ജോഷൻ ജെ.എസ്.
കേരളത്തിലെ മൂന്നു കുടുംബങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് ഒൻപത് ദിവസം കഴിയുന്നു. ഒരു വീട്ടിൽ അപ്പനെ കാണാതായ മകളുടെ വേദന, അടുത്ത വീട്ടിൽ ഭർത്താവിനെ കാണാതായ ഭാര്യയുടെ വേദന, മറ്റൊരിടത്ത് സ്വന്തം മകനെ കാണാതായ അമ്മയുടെ വേദന. ഈയടുത്ത ദിവസങ്ങളിലെല്ലാം മാധ്യമങ്ങളിലൂടെ ഇവരുടെ വേദന കണ്ട് നിങ്ങളുടെ കണ്ണ് നിറഞ്ഞില്ലെങ്കിൽ, ആ കുടുംബത്തോട് സഹതാപം തോന്നിയില്ലയെങ്കിൽ നിങ്ങളുടെ ഉള്ളിലെ മനുഷ്യത്വം മരവിച്ചു കഴിഞ്ഞു.
തിരുവനന്തപുരത്തും കൊല്ലത്തുമായി മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഇന്നേക്ക് 9 ദിവസങ്ങൾ തികയുന്നു. കൊച്ചി മെട്രോയുടെ തൂണിന് മുകളിൽ ഒരു മിണ്ടാപ്രാണിയായ പൂച്ച അകപ്പെട്ടപ്പോൾ അതിന് എങ്ങനെയും രക്ഷിച്ചു താഴെ ഇറക്കണമെന്ന് ഒരുമയോടെ ചിന്തിച്ച മലയാളികൾക്ക് മത്സ്യബന്ധനവും മത്സ്യത്തൊഴിലാളികളും തീരദേശവും എന്ന് കേൾക്കുമ്പോൾ മാത്രം എന്തുകൊണ്ട് ഇത്ര അറപ്പുളവാക്കുന്നു എന്ന് എങ്ങനെ ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു ഭവനത്തിലെ ഒരംഗം നഷ്ടപ്പെട്ട സങ്കടത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ അവർ വികാരഭരിതരാകുമ്പോൾ ആ കുടുംബത്തെയും അതിലെ അംഗങ്ങളെയും അടിച്ചാക്ഷേപിക്കാനും സൗജന്യമായി രാഷ്ട്രീയപാർട്ടികൾ നൽകാനും എത്ര മിടുക്കന്മാരും കേമന്മാരുമാണ് നമ്മിൽ പലരും.
ഒരു കുടുംബത്തിലെ ഒരംഗം നഷ്ടപ്പെടുന്ന വേദന അവരുടെ കണ്ണുനീർ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല. നിങ്ങളുടെ കുടുംബങ്ങളിലും ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ നിങ്ങൾക്കും ഇതിന്റെ സത്യാവസ്ഥ മനസ്സിലാകും. എന്തെങ്കിലും ശുഭവാർത്ത കിട്ടുമോ എന്ന് പ്രതീക്ഷയിലാണ് ഓരോ മണിക്കൂറും അവർ തള്ളിനീക്കുന്നത്. ഏറ്റവും മോശപ്പെട്ട അവസ്ഥ പോലും വ്യക്തിഹത്യ ചെയ്യാൻ പോലും മടിക്കാത്ത സ്വയം പ്രബുദ്ധ അഭിമാനിക്കുന്ന മലയാളികളാണ് നമ്മിലേറെയും.വെറും മൂന്ന് പേരെയല്ലേ കാണാതായുള്ളൂ എന്ന് നിസ്സാരവൽക്കരിച്ച നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി ഇത്രമാത്രമാണ്: മൂന്നു പേരല്ല, മൂന്നു കുടുംബങ്ങളാണ് വഴിയാധാരമായത്. മീൻ പിടിക്കാൻ കടലിൽ പോയ തങ്ങളുടെ അച്ഛൻ എന്തുകൊണ്ട് ഇത്രയും നാളായി വന്നില്ല എന്ന് ആ കുട്ടികളുടെ ചോദ്യത്തിന് എട്ടു ദിവസമായി അമ്മ കൊടുക്കുന്ന മറുപടി വലിയ മീൻ പിടിക്കാൻ പോയതാണ്, അതുകൊണ്ട് ഇനിയും ദിവസം എടുക്കും എന്നുപറഞ്ഞ് പിള്ളേരെ പറ്റിക്കുകയാണ്.
