ബോബന് വരാപ്പുഴ
നിങ്ങള്‍ക്ക് വേഗം പോകണമെങ്കില്‍ തനിയെ നടക്കുക …ഏറെ ദൂരം പോകണമെങ്കില്‍
ഒരുമിച്ച് നടക്കുക. എന്ന രത്തന്‍ ടാറ്റയുടെ വാക്കുകളിലുള്ള അന്തരാര്‍ത്ഥം മഹനീയമാണ്. ശാശ്വതമായൊരു നേട്ടത്തെ ലക്ഷ്യമാക്കിയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇതര മനുഷ്യരെയും അതിന്റെ ഗുണഭോക്താക്കണമെന്നാണ് ആ വാക്കുകളുടെ അര്‍ത്ഥം.
രത്തന്‍ ടാറ്റയുടെയും ടാറ്റയെന്ന വ്യവസായ സാമ്രാജ്യത്തിന്റെയും ചരിത്രം ഹൃസ്വമാണെങ്കിലും മനോഹരമായി പ്രതിപാദിക്കുന്ന ഒന്നാണ് ജിതിന് ഉദയകുമാര്‍ രചിച്ച ‘രത്തന്‍ ടാറ്റ ഒരു മഹനീയ ജീവിതമാതൃക’യെന്ന പുസ്തകം.
ഒരിക്കല്‍ ഒരു മാധ്യമപ്രവര്ത്തകന് രത്തന്‍ ടാറ്റയോട് ചോദിച്ചു.
‘ടാറ്റാ ഗ്രൂപ്പിന് ഏകദേശം 200 വര്‍ഷത്തെ ചരിത്രമുണ്ട്.. എന്നാല്‍ രണ്ട് തലമുറകളുടെ മാത്രം ചരിത്രമുള്ള റിലയന്‍സ് പോലും സാമ്പത്തികമായി നിങ്ങളെക്കാള്‍ മുമ്പിലാണ്. എന്തായിരിക്കും അതിന്റെ കാരണം ?’ കാരണം അവര്‍ ബിസിനസ്സുകാരാണ്. ഞങ്ങള്‍ സംരംഭകരും. ലാഭത്തേക്കാളേറെ സാമൂഹ്യ ഉന്നമനത്തിനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ‘
പണ്ടത്തെ പേര്‍ഷ്യയിലെ പാഴ്സിയില്‍ നിന്നും (ഇപ്പോഴത്തെ ഇറാന്)1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്ലിം അധിനിവേശത്തെ തുടര്‍ന്നുണ്ടായ മതപീഡനം പേടിച്ച് പലായനം ചെയ്ത സൗരാഷ്ട്ര മതവിശ്വാസികളാണ് പാഴ്സികള്‍. ഇറാനിലെ പാഴ്സി എന്ന സ്ഥലത്ത് നിന്നും വന്നവരായതുകൊണ്ട് അവര്‍ പാഴ്സികള്‍ എന്നറിയപ്പെടുന്നത്.
കൃത്യമായി പറഞ്ഞാല്‍ സിഇ 785ല്‍ പാഴ്സികള്‍ ഗുജറാത്തില്‍ വന്നു. 790-ല്‍ ഇവരുടെ അഭ്യര്‍ത്ഥനപ്രകാരം, സുരക്ഷിതമായി തീരമണഞ്ഞതിന്റെ നന്ദിസൂചകമായി സഞ്ചന്‍ പട്ടണത്തില്‍ അറ്റാഷ്ബെഹ്റാം എന്ന അവരുടെ അമ്പലം പണിയാന്‍ അനുവാദം നല്കപ്പെടുകയും ചെയ്തു. അതുകൊണ്ട് തനിക്കെന്താണ് നേട്ടമെന്ന രാജാവായ രജിരാണയുടെ സ്വാഭാവികമായ ചോദ്യത്തിന്, അവര്‍ ഒരു കുടം പാലും പഞ്ചസാരയും കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും പാലില്‍ പഞ്ചസാര അലിയിപ്പിച്ചതിന് ശേഷം, ഇതുപോലെ, വിദേശികളായ ഞങ്ങളും ഈ ദേശിയതയില്‍ അലിഞ്ഞുചേരുമെന്ന് പറയുകയും ചെയ്തു.
ഗുജറാത്തി അവരുടെ ദേശീയ ഭാഷയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.
