അസ്സീസി: അസ്സീസിയിലെ പാപ്പയുടെ സാന്നിധ്യത്തിനും വാക്കുകൾക്കും ശുശ്രൂഷയ്ക്കും നന്ദി രേഖപ്പെടുത്തി യൂറോപ്പിലെ യുവജനത. ഓഗസ്റ്റ് 3 മുതൽ 6 വരെ അസ്സീസിയിൽ നടന്ന ‘ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിങ് 2026’ യുവജനസമ്മേളനത്തിൽ പങ്കെടുത്ത യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവജനങ്ങളോടൊപ്പമാണ് മാർപാപ്പ സമയം ചെലവഴിച്ചത്.
യുവജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും സാന്താ മരിയ ദെല്ലി ആഞ്ചെലി ബസിലിക്കയിൽ വിശുദ്ധ ബലി അർപ്പിക്കുകയും ചെയ്ത പാപ്പായുടെ സാന്നിധ്യം, ദൈവജനത്തോടൊപ്പം സഞ്ചരിക്കുന്ന പത്രോസിന്റെ പിൻഗാമിയുടേതാണെന്ന് യുവജനങ്ങൾ തിരിച്ചറിയുന്നതായി അവരെ പ്രതിനിധീകരിച്ച് സംസാരിച്ച ഫ്രാഞ്ചെസ്കോ വരോണെ പറഞ്ഞു.സഭയെ ജ്ഞാനത്തോടും സ്നേഹത്തോടും കൂടി ശരിയായ മാർഗത്തിൽ നയിക്കാൻ പാപ്പായ്ക്കായി യുവജനങ്ങൾ പ്രാർഥിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ലോകത്തിന്റെ ശബ്ദകോലാഹലങ്ങൾക്കിടയിലും ക്രിസ്തുവിന്റെ സ്വരം തിരിച്ചറിയാനും ജീവിതത്തെ സമർപ്പണമായി മാറ്റാനും ആവശ്യമായ ധൈര്യം ലഭിക്കുന്നതിനായി, ഒരു പിതാവ് മക്കൾക്കുവേണ്ടി പ്രാർഥിക്കുന്നതുപോലെ പാപ്പായും തങ്ങൾക്കുവേണ്ടി പ്രാർഥിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.യുവജനങ്ങളോടൊപ്പം സമയം ചെലവഴിച്ചും അവരുടെ വിശ്വാസാനുഭവങ്ങൾ കേട്ടും അവരെ പ്രോത്സാഹിപ്പിച്ചും പാപ്പാ നൽകിയ സന്ദേശം സമ്മേളനത്തിൽ പങ്കെടുത്തവരിൽ വലിയ ആത്മീയ ഉണർവിന് കാരണമായതായി സംഘാടകർ അറിയിച്ചു.