മറ്റൊരു വശത്ത് തങ്ങളുടെ പിതാവിനെ കാണാതായി മാധ്യമങ്ങൾക്കു മുന്നിൽ സർക്കാർ സംവിധാനങ്ങളുടെ പോരായ്മകൾ എണ്ണിപ്പറഞ്ഞ രണ്ട് മക്കൾക്കും ഏൽക്കേണ്ടി വന്നത് മറ്റേ രാഷ്ട്രീയപാർട്ടി അല്ലേ എന്ന് മുനവച്ച വിളികളും അധിക്ഷേപങ്ങളും. അച്ഛൻ ചത്താൽ ഇവൾക്ക് എന്താ…. ഇവളത് മുതലാക്കുകയല്ലേ എന്നു സകലതും നഷ്ടപ്പെട്ട്, ഒരു കുടുംബത്തിന്റെ പ്രതീക്ഷയാകെ അസ്തമിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ആ മകളുടെ നേർക്ക് ഇത്തരം ചോദ്യം ചോദിക്കാൻ ചില അടിമകൾക്ക് മാത്രമേ കഴിയൂ എന്ന് അടിവരയിട്ട് പറയുന്നതിൽ ശങ്കിക്കേണ്ട കാര്യമില്ല. മറ്റൊരുവശത്ത് മകനെ കാണാതായി അമ്മ പോലീസ് സ്റ്റേഷനിൽ പോയി നിലവിളിക്കുമ്പോഴാണ് ഞങ്ങളെല്ലാം സംവിധാനങ്ങളും ചെയ്യാൻ പോകുന്നു എന്ന വാക്കുപോലും നൽകുന്നത്. ഈ വാക്കുകളിൽ ഒരു അച്ഛനെ നഷ്ടപ്പെട്ട, ഭർത്താവിനെ നഷ്ടപ്പെട്ട, മകനെ നഷ്ടപ്പെട്ട ഒത്തിരി പേരുടെ നിലവിളിയുടെ സ്വരമുണ്ട്. ഈ കുടുംബങ്ങളുടെ അനശ്ചിതത്വത്തിൽ കൂടെയായിരിക്കുകയാണ് ചെയ്യേണ്ടത്. പരിഹാസ ചിരികളുമായി സമീപിക്കുന്നവർക്ക് നന്മ വരട്ടെ എന്നാശംസിക്കുന്നു.ഇന്നലെ സർക്കാർവൃത്തങ്ങൾ പുറത്തുവിട്ട കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം നടന്ന അപകടങ്ങളുടെ കണക്കാണ് ഇന്നലെ വന്നത്. സാങ്കേതിക വിദ്യകളും സാഹചര്യങ്ങളും ഇത്രയധികം മെച്ചപ്പെട്ടിട്ടും 10 വർഷത്തിനിടെ നടന്ന അപകട കണക്കുകൾ പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ഭയം ഉണർത്തുന്നു.
ഒരു കാര്യം ശ്രദ്ധിക്കേണ്ടത് സർക്കാരിന്റെ ഔദ്യോഗിക കണക്കാണിത്. ഈ ഔദ്യോഗിക കണക്കിൽപെടാത്ത മത്സ്യത്തൊഴിലാളികളുടെ ജീവനുകളും ഉണ്ടെന്ന് നാം തിരിച്ചറിയണം. 160 മത്സ്യത്തൊഴിലാളികളെ ഇന്നും കാണാനില്ല. കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം മത്സ്യബന്ധനത്തിന് പോയി മരിച്ചവർ 469 പേരാണ്. അതുകൂടാതെ മുതലപ്പൊഴി എന്ന പ്രദേശത്ത് മാത്രം മരണമടഞ്ഞത് 84 മത്സ്യത്തൊഴിലാളികളാണ്. മുതലപ്പൊഴിയിലെ കണക്ക് മാത്രം പരിശോധിക്കുകയാണെങ്കിൽ 2017 – 18 കാലഘട്ടത്തിലാണ് അവിടെ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളെ കാണാതായത്. 