വല്ലാർപാടം: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യ-മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ ശക്തമായ ജനകീയ ബോധവൽക്കരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി, വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിലും വല്ലാർപാടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സഹകരണത്തോടെയും “ഓപ്പറേഷൻ തൂഫാൻ” ഐക്യദാർഢ്യ സമ്മേളനവും “ക്വിറ്റ് ലിക്കർ ഡേ” ആചരണവും സംഘടിപ്പിച്ചു.
കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി, വരാപ്പുഴ അതിരൂപത പ്രസിഡന്റ് ശ്രീ. ഡിക്സൺ റോഡ്രിഗ്സ് അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ റവ. മാത്യു ഇലഞ്ഞിമിറ്റം മോൺസിഞ്ഞോർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കാൻ കുടുംബങ്ങളും വിദ്യാലയങ്ങളും സാമൂഹിക സംഘടനകളും കൈകോർക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.തുടർന്ന് ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഐക്യദാർഢ്യ പ്രഖ്യാപനം നടന്നു.ചടങ്ങിൽ വൈപ്പിൻ എം.എൽ.എ. ശ്രീ. ടോണി ചമ്മണി , തൃപ്പൂണിത്തുറ എം.എൽ.എ. ശ്രീ. ദീപക് ജോയ്, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി. കെ. മിനിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി, വരാപ്പുഴ അതിരൂപത ഡയറക്ടർ റവ. ഫാ. ജോസഫ് ഷെറിൻ ചെമ്മായത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. യുവജനങ്ങളെ ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വം അദ്ദേഹം ഓർമ്മിപ്പിച്ചു.മുളവുകാട് പോലീസ് സ്റ്റേഷൻ എസ്.ഐ . ശ്രീ. തോമസ് പള്ളൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, നിയമബോധവും സാമൂഹിക ഉത്തരവാദിത്വവും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.പരിപാടിയിൽ വിദ്യാർത്ഥികൾ, അധ്യാപകർ, വൈദികർ, സന്യസ്തർ, ജനപ്രതിനിധികൾ, മുള്ളവുകാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അക്വലിൻ ലോപ്പസ്, പ്രധാന അധ്യാപിക ശ്രീമതി കൊച്ചുത്രേസ്യ, പിടിഎ പ്രസിഡന്റ്,സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.സ്വാഗതം കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി, വരാപ്പുഴ അതിരൂപതയുടെ ജോൺ ബോസ്കോ നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. ജസ്റ്റിൻ മാളിയേക്കൽ നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ ചടങ്ങുകൾ സമാപിച്ചു.

