വത്തിക്കാൻ: ജപമാല മാസമായ ഒക്ടോബർ ഒന്നിന് റോമിലെ ആയിരക്കണക്കിന് കുട്ടികൾക്കൊപ്പം ലെയോ പതിനാലാമൻ പാപ്പാ ജപമാല പ്രാർത്ഥനയിൽ പങ്കുചേരും. പ്രാദേശിക സമയം വൈകുന്നേരം അഞ്ചിന് വത്തിക്കാൻ ഉദ്യാനത്തിലാണ് പ്രാർത്ഥന നടക്കുക.
റോമിലെ വിവിധ സ്കൂളുകളിൽനിന്നും ഇടവകകളിൽനിന്നുമുള്ള കുട്ടികൾ പരിപാടിയിൽ പങ്കെടുക്കും. ലോകമെമ്പാടുമുള്ള വിശ്വാസികളുമായി ആത്മീയ കൂട്ടായ്മയിൽ പാപ്പാ ജപമാല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ‘ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം’ (Aid to the Church in Need) സംഘടനയുടെ ആഭിമുഖ്യത്തിൽ ഇരുപത് വർഷത്തിലേറെയായി നടത്തിവരുന്ന ‘ഒരു ദശലക്ഷം കുട്ടികൾ ജപമാല ചൊല്ലുന്നു’ എന്ന ലോക പ്രാർത്ഥനാ വാരത്തിനും ഇതോടെ തുടക്കമാകും.ഒക്ടോബർ ഒന്നുമുതൽ ഏഴുവരെയാണ് ഈ വർഷത്തെ പ്രാർത്ഥനാവാരം.
ഒക്ടോബർ ഏഴിന് ജപമാല മാതാവിന്റെ തിരുനാളോടെ പ്രാർത്ഥനാവാരം സമാപിക്കും.ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ ഏതെങ്കിലും സമയം തിരഞ്ഞെടുത്ത് രൂപതകൾ, ഇടവകകൾ, സ്കൂളുകൾ, വിവിധ സമൂഹങ്ങൾ, കുടുംബങ്ങൾ എന്നിവിടങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ജപമാല പ്രാർത്ഥന സംഘടിപ്പിക്കാൻ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള കുട്ടികളെ പ്രാർത്ഥനയിൽ ഒന്നിപ്പിക്കുകയും സമാധാനത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരിതമനുഭവിക്കുന്നവർക്കുമായി പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

