്ചു. 1077-ലെ കനോസ സംഭവവും (Walk to Canossa) 1122ലെ വോംസ് ഉടമ്പടിയും (Concordat of Worms) ഈ സംഘര്‍ഷത്തിന്റെ നിര്‍ണായക ഘട്ടങ്ങളാണ്.
ഈ വിവാദം സഭയുടെ ആത്മീയ സ്വാതന്ത്ര്യവും രാഷ്ട്രാധികാരവും തമ്മിലുള്ള അതിര്‍ത്തി നിര്‍വചിക്കാന്‍ സഹായിച്ചു.
സമ്പത്തും ആഡംബരവും
പതിനൊന്നു മുതല്‍ പതിമൂന്നാം നൂറ്റാണ്ട് വരെ സഭ യൂറോപ്പിലെ ഏറ്റവും വലിയ ഭൂവുടമയായി മാറി. ആശ്രമങ്ങള്‍ പലതും സമ്പന്ന സ്ഥാപനങ്ങളായി വളര്‍ന്നു. പുരോഹിതരില്‍ പലരും ആഡംഭരജീവിതത്തിലേക്കു തിരിഞ്ഞു. ഇതിനെതിരെ നിരവധി ആത്മീയ നവീകരണ പ്രസ്ഥാനങ്ങള്‍ സഭയ്ക്കുള്ളില്‍ തന്നെ ഉയര്‍ന്നുവന്നു. പ്രത്യേകിച്ച് സിസ്റ്റര്‍ഷ്യന്‍ (Cistercian) പ്രസ്ഥാനം ബെനഡിക്ടന്‍ ആശ്രമങ്ങളിലെ ആഡംബരത്തിനെതിരായ പ്രതികരണമായിരുന്നു.
അവിനിയോന് പ്രവാസവും ഒന്നിലധികം പാപ്പമാരും
1309 – 1377 കാലഘട്ടത്തില്‍ പാപ്പാമാര്ക്ക് അവിനിയോനില് താമസിക്കേണ്ടി വന്നിരുന്നു. അതോടെ 1378-ല്‍ ആരംഭിച്ച പാശ്ചാത്യ ഭിന്നത (Western Schism) സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേതൃത്വ പ്രതിസന്ധിയായി മാറി. ഒരേസമയം രണ്ടും മൂന്നും പേര് പാപ്പയാണെന്ന് അവകാശപ്പെട്ടു. 1414 – 1418-ലെ കോണ്‍സ്റ്റാന്‍സ് കൗണ്‍സില്‍ ഈ ഭിന്നത അവസാനിപ്പിക്കുകയും സഭയുടെ ഐക്യം പുനഃസ്ഥാപിക്കുകയും ചെയ്തു.
ആത്മീയ നവീകരണ പ്രസ്ഥാനങ്ങള്‍
സഭയുടെ ഏറ്റവും വലിയ ശക്തി അതിന്റെ സ്വയംപരിഷ്കരണ ശേഷിയായിരുന്നു. ഫ്രാന്‍സിസ്കന്‍, ഡൊമിനിക്കന്‍, സിസ്റ്റര്‍ഷ്യന്‍ തുടങ്ങിയ സന്ന്യാസസമൂഹങ്ങള്‍ സഭയുടെ ആത്മീയ നവോത്ഥാനത്തിന് നേതൃത്വം നല്കി. ദാരിദ്ര്യം, ലാളിത്യം, സുവിശേഷപ്രഘോഷണം, വിദ്യാഭ്യാസം എന്നിവയില്‍ പുതിയ ഊന്നല്‍ നല്കി.
പാരീസ്, ബൊളോഞ്ഞ, ഓക്സ്ഫോര്‍ഡ് തുടങ്ങിയ സര്‍വകലാശാലകളില്‍ സ്കൊളാസ്റ്റിക് ദൈവശാസ്ത്രം വളര്‍ന്നു.
വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സഭയുടെ ബൗദ്ധിക പാരമ്പര്യത്തെ സമ്പന്നമാക്കി.
എന്നിരുന്നാലും ചില പുതിയ ആശയങ്ങള്‍ സഭയ്ക്കകത്ത് അഭിപ്രായഭിന്നതകള്‍ക്കും ഇടയാക്കി.
പ്രാദേശിക സഭാസംവിധാനങ്ങളിലെ ദൗര്‍ബല്യങ്ങള്‍
അനേകം രൂപതകളില്‍ മെത്രാന്മാര് താമസിക്കാതിരിക്കുക (Absenteeism), ഒന്നിലധികം രൂപതകള്‍ ഒരാള്‍ കൈവശം വയ്ക്കുക (Pluralism), ശുശ്രൂഷയ്ക്ക് പകരം വരുമാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ പ്രവണതകള്‍ വ്യാപകമായി. ഇവയാണ് പിന്നീട് ട്രെന്റ് കൗണ്‍സിലില്‍ (1545 – 1563) കര്‍ശനമായി പരിഷ്കരിക്കപ്പെട്ട പ്രധാന വിഷയങ്ങള്‍.
മധ്യകാലഘട്ടത്തില്‍ കത്തോലിക്ക സഭയെ ഏറ്റവും കൂടുതല്‍ വെല്ലുവിളിച്ചത് സഭയുടെ ശത്രുക്കളല്ല; സഭയ്ക്കകത്ത് രൂപപ്പെട്ട ആത്മീയവും ഭരണപരവുമായ ദൗര്‍ബല്യങ്ങളായിരുന്നു. എന്നാല്‍ സഭയുടെ ചരിത്രത്തിന്റെ പ്രത്യേകത, ഈ വെല്ലുവിളികള്‍ക്കെതിരെ സഭയ്ക്കകത്തുനിന്നുതന്നെ നവീകരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നതാണ്. ഗ്രിഗോറിയന്‍ പരിഷ്കരണം, സന്ന്യാസ നവോത്ഥാനം, കോണ്‍സ്റ്റാന്‍സ് കൗണ്‍സില്‍, ട്രെന്റ് കൗണ്‍സില്‍ എന്നിവ ഈ ദീര്‍ഘകാല ആത്മപരിശോധനയുടെ ഫലങ്ങളാണ്. അതിനാല്‍ മധ്യകാലഘട്ടത്തെ സഭയുടെ അധഃപതനത്തിന്റെ ചരിത്രമായി മാത്രം വിശേഷിപ്പിക്കുന്നത് തികച്ചും തെറ്റാണ്; അതിനെ ആത്മപരിഷ്കരണത്തിന്റെയും സ്ഥാപന നവീകരണത്തിന്റെയും ചരിത്രമായും കാണേണ്ടതുണ്ട്.
അടിക്കുറിപ്പുകള്‍
Henry Chadwick, The Early Church (London: Penguin Books, 1993), pp. 245-260.
Joseph H. Lynch, The Medieval Church: A Brief History (London: Longman, 1992), pp. 121-181.