ഈ കൂട്ടത്തിലെ ഒരു കുടുംബമായിരുന്നു, നവസാരിയില്‍ കുടിയേറിയ നുസര്‍വന്‍ജി ജംഷെഡ്ജി ടാറ്റയുടെത്.
ഒരു പുരോഹിതകുടുംബമായിരുന്നെങ്കിലും, തന്റെ ഇരുപതാമത്തെ വയസ്സില്‍ നുസര്‍വന്‍ജി
മഹാനഗരമായ ബോംബെയിലേക്ക് പോയി. ടാറ്റയുടെ വ്യവസായ സംരംഭത്തിന്റെ അടിത്തറ പാകപ്പെട്ടത് അങ്ങനെയാണ്. ഇതിനിടെ ജംഷഡ്ജിയെന്ന മകന് പിറന്നു. പതിനേഴാമത്തെ വയസ്സില്‍ മകനെ കച്ചവടത്തിന്റെ ലോക പാഠങ്ങള്‍ മനസിലാക്കാന്‍ ഹോങ്കോങ്ങിലേക്ക് കപ്പല്‍ കയറ്റി. ഒമ്പത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് ഇന്ത്യയില്‍ മടങ്ങിയെത്തിയ ജംഷഡ്ജി താമസിയാതെ തന്നെ 1868-ല്‍ തന്റെ 29 മത്തെ വയസ്സില്‍ അന്നത്തെ 29000 രൂപ മുതല്‍മുടക്കില്‍ ടാറ്റ സണ്‍സ് എന്ന പേരില്‍ ഒരു ട്രേഡിങ് കമ്പനി രജിസ്റ്റര്‍ ചെയ്തു. 1869-ല്‍ ചിഞ്ച് പൊക്ലിയില് പൂട്ടിക്കിടന്നൊരു ഓയില്‍ മില്ല് വാങ്ങി. രണ്ട് വര്‍ഷമേ അതു തുടര്‍ന്നുള്ളു. 1874-ല്‍ നാഗപ്പൂരില്‍ ദി സെന്‍ട്രല്‍ ഇന്ത്യന്‍ സ്പിന്നിംഗ് വീവിങ് മാനുഫാക്ചറിങ് കമ്പനി എന്ന പേരില്‍
ഒരു കോട്ടണ്‍ മില്ല് ആരംഭിച്ചു. വിക്ടോറിയ രാജ്ഞിയുടെ സ്ഥാനാരോഹണത്തോടുള്ള ബഹുമാനാര്‍ത്ഥം പിന്നീടത് എമ്പ്രസ്സ് മില്‍ എന്ന് പുനര്‍നാമകരണം ചെയ്തു.
ടാറ്റയുടെ വിപ്ലവകരമായ വ്യവസായിക സംരംഭങ്ങള്‍ വികസ്വരരാജ്യമായ ഇന്ത്യയെ എവിടെ എത്തിച്ചുവെന്നതാണ് ചരിത്രപരമായ പ്രസക്തി. ടാറ്റയുടെ വ്യവസായികചരിത്രം തന്നെയാണ് ഇന്ത്യയുടെയും. ഒരിക്കല്‍ അഭയമേകിയ രാജ്യത്തിന്റെ ആകാശമോഹങ്ങള്ക്ക് സ്വന്തം ചിറക് നല്കി ടാറ്റ സൃഷ്ടിച്ച ടാറ്റ എയര്‍ ആണ് പിന്നിട് എയര്‍ ഇന്ത്യയായത്. കാലാന്തരത്തില്‍ അതിപ്പോള്‍ അവര്‍ക്ക് തന്നെ തിരികെ കിട്ടിയത് കാലം കാത്തുവെച്ച സമ്മാനം തന്നെ.
കടല്‍ പോലെ പരന്നുകിടക്കുന്ന സ്നേഹ ഹസ്തവുമായി, ഒന്ന് പരിചയപ്പെടുത്തേണ്ടതിന്റെയോ ഒരു മുഖവുരയുടെയോ ആവശ്യമില്ലാത്ത മനുഷ്യസ്നേഹിയായിരുന്നു രത്തന്‍ ടാറ്റ… ശരിക്കും മനുഷ്യ സ്നേഹമായി വിളങ്ങിയ രത്നം തന്നെ… എളിമ കൊണ്ട് വിളങ്ങിയ കോടിശ്വരന്.
