വത്തിക്കാൻ: സൈക്ലിങ് കായികമേഖല ശാരീരിക ആരോഗ്യത്തിനൊപ്പം മനോഹരമായ ആത്മീയ അനുഭവങ്ങൾക്കും വഴിയൊരുക്കുന്നുവെന്ന് ലെയോ പതിനാലാമൻ പാപ്പാ. സാംസ്കാരിക വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയും അന്താരാഷ്ട്ര സൈക്ലിങ് സംഘടനയായ യു.സി.ഐയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നവരുമായി നവംബർ 23ന് കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിലെ ഏറ്റവും ജനപ്രിയവും ആളുകൾ ഏറെ ഇഷ്ടപ്പെടുന്നതുമായ കായിക ഇനങ്ങളിലൊന്നാണ് സൈക്ലിങ്ങെന്ന് പാപ്പാ പറഞ്ഞു. സൈക്കിൾ പല സംസ്കാരങ്ങളുടെയും ചരിത്രത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണ്. എളുപ്പത്തിൽ സഞ്ചരിക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും സഹായിക്കുന്ന ഉപാധി എന്നതിലുപരി, മനോഹരമായ ആത്മീയ അനുഭവങ്ങൾ സമ്മാനിക്കുന്ന മാർഗം കൂടിയാണ് സൈക്ലിങ്ങെന്നും പാപ്പാ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

