കൊല്ലം: പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി കന്യാസ്ത്രീമാരും നഴ്സിംഗ് വിദ്യാർഥിനികളും തീരദേശ റോഡ് ശുചീകരിച്ചു. കൊല്ലം രൂപതാധ്യക്ഷൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ പരിസ്ഥിതി പദ്ധതിയായ ‘ലവ്ദാ തോസി – ഭൂമിക്കൊരു കുട’ യുടെ ഭാഗമായി അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിലാണ് ബെൻസിഗർ ഹോസ്പിറ്റലിന്റെയും ബെൻസിഗർ കോളേജ് ഓഫ് നഴ്സിംഗിന്റെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്.
കൊല്ലം ബീച്ച് മുതൽ പോർട്ട് കൊല്ലം വരെയുള്ള ബിഷപ് ജെറോം തീരദേശ റോഡിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്, സിഗററ്റ് അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു.ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ അതുവഴി കടന്നുപോയ മന്ത്രി ബിന്ദു കൃഷ്ണ വാഹനം നിർത്തി പ്രവർത്തകരെ അഭിനന്ദിക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു. മന്ത്രിയുടെ സാന്നിധ്യം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർക്ക് ആവേശമായി.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി നിർവഹിച്ചു. ബെൻസിഗർ കോളേജ് ഓഫ് നഴ്സിംഗ് ഡയറക്ടർ ഫാ. ഷാനി ഫ്രാൻസിസ്, കൊല്ലം രൂപത അസോസിയേറ്റ് പി.ആർ.ഒ. ജോർജ് എഫ്. സേവ്യർ വലിയവീട്, ബെൻസിഗർ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സിർള മേരി, സിസ്റ്റർ ഫ്രഡിന മേരി, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസി ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.