ഈ ഭൂമി മനുഷ്യന്റെ മാത്രമല്ലെന്നും സകല ചരാചരങ്ങള്‍ക്കും ഇവിടെ തുല്യ അവകാശമുണ്ടെന്ന് പഠിപ്പിക്കുകയും കാണിച്ചുതരികയും ചെയ്തു അദ്ദേഹം.
ടാറ്റയുടെ തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമം എന്നും അദ്ദേഹത്തിന്റെ ഹൃദയവിചാരമായിരുന്നു. അവര്‍ നേരിടുന്ന അത്യാഹിതങ്ങളെ തുടര്‍ന്ന് ആ കുടുംബാംഗങ്ങള്‍ അനാഥമായി പോകാന്‍ അദ്ദേഹം ഇടവരുത്തിയില്ല. വിരമിക്കുന്നതുവരെയുള്ള അവരുടെ ശമ്പളം കൃത്യമായി വീടുകളിലെത്തിക്കൊണ്ടിരിക്കുന്നു. മക്കളെ വിദേശങ്ങളിലയച്ചു പഠിപ്പിച്ചു. എന്താവശ്യത്തിനും ഒരു വീട്ട് കാരണവരെ പോലെ ഓടിയെത്തി. തനിക്ക് സ്വന്തമായൊരു കുടുംബം ഇല്ലാതെ വന്നതിന്റെ മനോവേദനയ്ക്ക് ശമനമായി അനേകം കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി. മുംബൈ ഭീകരാക്രമണത്തിനിരയായ താജ് ഹോട്ടലില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച ജീവനക്കാരുടെ കുടുംബങ്ങളെ മാത്രമല്ല, അവരുടെ മക്കളുടെ വിദേശ പഠനമുള്‍പ്പെടെയുള്ള ഭാവികാര്യങ്ങളില്‍ രത്തന്‍ ടാറ്റയെടുത്ത കരുതല്‍ ആഗോള മനുഷ്യത്വത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. അവര്‍ക്ക് ജോലി നല്കി. അവരുടെ വിവാഹങ്ങള്‍ പോലും കൃത്യമായി നടത്തിക്കൊടുക്കുന്നതില്വരെ നീണ്ടു ആ കരുതല്‍. വര്‍ഷത്തിലൊരിക്കല്‍ കുടുംബ സംഗമവും സ്പോര്‍ട്സ് മീറ്റും തൊഴിലാളികള്‍ക്കായി ഒരു ആശുപത്രിയും ആരംഭിച്ചു. ഇത് അവരുടെ പ്രതീക്ഷയ്ക്കപ്പുറമായിരുന്നു. ഇതോടെ സ്ഥാപനം തങ്ങളുടെ കൂടിയാണെന്ന അവബോധം അവരിലുണ്ടായി.
കൊവിഡ് കാലത്ത് ലോകം തന്നെ ലോക് ടൗണിലായപ്പോള് എല്ലാ ജീവനക്കാര്‍ക്കും കൃത്യമായി ശമ്പളം നല്കി.
മരിക്കുമ്പോള്‍ തന്റെ വളര്‍ത്തുനായയായ ഗോവയുടെ പരിപാലനത്തിലേക്കായി 10 കോടി രൂപയാണ് അദ്ദേഹം തന്റെ വില്‍പ്പത്രത്തില്‍ വകയിരുത്തിയിരുന്നത്. ഒരു ശരാശരി ഇന്ത്യക്കാരന് ഒരു ദിവസം തന്റെ പ്രതിദിന ജീവിതത്തില്‍ ടാറ്റയുടെ ഏതെങ്കിലും ഒരു വസ്തു ഉപയോഗിക്കാതിരിക്കില്ലെന്നാണ് വാസ്തവം.
ഈ ഒരു തൊഴില്‍ നയമാണ് ഇന്നുവരെ ടാറ്റ ഗ്രൂപ്പ് തുടരുന്നെതെന്നതിന് വര്‍ത്തമാനകാല ചരിത്രമടക്കം സാക്ഷി. ഇങ്ങനെ ഉത്തമമായ മാനവിക ബോധം ഉള്‍ക്കൊണ്ടു കൊണ്ടാണ് 110 രാജ്യങ്ങളിലായി വ്യാപിച്ച് ഏഴരലക്ഷത്തോളം മനുഷ്യര്‍ ഉപജീവനം കണ്ടെത്തുന്ന ടാറ്റ വ്യവസായ ലോകം സൃഷ്ടിക്കപ്പെട്ടത്.