29 കുടുംബങ്ങളാണ് ആ വർഷത്തിൽ അനാഥരായത്. ഈ കണക്കുകളോക്കെയും മനസ്സിലാക്കി വെച്ചിട്ടും ഈ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വേണ്ടി മത്സ്യമേഖലയ്ക്ക് വേണ്ടി സർക്കാർ സംവിധാനങ്ങൾ എന്തു ചെയ്തു എന്ന് വിലയിരുത്തേണ്ടതും പൊതുജനങ്ങളെ ബോധിപ്പിക്കേണ്ടതും അവിഭാജ്യഘടകമാണ്. ഈ കണക്കുകൾക്ക് പിന്നിൽ ഓരോ കുടുംബങ്ങളുടെ നീറ്റലും വേദനയുമുണ്ട്. അവരുടെ നിലവിളിയും നൊമ്പരവുമുണ്ട്. പ്രതീക്ഷ അസ്തമിച്ച കുടുംബങ്ങളുടെ ഉണങ്ങാത്ത കണ്ണീരുണ്ട്. എന്നിട്ടും, തെരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രം തീരദേശത്ത് പ്രചാരണങ്ങൾ നടത്തി തീരജനതയെ കബളിപ്പിച്ച് വോട്ട് വാങ്ങി ഒടുവിൽ തീരദേശത്തിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ അത് തീരപ്രദേശമാണ് എന്ന് പരിഹസിക്കുന്ന ഇടപെടലുകൾ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്.ഇന്നുമീ നാട്ടിൽ ദുരഭിമാനക്കൊല നടക്കുന്നുണ്ടോ എന്ന് ചോദിക്കുന്ന അതേ മലയാളികളോട് ഒരു ചോദ്യം: ഇന്നുമീ നാട്ടിൽ എന്തുകൊണ്ട് മത്സ്യമേഖലയോടും മത്സ്യത്തൊഴിലാളികളോടും തൊട്ടുകൂടായ്മയും മറ്റ് അനീതിയും വേർതിരിവില്ലാതെ ഏവരും പ്രകടിപ്പിക്കുന്നത് എന്തുകൊണ്ട്? ഭയാനകമായ ഒരു തൊഴിൽ തന്നെയാണ് മത്സ്യബന്ധനം. പ്രത്യേകിച്ച് പരമ്പരാഗത മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ.
കുടുംബം പോറ്റാൻ, അന്നത്തിനു മുടക്കം വരുത്താതിരിക്കാൻ, അന്തസ്സായി ഭാര്യയും മക്കളെയും നോക്കാൻ, എനിക്ക് പഠിക്കാൻ ഒന്നും കഴിഞ്ഞില്ല അതുകൊണ്ട് ഞാൻ കടലിൽ പോകേണ്ടി വന്നു….. എന്നാൽ എന്റെ മക്കൾക്ക് ആ ഗതി വരരുത്. അവർ പഠിക്കണം, മിടുക്കരാകണം… ഇങ്ങനെയൊക്കെയുള്ള ആഗ്രഹവുമായി ഒരു കെട്ടു പൊതിച്ചോറുമായി കരയിൽനിന്ന് കടലിന്റെ ആഴങ്ങളിലോട്ട് യാത്ര ആരംഭിക്കുന്നവരാണ് അവർ. അവരുടെ ഉള്ളിൽ അടങ്ങാത്ത പ്രതീക്ഷയാണ്. കടലമ്മ കനിയുമെന്ന നിനവുമായി യാത്രാരംഭിക്കുന്നവരാണ് അവർ. ഈ മനുഷ്യർ നിഷ്കളങ്കരാണ്. സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു കൂട്ടർ. ഇവർ നിഷ്പക്ഷരല്ല. സത്യം മാത്രമാണ് ഇവരുടെ പക്ഷം. അധ്വാനിച്ച്, കുടുംബം പോറ്റുന്ന ആത്മാഭിമാനമുള്ളവരാണ് മത്സ്യത്തൊഴിലാളികൾ. ആത്മീയ കാര്യങ്ങളിൽ മുന്നിട്ടിറങ്ങുന്നവരുമാണിവർ. പ്രതികൂല കാലാവസ്ഥയേയും മറികടന്ന് ചിലപ്പോഴൊക്കെ ഇവർ യാത്രചെയ്യും. ജീവനോടെ തിരിച്ച് കരയിൽ എത്തുമോയെന്ന് ഉറപ്പ് പറയാനായില്ലെങ്കിൽ പോലും ജോലിക്ക് പോകാതിരിക്കാൻ ഇവർ മടിക്കാറില്ല.
