കൊച്ചി: ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സംഘാടനവും ശാക്തീകരണവും ഏറെ പ്രധാനപ്പെട്ടതാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. ഈ മേഖലയിൽ കേരള ലേബർ മൂവ്മെന്റ് നടത്തുന്ന പ്രവർത്തനങ്ങൾ പ്രസക്തവും മാതൃകാപരവുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ലേബർ മൂവ്മെന്റിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി വരാപ്പുഴ അതിരൂപതയിലെ തൊഴിലാളി മുന്നേറ്റത്തിന്റെ ചരിത്രവും ദാർശനിക പശ്ചാത്തലവും രേഖപ്പെടുത്തിയ സ്മരണിക ആർച്ച്ബിഷപ്പ് പ്രകാശനം ചെയ്തു.ആർച്ച്ബിഷപ്സ് ഹൗസിൽ നടന്ന സമ്മേളനത്തിൽ കേരള ലേബർ മൂവ്മെന്റ് പ്രസിഡന്റ് സജി ഫ്രാൻസിസ് മനയിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സുനിൽ മുടവശ്ശേരി, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, അഡ്വ. ഡീന ജോസഫ്, ബിജു പുത്തൻപുരയ്ക്കൽ, ജോൺസൺ പാലക്കാപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. രൂപത, മേഖല, ഫോറം ഭാരവാഹികളുടെ സാന്നിധ്യവും ചടങ്ങിന് ശ്രദ്ധേയമായി.