ഇത്രയേറെ കഷ്ടപ്പെടുന്ന ഒരു വിഭാഗത്തെയാണ് സംവിധാനങ്ങളും സമൂഹവും ഒന്നടങ്കം അടിച്ചാക്ഷേപിക്കുന്നത്.ഈ സന്ദർഭത്തിലാണ് മത്സ്യ വിഭാഗത്തിൽപ്പെടുന്ന ഞങ്ങൾക്ക് ഭരണസംവിധാനങ്ങളോടും ഞങ്ങളെ പുച്ഛിച്ചു തള്ളുന്ന സമൂഹത്തോടും ചില ചോദ്യങ്ങൾ ചോദിക്കാനുള്ളത്: ഇത്രയും അപകടങ്ങൾ ആവർത്തിക്കുമ്പോഴും തുടർക്കഥയാകുമ്പോഴും നമ്മുടെ കടൽസുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാണ്?ഒരു മത്സ്യത്തൊഴിലാളിയെ കാണാതായതായി വിവരം ലഭിച്ചാൽ ആദ്യ മണിക്കൂറുകളിൽ തന്നെ എന്തെല്ലാം സംവിധാനങ്ങൾ പ്രവർത്തിക്കണം?രക്ഷാപ്രവർത്തന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതില്ലേ?കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ നമ്മുടെ നയരൂപീകരണത്തിന് എന്ത് പാഠമാണ് നൽകുന്നത്?ഞങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും പങ്കുവയ്ക്കുമ്പോഴും എന്തുകൊണ്ട് സമൂഹത്തിൽ എപ്പോഴും മത്സ്യത്തൊഴിലാളികൾ തടയപ്പെടുന്നു എന്ന ചോദ്യം എന്നും നിലനിൽക്കും. ഇത്രയും വലിയ ആശങ്കയ്ക്ക് അർഹമായ പൊതുശ്രദ്ധ ഈ സംഭവത്തിന് ലഭിച്ചിട്ടില്ല. അങ്ങനെ ലഭിച്ചിരുന്നെങ്കിൽ പത്ത് വർഷത്തെ അനാസ്ഥയുടെ കണക്കുകൾ മറക്കാൻ സംവിധാനങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്യുമായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്നതിന്റെ അടയാളമാണ് സാംസ്കാരികനായകരുടെയും രാഷ്ട്രീയ നേതാക്കളുടെയും അകാല മൗനം. ഡൽഹിയിലെ ജന്തർ മന്തറിൽ സമരം അവസാനിപ്പിച്ചിട്ട് നാളുകൾ കുറച്ചല്ലേ ആയുള്ളൂ. എത്രമാത്രം, ഉത്സാഹത്തോടെയാണ് കേരളത്തിലുള്ള സകലരും അവർക്കുവേണ്ടി ശബ്ദമുയർത്തിയത്.
എന്നാൽ, കേരളത്തിന്റെ തെക്കേയറ്റത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കാത്തിരിക്കുന്ന മൂന്നു കുടുംബങ്ങളെ കേൾക്കാനും കാണാനും അവർക്കുവേണ്ടി ശബ്ദിക്കാനും ഈ നാട്ടിലെ പ്രമുഖർക്ക് കഴിഞ്ഞിട്ടില്ല. ഏറ്റവും ഹീനമായ ഒരു പ്രവൃത്തി നടക്കുന്നുണ്ട്. സ്വന്തം അച്ഛനെ കാണാതായ സങ്കടത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ വികാരഭരിതയാകുമ്പോൾ ആ പെൺകുട്ടിക്ക് നേരെയുള്ള സൈബർ ആക്രമണം. എന്ത് തരംതാഴ്ന്ന പ്രവർത്തിയാണത്. അതെന്താ, മത്സ്യത്തൊഴിലാളിയായ ജോണിന്റെ മകൾ ജിജിക്ക് പൊതുസമൂഹത്തിനു മുന്നിൽ സംസാരിക്കാൻ പാടില്ലേ? മത്സ്യത്തൊഴിലാളിയുടെ മക്കൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പാടില്ലേ? മത്സ്യത്തൊഴിലാളികളുടെ വോട്ട് മാത്രം മതിയോ? അവർ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനപ്രതിനിധികളെ വിമർശിക്കാൻ അവർക്ക് മാത്രം അവകാശം നിഷേധിക്കുന്നു? എന്തുകൊണ്ട് അവരെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു? ഈ ചോദ്യങ്ങൾക്ക് ഒരിക്കലും ഉത്തരം കാണില്ല. എന്നാൽ ആ പെൺകുട്ടി ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരേണ്ടത് ഈ സമൂഹവും ഭരണസംവിധാനങ്ങളും തന്നെയാണ്.
ആ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. മറുപടി ലഭിക്കേണ്ടത് മറുപടി വേണം ഉത്തരം ലഭിക്കേണ്ടത് ഉത്തരം തന്നെ വേണം.എട്ട് ദിവസമായി മൂന്ന് കുടുംബങ്ങൾ കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പ് അവസാനിക്കണം. കാണാതായവർ സുരക്ഷിതരായി തിരിച്ചെത്തണമെന്ന പ്രാർത്ഥനയ്ക്കൊപ്പം, ഇനി ഒരു കുടുംബത്തിനും ഇത്തരമൊരു അനിശ്ചിതത്വം നേരിടേണ്ടിവരാത്ത കേരളത്തിനായുള്ള ആവശ്യവും ഉയരേണ്ട സമയമാണിത്.ആർക്കും തുണയില്ലാത്തവന് ദൈവം മാത്രം തുണ.

